Monday, May 17, 2021

പലസ്‌തീൻ കോളനിവൽക്കരിക്കപ്പെട്ടത് എങ്ങനെ?

പ്രശസ്‌ത പത്രപ്രവർത്തകയായ ആബി മാർട്ടിന്റെ Empire Files എന്ന പരിപാടിയുടെ ഭാഗമായി ലാറ്റിനമേരിക്കൻ ദൃശ്യമാധ്യമമായ ടെലെസൂർ (teleSUR) 2016 സെപ്റ്റംബറിൽ റിലീസ് ചെയ്‌ത “How Palestine became colonized” എന്ന ഡോക്യുമെന്ററിയുടെ ലിഖിത രൂപമാണിത്.

വിവർത്തനം: ലക്ഷ്മി ദിനചന്ദ്രൻ.

പലസ്തീന്റെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന അതിർത്തികൾ കാണിക്കുന്ന പ്രശസ്തമായ ഭൂപടം (ചിത്രങ്ങൾ 1, 2, 3) നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്ര നാടകീയമായ മാറ്റങ്ങൾ വന്നതെങ്ങനെ എന്ന് വളരെക്കുറച്ചുപേർക്കു മാത്രമേ വിശദമായി അറിയൂ. ഈ മാറ്റങ്ങൾക്കു പിന്നിലെ കഥകളോരോന്നും ചരിത്രത്തിലെ ഈ കടംകഥയിൽ പ്രധാനമാണ്.

ചിത്രം 1

ചിത്രം 2

ചിത്രം 3

ഓട്ടമൻ സാമ്രാജ്യത്തിനു കീഴിലെ പലസ്‌തീൻ

ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ പലസ്തീന്റെ ആദ്യകാലത്തെ അതിർത്തികൾ എങ്ങനെ രൂപപ്പെട്ടു എന്ന് ആദ്യമേ പരിശോധിക്കാം. ആധുനിക മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഓട്ടമൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ഓട്ടമൻ പലസ്തീനിൽ താമസിച്ചിരുന്ന അഞ്ചുലക്ഷത്തോളം ആളുകളിൽ 75 ശതമാനം മുസ്ലീങ്ങളും 20 ശതമാനം ക്രിസ്ത്യാനികളും 5 ശതമാനം യഹൂദരുമായിരുന്നു. 100 ശതമാനവും അറബികളും.

അറബ് കലയുടെയും സംസ്കാരത്തിന്റെയും വിളയിടങ്ങളായിരുന്ന അവിടുത്തെ നഗരങ്ങൾ, പ്രത്യേകിച്ച് ജറൂസലെം, മധ്യപൂർവപ്രദേശത്തെ ബുദ്ധിജീവികളുടെ സംഗമസ്ഥാനമായിരുന്നു. പലസ്തീന് അതിർത്തികൾ ഉണ്ടാകുന്നതിനുമുമ്പേ തന്നെ, അതിന് ഒരു ദേശീയതയുടെ സവിശേഷതകൾ ഉണ്ടായിരുന്നു. ആ ഭൂമിയിൽ വേരാഴ്‌ത്തിനിൽക്കുന്ന അതിന്റെ സാംസ്കാരിക സ്വത്വം തന്നെ വ്യത്യസ്തമാണ്.

എന്നാൽ പലസ്തീനുവേണ്ടിയുള്ള പദ്ധതികൾ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. 1800-കളുടെ അവസാനത്തിൽ അതിനെ ഒരു കോളനിയാക്കാനായിരുന്നു ശ്രമം നടന്നുകൊണ്ടിരുന്നത്.

സയണിസം (Zionism)

യുഎസ്, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിൽ യഹൂദ വിരോധം അപകടകരമായി വളർന്നുകൊണ്ടിരുന്ന ഒരു ശക്തിയായിരുന്നു. യഹൂദരുടെ ആൾക്കൂട്ടക്കൊല പതിവ് സംഭവങ്ങളായിരുന്നു. ഭീകരതയുടെ ഈ കാലാവസ്ഥയിലാണ് സയണിസം അഥവാ ലോകത്തെവിടെയെങ്കിലും ഒരു യഹൂദരാഷ്‌ട്രം സ്ഥാപിക്കണം എന്ന ആശയം വളർന്നുവന്നത്. സയണിസം ഉണ്ടായപ്പോൾ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ സയണിസ്റ്റുകൾ യഹൂദരിലെ വളരെ ചെറിയ ഒരു ന്യൂനപക്ഷമായി തുടർന്നു. മതവിശ്വാസികളും മതേതരവാദികളുമെല്ലാം അടങ്ങുന്ന യഹൂദജനത ഈ പ്രത്യയശാസ്ത്രത്തെ നിരാകരിച്ചു. യഹൂദ വിരോധം വലിയ അപകടമാണെന്ന് സമ്മതിക്കുമ്പോഴും മറ്റൊരു ജനതയുടെ ദേശത്തേക്ക് കൂട്ടത്തോടെ പുറപ്പെടുന്നതിനേക്കാൾ സ്വന്തം രാജ്യങ്ങളിൽ യഹൂദവിരോധത്തെ പരാജയപ്പെടുത്താൻ വേണ്ടി സംഘടിക്കുകയാണ് ആവശ്യം എന്നതായിരുന്നു പൊതുവിൽ അവർ ചിന്തിച്ചിരുന്നത്.

യൂറോപ്പിൽ നിന്ന് മുഴുവൻ യഹൂദജനതയും വിട്ടുപോകുന്നത് ഫലത്തിൽ എതിരാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു തുല്യമാണെന്ന് പലരും വാദിച്ചു. എന്നാൽ എത്ര പാർശ്വവൽക്കരിക്കപ്പെട്ടതെങ്കിലും സയണിസം അതിന്റെ പ്രഖ്യാപിത പിതാവ് തിയൊഡോർ ഹെർട്സ്‌ലിന്റെ നേതൃത്വത്തിൽ തീവ്രമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറി. ഓസ്ട്രിയക്കാരനായ ഒരു നിരീശ്വരവാദിയായിരുന്നു തിയൊഡോർ ഹെർട്സ്‌ൽ.

തങ്ങളുടെ രാജ്യമാക്കാൻ ആദ്യം അർജന്റീനയെയും ഉഗാണ്ടയെയും കണക്കിലെടുത്തെങ്കിലും, ഒടുവിൽ സയണിസ്റ്റ് പ്രസ്ഥാനം തങ്ങളുടെ ഉദ്ദേശ്യം നിറവേറ്റാനായി കണ്ടെത്തിയത് അവർ “വിശാല ഇസ്രായേൽ” എന്നു പേർ വിളിച്ച പ്രദേശത്തെയാണ്. അതിൽ പലസ്‌തീനിന്റെ മുഴുവൻ പ്രദേശവും, പുറമേ ഇന്നത്തെ ലെബനൻ, ജോർദാൻ, സിറിയ, ഇറാഖ്, ഈജിപ്‌ത് എന്നിവയുടെ ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. യേശുവിന്റെ ജനനത്തിന് 600 വർഷങ്ങൾക്ക് മുൻപുള്ള പഴയ നിയമത്തിലെ പുരാതനരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പ്രദേശത്തിനുമേലുള്ള അവകാശം അവർ ഉന്നയിച്ചത്.

ഹെർട്സ്‌ൽ മുഴുവൻ സമയവും ഉലകംചുറ്റി തന്റെ പദ്ധതിയോട് സഹകരിക്കാനിടയുള്ള അധികാരികളെ സ്വാധീനിക്കാൻ ശ്രമിച്ചു. എല്ലാറ്റിനുമുപരിയായി സയണിസ്റ്റുകൾക്ക് ആവശ്യം കുടിയേറ്റത്തിനുള്ള പണവും ആത്യന്തികമായി, ആഗോളശക്തികളുടെ അംഗീകാരവുമായിരുന്നു.

ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബെയ്ഡനിലെ പ്രഭുവിന് ഹെർട്സ്‌ൽ കത്തെഴുതി, "ഞങ്ങളുടെ ചരിത്രപരമായ പിതൃരാജ്യത്തിലേക്ക് മടങ്ങുക എന്നത് ദൈവഹിതമാണെങ്കിൽ, ഞങ്ങൾ ആഗ്രഹിക്കുന്നത് പാശ്ചാത്യ നാഗരികതയുടെ പ്രതിനിധികളായി പോകാനും, പകർച്ചവ്യാധികൾ നിറഞ്ഞ ആ നശിച്ച കിഴക്കൻ നാട്ടിൽ വൃത്തിയും വെടിപ്പും ആചാരമര്യാദകളും ഉണ്ടാക്കാനുമാണ്."

ആദ്യകാല സയണിസ്റ്റുകൾ, പലസ്തീനെ "കാടത്തത്തിനെതിരെ ഒരു മുന്നണിപ്പട" (എന്നുവച്ചാൽ ഫലത്തിൽ പാശ്ചാത്യ സൈനികശക്തിക്ക് ഒരു പിണിയാൾ) ആക്കുമെന്നും, "പരിഷ്കൃതജനതയ്‌ക്ക് രാജപാതകൾ" അഥവാ യൂറോപ്യൻ കോടീശ്വരന്മാർക്ക് വ്യാപാരത്തിനുള്ള അവസരങ്ങൾ ഒരുക്കും എന്നുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

ഇസ്രായേലിന്റെ സൃഷ്ടിക്കുള്ള മുദ്രാവാക്യം, "ഭൂമിയില്ലാത്ത ഒരു ജനതയ്ക്ക്, ജനങ്ങളില്ലാത്ത ഒരു ദേശം" എന്നതായിരുന്നു.

സയണിസ്റ്റ് അധിനിവേശത്തിനു മുമ്പ് പലസ്തീനിൽ ഒരു ജനതയില്ലായിരുന്നു എന്ന വാദമായിരുന്നു അവരുടെ നയങ്ങളുടെ അടിത്തറ. സത്യത്തിൽ അവിടെ ജീവിച്ചിരുന്നവരെക്കുറിച്ച് അവർക്ക് എല്ലായ്പ്പോഴും നല്ല ധാരണയുണ്ടായിരുന്നു.

മറ്റൊരു പ്രമുഖ സയണിസ്റ്റായ ഇസ്രായേൽ സാങ്‌വില്ലിന്റെ വാക്കുകളിൽ, "പലസ്തീനിൽ അറബികൾ താമസിക്കുന്നു എന്നതിനേക്കാൾ, അവർ അവിടം താറുമാറാക്കിയിരിക്കുന്നു എന്നുവേണം പറയാൻ."

കുടിയൊഴിപ്പിക്കൽ

അതിന്റെ തുടക്കംമുതൽ തന്നെ, രാഷ്ട്രീയ സയണിസം എന്നാൽ കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമുള്ള പദ്ധതി മാത്രമായിരുന്നില്ല, സ്വദേശികളെ അവിടെനിന്നും പുറത്താക്കാൻ കൂടി ഉള്ളതായിരുന്നു.

ചരിത്രപരമായ പലസ്തീനിൽ നിലനിന്നിരുന്നത് ഒരു തരം അർദ്ധ ഭൂപ്രഭുത്വമാണ് (semi-feudalism). സിറിയയിലെയും ജോർദാനിലെയും കണ്ണഞ്ചിപ്പിക്കുന്ന നഗരങ്ങളിൽ താമസിക്കുന്ന ധനികരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുന്ന കർഷകരുടെ നാട്.

ഈ ഭൂമിയാണ് സയണിസ്റ്റ് കുടിയേറ്റക്കാർ 1882 മുതൽ വാങ്ങിക്കൂട്ടാൻ ആരംഭിച്ചത്. സ്വദേശികളെ കുടിയിറക്കി അവർ ആദ്യത്തെ താവളങ്ങൾ നിർമ്മിച്ച് തുടങ്ങി. യഹൂദരും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും സാമാന്യം സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന ആ നാട്ടിൽ ഇത് പെട്ടെന്ന് സംഘർഷത്തിന് വഴിവച്ചു.

തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ സയണിസ്റ്റ് പദ്ധതിയ്ക്ക് ഒന്നാം ലോകമഹായുദ്ധത്തോടെ ഒരു പുതിയ അവസരം ലഭിച്ചു. ഹെർട്സ്‌ലും യുദ്ധത്തിൽ വിജയികളായ അയാളുടെ കൂട്ടുകാരും തോറ്റവരുടെ കോളനികൾ - പലസ്തീനടക്കം - പങ്കിട്ടെടുത്തു.

ബ്രിട്ടനിലും ഫ്രാൻസിലും റഷ്യയിലുമുള്ള പ്രഭുക്കന്മാർ രഹസ്യമായി മധ്യപൂർവദേശം പങ്കിട്ടെടുക്കുകയായിരുന്നു. കുപ്രസിദ്ധമായ സൈക്സ്-പിക്കോ ഉടമ്പടിയിലൂടെ അക്കാലത്താണ് ജോർദാൻ, ലെബനൻ, സിറിയ എന്നീ രാജ്യങ്ങളും, ഒപ്പം ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ പലസ്തീനും നിലവിൽ വരുന്നത്.

മറ്റൊരു സാമ്രാജ്യം കൂടി തങ്ങൾക്കുമേൽ അധികാരം സ്‌ഥാപിക്കുന്നതിനെതിരെ ജറുസലേമിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി.

ഓട്ടമൻ പലസ്തീൻ ബ്രിട്ടീഷ് അധീന പലസ്തീൻ ആയത് സയണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമായിരുന്നു. ഒരു ചെറിയ സംഘം ബ്രിട്ടീഷ് പ്രഭുക്കന്മാർ വെറും ചില വിരലനക്കങ്ങൾ വഴി സയണിസത്തിന്റെ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകി. [അതായിരുന്നു യഹൂദജനതയ്‌ക്ക് പലസ്തീനിൽ സ്വന്തമായി രാജ്യം സ്ഥാപിക്കാൻ ബ്രിട്ടൻ പിന്തുണ നൽകുമെന്നു പറയുന്ന 1917-ലെ ബാൽഫോർ പ്രഖ്യാപനം.]

ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഈ കയ്യേറ്റക്കാർക്ക് കൂടുതൽ ഭൂമി ഏറ്റെടുക്കാനും സ്വദേശികളെ കുടിയിറക്കാനും സാധിച്ചു. എങ്കിലും തദ്ദേശീയരായ അറബികളില്ലാതെ, “വിശാല ഇസ്രായേൽ” മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു സ്വദേശം എന്ന സയണിസ്റ്റ് സ്വപ്നം അവരെ  അപ്പോഴും മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു.

"യഹൂദരല്ലാത്ത എല്ലാവരും നാടുകടത്തപ്പെടുന്നതിനെയാണ് സയണിസ്റ്റുകൾ ഉറ്റുനോക്കുന്നത്" എന്നാണ് 1919 -ൽ ഒരു അമേരിക്കൻ പ്രതിനിധി റിപ്പോർട്ട് ചെയ്തത്.

അപ്പോഴേയ്ക്കും അവിടുത്തെ ജനസംഖ്യയുടെ പത്തുശതമാനം കുടിയേറ്റക്കാരായ യഹൂദരായിരുന്നു. പാശ്ചാത്യലോകത്തെ പണച്ചാക്കുകളുടെ സംഭാവനകളിലൂടെ ഈ എണ്ണം കൂടിക്കൊണ്ടുമിരുന്നു. ഇത് മൂലം ഒരു അഭയാർത്ഥിപ്രശ്നം തന്നെ ആ പ്രദേശത്തു സംജാതമായി.

സിറിയയിൽ 1929-ൽ പലസ്തീനിയൻ അഭയാർത്ഥികൾ നടത്തിയ ഒരു പ്രതിഷേധ പ്രകടനമാണ് ചിത്രം 4-ൽ കാണുന്നത്. അൻപതിനായിരം പേരാണ് അതിൽ പങ്കെടുത്തത്.

ചിത്രം 4

ലഭിച്ച പുതിയ പിന്തുണ ഉപയോഗിച്ച് ഈ കൊളോണിയൽ പദ്ധതി വളരെവേഗം വളർന്നു - കൂടുതൽ കൂടുതൽ സ്ഥലം ഫ്യൂഡൽ ഭൂവുടമകളുടെ കയ്യിൽനിന്നും വാങ്ങി ഓരോരോ പ്രദേശങ്ങൾ കയ്യടക്കി.

ഈ കയ്യേറ്റ പ്രസ്ഥാനത്തിന്റെ നേതാവും പിൽക്കാലത്ത് ഇസ്രയേലിന്റെ പ്രധാനമന്തിയുമായിത്തീർന്ന ഡേവിഡ് ബെൻ-ഗൂരിയോൺ ആ കാലഘട്ടത്തെപ്പറ്റി എഴുതി, "ഞങ്ങൾ ജോലി ചെയ്യുക മാത്രമായിരുന്നില്ല - ഞങ്ങൾ കീഴടക്കി, കീഴടക്കി, കീഴടക്കി മുന്നേറുകയായിരുന്നു. വിജയികളുടെ ഒരു പടയായിരുന്നു ഞങ്ങൾ."

1920 മുതൽ 1939 വരെയുള്ള കാലത്ത് കയ്യേറ്റക്കാരുടെ ശതമാനം പത്തിൽനിന്നും മുപ്പതു ശതമാനത്തിലേയ്‌ക്ക് ഉയർന്നു. അവരുടെ ലക്ഷ്യമെന്താണ് എന്ന കാര്യത്തിൽ ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല.

ബെൻ-ഗൂരിയോൺ തന്നെ പറഞ്ഞത്, "നമ്മൾ അറബികളെ നാടുകടത്തി അവരുടെ സ്ഥാനം കയ്യടക്കണം" എന്നാണ്.

ചിത്രം 5 – ഡേവിഡ് ബെൻ‌-ഗൂരിയോൺ

ഈ കാലഘട്ടത്തിലുടനീളം തങ്ങളുടെ ദേശം കയ്യേറിയ വരത്തരുടെ നേരെ പലസ്തീൻകാർ ആക്രമണങ്ങൾ നടത്തിയിരുന്നു. നഗരങ്ങളിൽ ഇവർ തമ്മിൽ നടന്ന പോരാട്ടങ്ങളിൽ രണ്ടുവശത്തും ഒട്ടനവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

എന്നാൽ സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ ഒരു യുഗമായിരുന്നു കാലം കാത്തുവച്ചിരുന്നത്.

കൂട്ടക്കുരുതികൾ

1936-ൽ പലസ്തീനികൾ ഒരു പൊതുപണിമുടക്ക് നടത്തി. നിരവധി നഗരങ്ങളിൽ പ്രക്ഷോഭം ആളിക്കത്തി. ആറുമാസക്കാലം സമരം ശക്തമായി തുടർന്നു. തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണകൂടം സമരത്തോട് പ്രതികരിച്ചത് പട്ടാളഭരണം ഏർപ്പെടുത്തിക്കൊണ്ടാണ്. പലസ്‌തിനിയൻ ഗ്രാമങ്ങൾ ആക്രമിക്കാനും കൊള്ളയടിക്കാനും ബ്രിട്ടീഷുകാർ തങ്ങളുടെ സൈനികരോടൊപ്പം സയണിസ്റ്റ് പോരാളികളെക്കൂടി ഉൾപ്പെടുത്തി. നിരവധി പലസ്‌തിനിയൻ വിമതരാണ് ആ കാലത്ത് കൊലചെയ്യപ്പെട്ടത്.

പണിമുടക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സായുധപോരാട്ടമായി വളർന്നു. ബ്രിട്ടീഷുകാരും അവരുടെ സയണിസ്റ്റ് കൂട്ടാളികളും സ്വീകരിച്ച തന്ത്രം, ആയിരക്കണക്കിന് പലസ്തീനിയൻ വീടുകൾ തകർക്കുക എന്നതായിരുന്നു. യാഫ്ഫ എന്ന ഗ്രാമത്തിൽ ഒരൊറ്റ ദിവസംകൊണ്ട് അവർ പൊളിച്ചുകളഞ്ഞത് ഇരുന്നൂറിലേറെ വീടുകളാണ്.

1939 ആയപ്പോഴേയ്‌ക്കും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൈയ്യൂക്കു കൊണ്ട് ആ പോരാട്ടത്തെ അവർ ചോരയിൽ മുക്കിക്കൊന്നുകളഞ്ഞു. അയ്യായിരം പലസ്തീനികളെയാണ് കൊന്നുതള്ളിയത്. മറുവശത്ത് 300 കയ്യേറ്റക്കാരും 250 ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടു.

രക്തരൂഷിതമായ ഈ അടിച്ചമർത്തലിലൂടെയാണ്, ബ്രിട്ടീഷ് സൈന്യം ആയുധവും പരിശീലനവും കൊടുത്ത് ആയിരക്കണക്കിനു പേരെ ചേർത്ത ഒരു സയണിസ്റ്റ് സൈന്യം രൂപംകൊണ്ടത്.

യഥാർത്ഥത്തിൽ ആ സൈന്യത്തിന് രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അംഗീകാരമുള്ള ഹഗാന എന്ന ഔദ്യോഗികവിഭാഗമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, തീവ്രവാദികളായ സയണിസ്റ്റ് സായുധസംഘങ്ങൾ. അവയിൽ ഏറ്റവും വലുതായ ഇർഗുണിൽ ആയിരക്കണക്കിന് അംഗങ്ങളുണ്ടായിരുന്നു. ഒരു ലക്ഷണമൊത്ത ഭീകരവാദ സംഘടന എന്നുതന്നെ വിളിക്കാവുന്ന ഇർഗുണിന്റെ രീതികൾ, സാധാരണക്കാരായ പലസ്‌തീനികളെ തിരക്കേറിയ വ്യാപാരകേന്ദ്രങ്ങളും മറ്റും ബോംബുവച്ച് തകർത്ത് കൊല്ലുക തുടങ്ങിയവയായിരുന്നു.

വർഷങ്ങൾക്കിപ്പുറം അവർ ബ്രിട്ടീഷ് സൈനികരെത്തന്നെ ആക്രമിക്കുന്ന സ്ഥിതി വന്നു എന്നത് ചരിത്രം. അവരുടെ ഏറ്റവും കുപ്രസിദ്ധമായ ആക്രമണം, പതിനേഴു യഹൂദരടക്കം 91 പേരെ കൊന്നൊടുക്കിയ കിംഗ് ഡേവിഡ് ഹോട്ടൽ ബോംബ് സ്ഫോടനം ആയിരുന്നു.

ഇർഗുണിന്റെ മനസ്സാക്ഷിയില്ലാത്ത രീതികൾക്ക് കയ്യേറ്റക്കാരുടെയിടയിൽ വലിയ പിന്തുണയുണ്ടായിരുന്നു എന്നതിന് തെളിവാണ്, നിരവധി കൂട്ടക്കൊലകൾക്ക് നേതൃത്വം കൊടുത്ത ഇർ‌ഗുൺ ഹെഡ് കമാൻഡർമാരിൽ ഒരാളായിരുന്ന മെനഹേം ബെഗിൻ പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രി ആയത്.

ആൽബർട്ട് ഐൻസ്റ്റൈൻ അടക്കം നിരവധി പ്രമുഖരായ യഹൂദർ ചേർന്ന് ബെഗിന്റെ സംഘടനയെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ബെഗിന്റെ പ്രസ്ഥാനം "അതിന്റെ സംഘാടനത്തിലും, പ്രവർത്തനരീതിയിലും, രാഷ്ട്രീയതത്വങ്ങളിലും, ആശയപ്രചാരണ രീതികളിലും നാസി, ഫാഷിസ്റ് പാർട്ടികളോട് അടുത്ത സാദൃശ്യം കാണിക്കുന്നു" എന്നായിരുന്നു അവർ എഴുതിയത്.

ഹഗാനയും ഇർഗുണും ചേർന്ന് കോളനിവൽക്കരണം തുടരവേ, അവരുടെ ലക്‌ഷ്യം വ്യക്തമായിരുന്നു. ഇസ്രായേൽ ദേശം വീണ്ടെടുക്കാൻ മുന്നിട്ടിറങ്ങിയ Jewish National Fund-ന്റെ പ്രസിഡന്റായ യൊസേഫ് വൈറ്റ്സ് 1940-ൽ എഴുതി, “ഈ ദേശത്ത് രണ്ടു ജനതയ്‌ക്കും കൂടിയുള്ള സ്ഥലമില്ല... അറബികളെ ഇവിടെനിന്നും സമീപരാജ്യങ്ങളിലേയ്‌ക്ക് മാറ്റുകയല്ലാതെ വേറെ വഴിയില്ല... ഒരു ഗ്രാമത്തെയോ ഗോത്രത്തെയോ പോലും കുടിയൊഴിപ്പിക്കലിൽ നിന്നും ഒഴിവാക്കരുത്.

യഹൂദരാഷ്‌ട്രത്തിന്റെ പിറവി

നാസിസം എന്ന ക്യാൻസർ നടത്തിയ, ചരിത്രത്തിൽ സമാനതകളില്ലാത്ത നരഹത്യയിൽ ജീവൻ നഷ്ടപ്പെട്ടത് അറുപതുലക്ഷം യഹൂദർക്കാണ്. ദേശീയതയുടെ പേരിലും, ഇടതുപക്ഷക്കാരായതിന്റെ പേരിലും, സ്വവർഗ്ഗാനുരാഗികളായതിന്റെ പേരിലും വേറെയും ദശലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു. നാസികൾ നടത്തിയ യഹൂദ കൂട്ടക്കൊലകൾ സൃഷ്ടിച്ച രൂക്ഷമായ ഭീതിയുടെ കാലാവസ്ഥ മൂലം, അന്നുവരെ യഹൂദർക്കിടയിൽത്തന്നെ ചെറു ന്യൂനപക്ഷം മാത്രം അംഗീകരിച്ചിരുന്ന സയണിസം, യഹൂദസമൂഹത്തിലെ വലിയ വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യത നേടി.

ഒടുവിൽ 70 വർഷം നീണ്ട ചരടുവലികളുടെ ഫലമായി, യഹൂദർക്കായി ഒരു രാജ്യം എന്ന ആവശ്യം 1947-ൽ ഔപചാരികമായി അംഗീകരിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടം, പലസ്‌തീൻ എന്ന തങ്ങളുടെ കോളനിയെ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറി. അവരാകട്ടെ, പലസ്‌തീനെ തുണ്ടുതുണ്ടായി വിഭജിച്ച്, പലസ്‌തീൻ രാജ്യത്തിന്റെ മേൽ ഇസ്രായേൽ എന്ന യഹൂദരാഷ്‌ട്രം  സ്ഥാപിച്ചു. പലസ്‌തീനിന്റെ 55 ശതമാനം സ്ഥലം പുതിയ രാജ്യത്തിനു കൈമാറി. കയ്യേറ്റക്കാരുടെ ചെറു പ്രദേശങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥിതിയിൽ (ചിത്രം 6; ചാരനിറത്തിലുള്ളതാണ് യഹൂദ കയ്യേറ്റ പ്രദേശങ്ങൾ) നിന്നും, ഭൂരിഭാഗം സ്ഥലങ്ങളും ഇസ്രായേലിന്റേതായി മാറിയ സ്ഥിതിയായി (ചിത്രം 7).

ചിത്രം 6

ചിത്രം 7

പലസ്‌തീൻ മൂന്നായി വിഭജിക്കപ്പെട്ടു. പലസ്‌തീൻ ജീവിതത്തിന്റെ കേന്ദ്രമായിരുന്ന തലസ്ഥാനം ജെറൂസലെം യുഎൻ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.

എന്നാൽ സയണിസ്റ്റുകൾക്ക് മറ്റൊരു വലിയ പ്രശ്നം മുന്നിലുണ്ടായിരുന്നു. അവരുടെ പുതിയ രാജ്യത്തിന്റെ 40 ശതമാനം അപ്പോഴും അറബികൾ ആയിരുന്നു. ഇത് ബെൻ-ഗുരിയോണിനും മറ്റ് ഇസ്രായേലി നേതാക്കൾക്കും സ്വീകാര്യമായിരുന്നില്ല. “അറുപതു ശതമാനം എന്ന ഭൂരിപക്ഷം കൊണ്ട് സുസ്ഥിരവും ശക്തവുമായ ഒരു യഹൂദരാഷ്‌ട്രം കെട്ടിപ്പടുക്കാനാകില്ല,” ബെൻ-ഗൂരിയോൺ പറഞ്ഞു.

നക്ബ (മഹാദുരന്തം)

തദ്ദേശീയരെ പുറന്തള്ളിക്കൊണ്ട്, അതും തദ്ദേശീയരെ ചർച്ചയിലോ തീരുമാനത്തിലോ ഭാഗഭാക്കുകളാക്കാതെ, കയ്യേറ്റക്കാരായ യൂറോപ്യന്മാർക്ക് ഒരു രാജ്യം സൃഷ്ടിച്ച് കൊടുത്ത നടപടി അറബ് ലോകത്ത് വലിയ രോഷം സൃഷ്ടിച്ചു. ആ നടപടിയോടുള്ള ചെറുത്തുനിൽപ്പ് 1948-ൽ യുദ്ധമായി പരിണമിച്ചു.

യുദ്ധം തുടങ്ങി മാസങ്ങൾക്കകം ഹഗാനയും ഇർഗുണും ചേർന്ന് ഏറ്റവും സമാധാനപരമായി ജീവിക്കുന്ന സമൂഹങ്ങളെ ആക്രമിച്ച്, അതുവഴി സകല പലസ്‌തീൻ സ്വദേശികളെയും പലായനത്തിലേയ്ക്ക് തള്ളിവിടുക എന്ന തന്ത്രം സ്വീകരിച്ചു. Plan Dalet എന്നായിരുന്നു ഈ പദ്ധതിയുടെ പേര്.

ഇതെത്തുടർന്നു നടന്ന നിരവധി ഭീകരവാദി ആക്രമണങ്ങളെയും തൽഫലമായുണ്ടായ കൂട്ടപ്പലായനത്തെയും ‘നക്ബ‘ (മഹാദുരന്തം) എന്നാണു വിളിക്കുന്നത്.

ഇസ്രായേൽ എന്ന രാജ്യത്തിന്റെ ശൈശവം വ്യാ‍പകമായ കൂട്ടക്കൊലകളുടേതായിരുന്നു.

യാതൊരു പ്രതിരോധവും ഉയർത്താതിരുന്ന ദെയർ യാസിൻ (Deir Yassin) എന്ന ഗ്രാമത്തിൽ കയ്യേറ്റക്കാരുടെ സായുധസംഘം അക്രമം അഴിച്ചുവിട്ടു. വീടുകൾ ബോംബിട്ടു തകർത്തു. സ്ത്രീകളെ വധിക്കുന്നതിനുമുമ്പ് കൂട്ട ബലാത്സംഗം ചെയ്തു. ഈ കൂട്ടക്കുരുതിയിൽനിന്ന് രക്ഷപ്പെട്ട ഒരു കുട്ടി, കൈക്കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്ന തന്റെ അമ്മയടക്കം എല്ലാവരെയും അക്രമിസംഘം നിരത്തിനിറുത്തി വെടിവച്ചുകൊന്ന സംഭവം വിവരിച്ചിരുന്നു. [1948 ഏപ്രിൽ 9-നായിരുന്നു ഈ കൂട്ടക്കൊല നടന്നത്.]

ദിവസങ്ങൾക്ക് ശേഷം അവിടം സന്ദർശിച്ച ഒരു റെഡ്ക്രോസ് പ്രതിനിധി പറഞ്ഞത്, അവിടെ 200 പേർ കൊല്ലപ്പെട്ടു എന്നാണ്. മെഷീൻ ഗണ്ണും ഗ്രെനേഡും കൊണ്ട് തുടങ്ങിയ “ജോലി” കത്തികൾ കൊണ്ടാണ് കൊലയാളികൾ അവസാനിപ്പിച്ചത് എന്നും.

വെറും 12 ദിവസങ്ങൾക്കു ശേഷം, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഹൈഫാ നഗരം യഹൂദസേന ബോംബിട്ടു തകർത്തു. ക്രൂരതയ്ക്ക് ആക്കം കൂട്ടാനെന്നോണം, അറബ് സ്ത്രീകൾ നിലവിളിക്കുന്നതും, "ജീവൻ വേണമെങ്കിൽ രക്ഷപ്പെടൂ, യഹൂദന്മാർ വിഷവാതകവും ആണവായുധങ്ങളും ഉപയോഗിക്കുന്നു" എന്നുള്ള സന്ദേശങ്ങളും ലൗഡ്‌സ്പീക്കറിലൂടെ കേൾപ്പിച്ചുകൊണ്ടിരുന്നു.

[1948 മെയ് 13, 14 തീയതികളിൽ] ഇസ്രായേലി സേന അബു ഷൂഷ (Abu Shusha) എന്ന ഗ്രാമം ആക്രമിച്ച് കയ്യേറി. വീടുകളിൽത്തന്നെ നിന്ന സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു, ജനങ്ങളെ മുഴുവൻ കോടാലികൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവച്ചിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടത് 60 പേരാണെങ്കിലും വർഷങ്ങൾക്ക് ശേഷം കൂട്ടശ്മശാനത്തിൽ 52 ശരീരങ്ങൾ കൂടെ കണ്ടെത്തി.

1948 ഒക്‌ടോബർ 28-ന് അൽ-ദവായിമ (Al-Dawayima) ആക്രമിച്ച ഇസ്രായേൽ സൈന്യം അവിടെയുണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി. ഇരുന്നൂറു ശരീരങ്ങൾ കണ്ടെത്തി, ഇരുന്നൂറ്റിയമ്പതോളം പേരെ കാണാതെയായി. രണ്ടു ദിവസത്തിനു ശേഷം, 1948 ഒക്‌ടോബർ 30-ന് സലീഹ (Saliha) ഗ്രാമം ആക്രമിച്ച ഇസ്രായേലി സൈന്യം, അവിടത്തെ മോസ്‌ക് ബോംബിട്ടു തകർത്ത് അവിടെ അഭയം പ്രാപിച്ച എൺപതോളം പേരെ കൊന്നു. ഗ്രാമത്തിലെ മറ്റുള്ളവരെ ഗ്രാമത്തിനു മധ്യത്തിൽ നിറുത്തി കവചിതവാഹനങ്ങളിലെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവച്ചുകൊന്നു.

അന്ന് രക്ഷപ്പെട്ടവരിലൊരാൾ പറഞ്ഞത്, മൃതദേഹങ്ങൾ ദിവസങ്ങളോളം അഴുകാ‍ൻ വിട്ടിട്ട് ഒടുവിൽ ബുൾഡോസർ ഉപയോഗിച്ച് ഒരു മുസ്ലിം പള്ളിയിലേയ്‌ക്ക് കൂട്ടിയിട്ട് സ്ഫോടനം നടത്തി നശിപ്പിക്കുകയായിരുന്നു എന്നാണ്.

ഏതെങ്കിലും തരത്തിലുള്ള ചെറുത്തുനിൽ‌പ്പു നടത്തുന്നവർക്കുള്ള ശിക്ഷ ആ നാടിനുമേൽ മൊത്തമായി നടപ്പാക്കിപ്പോന്നു.

1948-ലെ യുദ്ധത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്ന് ലിഡ്ഡ (Lydda) ഗ്രാമത്തിൽ നടന്നതാണ്. ആ വർഷം ജൂലൈ 12-നാണ് അടുത്തുള്ള ഒരു മോസ്‌കിൽ നിന്നും വെടിയുതിർന്നു എന്ന പേരിൽ കണ്ണിൽക്കണ്ട സാധാരണക്കാരെ മുഴുവൻ വെടിവച്ചുകൊന്നത്. ഇസ്രായേലി സൈന്യം വീടുകളുടെ ജനലിലൂടെ ഗ്രെനേഡ് വലിച്ചെറിയുകയും തീപിടിച്ച വീടുകളിൽ നിന്നും ഓടിരക്ഷപ്പെടുന്നവരെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഇസ്രായേലി സൈനികവൃത്തങ്ങൾ പറയുന്നത്, വെറും മുപ്പത് മിനിട്ടിനുള്ളിൽ കൊല്ലപ്പെട്ടത് 250 പേരാണ് എന്നാണ്.

ഈ ആക്രമണപരമ്പര ആ ഗ്രാമങ്ങളിലും മറ്റു നൂറുകണക്കിന് ഗ്രാമങ്ങളിലും അതുദ്ദേശിച്ച ഫലം ചെയ്തു - അവിടങ്ങളിലെ അറബ് ജനത ഒന്നടങ്കം പലായനം ചെയ്തു.

ഇതിനെല്ലാം സാക്ഷ്യം വഹിച്ച ബ്രിട്ടീഷ് ജനറൽ ജോൺ ബാഗറ്റ് ഗ്ലബ്ബ് ഇതിലെ കൊളോണിയൽ നിഷ്‌ഠൂരത മറച്ചുവയ്‌ക്കുന്നില്ല: "വളരെയേറെപ്പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്ന് പറയുന്നത് അതിശയോക്തിയാണ്. എങ്കിലും, ആ ജനങ്ങൾ മുഴുവൻ പലായനം ചെയ്യുന്നു എന്നുറപ്പാക്കാൻ തക്കവണ്ണം പേർ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്."

മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ യൊസേഫ് നഹ്മാനി എഴുതിയത്, പല ഗ്രാമങ്ങളിലും പലസ്‌തീനികൾ അവരെ [സമാധാനത്തിന്റെ പ്രതീകമായ] വെള്ളക്കൊടികൾ ഉയർത്തിയും ഭക്ഷണം നൽകിയുമാണ് സ്വീകരിച്ചത് എന്നാണ്. അവരും കൊല്ലപ്പെടുന്നത് കണ്ടുനിന്നതിനു ശേഷം നഹ്മാനി എഴുതി, “എവിടെ നിന്നാണ് നാസികളെപ്പോലെ ഇത്രയും ക്രൂരത അവർ [ഇസ്രായേലി സൈന്യം] സമാഹരിച്ചത്? ഇത്തരം മാർഗങ്ങളല്ലാതെ തദ്ദേശീയരെ ആട്ടിയോടിക്കാൻ മനുഷ്യത്വപരമായ വഴികളൊന്നുമില്ലേ?”

ഏതാണ്ട് എട്ടുലക്ഷം പേരാണ് കൊലപാതക പരമ്പരകൾ മൂലം തങ്ങളുടെ വീടുകൾ വിട്ട് ഓടിപ്പോയത്. പലസ്‌തീൻ രാജ്യത്തെ അറബ് വംശജരിൽ പകുതിയിലേറെയും, പുതിയ ഇസ്രായേൽ രാജ്യത്തെ എൺപതിലേറെ ശതമാനം അറബ് വംശജരും പലായനം ചെയ്‌തു. അവർ മറ്റുരാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ പാർക്കാൻ നിർബന്ധിതരായി.

അഞ്ഞൂറിലേറെ നഗരങ്ങളൂം ഗ്രാമങ്ങളും വംശഹത്യയ്‌ക്ക് സാക്ഷ്യം വഹിക്കുകയും നിലം‌പരിശാക്കപ്പെടുകയും ചെയ്‌തു. ഇവയുടെ അവശിഷ്ടങ്ങളാണ് പുതിയ ഇസ്രായേലിന്റെ അടിത്തറയായത്.

1948-ലെ യുദ്ധത്തിൽ ഇസ്രായേലി സൈനിക കമാണ്ടറായിരുന്ന മോഷെ ദയാൻ ഇസ്രായേലികളുടെ ഒരു ആരാധനാപാത്രമാണ്. മോഷെ ദയാൻ പറഞ്ഞത് ഇപ്രകാരമാണ്, "അറബ് ഗ്രാമങ്ങളുടെ മേലാണ് യഹൂദഗ്രാമങ്ങൾ പണിതിരിക്കുന്നത്. നിങ്ങൾക്ക് അവയുടെ പേരു പോലുമറിയില്ല. അത് നിങ്ങളുടെ കുറ്റമല്ല - കാരണം ഭൂമിശാസ്‌ത്ര പുസ്‌തകങ്ങൾ ഒന്നും ബാക്കിയില്ല. പുസ്‌തകങ്ങൾ മാത്രമല്ല, ആ ഗ്രാമങ്ങളും ബാക്കിയില്ല. ഈ നാട്ടിൽ പണിതുയർത്തിയിട്ടുള്ള ഒരിടവുമില്ല മുമ്പ് അറബ് ജനതയില്ലാതിരുന്നതായി."

ഈ നരനായാട്ടിനിടെ, പലസ്‌തീനികൾക്ക് അനുവദിച്ചതിന്റെ പകുതി സ്ഥലങ്ങൾ ഇസ്രായേലി സൈന്യം പിടിച്ചെടുത്തു. 1948 അവസാനത്തോടെ സയണിസ്റ്റുകൾ പലസ്തീനിന്റെ 78 ശതമാനം പിടിച്ചടക്കിയിരുന്നു. പലസ്തീനികളുടെ പക്കൽ അപ്പോൾ അവശേഷിച്ചിരുന്നത് 22 ശതമാനം മാത്രം.

പലസ്തീൻ ചെറുത്തുനിൽപ്പു പോരാളികളിൽ ചിലർ യുദ്ധസമയത്ത് സാധാരണക്കാരുടെ മേൽ ആക്രമണങ്ങൾ നടത്തിയെങ്കിലും ‘നക്ബ’യുടെ ഭാഗമായ ഇസ്രായേൽ കുറ്റകൃത്യങ്ങളുടെ ഭീമമായ തോതുമായി ഇവയ്‌ക്ക് താരതമ്യമേയില്ല.

ഇസ്രായേലി ചരിത്രകാരൻ ഇലൻ പാപ്പേ വിശദീകരിച്ചതുപോലെ, ഒരു വംശീയ ഉന്മൂലനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അതിക്രമങ്ങളെല്ലാം നടന്നത്. “എല്ലാ പശ്ചാത്തലങ്ങളിലും നിന്നു വന്ന, പല പദവികളിലുള്ള, എല്ലാ പ്രായങ്ങളിലുമുള്ള ഇസ്രായേലി സൈനികർ ആയിരക്കണക്കിന് പലസ്‌തീനികളെ നിർദ്ദയമായി, കിരാതമായി കൂട്ടക്കൊല ചെയ്യുകയായിരുന്നു.”

ഒരു ദശലക്ഷത്തോളം ആളുകളുടെ ഈ ക്രൂരമായ നാടുകടത്തൽ, 800,000 പലസ്‌തീൻ അഭയാർഥികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടാൻ ഐക്യരാഷ്‌ട്രസഭയെ നിർബന്ധിതമാക്കി.

പലസ്‌തീനികളുടെ ഭൂവുടമസ്ഥാവകാശം കുത്തനെ ഇടിഞ്ഞു. 1948-ന് മുമ്പ് 90 ശതമാനം ഭൂമിയും പലസ്‌തീനികളുടേത് ആയിരുന്നുവെങ്കിൽ നാല് വർഷത്തിന് ശേഷം ഇത് 3 ശതമാനം മാത്രമായി കുറഞ്ഞു. ഇന്നും അവർ സ്വദേശത്തു നിന്നും പറിച്ചെറിയപ്പെട്ടവരായി തുടരുന്നു. പതിനായിരങ്ങൾ ഇപ്പോഴും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നു.

യുഎൻ പ്രമേയത്തെ മാനിക്കാൻ വിസമ്മതിച്ചതിന് ഇസ്രായേലിന്റെ ന്യായീകരണം, പലസ്തീനികൾ "സ്വമേധയാ” നാടു വിട്ടുപോയതാണ് എന്നതാണ്. ഇസ്രായേലിന്റെ അതിർത്തിക്കുള്ളിൽ തുടരുന്നവരുടെമേൽ യഹൂദ കയ്യേറ്റക്കാരുടെ മേധാവിത്വം നിയമപരമായി അടിച്ചേൽപ്പിച്ചിച്ചു.

പല‌സ്‌തീനികളുടെ വീടുകളും ഭൂമിയും കയ്യടക്കുന്നത് ഇസ്രായേൽ നിയമവിധേയമാക്കി. പലസ്‌തീനികളുടെ രാഷ്‌ട്രീയ പങ്കാളിത്തം പരിമിതപ്പെടുത്തുകയും, അവർക്കായി പ്രത്യേക നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്തു.

അറബ് പ്രദേശങ്ങൾ സൈന്യം കൈവശപ്പെടുത്തി, കർഫ്യൂവിന് വിധേയമാക്കി. പലരെയും കാരണമില്ലാതെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു.

ഇസ്രായേലിന്റെ ആദ്യ ദശകങ്ങൾ

അറബികളെ നാടുകടത്തുന്നതിനൊപ്പം യഹൂദരുടെ ജനസംഖ്യ വർദ്ധിപ്പിക്കേണ്ടതും കയ്യേറ്റക്കാരുടെ ആവശ്യമായിരുന്നു. ഇതിന്റെ പ്രധാന ചാലകശക്തിയായത് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള യഹൂദ വിരുദ്ധതയായിരുന്നു. 1948-ലെ യുദ്ധത്തിനുശേഷം, അറബ് രാജ്യങ്ങളിലെ യഹൂദർക്കു നേരെ പല അക്രമങ്ങളുമുണ്ടായി. എന്നാൽ സയണിസ്റ്റുകളിൽ പലരും തങ്ങളുടെ കൂട്ടരെത്തന്നെ കുരുതികൊടുക്കാൻ തയ്യാറായിരുന്നു.

1951 മുതൽ 1952 വരെ സിനഗോഗുകൾക്കും മറ്റ് യഹൂദ കേന്ദ്രങ്ങൾക്കുമെതിരെ ഇറാഖിലെ ബാഗ്ദാദിൽ നിരവധി ബോംബാക്രമണങ്ങൾ നടക്കുകയും ഡസൻ കണക്കിനു പേർ മരിക്കുകയും ചെയ്തു. എന്നാൽ ഈ അക്രമങ്ങൾക്ക് പിന്നിൽ സയണിസ്റ്റ് അണ്ടർഗ്രൗണ്ട് എന്ന ഗ്രൂപ്പ് ആണെന്ന് പാശ്ചാത്യ ചേരിക്ക് അനുകൂലമായ ഇറാഖ് സർക്കാർ തന്നെ കണ്ടെത്തി. മുൻ സിഐഎ ഉദ്യോഗസ്ഥൻ വിൽബർ ക്രെയിൻ എവെലാൻഡ് ഇത് സ്ഥിരീകരിക്കുന്നു: “ഇറാഖികളെ അമേരിക്കൻ വിരുദ്ധരായി ചിത്രീകരിക്കാനും യഹൂദരെ ഭയചകിതരാക്കാനുമുള്ള ശ്രമത്തിൽ സയണിസ്റ്റുകൾ യുഎസ് ഇൻഫർമേഷൻ സർവീസ് ലൈബ്രറിയിലും സിനഗോഗുകളിലും ബോംബുകൾ സ്ഥാപിച്ചു. താമസിയാതെ, ഇസ്രായേലിലേയ്‌ക്ക് പലായനം ചെയ്യാൻ യഹൂരോട് ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അറബ് ഭീകരത ഭയന്നാണ് ഇറാഖി യഹൂദർ പലായനം ചെയ്‌തത് എന്നാണു ലോകത്തിലെ വലിയൊരു പങ്ക് ജനങ്ങളും വിശ്വസിച്ചത്. യഥാർത്ഥത്തിൽ, സയണിസ്റ്റുകൾ അവരെ “രക്ഷിച്ചത്” ഇസ്രായേലിലെ യഹൂദ ജനസംഖ്യ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു."

ഇതിനു സമാനമായ ഒരു ആക്രമണം 1954-ൽ ഇസ്രായേൽ സർക്കാർ തന്നെ നടത്തി, ഇത്തവണ ഈജിപ്‌തിനു മേൽ പ്രാദേശികമായി മേൽക്കൈ നേടുന്നതിന്. അവർ യുഎസ്, ബ്രിട്ടീഷ് പൗരന്മാർക്കു നേരെ നിരവധി ബോംബാക്രമണങ്ങൾ നടത്തി. ആക്രമണങ്ങളുടെ ഉത്തരവാദിത്വം അറബികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും മേൽ ചാ‍ർത്തുകയായിരുന്നു ഉദ്ദേശ്യം.

1950-കളിലുടനീളം പ്രധാനമായും ഫ്രാൻസിന്റെ സഹായത്തോടുകൂടി ഇസ്രായേൽ സൈനികശക്തി വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ താല്പര്യങ്ങളെ സഹായിക്കാൻ ഇസ്രായേൽ ഈ ആയുധങ്ങൾ കൃത്യമായി ഉപയോഗിച്ചു. അറബ് മേഖലയിലാകെ ആദരിക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ നാസറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആക്രമണമായിരുന്നു ഇതിലൊന്ന്. ആക്രമണം പരാജയപ്പെട്ട് തിരിഞ്ഞോടുന്ന സമയത്ത്, ദുശ്ശാഠ്യക്കാരനായ ഒരു കുട്ടിയെപ്പോലെ, പോകുന്ന വഴിയിൽ കണ്ട കെട്ടിടങ്ങളെല്ലാം തകർത്തു ഇസ്രായേൽ.

ഇത് യുഎസ് സാമ്രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി; നാസറിന്റേത് പോലെയുള്ള ദേശീയ പ്രസ്ഥാനങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം എന്ന നിലയ്‌ക്ക് ഇസ്രായേലിന്റെ മൂല്യം അവർ തിരിച്ചറിഞ്ഞു. അതോടെ ഇസ്രായേലിനെ സംരക്ഷിക്കാൻ സ്വന്തം സൈന്യത്തെത്തന്നെ യുഎസ് നിയോഗിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ പ്രധാന ധനസ്രോതസ്സായി യുഎസ് മാറി. 1967 ആയപ്പോഴേയ്‌ക്കും രാക്ഷസീയമായ യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ മുമ്പത്തെക്കാളും വളരെ വലിയ ഒരു സൈനികശക്തിയായി ഇസ്രായേൽ മാറി.

1967-ലെ യുദ്ധം

എന്നാൽ ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷി പോലും അതിന്റെ അക്രമോത്സുകതയിൽ നിന്ന് സുരക്ഷിതരായിരുന്നില്ല. 1967-ൽ രാജ്യചിഹ്നങ്ങളില്ലാത്ത ഇസ്രായേലി യുദ്ധവിമാനങ്ങളും ടോർപ്പിഡോ ബോട്ടുകളും യുഎസ് നാവികസേനയുടെ കപ്പലിനെ ഈജിപ്തിന്റെ തീരത്തു വച്ച് ആക്രമിച്ചു. യുഎസ് പതാക ഉയർത്തിയ യു‌എസ്‌എസ് ലിബർട്ടിയുടെ മേലുള്ള ആക്രമണം രണ്ട് മണിക്കൂർ നേരം നീണ്ടുനിന്നു. 34 പേർ കൊല്ലപ്പെടുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഒരു റിപ്പോർട്ട് പറഞ്ഞത്, ഇത് അബദ്ധത്തിൽ സംഭവിച്ചതാവുക അസാധ്യമാണെന്നാണ്. ഇസ്രായേലിന്റെ ഉദ്ദേശ്യം, കപ്പൽ മുക്കിയതിന്റെ ഉത്തരവാദിത്വം ഈജിപ്തിന്റെ മേൽ കെട്ടിവച്ച് ഈജിപ്തിനെ ആക്രമിക്കാൻ യുഎസിനെ പ്രേരിപ്പിക്കുക എന്നതായിരുന്നു എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മനസിലായിരുന്നു എന്നാണ് റിപ്പോർട്ട് പറഞ്ഞത്.

സയണിസ്റ്റ് അധിനിവേശത്തിന്റെ അടുത്ത അധ്യായമായിരുന്നു ആറ് ദിവസത്തെ യുദ്ധം (Six Day War) എന്നറിയപ്പെടുന്ന ഇസ്രായേലിന്റെ മറ്റൊരു വലിയ ഭൂമി പിടിച്ചെടുക്കൽ. അതിന്റെ ഭാഗമായിരുന്നു യുഎസ്‌എസ് ലിബർട്ടിയുടെ മേലുള്ള ആക്രമണം.

ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരെ ഇസ്രായേൽ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തി. എന്നിട്ട് പലസ്‌തീനിന്റെ പക്കൽ ബാക്കിയുള്ള 22 ശതമാനം ഭൂമിയും കൂടി ആക്രമിച്ചു കൈവശപ്പെടുത്തി. ഇസ്രായേലിലെ യഹൂദ ജനതയെ അവർക്ക് ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ചേർന്ന് കൂട്ടക്കൊല ചെയ്യാതിരിക്കാനുള്ള മുൻകരുതൽ നടപടി ആണ് ഈ യുദ്ധം എന്നായിരുന്നു ഇസ്രയേലിന്റെ ഔദ്യോഗിക യുക്തി. ഇത് പ്രചാരണത്തിനായി പറഞ്ഞ മുട്ടുന്യായം മാത്രമാണെന്ന് ഇസ്രായേലി സൈന്യത്തിലെ ഉന്നതവൃത്തങ്ങൾ തന്നെ സമ്മതിക്കുകയുണ്ടായി. 1967-ലെ യുദ്ധത്തിന്റെ സമയത്തെ ഉന്നതനായ സൈനിക കമാൻഡർ ആയിരുന്ന ജനറൽ മത്തിത്യാഹു പെലേദ് ഇങ്ങനെ പറഞ്ഞതായി ഹാരെറ്റ്സ് (Ha'aretz) പത്രം റിപ്പോർട്ട് ചെയ്‌തു: “1967 ജൂണിൽ വംശഹത്യ എന്ന ഭീഷണി നമുക്കു മേൽ തൂങ്ങിനിന്നിരുന്നു എന്നും, ഇസ്രായേൽ അതിന്റെ നിലനിൽപ്പിനായി പോരാടുകയായിരുന്നു എന്നുമുള്ള സിദ്ധാന്തം വെറും പൊള്ളത്തരമാണ്.”

കൊളോണിയൽ വൻശക്തിയായ ഇസ്രായേൽ നാപാം ഉപയോഗിച്ച് മിന്നൽ വേഗത്തിൽ ആക്രമണം നടത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ 40,000-ഓളം അറബികൾ കൊല്ലപ്പെട്ടു, അവരിൽ ഏറെയും ജനസാന്ദ്രതയേറിയ നഗരങ്ങളുടെ മേൽ ഇസ്രായേൽ ടാങ്ക് ആക്രമണവും ബോംബാക്രമണവും നടത്തിയതു വഴി ജീവൻ നഷ്‌ടപ്പെട്ട സാധാരണക്കാർ. ഇസ്രായേലിനു നഷ്ടമായത് 800-ൽത്താഴെ സൈനികരെയും 20 സാധാരണക്കാരെയും. ആ ആറു ദിനങ്ങളുടെ ഒടുവിൽ, ഒരു പുതിയ ഭൂപടം രൂപം കൊണ്ടു - സയണിസ്റ്റുകൾ എല്ലായ്പ്പോഴും സ്വപ്നം കണ്ടിരുന്ന വിശാല ഇസ്രായേലിനോട് അടുത്തുനിൽക്കുന്ന ഒന്ന്.

അവർ ഈജിപ്തിലെ സിനായി ഉപദ്വീപ്, സിറിയയിലെ ഗോലാൻ കുന്നുകൾ, പലസ്തീനിന്റെ പക്കൽ ബാക്കിയുണ്ടായിരുന്ന ഭാഗങ്ങൾ എന്നീ പ്രദേശങ്ങൾ കീഴടക്കി. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്നു ലക്ഷം പലസ്തീനികളെക്കൂടി അഭയാർഥികളാക്കി. ഇവരിൽ പലരും നക്ബയുടെ സമയത്ത് ഒരു തവണ അഭയാർഥികളായവരാണ്.

ആത്യന്തികമായി സിനായി ഉപദ്വീപ് ഈജിപ്തിനു തിരിച്ചുനൽകേണ്ടി വന്നു എങ്കിലും, ഈ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചടക്കിയ പലസ്‌തിനിയൻ പ്രദേശങ്ങൾ ഇന്നും ഇസ്രായേലി  നിയന്ത്രണത്തിൽ തുടരുന്നു.

ഇന്നും ഭൂപടത്തിൽ (ചിത്രം 8) പലസ്‌തിനിയൻ പ്രദേശങ്ങളുണ്ട്. എന്നാൽ അവിടങ്ങളെല്ലാം ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിനും ഇസ്രായേലി നിയമങ്ങൾക്കും കീഴിലാണ്. ഒപ്പം നൂറുകണക്കിന് അനധികൃത ഇസ്രായേലി കയ്യേറ്റങ്ങൾ ആ ഭൂപടത്തിൽ വീണ്ടും ദ്വാരങ്ങൾ വീഴ്ത്തുന്നതോടെ യഥാർത്ഥത്തിൽ പലസ്‌തീനികളുടെ കയ്യിലുള്ള ഭൂപ്രദേശം തീർത്തും തുച്‌ഛമായി മാറിയിരിക്കുന്നു.

ചിത്രം 8

ഇന്നും തുടരുന്ന അധിനിവേശത്തെ ഇസ്രായേൽ ന്യായീകരിക്കുന്നത്, തങ്ങളുടെ ഭരണകൂടത്തെ ഭീകരവാദത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ എന്ന പേരുപറഞ്ഞാണ്.  എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിനെ അടയാളപ്പെടുത്തിയ അതേ സാമ്രാജ്യത്വത്വരയാണ് ഇന്നും ഇസ്രയേലിനുള്ളത്.

സങ്കൽപ്പിക്കാനാവാത്ത ക്രൂരതയുടെ നേരെ ഇക്കാലമത്രയും പലസ്‌തീൻ ജനത തങ്ങളുടെ ഏറ്റവും ശക്തമായ ആയുധമുപയോഗിച്ചാണ് ചെറുത്തുനിന്നത് - അവരിന്നും നിലനിൽക്കുന്നു എന്നതുതന്നെ. തങ്ങളെ നാടുകടത്തുന്നതിനായി സാധ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിക്കപ്പെടുന്ന ഭൂമിയിൽ വേരുകളുറപ്പിച്ച് നിൽക്കുകയാണ് അവർ. ധീരോദാത്തമായ ചെറുത്തുനിൽപ്പ് ഒരിക്കലും മരിക്കില്ലെന്ന് അവർ തെളിയിക്കുന്നു.

ആബി മാർട്ടിൻ, മൈക്ക് പ്രൈസ്‌നർ 

(ചിത്രങ്ങൾക്ക് കടപ്പാട്: Empire Files.) 

അധിക വായനയ്ക്ക്

ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശം: ചില ചോദ്യങ്ങളും ഉത്തരങ്ങളും 

No comments:

Post a Comment