Monday, May 17, 2021

ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശം: ചില ചോദ്യങ്ങളും ഉത്തരങ്ങളും

എന്താണ് ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന്റെ ചരിത്രപരമായ നാൾവഴികൾ? ഐഐറ്റി മദ്രാസിൽ നിന്നും ഇംഗ്ലീഷ് സ്റ്റഡീസിൽ ഇന്റഗ്രേറ്റഡ് എംഎ വിദ്യാഭ്യാസം പൂർത്തിയാക്കിയ അസർ മൊയ്ദീൻ എഴുതിയ ചോദ്യോത്തരി ചുവടെ.

1. ഇസ്രായേൽ-പലസ്തീൻ പ്രശ്നം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു മതസംഘർഷം അല്ലേ?

മതസംഘർഷമല്ല. മതപരമായ വികാരങ്ങൾ പ്രശ്നങ്ങളെ വഷളാക്കുകയും ഒരു ഒത്തുതീർപ്പിൽ എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളത് വസ്തുതയാണ്. എങ്കിലും, ഇപ്പോഴത്തെ പ്രശ്നം ഇസ്രായേൽ എന്ന രാഷ്ട്രം ഉണ്ടാക്കുന്ന കാലഘട്ടത്തിലും അതിനു ശേഷവും പലസ്തീൻകാരെ അടിച്ചമർത്തുന്നതും, അവിടെ അധിനിവേശം നിലനിൽക്കുന്നു എന്നതും ആണ്. പലസ്തീൻ ജനതയുടെ പോരാട്ടം ഇസ്രായേലി കയ്യേറ്റ കൊളോണിയലിസത്തിന് (settler colonialism) എതിരെ ആണ്.

2. ഈ പ്രശ്നം എങ്ങനെയാണ് തുടങ്ങിയത്?

പശ്ചിമേഷ്യയിലെ പ്രശ്നം പ്രധാനമായും തുടങ്ങുന്നത് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ്. ബ്രിട്ടീഷുകാർ ഓട്ടോമൻ സാമ്രാജ്യത്തിനുള്ളിലുള്ള പലസ്തീൻ എന്ന അറബ് മുസ്ലിം-ജൂത-ക്രിസ്തുമത വിശ്വാസികൾ താമസിച്ചിരുന്ന പ്രദേശത്തെ കീഴടക്കുകയും അവിടെ ജൂതന്മാർക്ക് ജന്മനാടിനുള്ള അവകാശമുണ്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്പിൽ നിന്ന് ജൂതന്മാരെ അങ്ങോട്ട് വലിയ തോതിൽ കയ്യേറാൻ അനുവദിക്കുകയും ഇതിന്റെ ഭാഗമായി സംഭവിച്ചു. 1917ൽ അവിടത്തെ 8% മാത്രം ജനസംഖ്യ ഉണ്ടായിരുന്ന ജൂതന്മാർ രണ്ടു പതിറ്റാണ്ടുകൾ കൊണ്ട് 30% വരെയെത്തി. ഇതോടുകൂടി അവിടെ ജൂതരാഷ്ട്രവാദം ഉന്നയിക്കുന്ന സിയോണിസ്റ്റുകളും അറബികളും തമ്മിൽ സംഘർഷം ആരംഭിച്ചു.

3. പലസ്തീനിൽ ജൂതന്മാർക്ക് ജന്മനാടിനുള്ള അവകാശം ഇല്ലേ?

പലസ്തീൻ എന്ന അറബ് രാഷ്ട്രത്തിൽ മുസ്ലിം-ജൂത-ക്രിസ്തുമത വിശ്വാസികൾ നൂറ്റാണ്ടുകളായി സാഹോദര്യത്തോടെ കഴിഞ്ഞിരുന്നതാണ്. ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത അറബികൾക്ക് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്ത സ്വതന്ത്ര അറബ് രാഷ്ട്രത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. എന്നാൽ യുദ്ധത്തിന് ശേഷം ഫ്രാൻസിനൊപ്പം ഈ പ്രദേശം കീഴടക്കി പങ്കുവെക്കാം എന്ന രഹസ്യ കൂട്ടുകെട്ടിൽ ബ്രിട്ടൻ ഏർപ്പെടുകയും അറബികളെ വഞ്ചിക്കുകയും ചെയ്തു. ഇത് പുറത്ത് കൊണ്ടുവന്നത് റഷ്യയിലെ ബോൾഷെവിക്കുകൾ ആണ്. യൂറോപ്പിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായ ജൂതന്മാർക്ക് ഇവിടെ ജന്മനാട് വാഗ്ദാനം ചെയ്തതും അതോടൊപ്പം അറബികളുടെ രാഷ്ട്രീയാവകാശങ്ങൾ അനുവദിക്കാതിരിക്കുകയും ചെയ്തത് സാമ്രാജ്യത്വശക്തികൾ ആണ്.

4. എന്തിനാണ് സാമ്രാജ്യശക്തികൾ അങ്ങനെ ചെയ്തത്?

തുടക്കത്തിൽ ജൂതന്മാരോടുള്ള കുറ്റബോധം കൊണ്ടും സിയോണിസ്റ്റുകളുടെ സ്വാധീനം കൊണ്ടും ആയിരിക്കാം. ചരിത്രപരമായി സിയോണിസത്തിന്റെ തന്നെ വളർച്ച യൂറോപ്യൻ സാമ്രാജ്യത്വത്തിന്റെ ഒരു ഘടകമായിട്ടാണ് എന്ന് പലസ്തീനിലെ PFLP (Popular Front for Liberation of Palestine) വിലയിരുത്തുന്നുണ്ട്. കയ്യേറ്റ കൊളോണിയലിസം അവരുടെ ആദ്യം മുതലെയുള്ള പദ്ധത്തിയായിരുന്നു. എന്തായാലും പിൽക്കാലത്ത് അറബ് നാടുകളിൽ വളർന്നുവന്നുകൊണ്ടിരുന്ന മതേതര അറബ് ദേശീയതയെയും സാമ്രാജ്യത്വവിരുദ്ധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെയും എതിർക്കാനും അവിടെ സ്വാധീനം നിലനിർത്താനുമുള്ള ഉപകരണമായി മാറുകയായിരുന്നു ഇസ്രായേൽ, ആദ്യം ബ്രിട്ടീഷ് പിന്നെ അമേരിക്കൻ സാമ്രാജ്യത്വശക്തികൾക്ക്.

5. ഇസ്രായേൽ സൃഷ്ടിച്ചപ്പോൾ എന്തുകൊണ്ട് പലസ്തീനും സ്വാതന്ത്ര്യം കിട്ടിയില്ല?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പലസ്തീനെ മൂന്നായി വിഭജിക്കാനുള്ള ഒരു പദ്ധതിയാണുണ്ടായത്. ഒരു ഇസ്രായേൽ രാഷ്ട്രവും ഒരു പലസ്തീൻ രാഷ്ട്രവും പിന്നെ രണ്ടുകൂട്ടർക്കും നിയന്ത്രണമുള്ള ജെറുസലേമും സൃഷ്ടിക്കുക. സിയോണിസ്റ്റുകൾ അടങ്ങുന്ന ജൂത ഏജൻസി ഇതിനെ അംഗീകരിച്ചു. എന്നാൽ അറബ് രാഷ്ട്രങ്ങളും പലസ്തീനിലെ അറബികളും ഇത് എതിർത്തു. ഇതിനെത്തുടർന്ന് അവിടെ ആഭ്യന്തരയുദ്ധം ആരംഭിച്ചു.

 6. എന്തുകൊണ്ടാണ് അറബികൾ ഇതിനെ എതിർത്തത്?

 ജനങ്ങൾക്കുള്ള സ്വയംനിർണയാവകാശത്തിന് എതിരെ ആയത് കൊണ്ടും മേൽപ്പറഞ്ഞ ഇസ്രായേൽ രാഷ്ട്രത്തിന്റെ അതിർത്തിക്കുള്ളിൽ 45% ജനങ്ങൾ അറബികൾ ആയിരുന്നതും കൊണ്ടും. സിയോണിസ്റ്റുകളുടെ സമ്മർദ്ദമുണ്ടായിട്ടും അറബ് രാഷ്ട്രങ്ങൾക്ക് പുറമെ ഇന്ത്യ അടക്കം മറ്റുചില രാഷ്ട്രങ്ങളും ഈ പദ്ധതിയെ എതിർത്തിരുന്നു.

 7. അതിന് ശേഷം എന്തുണ്ടായി?

 ബ്രിട്ടീഷ് ഭരണം 1948ൽ അവസാനിക്കുന്നതിന് തൊട്ടു മുൻപ് ഇസ്രായേൽ എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ പ്രഖ്യാപനം നടന്നു. പലസ്തീനിലെ ആഭ്യന്തരയുദ്ധത്തിലേക്ക് ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങൾ പങ്കുചേർന്നു. യുദ്ധത്തിനൊടുവിൽ ഐക്യരാഷ്ട്രസഭയുടെ പദ്ധതിയിലെ അവരുടെ ഭൂമിയും പലസ്തീനിലെ അറബികൾക്കുള്ള ഭൂമിയുടെ 60% വും ഇസ്രായേൽ കീഴടക്കി. ഏഴരലക്ഷത്തില്പരം പലസ്തീൻകാർ അഭയാർത്ഥികളാക്കപ്പെട്ടു. പലസ്തീനിലെ അറബ് വംശജർക്കവകാശപ്പെട്ട സ്ഥലങ്ങളായ വെസ്റ്റ് ബാങ്ക് ജോർദാനിന്റെ കീഴിലും ഗാസ ഈജിപ്തിന്റെ നിയന്ത്രണത്തിലും ആയി. പിന്നീട് 1967ലെ യുദ്ധത്തിൽ ഇസ്രായേൽ ഈ രണ്ടു പ്രദേശങ്ങളും കീഴടക്കി. ഇതു വഴി വീണ്ടും നാലു ലക്ഷത്തില്പരം പലസ്തീൻകാർ അഭയാർത്ഥികളായി. എന്നാൽ, അതിനു ശേഷവും ഇസ്രായേൽ ഇവിടെയും പലസ്തീൻകാർ താമസിക്കുന്ന മറ്റിടങ്ങളിലും സെറ്റിൽമെന്റുകൾ പണിതുകൊണ്ടേയിരുന്നു. ഇസ്രായേൽ സൈന്യം 2005ൽ ഗാസയിൽ നിന്ന് പിന്മാറിയെങ്കിലും ഗാസ ഇപ്പോഴും അവരുടെ ഉപരോധത്തിൽ ആണ്. ഗാസയുടെ വ്യോമാതിർത്തിയും കടൽത്തീരവും ഇസ്രായേലിന്റെ നിയന്ത്രണത്തിൽ ആണ്. വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ ഒക്കെ ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇതുകൊണ്ടാണ് ഗാസയെ ഒരു തുറന്ന ജയിലായി വിശേഷിപ്പിക്കുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലും അല്ലാത്ത ഇസ്രായേലിന്റെ ഉള്ളിലുള്ള അറബ് മുസ്ലിം-ക്രിസ്തുമത വിശ്വാസികൾ അവിടെ പൂർണ ജനാധിപത്യാവകാശങ്ങൾ ഇല്ലാത്ത രണ്ടാംകിട പൗരന്മാരാണ്. ഒരേ കുറ്റത്തിന് പലസ്തീൻകാർക്കും ഇസ്രായേലിലെ കുയ്യേറ്റജനതയ്ക്കുമുള്ള ശിക്ഷയടക്കം വ്യത്യസ്തമാണ്.

 8. ഇതിന് ഇതുവരെ പരിഹാരം എന്തുകൊണ്ട് ഉണ്ടായില്ല?

 പരിഹാരം ഉണ്ടാക്കാൻ എത്രയോ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും അവരുടെ സെറ്റിൽമെന്റുകളുടെ നിർമാണം നിർത്തിവെക്കാനും തയ്യാറല്ല. സാമ്രാജ്യത്വശക്തികളുടെ പിന്തുണയുള്ളതുകൊണ്ട് ഇസ്രായേലിന് ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും മറ്റ് അന്താരാഷ്ട്രനിയമങ്ങളും യഥേഷ്ടം ലംഘിച്ചുകൊണ്ട് അധിനിവേശം തുടരാൻ സാധിക്കുന്നു എന്നതാണ് വസ്തുത. ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ പ്രമേയം വന്നാൽ അമേരിക്കയുടെ വീറ്റോ അധികാരത്തിന്റെ സംരക്ഷണവുമുണ്ട്.

9. ഇപ്പോളുണ്ടായ പുതിയ പ്രശ്നം എന്താണ്?

ഈസ്റ്റ് ജെറുസലേമിലെ അധിനിവേശത്തിന്റെ ഭാഗമായി അവിടത്തെ ഷെയ്ഖ് ജാറ എന്ന സ്ഥലത്തു പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനായി ഈയിടെ അവിടത്തെ കോടതി ഉത്തരവിടുകയുണ്ടായി. ഈ ഭൂമി പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു ജൂത സംഘടന വിലകൊടുത്ത് വാങ്ങിയിരുന്നെന്നും അത് കൊണ്ട് ഇവിടെ ജൂതന്മാർക്ക് സെറ്റിൽമെന്റ് പണിയാൻ അവകാശം ഉണ്ടെന്നുമാണ് വാദം. എന്നാൽ അവിടെ ഉള്ള പലസ്തീൻകാർ ഇത് നുണയാണെന്ന് അവരുടെ പക്കലുള്ള ഓട്ടോമൻ പ്രമാണം കാണിച്ചുകൊണ്ട് പറയുന്നു. എന്നിരുന്നാലും ഈ കുടിയൊഴിപ്പിക്കലിനെതിരെ അവിടെ പ്രതിഷേധം ഉയർന്നു.

ഇതിനെ തുടർന്ന് എല്ലാ വർഷവും തീവ്രവലതുപക്ഷ ജൂതന്മാർ 1967ലെ വിജയം അനുസ്മരിക്കുന്ന ജെറുസലേം റാലിക്കെതിരെ അടുത്തുള്ള അൽ അഖ്‌സ പള്ളിയിൽ നിന്ന് അക്രമം വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു കൊണ്ടും ഇസ്രായേൽ സൈന്യം അൽ അഖ്സ പള്ളി ആക്രമിച്ചു. പള്ളിക്കുള്ളിൽ റംസാൻ മാസത്തിൽ പ്രാർത്ഥിക്കാൻ വന്നവർക്കെതിരെ സ്റ്റൺ ഗ്രെനേഡുകളും കണ്ണീർ വാതകവും ഉപയോഗിച്ചു. കുറേ പേരെ അറസ്റ്റു ചെയ്തു. ഇസ്രായേലിൽ ഇപ്പോളുടലെടുത്ത സവിശേഷ രാഷ്ട്രീയസാഹചര്യവും ഇപ്പോഴത്തെ അൽ-അഖ്സ പള്ളിയാക്രമണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബെന്യാമിൻ നെതന്യാഹു പ്രതിപക്ഷം കൊണ്ടുവന്ന അഴിമതിയാരോപണങ്ങൾ മൂലം കടുത്ത രാഷ്ട്രീയപ്രതിസന്ധി നേരിടുകയാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശ്യം കൂടി അൽ അഖ്സ പള്ളിയാക്രമണത്തിനു പിന്നിലുണ്ട്.

അൽ അഖ്സ ആക്രമണത്തെ തുടർന്ന് അവിടെ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇസ്രായേലിന് ഹമാസ് അന്ത്യശാസനം നൽകി. ഇതിനു വിസമ്മതിച്ച ഇസ്രയേലിനെതിരെ അവർ റോക്കേറ്റാക്രമണം തുടങ്ങി. തിരിച്ച് ഇസ്രായേൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസക്കെതിരെ വ്യോമാക്രമണവും അഴിച്ചുവിട്ടു. തുടക്കത്തിൽ തന്നെ വ്യോമാക്രമണം നിർത്തുകയും ജറുസലേമിലെ സൈന്യത്തിനെ തിരിച്ചുവിളിക്കുകയും ചെയ്‌താൽ വെടിനിർത്തലിന് സന്നദ്ധത ഹമാസ് പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ അത് നിരസിച്ചു.

ഇതിനു പുറമെ വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ മറ്റു പ്രദേശങ്ങളിലുമുള്ള പലസ്തീൻകാർ പ്രതിഷേധിക്കാനിറങ്ങിയപ്പോൾ ഇസ്രായേൽ പൊലീസും ആയുധം കൈവശം വെച്ചിറങ്ങിയ കയ്യേറ്റക്കാരും അവർക്ക് നേരെ ആക്രമണം തുടങ്ങി.

ആക്രമണങ്ങളിൽ പരിക്കേറ്റ പലസ്തീൻകാരെ സഹായിക്കാൻ വരുന്നവരെയും ഇസ്രായേൽ പൊലീസ് തടയുന്നുണ്ട്. ഇപ്പോൾ ലെബനൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ ഇസ്രായേൽ അതിർത്തിയിലോട്ട് പലസ്തീനുമായി ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി ഇതിന്റെയൊക്കെ ഫലമായി ഇരുന്നൂറിലധികം പലസ്തീൻകാർ മരണമടഞ്ഞിട്ടുണ്ട്. ഇതിൽ അൻപത്തിയഞ്ചു പേരും കുട്ടികളാണ്. പത്ത് ഇസ്രായേലികളും (അതിൽ ഒരു കുട്ടിയും) മരിച്ചിട്ടുണ്ട്. റബ്ബർ ബുള്ളെറ്റുകൾ കൊണ്ട് ആക്രമിക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീൻ യുവാക്കൾക്ക് പരിക്കേറ്റിട്ടും ഉണ്ട്.

10. അപ്പോൾ ഹമാസിന്റെ റോക്കറ്റുകൾ അല്ലെ പ്രശ്നം? അവർ ചെയ്യുന്നത് വയലൻസ് അല്ലെ? അവർ ഭീകരവാദികൾ അല്ലെ?

നാശനഷ്ടം സംഭവിക്കുന്നതും പൗരന്മാർ മരണമടയുന്നതും തികച്ചും നിർഭാഗ്യകരമാണ്. എന്നാലും ഇവിടെ ഹമാസ് പലസ്തീൻ ജനതയുടെ വിമോചനത്തിന് വേണ്ടി പോരാടുന്ന ഒരു പ്രസ്ഥാനം ആണെന്ന് മനസ്സിലാക്കണം. ഇസ്രായേൽ എന്ന ആണവശക്തിയുടെ അധിനിവേശത്തിനെതിരെ ചെറുത്തുനിൽക്കാൻ അവരുടെ പക്കൽ കുറച്ച് റോക്കറ്റുകൾ മാത്രമാണ് ഉള്ളത്. ഈ റോക്കറ്റുകളാകട്ടെ ഒട്ടുമിക്കതും ഇസ്രായേലിന്റെ മിസൈൽ പ്രതിരോധസംവിധാനമായ അയേൺ ഡോം (Iron Dome) പ്രതിരോധിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ ഇസ്രായേൽ ജനതയുടെ എഴുപതു ശതമാനത്തിലധികം പേരും ബോംബ് ഷെൽട്ടറുകളിൽ ആണെന്നാണ് കണക്ക്. പലസ്തീൻകാർക്ക് അങ്ങിനെയുള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന്റെ കഴിവ് വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷെ ആദ്യമായി ഗാസയിൽ നിന്ന് 2002ൽ റോക്കറ്റ് വിട്ടതിന് ശേഷം ഇന്നേവരെ അതുവഴി മരിച്ചത് മുപ്പത്തില്പരം ഇസ്രായേലികളാണ്. ഗാസ നേരിടുന്ന വ്യോമാക്രമണത്തിൽ ഓരോ ദിവസവും ഇതിലും കൂടുതൽ പലസ്തീൻകാരാണ് മരിക്കുന്നത്. മൂന്നു യുദ്ധങ്ങളാണ് 2008ന് ശേഷം മാത്രം അവർക്ക് നേരിടേണ്ടി വന്നത്. 2014ലെ യുദ്ധത്തിൽ മാത്രം 2300ല്പരം പലസ്തീൻകാർ ആണ് മരണമടഞ്ഞത്. യുദ്ധങ്ങളിലല്ലാതെയുള്ള മറ്റു സംഘർഷങ്ങളിൽ മരിക്കുന്നത് വേറെയും. ഹമാസിന്റെ തന്നെ കുറെ മേധാവികളെ ഇസ്രായേൽ വെടിനിർത്തൽ നിലനിൽക്കെ ആക്രമിച്ച് വധിച്ചിട്ടുമുണ്ട്.

പതിറ്റാണ്ടുകളായി അധിനിവേശം നേരിടുന്ന, അടിച്ചമർത്തൽ അനുഭവിക്കുന്ന, ജനതയോട് നിങ്ങളുടെ വിമോചനം അക്രമരഹിതമായി നേടണം എന്ന് പറയുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും അധിനിവേശശക്തി ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതിരിക്കുമ്പോൾ. അവർക്ക് സാമ്രാജ്യത്വശക്തികളുടെ സമ്പൂർണപിന്തുണയുള്ളപ്പോൾ. ഹമാസിനെ മാത്രമല്ല, മുൻപ് ഫത്താ (Fatah), PFLP എന്നിവരടങ്ങുന്ന PLOയെയും (Palestine Liberation Organisation) ഒക്കെ ഇസ്രായേൽ വിശേഷിപ്പിച്ചിരുന്നത് ഭീകരവാദികൾ ആയിട്ടാണ്. എന്തായാലും ഇസ്രയേലും അമേരിക്കയും ഒക്കെ ഹമാസിനെ ഭീകരസംഘടനയായി കാണുന്നുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയിൽ അവരെ അങ്ങനെ പ്രഖ്യാപിക്കണം എന്നുള്ള അമേരിക്കയുടെ പ്രമേയം ബഹുഭൂരിപക്ഷത്തോടെ പരാജയപ്പെടുകയായിരുന്നു.

11. ഹമാസ് എങ്ങിനെയാണുണ്ടായത്?

ഈജിപ്ത്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ ഒരു വിങ്ങായി പ്രവർത്തിക്കുന്ന ചാരിറ്റിയായാണ് ഹമാസിന്റെ തുടക്കം. PLOയുടെ ജനപ്രിയമായ മതനിരപേക്ഷ അറബ് ദേശീയവാദത്തിൽ നിന്ന് പലസ്തീൻ ജനതയെ പിന്തിരിപ്പിക്കാൻ ആഗ്രഹിച്ച ഇസ്രായേൽ ഹമാസിനെ അക്കാലത്ത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പള്ളികൾ പണിയുന്നതിലും മത-സംസ്കാരവിഷയങ്ങളിലും സാമൂഹ്യസേവനത്തിലും മാത്രം ഒതുങ്ങിയിരുന്ന ഇവർ 1987ൽ ഒന്നാം ഇന്തിഫാദ എന്നറിയപ്പെടുന്ന ബഹുജനകലാപം പൊട്ടിപുറപ്പെട്ടപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇപ്പോൾ ഇസ്രയേലിനെ എതിർക്കുന്ന പലസ്തീനിലെ പ്രധാനശക്തിയെന്ന എന്ന നിലക്ക് അവർക്ക് ജനപിന്തുണയുണ്ട്. 2006ലെ അന്താരാഷ്ട്ര നിരീക്ഷകർ അംഗീകരിച്ച പലസ്തീനിലെ തിരഞ്ഞെടുപ്പിൽ അവർ ഭൂരിപക്ഷം നേടുകയുണ്ടായി. പക്ഷെ ഇസ്രയേലും അമേരിക്കയും അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ ഗാസ ഹമാസിന്റെ നിയന്ത്രണത്തിലും വെസ്റ്റ് ബാങ്ക് ഫത്തായുടെ നിയന്ത്രണത്തിലുമാണ്.

12. അപ്പോൾ ഹമാസ് ഇസ്ലാമിസ്റ്റുകൾ അല്ലെ? അപ്പോൾ നമുക്ക് പലസ്തീനിലെ റെസിസ്റ്റൻസ് എങ്ങനെ പിന്തുണക്കാനാവും?

അതെ. ഹമാസിനെ ഇസ്ലാമിസ്റ്റുകൾ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. അവർ അവരെ സ്വയം വിശേഷിപ്പിക്കുന്നത് ഇസ്ലാമിൿ റെസിസ്റ്റൻസ് മൂവ്മെന്റ് എന്നാണ്. അവരുടെ സ്ഥാപക ചാർട്ടറിൽ കടുത്ത ജൂത വിരുദ്ധത കാണാൻ സാധിക്കും. പക്ഷെ അവർ ജനാധിപത്യതെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ഭരണത്തിലേക്ക് ശ്രദ്ധ മാറ്റുകയും ചെയ്തതോടെ അവരുടെ നിലപാടുകൾക്ക് കുറെ മാറ്റം വന്നിട്ടുണ്ട്. മുസ്ലിം ബ്രദർഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുകയും അവരുടെ ചാർട്ടർ മാറ്റിയെഴുതി ജൂതവിരുദ്ധത എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. മറ്റുചില സംഘടനകളെ പോലെ അവർ സ്ത്രീകളെ കൊണ്ട് നിർബന്ധിച്ചു തട്ടം ധരിപ്പിക്കുക തുടങ്ങിയ പ്രവർത്തികളിൽ ഒന്നും ഏർപ്പെടുന്നില്ല. എന്നിരുന്നാലും അവരെ ഒരിക്കലും ഒരു പുരോഗമനപ്രസ്ഥാനമായി കണക്കാക്കാൻ പറ്റില്ല. അവരുടെ സംഘടനക്കുള്ളിൽ തന്നെ സ്ത്രീകളുടെ പങ്കാളിത്തം സാമൂഹ്യസേവനത്തിലും വിദ്യാലയങ്ങളിലും മാത്രം ഒതുങ്ങുന്നു. അവരുടെ സാമൂഹ്യബോധം തികച്ചും യാഥാസ്ഥിതികമാണ്. മറ്റ് ഇസ്ലാമിസ്റ്റുകളെ പോലെ തന്നെ അവരുടെ വർഗാടിസ്ഥാനം പെറ്റി ബൂർഷ്വാസികളാണ്.

13. എന്താണ് പരിഹാരം?

ഗാസയുടെ നേരെയുള്ള വ്യമോക്രമണവും ഉപരോധവും ഉടനടി നിർത്തണം. നിയമവിരുദ്ധമായ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കണം. പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന സെറ്റില്മെന്റുകൾ തകർക്കണം. ഇസ്രായേലിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം. ലെബനൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ അഭയാർത്ഥി കാമ്പുകളിൽ താമസിക്കുന്ന അറുപതു ലക്ഷത്തോളം വരുന്ന പലസ്തീൻ അഭയാർത്ഥികളെ തിരിച്ചു കൊണ്ടുവരണം.

പലസ്തീൻ ജനതയുടെ ജനാധിപത്യാവകാശങ്ങൾ ഉറപ്പ് വരുത്താൻ പൊതുവെ ഏകരാഷ്ട്ര അല്ലെങ്കിൽ ദ്വിരാഷ്ട്രപരിഹാരമാണ് മുന്നോട്ട് വെക്കപ്പെടാറുള്ളത്. ദ്വിരാഷ്ട്രപരിഹാരം എന്നു പറഞ്ഞാൽ 1947ലെ ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി അല്ലെങ്കിൽ 1967ന് മുന്നേയുള്ള അതിർത്തി കണക്കാക്കി രണ്ടു വ്യത്യസ്തരാജ്യങ്ങൾ. ജെറുസലേം രണ്ടുപേരും കൂടി നിയന്ത്രിക്കുന്നതാവാം. ഏകരാഷ്ട്രം എന്നു വെച്ചാൽ 1948ന് മുന്നെ ബ്രിട്ടീഷ് ഭരണത്തിനടിയിലുണ്ടായിരുന്ന പലസ്തീൻ മാൻഡേറ്റ് പോലെ ഒരു രാജ്യം. അവിടെ ജൂതന്മാർക്കും അറബികൾക്കും തുല്യപരിരക്ഷണയും ജനാധിപത്യാവകാശങ്ങളും ഉണ്ടായിരിക്കും. ഇതാണ് PFLP പോലുള്ള പുരോഗമനപ്രസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്ന പരിഹാരമാർഗം.

14. ഏകരാഷ്ട്രം അപ്രായോഗികമല്ലേ? വിവേചനം ഉണ്ടാവാൻ സാധ്യതയില്ലേ ? ഇത്രയും വ്യത്യാസങ്ങളുള്ള രണ്ട് വിഭാഗങ്ങൾ എങ്ങനെയാണ് ഒരുമിച്ച് താമസിക്കുക?

ഏകരാഷ്ട്ര പരിഹാരത്തിന് നമുക്ക് മുന്നിൽ ചരിത്രപരമായ ഒരു മാതൃകയുണ്ട്‌ - ദക്ഷിണാഫ്രിക്ക. അധിനിവേശത്തിനടിയിലുണ്ടായിരുന്ന, ഇസ്രായേലിനെപോലെ അപ്പാർതീഡ് സ്റ്റേറ്റ് ആയിരുന്നു ദക്ഷിണാഫ്രിക്ക. ഇപ്പോൾ അവിടം എല്ലാവർക്കും തുല്യാവകാശങ്ങളുള്ള ഒരു രാജ്യമാണ്. ഒരു വിരോധവും എന്നെന്നേക്കും നിലനിൽക്കുമെന്ന് വിചാരിക്കേണ്ട കാര്യമില്ല. സാമ്രാജ്യത്വശക്തികളും സിയോണിസ്റ്റുകളും ആണ് നിലവിലുള്ള വിവേചനത്തിന് കാരണം. എന്തായാലും ഇത് ഇസ്രായേൽ-പലസ്തീൻ ജനത ഒരുമിച്ചെടുക്കേണ്ട തീരുമാനമാണ്. ഏകരാഷ്ട്രമായാലും ദ്വിരാഷ്ട്രമായാലും പലസ്തീൻകാരുടെ സ്വയംനിർണയാവകാശം ഉറപ്പ് വരുത്തേണ്ടതുണ്ട്.

15. ഇതിനു വേണ്ടി നമുക്ക് എന്തു ചെയ്യാൻ സാധിക്കും?

പലസ്തീൻ ജനതയുടെ പോരാട്ടത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. ഈ വിഷയത്തെ പറ്റി വസ്തുനിഷ്ഠമായ പൊതു അവബോധം സൃഷ്ടിക്കാൻ കഴിയണം. വസ്തുതകൾ മനസ്സിലാക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെ ചോദ്യം ചെയ്യുകയും വേണം.

അന്താരാഷ്ട്രതലത്തിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഉണ്ടായിരുന്നത് പോലെയൊരു സമ്മർദ്ദം ഇസ്രായേലിന്റെ മേൽ ചെലുത്തുന്നതിനു പങ്കുചേരണം. സാമ്രാജ്യത്വശക്തികളുടെ മനസ്സുമാറാൻ കാത്തിരിക്കാൻ പറ്റില്ല എന്നുള്ളതുകൊണ്ട് ഇതിനായി BDS (Boycott, Divestment and Sanctions) പോലെ ഇസ്രയേലിനെ ബഹിഷ്കരിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ഇസ്രായേലിന്റെ യുദ്ധോപകരണങ്ങൾ ഏറ്റവും അധികം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. കശ്മീർ തൊട്ട് തൂത്തുക്കുടി വരെയുള്ള പൊലീസ് സേനകൾ ഇസ്രായേലിന്റെ പരിശീലനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതൊക്കെ അവസാനിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കണം. ആവശ്യം വന്നാൽ കായിക-സാംസ്കാരികമേഖലകളിൽ ഒക്കെ തന്നെ ഇസ്രയെലിനെ ഉൾപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം.

ഇതൊക്കെ ഒറ്റയടിക്ക് ചെയ്യണം എന്നല്ല. ബിസിനസ്സുകൾക്കും സർക്കാറുകൾക്കും പലപ്പോഴും ആവശ്യമുള്ള പല ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകുന്നത് ഇസ്രായേൽ ആവാം. ഈ ആശ്രയം കുറക്കാനും മറ്റ് ഉറവിടങ്ങൾ കണ്ടെത്താനും സഹായം കൊടുക്കേണ്ടി വരും.

ഒരു വിവേചനവും അധിനിവേശവും അടിച്ചമർത്തലും എന്നെന്നേക്കും നിലനിൽക്കില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പലസ്തീൻ ജനതയുടെ വിമോചനം നമ്മളെല്ലാവരുടെയും വിമോചനത്തിന്റെ അനിവാര്യഘടകമാണ്. അതിനുവേണ്ടി ഒരുമിച്ചുനിൽക്കാം.

അധിക വായനയ്ക്ക്

പലസ്‌തീൻ കോളനിവൽക്കരിക്കപ്പെട്ടത് എങ്ങനെ? 

No comments:

Post a Comment