Sunday, January 12, 2014

സയണിസ്റ്റ് ക്രൂരതയുടെ ബുള്‍ഡോസര്‍

ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു

ജെറുസലേം: ആധുനിക ലോകചരിത്രത്തിലെ കുപ്രസിദ്ധനായ "കൂട്ടക്കൊലയാളി" ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. ഇസ്രയേലി മുന്‍ പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ അന്ത്യം ടെല്‍ അവീവിനു സമീപം ഹാഷോമറിലെ ഷേബ മെഡിക്കല്‍ സെന്ററിലായിരുന്നു. മസ്തിഷ്കാഘാതത്തെതുടര്‍ന്ന് എട്ടുവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നെഗേവിലെ ഫാംഹൗസില്‍ സംസ്കരിക്കും.

2006 മുതല്‍ അബോധാവസ്ഥയിലായ ഷാരോണിന്റെ നില കഴിഞ്ഞയാഴ്ചയാണ് തീര്‍ത്തും വഷളായത്. വൃക്കശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് ഇസ്രയേലി സര്‍ക്കാര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുത്രന്മാരായ ഗിലാദും ഒമ്രിയും മറ്റു കുടുംബാംഗങ്ങളും അന്ത്യനാളുകളില്‍ സമീപമുണ്ടായിരുന്നു. ഭാര്യ ലില്ലി 2000ല്‍ അന്തരിച്ചു. ഇസ്രയേലിന്റെ രൂപീകരണംമുതല്‍ സൈന്യത്തില്‍ അംഗമായ ഷാരോണ്‍ പൈശാചികമായ യുദ്ധക്കൊതിയിലൂടെ കുപ്രസിദ്ധനായി. ലിക്കുഡ് പാര്‍ടി അംഗമായി 1973ല്‍ പാര്‍ലമെന്റില്‍ എത്തിയതുമുതല്‍ കിടപ്പാകുന്നതുവരെ ഇസ്രയേലിന്റെ അധികാരശ്രേണികളില്‍ ഷാരോണിന്റെ സാന്നിധ്യമുണ്ടായിരുന്നു. 1977ല്‍ മന്ത്രിസഭയിലെത്തിയ അദ്ദേഹം പിന്നീട് പലതവണയായി കൃഷി, ആരോഗ്യം, വ്യവസായം, പ്രതിരോധം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യംചെയ്തു. 1998-99ല്‍ വിദേശമന്ത്രിയുമായി. 2001 മുതല്‍ 2006 വരെയാണ് പ്രധാനമന്ത്രിയായത്.

2005ല്‍ ലിക്കുഡ് പാര്‍ടി വിട്ട് കദിമ പാര്‍ടി രൂപീകരിച്ചു. 1982ലെ ലെബനന്‍ അധിനിവേശസമയത്ത് ഇസ്രയേലി പ്രതിരോധമന്ത്രിയായിരുന്നു ഷാരോണ്‍. തെക്കന്‍ ലെബനണിലും ബെയ്റൂട്ടിലും സജീവമായിരുന്ന പലസ്തീന്‍ വിമോചന സംഘടനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്‍ ഷാരോണായിരുന്നു. ലോകവ്യാപക പ്രതിഷേധം ഉയര്‍ത്തിയ ഈ അധിനിവേശത്തിനെതിരെ ഇസ്രയേലില്‍പ്പോലും എതിര്‍പ്പുയര്‍ന്നു. ഇരുപതിനായിരത്തോളം അറബികളെയാണ് ഷാരോണിന്റെ സൈന്യം കൊന്നുതള്ളിയത്. സാബ്രയിലെയും ഷാത്തിലയിലെയും അഭയാര്‍ഥിക്യാമ്പുകളില്‍ നടത്തിയ ക്രൂരമായ ആക്രമണത്തിലൂടെ ഷാരോണിന്റെ ചോരക്കൊതി ലോകം ഞെട്ടലോടെ കണ്ടു. പലസ്തീന്റെ വിമോചനപോരാട്ടത്തെ നഖശിഖാന്തം എതിര്‍ത്ത ഷാരോണിന്റെ യുദ്ധക്കൊതി മറ്റ് അയല്‍രാജ്യങ്ങളുമായും നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചു.

സയണിസ്റ്റ് ക്രൂരതയുടെ ബുള്‍ഡോസര്‍

പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുമുമ്പ് 2001 ഫ്രെബ്രുവരിയില്‍ ഏരിയല്‍ ഷാരോണ്‍ ബീര്‍ഷേവയിലെ കാര്‍ഷിക സ്കൂള്‍ സന്ദര്‍ശിക്കാനെത്തി. ഇലില്‍ കോമി എന്ന പതിനാറുകാരി ക്ഷോഭത്തോടെ ഷാരോണിന്റെ അടുത്തേക്ക് ചീറിയെത്തി. "എന്റെ അച്ഛനെ ലബനണിലേക്കയച്ച ദുഷ്ടാ, ഈ രാജ്യത്തെ നിരവധിയാളുകളെ കഷ്ടപ്പെടുത്തിയ നിങ്ങള്‍ പ്രധാനമന്ത്രിയാകില്ല" എന്നാക്രോശിച്ചു. ലിക്കുഡ് പാര്‍ടി നേതാവ് ഏരിയല്‍ ഷാരോണ്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാധാരണ ജനങ്ങളില്‍ അദ്ദേഹത്തിനെതിരെയുള്ള വികാരം പ്രതിഫലിക്കുന്നതായിരുന്നു ഈ വാക്കുകള്‍. ബെയ്റൂട്ടിലെ കൂട്ടക്കശാപ്പുകാരന്‍, ബുള്‍ഡോസര്‍, മിസ്റ്റര്‍ സെക്യൂരിറ്റി...ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭീകരവാദിക്ക് വിശേഷണങ്ങളേറെ. സമാധാനത്തെ വെറുക്കുകയും യുദ്ധത്തെയും കൂട്ടക്കൊലകളെയും സ്നേഹിക്കുകയും ചെയ്തയാള്‍. അമേരിക്കയുടെ ഉറ്റ സുഹൃത്ത്. പക്ഷേ, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഷാരോണിനെ സീകരിച്ചില്ല. എന്നാല്‍, വാജ്പേയി സര്‍ക്കാര്‍ ചുവപ്പ് പരവതാനി വിരിച്ച് ഷാരോണിനെ സ്വീകരിച്ചു.

ഒളിവില്‍ പ്രവര്‍ത്തിക്കുന്ന "ഹഗാനാഹ്" എന്ന സൈനിക സംഘടനയില്‍ യുവാവായിരിക്കെ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഷാരോണ്‍. ഇസ്രയേല്‍ രൂപംകൊണ്ടപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് 1948 ലെ ഇസ്രയേല്‍-അറബ് യുദ്ധത്തില്‍ പങ്കെടുത്തു. പലസ്തീന്‍ ആക്രമണങ്ങളെ ചെറുക്കാനെന്നപേരില്‍ ഇസ്രയേല്‍ രൂപീകരിച്ച 101 കമാന്‍ഡിന്റെ ചുമതല 1953ല്‍ ഏറ്റെടുത്തു. അതോടെ അറബികളെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കി. ദക്ഷിണ ഗാസയിലെ എല്‍ ബുറീഗ് അഭയാര്‍ഥി ക്യാമ്പ് ആക്രമിച്ച് ഷാരോണിന്റെ പട കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 50 പേരെ കൊന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും വെടിവച്ചിട്ടു. 1953ല്‍ ഷാരോണിന്റെ 101 കമാന്‍ഡര്‍ സേനജോര്‍ദാന്‍ ഗ്രാമമായ ക്വിബിയ ആക്രമിച്ചു. ആദ്യം വീടുകളില്‍ കയറി എല്ലാവരെയും നിര്‍ദയം വധിച്ചിട്ടും കലിതീരാതെ വീടുകള്‍ ചുട്ടെരിച്ചു. 69 പേര്‍ കത്തി ചാമ്പലായി. ആരും മരിച്ചില്ലെന്നും എല്ലാവരും ഓടിരക്ഷപ്പെട്ടെന്നും ആണയിടുന്ന ഷാരോണിനെയാണ് പിറ്റേന്ന് ലോകം കണ്ടത്. 1970ല്‍ ഇസ്രയേല്‍ പ്രതിരോധസേനയുടെ തലവനായ ഘട്ടത്തിലാണ് ഗാസയിലെ പലസ്തീന്‍ കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി ഷാരോണ്‍ റോഡ് പണിതത്.

ഷാരോണിന്റെ ഏറ്റവും ക്രൂരമായ ആക്രമണം 1982ല്‍ ലെബനണ് നേരെയുള്ളതായിരുന്നു. മെനാച്ചം ബെഗിന്‍ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായ വേളയിലായിരുന്നു ഇത്. ബെയ്റൂട്ടിലേക്ക് ഇരച്ച് കയറിയ ഇസ്രയേല്‍ സേന 20000 അറബികളെ കൊന്നു. സാബ്ര, ഷാത്തില എന്നീ അഭയാര്‍ഥി ക്യാമ്പുകളില്‍ നടത്തിയ ആക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകള്‍ ഏറെയില്ല. സെപ്തംബറില്‍ 62 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ഗര്‍ഭിണികളെ വരെ കൊന്നുതള്ളി. സുപ്രീംകോടതി മേധാവി യിത്ഷാക്ക് കഹാന്‍ നടത്തിയ അന്വേഷണം ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഷാരോണിന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് കണ്ടെത്തി. ഷാരോണിനെ യുദ്ധക്കുറ്റവാളിയായി ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അമേരിക്ക അദ്ദേഹത്തെ രക്ഷിച്ചു.

പലസ്തീന്‍ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമത്തെയും ഷാരോണ്‍ എതിര്‍ത്തു. 1970ല്‍ കൃഷിമന്ത്രിയായിരിക്കെയാണ് വെസ്റ്റ് ബാങ്കില്‍ ജൂതപാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് പലസ്തീന്‍കാരെ തുരത്തുന്ന നയത്തിന് തുടക്കമിട്ടത്. ഈ പ്രശ്നം ഇപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ ബന്ധങ്ങളെ ഉലയ്ക്കുന്നു. 1979ല്‍ ഈജിപ്തുമായുള്ള സമാധാനസന്ധിക്കെതിരെ വോട്ട് ചെയ്ത ഷാരോണ്‍ 1985 ല്‍ ദക്ഷിണ ലെബനണില്‍ നിന്നുള്ള ഇസ്രയേല്‍ സേനാപിന്മാറ്റത്തെ എതിര്‍ത്തു, 1991 ല്‍ മാഡ്രിഡ് സംഭാഷണങ്ങളെയും. 1993 ലെ സുപ്രസിദ്ധ ഓസ്ലോ കരാറിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തു. 1994ല്‍ ജോര്‍ദാനുമായുള്ള സമാധാനശ്രമത്തെയും എതിര്‍ത്തു. സമാധാനപാതയില്‍ സഞ്ചരിക്കാന്‍ വിസമ്മതിച്ച ഷാരോണിനെ ബെണിനും യിത്സാക്ക് ഷമീറിനും ഒപ്പം കൈകളില്‍ രക്തക്കറ പുരണ്ട ഇസ്രയേല്‍ നേതാവായാണ് ചരിത്രം തിരിച്ചറിയുക.
(വി ബി പരമേശ്വരന്‍)

deshabhimani

No comments:

Post a Comment