Wednesday, January 6, 2010

ടെന്‍ഡറില്ലാതെ പീരങ്കികള്‍

അമേരിക്കയില്‍നിന്ന് ടെന്‍ഡറില്ലാതെ പീരങ്കികള്‍

ആഗോള ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കയില്‍നിന്ന് സൈന്യം പീരങ്കികള്‍ വാങ്ങുന്നു. പാകിസ്ഥാനും ചൈനയ്ക്കുമെതിരെ ഉപയോഗിക്കാനെന്നു പറഞ്ഞാണ് അമേരിക്കന്‍ കമ്പനിയായ ബിഎഇ ലാന്‍ഡ് സിസ്റത്തില്‍നിന്ന് 145 എം77 എ വ അര്‍ട്രാ ലൈറ്റ് ഹോവിസ്ററുകള്‍ (യുഎല്‍എച്ച്) വാങ്ങുന്നത്. 2900 കോടി രൂപയുടേതാണ് ഇടപാട്. 1982ല്‍ സ്വീഡിഷ് കമ്പനിയില്‍നിന്ന് ബൊഫോഴ്സ് പീരങ്കികള്‍ വാങ്ങിയശേഷം ആദ്യമായാണ് ഭാരം കുറഞ്ഞവ വീണ്ടും വാങ്ങുന്നത്. 20,000 കോടി രൂപയുടെ ആധുനികവല്‍ക്കരണപദ്ധതിയുടെ ഭാഗമായാണിത്. പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളിലെ മലമ്പ്രദേശങ്ങള്‍ക്ക് യോജിച്ചതിനാലാണ് ഭാരം കുറഞ്ഞ പീരങ്കികള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. "യുഎല്‍എച്ചിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സൈനികസംഘം ഉടന്‍ അമേരിക്കയിലേക്ക് പോകും. തൃപ്തികരമാണെങ്കില്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് പരിശോധിക്കും''- സൈനികവൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം അവസാനവാരം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഇന്ത്യയില്‍ എത്തുന്നുണ്ട്. യുഎല്‍എച്ച് ഉള്‍പ്പെടെയുള്ള കരാറുകള്‍ ഉറപ്പിക്കാനാണ് സന്ദര്‍ശനം. അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിട്ടശേഷം തന്ത്രപ്രധാനബന്ധത്തില്‍ മുന്നോട്ടുപോയെങ്കിലും അതിനനുസരിച്ച് ആയുധ ഇടപാടില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണാനാണ് ഗേറ്റ്സ് എത്തുന്നത്. 'നയപരമായ സഹകരണത്തിലെ പുരോഗതി വാണിജ്യതലത്തിലേക്ക്' ഉയര്‍ത്താനാണ് ഗേറ്റ്സിന്റെ സന്ദര്‍ശനമെന്നാണ് അമേരിക്കന്‍ വിശദീകരണം. നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കന്‍ പ്രസിഡന്റ്് ഒബാമയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ടെന്‍ഡര്‍ ക്ഷണിക്കാതെ അമേരിക്കന്‍ കമ്പനിയില്‍നിന്ന് പീരങ്കികള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് പ്രതിരോധമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ ഇടപാടും സുതാര്യമായിരിക്കുമെന്നും ടെന്‍ഡറുകളുടെ വിശദാംശം പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കുമെന്നുമുള്ള പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ വാഗ്ദാനങ്ങള്‍ അമേരിക്കന്‍ കമ്പനികളുമായുള്ള ഇടപാടില്‍ ബാധകമല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഈ ഇടപാട്. നേരത്തെ വ്യോമസേന ആറ് ഹെര്‍ക്കുലീസ് സി-130 ജെ വിമാനങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ടിനില്‍നിന്ന് വാങ്ങിയതും ടെന്‍ഡര്‍ ക്ഷണിക്കാതെയായിരുന്നു.

(വി ബി പരമേശ്വരന്‍)

ഗ്രാമീണ തൊഴില്‍ദാന പദ്ധതി: ബംഗാള്‍ ഒന്നാമത്

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വികസനവിരുദ്ധകലാപങ്ങള്‍ക്കിടയിലും ചെറുകിട കുടില്‍വ്യവസായത്തിലും ഗ്രാമീണ തൊഴില്‍ദാനപദ്ധതിയിലും പശ്ചിമബംഗാളിന് വന്‍ മുന്നേറ്റം. ഈ മേഖലയില്‍ രാജ്യത്ത് ഒന്നാംസ്ഥാനമാണ്ല്‍ബംഗാളിന്. സ്വയംതൊഴില്‍, ഗ്രാമീണ തൊഴില്‍ദാനപദ്ധതികള്‍വഴി പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചതിലും സംസ്ഥാനം മുന്നിലാണ്. കേന്ദ്ര ചെറുകിട ഗ്രാമീണ വ്യവസായമന്ത്രി ധിംസ പട്ടേല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സാമ്പത്തികമാന്ദ്യത്തില്‍ രാജ്യമാകെ തൊഴിലവസരം കുറഞ്ഞെങ്കിലും ബംഗാളില്‍ കാര്യമായ കോട്ടംതട്ടിയില്ല. ഭൂപരിഷ്കരണവും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ചെറുകിട തൊഴില്‍യൂണിറ്റുകളും കാര്യക്ഷമമായി നിലനില്‍ക്കുന്നതിനാലാണിത്. ഗ്രാമീണ തൊഴില്‍ദാനപദ്ധതി, പ്രധാനമന്ത്രിയുടെ തൊഴിലവസരപരിപാടി എന്നിവയും കൃത്യമായി നടക്കുന്നു.

ഗ്രാമീണ തൊഴില്‍ദാനപദ്ധതിപ്രകാരം 2006-07ല്‍ല്‍ബംഗാളില്‍ 2290 പദ്ധതിയാണ് നടപ്പാക്കിയത്.ല്‍2007-08ല്‍ 7334 ആയി. ഇതുമൂലം തൊഴിലവസരം 42,000ത്തില്‍നിന്ന് 1,20,000 ആയി വര്‍ധിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ തൊഴില്‍പദ്ധതിപ്രകാരം 40,000 തൊഴിലവസരം കൂടുതല്‍ സൃഷ്ടിച്ചു. 2006-07ല്‍ തൊഴിലവസരം സൃഷ്ടിച്ചതില്‍ മുന്നിലായിരുന്ന ഉത്തര്‍പ്രദേശ്, കര്‍ണാടകം, ആന്ധ്ര, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് ബംഗാള്‍ ഈ നേട്ടം കൈവരിച്ചത്. തൊഴില്‍ദാനപദ്ധതികളിലൂടെ ബംഗാളില്‍ ജോലി ലഭിച്ചവരില്‍ ഗണ്യമായ വിഭാഗം ഗോത്രവര്‍ഗമാണ്. പട്ടികജാതി- വര്‍ഗക്കാര്‍ക്കുവേണ്ടിമാത്രമുള്ള സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും ബംഗാളാണ് മുന്നിലെന്ന് കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2006, 2007, 2008 വര്‍ഷങ്ങളില്‍ ബംഗാളില്‍ ശരാശരി 12 ലക്ഷംവീതം പട്ടികജാതി- വര്‍ഗക്കാര്‍ക്ക് അവസരം ലഭിച്ചു. അനുപാതനിരക്കില്‍ ബംഗാളിനേക്കാള്‍ ഗിരിവര്‍ഗക്കാര്‍ വളരെയധികമുള്ള ഛത്തീസ്ഗഢ്, ഒറീസ, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. ജനസംഖ്യാനുപാതത്തില്‍ ഗിരിവര്‍ഗക്കാര്‍ ഏറ്റവും കൂടുതലുള്ള ഛത്തീസ്ഗഢിലാണ് ഏറ്റവും കുറവ് പദ്ധതികള്‍ നടപ്പാക്കിയത്. ഛത്തീസ്ഗഢിലെ ജനസംഖ്യയില്‍ 32 ശതമാനം ഗിരിവര്‍ഗക്കാരാണെങ്കില്‍ ബംഗാളില്‍ല്‍അത് 5.5 ശതമാനം മാത്രമാണ്.

ചെറു പാര്‍ടികള്‍ ജനാധിപത്യത്തിന് വെല്ലുവിളി: പ്രധാനമന്ത്രി

ചെറിയ രാഷ്ട്രീയ പാര്‍ടികളുടെയും പ്രാദേശികകക്ഷികളുടെയും ഉദയം പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണസംവിധാനത്തിനും ഭീഷണിയാണെന്ന് പ്രധാനമന്ത്രി. സങ്കുചിത താല്‍പ്പര്യങ്ങളാണ് ഈ പാര്‍ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍, ഇന്നത്തെ രാഷ്ട്രീയ ഘടനയില്‍ അവര്‍ക്ക് ജനപിന്തുണയുള്ളതിനാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ സ്പീക്കര്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോമവെല്‍ത്ത് രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെയും അധ്യക്ഷന്മാരുടെയും 20-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സ്പീക്കര്‍ മീരാകുമാര്‍ സ്വാഗതം പറഞ്ഞു. തീവ്രവാദം നേരിടാന്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനെതിരെ കൂട്ടായി പ്രവര്‍ത്തിക്കാന്‍പ്രധാനമന്ത്രി കോമവെല്‍ത്ത് രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു. അഞ്ചു ദിവസത്തെ സമ്മേളനത്തില്‍ 42 രാജ്യങ്ങളില്‍നിന്ന് 50 പ്രതിനിധികള്‍ പങ്കെടുക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി സ്മാരക സ്റാമ്പ് പുറത്തിറക്കി. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പ്രദര്‍ശനവും ഉണ്ട്.

ദേശാഭിമാനി 060110

1 comment:

  1. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വികസനവിരുദ്ധകലാപങ്ങള്‍ക്കിടയിലും ചെറുകിട കുടില്‍വ്യവസായത്തിലും ഗ്രാമീണ തൊഴില്‍ദാനപദ്ധതിയിലും പശ്ചിമബംഗാളിന് വന്‍ മുന്നേറ്റം. ഈ മേഖലയില്‍ രാജ്യത്ത് ഒന്നാംസ്ഥാനമാണ്ല്‍ബംഗാളിന്. സ്വയംതൊഴില്‍, ഗ്രാമീണ തൊഴില്‍ദാനപദ്ധതികള്‍വഴി പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചതിലും സംസ്ഥാനം മുന്നിലാണ്. കേന്ദ്ര ചെറുകിട ഗ്രാമീണ വ്യവസായമന്ത്രി ധിംസ പട്ടേല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സാമ്പത്തികമാന്ദ്യത്തില്‍ രാജ്യമാകെ തൊഴിലവസരം കുറഞ്ഞെങ്കിലും ബംഗാളില്‍ കാര്യമായ കോട്ടംതട്ടിയില്ല. ഭൂപരിഷ്കരണവും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ചെറുകിട തൊഴില്‍യൂണിറ്റുകളും കാര്യക്ഷമമായി നിലനില്‍ക്കുന്നതിനാലാണിത്. ഗ്രാമീണ തൊഴില്‍ദാനപദ്ധതി, പ്രധാനമന്ത്രിയുടെ തൊഴിലവസരപരിപാടി എന്നിവയും കൃത്യമായി നടക്കുന്നു.

    ReplyDelete