Sunday, January 24, 2010

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്

ശ്രീകണ്ഠപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനത്തില്‍ കൂട്ടത്തല്ല്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരത്തു നടന്ന സമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും കൈയേറ്റം ചെയ്തു. ശ്രീകണ്ഠപുരം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി എംഒ രതീഷിനെ നേരത്തെ നിയമിച്ചിരുന്നു. എന്നാല്‍ മൂന്നാം ഗ്രൂപ്പിന്റെ നോമിനിയായി നിയമിക്കപ്പെട്ട രതീഷ് എ ഗ്രൂപ്പുമായി രമ്യതയിലായി. ഇതേ തുടര്‍ന്ന് ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദ് എം ബ്ളാത്തൂര്‍ ജിന്‍സ് കാളിയാനിക്ക് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. ജിന്‍സ് കാളിയാനിയുടെ നിയമനം ബ്ളോക്ക്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ അംഗീകരിച്ചില്ല. ജിന്‍സ് കാളിയാനിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച മണ്ഡലം സമ്മേളനം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ മണ്ഡലം പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകാതെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാലാംഗ്രൂപ്പും എ ഗ്രൂപ്പും. മൂന്നാം ഗ്രൂപ്പുകാരനായ ഇരിക്കൂര്‍ ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സമ്മേളനം നടത്താന്‍ തുടങ്ങിയതോടെയാണ് പ്രവര്‍ത്തകര്‍ പരസ്പരം തെറിവിളിച്ച് തമ്മിലടിച്ചത്. മൂന്നാം ഗ്രൂപ്പുകാരനായ ഡിസിസി സെക്രട്ടറി കൊയ്യം ജനാര്‍ദനന്‍, ഡിസിസി അംഗങ്ങളായ കെ പി ഗംഗാധരന്‍, ബാബുരാജ് തോട്ടുംകര, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റഷീദ് കവ്വായി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സമ്മേളന ഹാളിലെ കസേരകളും മറ്റു സാമഗ്രികളും അടിച്ചു തകര്‍ത്തു.

സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു വിഭാഗം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ചാനല്‍ റിപ്പോര്‍ട്ടറായ ഷിജു കോട്ടൂര്‍, മലയാള മനോരമ റിപ്പോര്‍ട്ടര്‍ എന്‍ വി പ്രേമാനന്ദ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ബഹളം കേട്ട് കച്ചവടക്കാരും യാത്രക്കാരും തടിച്ചുകൂടി. ശ്രീകണ്ഠപുരം പൊലീസും സ്ഥലത്തെത്തി. പ്രവര്‍ത്തകര്‍ തുടര്‍ന്നും ബഹളം വച്ചതിനാല്‍ സമ്മേളനം നടത്താനാവാതെ പിരിയുകയായിരുന്നു. ജില്ലാ സെക്രട്ടറി പി വി രാജന്‍, ബിജു തുണ്ടിയില്‍, എം ഒ രതീഷ്, വിനോദ് നിടിയേങ്ങ, സിജോ മറ്റപ്പള്ളി തുടങ്ങി പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി ജെ ആന്റണി, മണ്ഡലം പ്രസിഡന്റ് പി പി ചന്ദ്രാംഗദന്‍, എം ഒ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാരെ കോണ്‍ഗ്രസ് ഓഫീസില്‍ വിളിച്ച് മദ്യസല്‍ക്കാരം നല്‍കി സമ്മേളനം കലക്കുകയായിരുന്നുവെന്ന് സുധാകരന്‍ വിഭാഗം നേതാവ് കെ പി ഗംഗാധരന്‍ പറഞ്ഞു.

ദേശാഭിമാനി 240110
*
സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിച്ച് സമവായത്തിലൂടെ ഭാരവാഹികളെ നിയമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അത് നന്നായി. ഇല്ലെങ്കില്‍ ഇതുപോലുള്ള സംഘട്ടനാ തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ പെരുമഴ ഉണ്ടായേനേ.

2 comments:

  1. .......എന്നാല്‍ മണ്ഡലം പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകാതെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാലാംഗ്രൂപ്പും എ ഗ്രൂപ്പും. മൂന്നാം ഗ്രൂപ്പുകാരനായ ഇരിക്കൂര്‍ ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സമ്മേളനം നടത്താന്‍ തുടങ്ങിയതോടെയാണ് പ്രവര്‍ത്തകര്‍ പരസ്പരം തെറിവിളിച്ച് തമ്മിലടിച്ചത്. മൂന്നാം ഗ്രൂപ്പുകാരനായ.......

    എത്ര ഗ്രൂപ്പുണ്ടെന്ന് കണ്ടു പിടിക്കാമോ?

    :)

    ReplyDelete