Sunday, January 3, 2010

രക്തദാഹികളേ നിങ്ങളുടെ ദാഹത്തിന് ശമനമില്ല

സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന മാതൃഭൂമി മനോരമാദി മാധ്യമങ്ങള്‍ അദ്ദേഹം കോടതിയില്‍ ഹാജരായതും ആഘോഷമാക്കി. നെറികെട്ട രീതിയില്‍ തോന്നിയതെല്ലാം അച്ചടിച്ചു വിടുക എന്ന പതിവു രീതിയാണ് ഇതിലും സ്വീകരിച്ചത്. എന്നാല്‍, മാതൃഭൂമി സ്വന്തം ലേഖകന്‍ എഴുതിയപ്പോള്‍ പൂച്ച പുറത്തുചാടി. "ലാവലിന്‍ കേസില്‍ ആരംഭിച്ച നിയമയുദ്ധം പര്യവസാനിക്കാന്‍ ഇനി കാലമേറെയെടുക്കുമെന്ന കാര്യം ഉറപ്പാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പടക്കം ഭാവിയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രതിപക്ഷം ഇതായുധമാക്കുമെന്നതിലും സംശയംവേണ്ട''. ഇതാണ് മാതൃഭൂമിയുടെ വിലയിരുത്തല്‍. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും ഇത് ആയുധമാക്കിയിരുന്നുവെന്ന വസ്തുതകൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുന്നതായിരിക്കും ശരി.

ഇവിടെയാണ് മാതൃഭൂമി ഒരു സത്യം തുറന്നുസമ്മതിച്ചത്. ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നിഗമനം നൂറുശതമാനം ശരിയാണെന്ന് മാതൃഭൂമി സമ്മതിച്ചിരിക്കുന്നു. രണ്ടാമത് സമ്മതിക്കുന്ന കാര്യവും വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ കോടതിയിലെത്തി ജാമ്യമെടുക്കേണ്ടിവരുമെന്ന് സിപിഐ എം പ്രതീക്ഷിച്ചതുതന്നെയെങ്കിലും അത് "സിപിഎമ്മിനും എല്‍ഡിഎഫിനും സംസ്ഥാനസര്‍ക്കാരിനും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല''. ഈ വിലയിരുത്തലിലൂടെ മറ്റൊരു കാര്യംകൂടി മാതൃഭൂമി തുറന്ന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. പ്രതിപക്ഷത്തിന്റെയും അവര്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളുടെയും ലക്ഷ്യം പിണറായി വിജയന്‍ എന്ന വ്യക്തിയല്ല. സിപിഐ എം എന്ന തൊഴിലാളിവര്‍ഗപാര്‍ടിയെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെയും ക്ഷീണിപ്പിക്കുക എന്നതാണ്-അത് അവര്‍ തുറന്നു സമ്മതിച്ചിരിക്കുന്നു.

ഇതുതന്നെയാണ് ഞങ്ങള്‍ തുടക്കംമുതലേ തുറന്നുകാണിച്ചത്. കുറെ പച്ചക്കള്ളവും എഴുതിച്ചേര്‍ത്തുകൊണ്ട് വാര്‍ത്ത കൊഴുപ്പിച്ചു. അതിലൊന്നാണ് പിണറായി സ്റ്റേ വാങ്ങാന്‍ കോടതിയില്‍പോയി എന്ന നുണ. കൊച്ചി സിബിഐ കോടതിയിലെ നടപടികള്‍ തടയണമെന്ന് പിണറായി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നുവെന്ന് പ്രത്യേക ലേഖകന്‍ മാതൃഭൂമി ഒന്നാംപേജില്‍ ചുവപ്പ് നിറത്തില്‍ മത്തങ്ങാ തലക്കെട്ടിനുതാഴെ കൊടുത്തത് പച്ചക്കള്ളമാണ്. അത് മാത്രമല്ല പിണറായിയുടെ പ്രസ്തുത ആവശ്യം ഉന്നയിക്കാന്‍ പ്രസിദ്ധ അഭിഭാഷകന്‍ നരിമാന്‍ തയ്യാറായില്ല എന്ന വിചിത്രമായ ഒരു ഭാവനയും എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. സത്യം വദാ ധര്‍മം ചരാ എന്ന് മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മാതൃഭൂമിക്ക് അത് ഭൂഷണം തന്നെ. എന്നാല്‍, ഇത് വായനക്കാര്‍ തിരിച്ചറിയാതെ പോകരുത്. നരിമാന്‍ ഈ വാദം ഉന്നയിക്കാന്‍ കൂട്ടാക്കാതിരുന്നത് പിണറായിയെയും പാര്‍ടിവൃത്തങ്ങളെയും നിരാശപ്പെടുത്തി എന്നുകൂടി മാതൃഭൂമി സ്വപ്നംകാണുന്നു. ഒരു ഗവര്‍ണറെ തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ആദ്യമായാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത് എന്നുപറയുന്നു.

ആ പത്രം മറ്റൊരു കാര്യം പൂര്‍ണമായും തമസ്കരിക്കുന്നു.

പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും മന്ത്രിസഭയും അലങ്കാരവസ്തുവല്ല. നിലവിലുള്ള നിയമം അനുസരിച്ച് സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാമോ എന്ന കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. വേണ്ടത്ര സമയമെടുത്ത് സിബിഐ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറല്‍ തലനാരിഴകീറി പരിശോധിച്ചു. ആവശ്യമായത്ര വിശദീകരണം നല്‍കിക്കൊണ്ട് പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ല എന്ന് എജി മന്ത്രിസഭയ്ക്ക് ഉപദേശം നല്‍കി. ഈ നിയമോപദേശം ഉള്‍പ്പെടെ പരിശോധിച്ചും മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചും മന്ത്രിസഭ സ്വതന്ത്രമായ തീരുമാനമെടുത്തു; പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ല എന്ന ശരിയായ ഉപദേശം നല്‍കി. സാധാരണനിലയില്‍ മന്ത്രിസഭയുടെ ഉപദേശം സ്വീകരിച്ച് പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. എന്നാല്‍, ഗവര്‍ണര്‍ ബാഹ്യമായ സമ്മര്‍ദത്തിനു വഴങ്ങുകയാണുണ്ടായതെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നു. യുഡിഎഫ് നേതാക്കള്‍ രണ്ടുതവണ ഗവര്‍ണറെക്കണ്ട് പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്താന്‍ ഹര്‍ത്താലും സെക്രട്ടറിയറ്റിനുമുമ്പില്‍ ധര്‍ണയും നടത്തി. മറ്റേതെല്ലാം കേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദം വന്നുവെന്നത് പരസ്യമായി പുറത്തുവന്നിട്ടില്ല. ഗവര്‍ണറാകട്ടെ ഒരു ഞായറാഴ്ച സിബിഐ ഉദ്യോഗസ്ഥരെ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തി പ്രോസിക്യൂഷന്‍ അനുമതി നേരിട്ട് നല്‍കുകയാണുണ്ടായത്. ഇത് അസാധാരണ സംഭവമാണ്. ഗവര്‍ണറുടെ ഉത്തരവുള്‍പ്പെടെ സര്‍ക്കാര്‍ ഉത്തരവുകള്‍ സെക്രട്ടറിയറ്റില്‍നിന്നാണ് ഇറങ്ങാറുള്ളത്. രാജ്ഭവന്‍ സെക്രട്ടറിയറ്റിന്റെ ഭാഗമല്ല. ഇത്തരത്തില്‍ വളരെ തിരക്കുപിടിച്ച് അസാധാരണമായ രീതിയില്‍ ഗവര്‍ണറുടെ ഉത്തരവിറങ്ങിയത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടം നല്‍കുന്നതാണ്. ഇത്തരം വിഷയങ്ങളൊക്കെ തമസ്കരിച്ചാണ് ഗവര്‍ണറെ തള്ളിപ്പറഞ്ഞുവെന്ന് മാതൃഭൂമി ആക്ഷേപിക്കുന്നത്. മന്ത്രിസഭ നിയമാനുസരണം ഗവര്‍ണര്‍ക്കു നല്‍കിയ ഉപദേശം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തള്ളിപ്പറയണമെന്ന് വലതുപക്ഷമാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം. എന്നാല്‍, അത് നടപ്പുള്ള കാര്യമല്ല.

പിണറായി വിജയന്‍ കോടതിയില്‍ ഹാജരായതോടെ വലതുപക്ഷമാധ്യമങ്ങള്‍ നിരായുധരായി. കോടതിയില്‍ ഹാജരാകില്ല എന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. ഹാജരാകില്ല എന്നാണ് മനോരമ പ്രചരിപ്പിച്ചത്. അതുകൊണ്ടാണ് ഒടുവില്‍ നിയമത്തിന്റെ പാതയിലേക്കുതന്നെ വരാന്‍ സിപിഐ എം നിര്‍ബന്ധിതമായി എന്നതാണ് പുതിയ സംഭവവികാസം എന്നാണ് മനോരമയും മാതൃഭൂമിയും ഒരേരീതിയില്‍ പ്രചരിപ്പിക്കുന്നത്.

ഇത് വസ്തുതാപരമല്ല.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ലാവ്ലിന്‍കേസ് വിജിലന്‍സിന്റെ അന്വേഷണത്തിന് വിട്ടത്. വിജിലന്‍സ് അന്വേഷണം നീണ്ടുപോയി. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായതോടെ വിജിലന്‍സ് അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യശാസനം നല്‍കി. 2006 മാര്‍ച്ചില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുള്ള ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയില്‍നിന്ന് നിര്‍ദേശമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി ഇതില്‍ ക്ഷുഭിതനായി. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ക്ഷുഭിതനായതിന്റെ കാരണം വ്യക്തമാണ്. പിണറായി വിജയനെ പ്രതിയാക്കാനുള്ള തെളിവിന്റെ അഭാവത്തില്‍ സഖാവിനെ പ്രതിയാക്കിയില്ല എന്നതിലാണ് ഉമ്മന്‍ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചത്. 2006 മാര്‍ച്ച് ഒന്നാംതീയതി നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തികച്ചും അസാധാരണമായ രീതിയില്‍ ലാവ്ലിന്‍ കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് വീണ്ടും സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന നിലപാടാണ് സിബിഐ കൈക്കൊണ്ടത്. ഇതൊക്കെ പരിശോധിച്ചാല്‍ ലാവ്ലിന്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതമായിട്ടായിരുന്നുവെന്ന നിഗമനത്തിലെത്താന്‍ പ്രയാസമില്ല. അതുകൊണ്ടുതന്നെ കേസ് രാഷ്ട്രീയമായി നേരിടണമെന്നതും ന്യായമായ തീരുമാനമാണ്.

എന്നാല്‍, അതോടൊപ്പം നിയമാനുസരണംതന്നെയാണ് തുടക്കംമുതലേ പിണറായി കേസിനെ നേരിട്ടത്. അന്വേഷണവുമായി ഒരു ഘട്ടത്തിലും പിണറായി സഹകരിക്കാതിരുന്നിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരും നിയമാനുസരണംതന്നെയാണ് നേരിട്ടത്. പിണറായി സുപ്രീംകോടതിയെ സമീപിച്ചത് നിയമാനുസരണമായതുകൊണ്ടാണല്ലോ കേസ് ഫയലില്‍ സ്വീകരിച്ചത്. ഫയലില്‍ സ്വീകരിക്കാതെ തള്ളുമെന്നായിരുന്നു ചിലരുടെ കണക്കുകൂട്ടല്‍. അവര്‍ക്കതില്‍ പിശകുപറ്റി. സിബിഐ കോടതിയില്‍ ഹാജരാകേണ്ടദിവസം ന്യായമായ കാരണത്താല്‍ ഹാജരാകാന്‍ കഴിയാതെവന്നു. അത് ബന്ധപ്പെട്ട കോടതിയെ ബോധ്യപ്പെടുത്തി. കോടതിക്ക് ബോധ്യപ്പെടുകയുംചെയ്തു. അടുത്ത അവധിക്ക് കോടതിയില്‍ ഹാജരായി. അപ്പോഴാണ് അവസാനം പിണറായി കീഴടങ്ങി എന്ന കണ്ടെത്തല്‍ വലതുപക്ഷമാധ്യമങ്ങള്‍ നടത്തിയത്.

ഏതായാലും സര്‍ക്കാരിനുള്ള നഷ്ടം 374 കോടിയാണെന്നും 500 കോടിയാണെന്നും പ്രചരിപ്പിച്ചവര്‍ 86 കോടി എന്നതിലേക്ക് താണത് നന്നായി. കനഡയിലെ ലാവ്ലിന്‍ കമ്പനിക്കാരെ ചോദ്യം ചെയ്യണമെന്നതുകൊണ്ടാണ് സിബിഐക്ക് വിട്ടതെന്നായിരുന്നു പറഞ്ഞുപരത്തിയത്. ആറുകൊല്ലമായിട്ടും ലാവ്ലിന്‍ കമ്പനിക്കാരെ ചോദ്യം ചെയ്തിട്ടില്ല. ഇപ്പോള്‍ ഇന്റര്‍പോള്‍ മുഖേന സമന്‍സയക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ പിണറായി ശ്രമിക്കുന്നുവെന്നു പറയുന്നതും കളവാണ്. പിണറായിക്കുവേണ്ടി കോടതിയില്‍ ഹാജരായ സീനിയര്‍ അഡ്വക്കറ്റ് എം കെ ദാമോദരന്‍ വ്യക്തമായി ആവശ്യപ്പെട്ടത് കേസ് വേഗം തീര്‍പ്പാക്കണമെന്നാണ്. സിബിഐ ആവശ്യപ്പെട്ടതുപ്രകാരമാണ് നാലുമാസം അപ്പുറത്തേക്ക് കേസ് നീട്ടിവച്ചത്.

മാതൃഭൂമി പറയുന്നത് വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ലാവ്ലിന്‍ കേസ് ആയുധമാക്കുമെന്നാണ്. അഴിമതിവിരുദ്ധ നിലപാടല്ല മാധ്യമങ്ങളെ നയിക്കുന്നത്. ബൊഫോഴ്സ് കേസില്‍ ക്വട്രോച്ചിയെ കുറ്റവിമുക്തമാക്കിയതില്‍ ഇക്കൂട്ടര്‍ക്ക് വിഷമം തോന്നുന്നില്ല. ഇസ്രയേലുമായി 10000 കോടി രൂപയുടെ ആയുധ ഇടപാടിലുണ്ടായ കോഴയെപ്പറ്റി പരാതിയില്ല. ഒരുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം അഴിമതിയിലും ഒരു വേവലാതിയുമില്ല. ക്യാന്‍സര്‍ സെന്ററിനുള്ള 86 കോടി നഷ്ടപ്പെടുത്തിയവരോടും പരാതിയില്ല. ക്യാന്‍സര്‍ സെന്റര്‍ കൊണ്ടുവന്ന പിണറായിയാണുപോലും കുറ്റക്കാരന്‍. ലാവ്ലിന്‍ കേസ് പാര്‍ടിക്കോ എല്‍ഡിഎഫിനോ സര്‍ക്കാരിനോ ക്ഷീണമുണ്ടാക്കുമെന്ന് സ്വപ്നംകാണുന്നവര്‍ നിരാശപ്പെടും. രക്തദാഹികള്‍ ദാഹം ശമിപ്പിക്കാന്‍ കഴിയാതെ ഒടുവില്‍ നിരാശയില്‍ മുഴുകേണ്ടിവരും.

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 04012010

1 comment:

  1. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന മാതൃഭൂമി മനോരമാദി മാധ്യമങ്ങള്‍ അദ്ദേഹം കോടതിയില്‍ ഹാജരായതും ആഘോഷമാക്കി. നെറികെട്ട രീതിയില്‍ തോന്നിയതെല്ലാം അച്ചടിച്ചു വിടുക എന്ന പതിവു രീതിയാണ് ഇതിലും സ്വീകരിച്ചത്. എന്നാല്‍, മാതൃഭൂമി സ്വന്തം ലേഖകന്‍ എഴുതിയപ്പോള്‍ പൂച്ച പുറത്തുചാടി. "ലാവലിന്‍ കേസില്‍ ആരംഭിച്ച നിയമയുദ്ധം പര്യവസാനിക്കാന്‍ ഇനി കാലമേറെയെടുക്കുമെന്ന കാര്യം ഉറപ്പാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പടക്കം ഭാവിയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രതിപക്ഷം ഇതായുധമാക്കുമെന്നതിലും സംശയംവേണ്ട''. ഇതാണ് മാതൃഭൂമിയുടെ വിലയിരുത്തല്‍. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും ഇത് ആയുധമാക്കിയിരുന്നുവെന്ന വസ്തുതകൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുന്നതായിരിക്കും ശരി.

    ReplyDelete