Friday, January 15, 2010

മതവിശ്വാസവും പാര്‍ടി നിലപാടും

മതവിശ്വാസവും പാര്‍ടി നിലപാടും

കമ്യൂണിസ്റ്റ് പാര്‍ടി മതവിശ്വാസികള്‍ക്ക് എതിരാണ് എന്ന പ്രചാരണം പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. വിമോചന സമരകാലത്ത് കേരളത്തില്‍ ഈ ആശയപ്രചാരണം വലിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട മാര്‍ക്സിസ്റ്റ് നിലപാടുകള്‍ക്ക് ഇത്തരം പ്രചാലവേലകളുമായി ഒരു പൊരുത്തവുമില്ല.

മതങ്ങളോടുള്ള നിലപാട് വളരെ വ്യക്തമായിത്തന്നെ സിപിഐ എം പരിപാടിയില്‍ വിശദീകരിച്ചിട്ടുണ്ട്.

"ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏത് മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജിവിതത്തില്‍ മതം ഏത് രൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്.'' (പാര്‍ടി പരിപാടി, ഖണ്ഡിക 5:8)

ഈ നിലപാട് രൂപപ്പെടുത്തിയെടുത്തത് മതങ്ങളോടുള്ള ശാസ്ത്രീയ സമീപനം മുന്നോട്ടുവച്ച മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ചിന്തകളില്‍നിന്നാണ്. സാര്‍വദേശീയതലത്തില്‍ത്തന്നെ ഇപ്പോള്‍ ഇവിടെ നടക്കുന്നതുപോലുള്ള ചര്‍ച്ചകള്‍ അന്ന് നടന്നിരുന്നു. അത്തരം ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ടാണ് മാര്‍ക്സും എംഗല്‍സും അവരുടെ ദാര്‍ശനിക നിലപാടുകള്‍ മുന്നോട്ടുവച്ചത്. ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി എന്ന ലേഖനത്തില്‍ ഏംഗല്‍സ് ക്രിസ്തുമതത്തെക്കുറിച്ച് എഴുതിയ വാക്കുകള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.

"ആദ്യകാല ക്രിസ്തുമത ചരിത്രത്തിന് ആധുനിക തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായി പല സംഗതികളിലും ശ്രദ്ധേയമായ സാദൃശ്യമുണ്ട്. ഈ പ്രസ്ഥാനംപോലെ ക്രിസ്തുമതവും മര്‍ദിതജനങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. അടിമകളുടെയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും മതമെന്ന നിലയ്ക്കാണ്, എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ മതമെന്ന നിലയ്ക്കാണ്, റോമിന്റെ ചവിട്ടടിക്കീഴില്‍ ആക്കപ്പെട്ടതോ റോമിനാല്‍ ഛിന്നഭിന്നമാക്കപ്പെട്ടതോ ആയ ജനതയുടെ മതമെന്ന നിലയ്ക്കാണ് അത് ആദ്യം രംഗപ്രവേശനം ചെയ്തത്. ബന്ധനത്തില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നുമുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളി സോഷ്യലിസവും വാഗ്ദാനം ചെയ്യുന്നത്.''

മാര്‍ക്സ് മതത്തെക്കുറിച്ച് രേഖപ്പെടുത്തിയ ഈ കാര്യങ്ങള്‍ പാര്‍ടിക്കെതിരായി പ്രചാരവേലയ്ക്ക് ഇറങ്ങിയവര്‍ ഓര്‍ക്കേണ്ടതുണ്ട്.

മാര്‍ക്സ് മതത്തെ സംബന്ധിച്ച് വിശദീകരിച്ച കാര്യത്തില്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന പ്രയോഗം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ് പലരും ചെയ്തത്. അതിന്റെ അന്തഃസത്ത മനസ്സിലാക്കണമെങ്കില്‍ അതിന് മുമ്പു പറഞ്ഞ കാര്യങ്ങള്‍കൂടി അറിയേണ്ടതുണ്ട്. മാര്‍ക്സ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

"മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.''

അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരമാണ് മതമെന്നും മനുഷ്യത്വരഹിതമായ ലോകത്തെ മനുഷ്യത്വമാണ് ഇത് എന്നും മാര്‍ക്സിനെപ്പോലെ വിശകലനംചെയ്തവര്‍ ലോകത്ത് കുറവാണ്. കറുപ്പ് അക്കാലത്ത് വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒന്നാണ്. വേദനസംഹാരികള്‍ വേദന തല്‍ക്കാലം ഇല്ലാതാക്കും. എന്നാല്‍, രോഗാവസ്ഥ മാറ്റാന്‍ അതിന് കഴിയില്ല. അതുപോലെ മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രായോഗിക പദ്ധതികള്‍ നാം രൂപപ്പെടുത്തേണ്ടതുണ്ട് എന്ന അര്‍ഥത്തിലാണ് മാര്‍ക്സ് ഈ പ്രയോഗം നടത്തിയത് അല്ലാതെ മതനിഷേധമല്ല.

സോഷ്യലിസ്റ്റ് വിപ്ളവത്തിന് നേതൃത്വം കൊടുത്ത ലെനിന്‍ നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളോട് എന്ന തന്റെ പുസ്തകത്തില്‍ മതത്തോടുള്ള സമീപനത്തെ വ്യക്തമായും മുന്നോട്ടുവച്ചിട്ടുണ്ട്.

"ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ മാത്രമല്ല, തന്റെ മതം പ്രചരിപ്പിക്കാനും മതം മാറാന്‍ കൂടിയും ഓരോരുത്തര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഒരാളോട് അയാളുടെ മതത്തെപ്പറ്റി ചോദിക്കാനുള്ള അവകാശംപോലും ഒരൊറ്റ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കരുത്. അത് ഓരോരുത്തരുടെയും മനഃസാക്ഷിയുടെ പ്രശ്നമാണ്. അതിലിടപെടാന്‍ ആര്‍ക്കും അവകാശമില്ല.''

മാര്‍ക്സും ഏംഗല്‍സും ജീവിച്ചിരുന്ന കാലത്ത് മതം നിരോധിക്കണമെന്ന ആശയം ചില ബുദ്ധിജീവികള്‍ മുന്നോട്ടുവച്ചിരുന്നു. അരാജകവാദികളും ബ്ളാങ്കിസ്റ്റുകളും ഡ്യൂറിങ്ങും മുന്നോട്ടുവച്ച ഈ ആശയഗതികളെ മാര്‍ക്സും ഏംഗല്‍സും കടുത്ത ഭാഷയില്‍ എതിര്‍ത്തു. മതം നിരോധിക്കണമെന്ന ആശയം മുന്നോട്ടുവച്ചവര്‍ മതം മനുഷ്യനെ വഴിതെറ്റിക്കുകയാണെന്നും അവ പുരോഗതിക്ക് തടസ്സമാണെന്നും ഉള്ള വാദമാണ് മുന്നോട്ടുവച്ചത്. മാത്രമല്ല, മതത്തിനെതിരെ മര്‍ദനമുറകളുമായി മുന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ നിലപാടുകളിലെ അശാസ്ത്രീയതയും തീവ്രവാദപരമായ സമീപനവും മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ തുറന്നുകാട്ടി. ആന്റി ഡ്യൂറിങ്, പ്രവാസ സാഹിത്യം എന്നീ കൃതികള്‍ ഈ രംഗത്തെ ആശയസമരത്തിന്റെ തെളിവായി ഇന്നും നിലനില്‍ക്കുന്നു. മതം രൂപപ്പെട്ടുവന്നത് സവിശേഷമായ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തിലാണ്. അതുകൊണ്ടുതന്നെ അതു നിലനില്‍ക്കുന്ന കാലത്തോളം മതങ്ങള്‍ക്ക് നിലനില്‍പ്പുണ്ട്. അതുകൊണ്ട് മര്‍ദന നടപടികളിലൂടെ മതങ്ങളെ നേരിടുന്ന രീതി അശാസ്ത്രീയമാണെന്ന് അവര്‍ വിലയിരുത്തി.

എന്നാല്‍, മതത്തെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കും മുതലാളിത്തത്തിന്റെ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിനെ മാര്‍ക്സും ഏംഗല്‍സും അംഗീകരിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മതത്തെ എങ്ങനെയാണ് മുതലാളിത്തം നശിപ്പിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.

"മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ഥമായ വീരശൂരപരാക്രമങ്ങളുടെയും ഫിലിസ്റ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അത് സ്വാര്‍ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി.''

1957ല്‍ വിമോചനസമരകാലഘട്ടത്തില്‍ ഇത്തരത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നേട്ടമുണ്ടാക്കിയ ഗവണ്‍മെന്റിനെതിരായി മതത്തെ ഉപയോഗിച്ച് പ്രക്ഷോഭം നടത്തിയപ്പോഴും കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിട്ടുണ്ട്. ഈ എതിര്‍പ്പും മതത്തോടല്ല അതിനെ ജനങ്ങള്‍ക്കെതിരായി സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന രാഷ്ട്രീയത്തോടാണ്.

മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴാണ് വര്‍ഗ്ഗീയത രൂപപ്പെട്ടുവരുന്നത്. ഇതിനെ ഒരു തരത്തിലും കമ്യൂണിസ്റ്റ് പാര്‍ടിക്ക് അംഗീകരിക്കാനാവില്ല. മതഭീകരവാദവും തീവ്രവാദവുമെല്ലാം യഥാര്‍ഥത്തില്‍ മതവിശ്വാസത്തിന്റെ ഭാഗമല്ല. മറിച്ച്, അവ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി രൂപീകരിക്കപ്പെടുന്നതാണ്. മതവും വര്‍ഗീയവാദവും രണ്ടും രണ്ടാണ്. അതുകൊണ്ടാണ് സനാതന ഹിന്ദുവാണ് എന്ന് സ്വയം പ്രഖ്യാപിച്ച ഗാന്ധിജി ആര്‍എസ്എസുകാര്‍ക്കെതിരായി സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചത്. ഇസ്ളാം വിശ്വാസത്തെ മുറുകെപ്പിടിച്ച മൌലാന അബ്ദുള്‍കലാം ആസാദ് ഇസ്ളാം വര്‍ഗീയവാദത്തിനെ ശക്തമായ നിലപാട് സ്വീകരിച്ചതും. വിവേകാനന്ദന്‍ പറഞ്ഞതുതന്നെ ഒരാള്‍ക്ക് തന്നില്‍ത്തന്നെ വിശ്വാസമില്ലെങ്കില്‍ അയാള്‍ക്ക് ദൈവവിശ്വാസിയാകാന്‍ കഴിയില്ലെന്നാണ്. ലോകത്തെ മനുഷ്യകൂട്ടായ്മയ്ക്ക് മാറ്റിമറിക്കാനാകും എന്നാണ് കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അതിനായിട്ടാണ് തൊഴിലാളികളെ സംഘടിപ്പിക്കുന്നത്.

മതത്തിന്റെയോ വര്‍ഗീയവാദത്തിന്റെയോ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് രാഷ്ട്രം നിര്‍മിക്കുക അസാധ്യമാണ്. അതുകൊണ്ടാണ് 1947ല്‍ രൂപീകരിക്കപ്പെട്ട പാകിസ്ഥാന്‍, പിന്നീട് പാകിസ്ഥാനും ബംഗ്ളാദേശും എന്ന നിലയില്‍ വെട്ടിമുറിക്കപ്പെട്ടത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇന്നും നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനപരമായ കാരണം എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും മതേതരത്വവും ഫെഡറലിസവും ഇവിടെ നിലനില്‍ക്കുന്നു എന്നതാണ്. പുരാതന ഇന്ത്യയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ വിശാലമായ നിലപാട് സ്വീകരിച്ച രാജാക്കന്മാര്‍ക്കാണ് രാജ്യത്തെ ഐക്യത്തോടും അഖണ്ഡതയോടുംകൂടി കൊണ്ടു പോകാന്‍ കഴിഞ്ഞത് എന്ന് കാണാന്‍ കഴിയും. അശോകന്റെയും അക്ബറിന്റെയും ഭരണം ഇതിന് തെളിവാണ്. എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്നതിന് പലകാരണങ്ങള്‍കൊണ്ടും കഴിയാതിരുന്ന ഔറംഗസീബിന്റെയും ശിവജിയുടെയും കാലശേഷം സാമ്രാജ്യങ്ങള്‍തന്നെ തകര്‍ന്നുപോയി എന്ന അനുഭവവും നമ്മുടെ മുമ്പിലുണ്ട്.

യുക്തിവാദവും മാര്‍ക്സിസവും തമ്മിലുള്ള വ്യത്യാസത്തെയും തിരിച്ചറിയേണ്ടത് പ്രധാനമാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമാണ് മര്‍മപ്രധാനമെന്ന കാഴ്ചപ്പാടാണ് യുക്തിവാദത്തിന്റെ അടിസ്ഥാനം. എന്നാല്‍, വര്‍ഗസമരത്തിലാണ് മാര്‍ക്സിസത്തിന്റെ ഊന്നല്‍. അതുകൊണ്ടുതന്നെ പ്രയോഗത്തിന്റെ തലത്തില്‍ത്തന്നെ വലിയ അന്തരം ഇവ തമ്മിലുണ്ട്. വിശ്വാസിയും അവിശ്വാസിയും എല്ലാം അടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെ ആകെ യോജിപ്പിച്ച് വിശ്വാസിയും അവിശ്വാസികളും എല്ലാം ഉള്‍ക്കൊള്ളുന്ന ആധിപത്യ ശക്തികള്‍ക്കെതിരായി പൊരുതുക എന്നതാണ് കമ്യൂണിസ്റ്റുകാരന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഒരു മതവിരുദ്ധ പ്രസ്ഥാനം ആവുക എന്നത് കമ്യൂണിസ്റ്റുകാരന്റെ അജന്‍ഡയില്‍ത്തന്നെ ഇല്ലാത്തതാണ്.

കേരളത്തില്‍ത്തന്നെ എല്ലാ ജാതിയില്‍പെട്ടവര്‍ക്കും അമ്പലങ്ങളില്‍ കയറാന്‍ അവകാശം നിഷേധിക്കപ്പെട്ട കാലത്ത് എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം ലഭിക്കുന്നതിന് പൊരുതിയത് കമ്യൂണിസ്റ്റുകാരായിരുന്നു. കൃഷ്ണപിള്ളയും എ കെ ജിയും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നുവെന്നകാര്യം ആര്‍ക്കും നിഷേധിക്കാവുന്നതല്ല. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചത് കമ്യൂണിസ്റ്റുകാരാണ്. പള്ളി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തലശേരിയിലെ സ: യു കെ കുഞ്ഞിരാമന്‍ വധിക്കപ്പെട്ടത്. മാരാമണ്‍ കണ്‍വന്‍ഷന് ഹിന്ദു വര്‍ഗീയവാദികള്‍ ഭീഷണി ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ നിലയുറപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്. സംഘപരിവാര്‍ ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത് അവിരെ നാട്ടില്‍നിന്ന് ആട്ടിയോടിച്ചപ്പോള്‍ സിപിഐ എമ്മിന്റെ ഒറീസയിലെ ഓഫീസാണ് ആരാധനയ്ക്കായി ഉപയോഗിച്ചത് എന്ന കാര്യവും ഇപ്പോള്‍ സ്ഥലജലവിഭ്രാന്തി പിടിപെട്ടയാളുകള്‍ ഓര്‍ക്കുന്നത് നന്ന്.

ഈ സംഭവങ്ങളും പാര്‍ടിയുടെ സൈദ്ധാന്തിക നിലപാടുകളും വ്യക്തമാക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ടിക്ക് മതവിശ്വാസത്തെ ഉന്മൂലനംചെയ്യുക എന്ന പരിപാടിയേ ഇല്ല എന്നാണ്. മാത്രമല്ല, വിശ്വാസം വച്ചുപുലര്‍ത്താനുള്ള അവകാശത്തിനുവേണ്ടിയാണ് പാര്‍ടി നിലകൊള്ളുന്നത് എന്നാണ്. ഈ അടിസ്ഥാന ധാരണകള്‍ ഉള്‍ക്കൊള്ളാതെ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വഴിതെറ്റുക സ്വാഭാവികമാണ്. അത് പാര്‍ടിയുടെ കുഴപ്പമല്ല. പാര്‍ടിയുടെ നിലപാടുകള്‍ മനസ്സിലാക്കുന്നതില്‍ അത്തരം ആളുകള്‍ക്ക് സംഭവിച്ച പരിമിതി മാത്രമാണ്. വിശ്വാസികളായ നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഈ പ്രസ്ഥാനം വലതുപക്ഷ ശക്തികള്‍ നടത്തുന്ന ഇത്തരം പ്രചാരവേലകളെ പരാജയപ്പെടുത്തി മുന്നോട്ടു പോകും.

ടി.ശിവദാസമേനോന്‍ ദേശാഭിമാനി 140110

4 comments:

  1. കമ്യൂണിസ്റ്റ് പാര്‍ടി മതവിശ്വാസികള്‍ക്ക് എതിരാണ് എന്ന പ്രചാരണം പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. വിമോചന സമരകാലത്ത് കേരളത്തില്‍ ഈ ആശയപ്രചാരണം വലിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട മാര്‍ക്സിസ്റ്റ് നിലപാടുകള്‍ക്ക് ഇത്തരം പ്രചാലവേലകളുമായി ഒരു പൊരുത്തവുമില്ല.

    ReplyDelete
  2. hey manushya nee ente mathathilum viswasikunnilla....
    njan ninte mathathilum viswasikkunnilla....
    nee enteth vishwasikkanum pokunnilla...
    njan nintethum...
    ninakku ninte matham...
    enikku ente matham......

    ReplyDelete
  3. ജനശക്തി നന്നായി ,

    പാര്‍ടി മതങ്ങള്‍ക്ക് എതിരാണ് എന്നുള്ള പ്രചരണം
    കൊണ്ടുപിടിച്ചു നടക്കുമ്പോള്‍ ഇങ്ങിനത്തെ ഇടപെടലുകള്‍ ആവശ്യമാണ് . പക്ഷെ പാര്‍ടി ചെയ്ത ആബധ്ധം ആണ് മനോജ് . ഇനി ജലീലും ഹംസയും ഒക്കെ എന്താവോ ആവോ. ഒരാള്‍ക്ക്‌ പാര്‍ടി മെംബെര്‍ഷിപ്‌
    കൊടുക്കുമ്പോള്‍ ചില മാനദണ്ഡം ഉണ്ട്. ആദ്യം ഗ്രൂപ്പ്‌ മെംബെര്‍ഷിപ്‌ ആണ് കൊടുക്കുന്നത് , നേരിട്ടും കൊടുക്കുംഎന്ന് തോന്നുന്നു . (ഈയുള്ളവന്‍ ഒരു പാര്‍ടി മെമ്പര്‍ ആയിരുന്നു
    കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ആനുഭവം ആണ് പറയുന്നത്.) എന്നിട്ട് ആ ആളെ
    പാര്‍ടി നീരിക്ഷിക്കും, ആ നാട്ടിലെ പ്രശ്നങ്ങളില്‍ എങ്ങിനെയാണ്‌ ഇടപെടുന്നത് കടുംപിടുത്തമുള്ള മതവിശ്വാസി ആണോ മതേതരത്വത്തില്‍ വിശ്യാസമുണ്ടോ കള്ളുകുടിയുണ്ടോ
    സാമുഹ്യ പ്രധിബധ്തതയുണ്ടോ രഹസ്യമായി വേറെ ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങി കുറെ കാര്യങ്ങള്‍
    നോക്കിയതിനു ശേഷം ബ്രാഞ്ച് കമ്മിറ്റിക്ക് ബോധ്യപെട്ടാല്‍ പാടി ലെവി അടച്ചു മെമ്പര്‍ ആകാം.ഇതൊക്കെ നോക്കാതെ മനോജിനു മെംബെര്‍ഷിപ്‌ കൊടുത്തതാണ്
    കുഴപ്പമായത്.ഒരു പാര്‍ടി സഹയാത്രികന്‍ ആയി മാത്രം നില നിറുത്തിയാല്‍
    മതിയായിരുന്നു. എങ്കില്‍ പാര്‍ടിയില്‍ നിന്നും രാജി വെക്കുക എന്ന തട്ടിപ്പ്
    നടത്താന്‍ കഴിയുമായിരുന്നില്ല . പിന്നെ ഒരു പാര്‍ടി മെമ്പര്‍ എന്നുപറഞ്ഞാല്‍ (മെമ്പര്‍ മാരുടെ മാത്രം ആണേ, അനുഭാവികളുടെയല്ല ) പ്രകാശ്‌ കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്നത് നോക്കു.........
    -------------
    "വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍
    ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.
    മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
    അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം
    സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്."
    ---------------------
    ഇത് നടപ്പിലാക്കല്‍ അത്ര എളുപ്പമല്ല എന്നറിയാം എന്നാലും പാര്‍ടി മേബെര്മാരെങ്കിലും ശ്രമിക്കണം എന്നാണ് തോന്നുന്നത് .മെമ്പര്‍ മാര്‍ കുറച്ചു മതി അവര്‍ ഇതിനോട് നീതി പുലര്‍ത്തുന്നവര്‍
    ആയിരിക്കണം. വെറുതെ ഒരു ആള്കൂട്ടമായി പാര്‍ടി മാറിയിട്ട് എന്ത് കാര്യം.


    അഭിവാദ്യങ്ങള്‍

    ഷാജി ഖത്തര്‍.

    ReplyDelete
  4. തത്വത്തില്‍ പറഞ്ഞതെല്ലാം ശരി തന്നെ.
    "മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴാണ് വര്‍ഗ്ഗീയത രൂപപ്പെട്ടുവരുന്നത്. "
    വളരെ ശരി.
    പക്ഷെ കേരളത്തിലെ പാര്‍ട്ടിക്ക് നെഞ്ചില്‍ കൈ വച്ച് പറയാമോ, രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി മതത്തെ ഉപയോഗിച്ചിട്ടില്ല എന്ന്?

    ReplyDelete