Monday, January 25, 2010

പെരുകിവരുന്ന കര്‍ഷക ആത്മഹത്യ

1997നുശേഷം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യ ഭയാനകമായ രീതിയില്‍ പെരുകിവരുന്നതായി പ്രസിദ്ധ പത്രപ്രവര്‍ത്തകനായ പി സായിനാഥ് നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് സമര്‍ഥിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഈ കാലയളവില്‍ 1,99,132 കര്‍ഷകരാണ് ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായത്. ഇതില്‍ 66.6 ശതമാനം ആത്മഹത്യയും മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടകം, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. ഇതില്‍തന്നെ അഞ്ചിലൊന്ന് കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നു ഭരിക്കുന്ന മഹാരാഷ്ട്രയിലാണെന്നറിയുമ്പോള്‍ കേന്ദ്ര ഭരണാധികാരികള്‍ ലജ്ജിച്ച് തലതാഴ്ത്തുകതന്നെ വേണം. തൊണ്ണൂറ്റേഴിനുശേഷം മഹാരാഷ്ട്രയില്‍മാത്രം 67,054 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്.

ആഗോളവല്‍ക്കരണനയം നടപ്പാക്കിയതിനെത്തുടര്‍ന്ന് കാര്‍ഷികമേഖല പൂര്‍ണമായും അവഗണിച്ചതാണ് മുഖ്യകാരണം. കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് കുറഞ്ഞുവന്നു. താങ്ങുവിലയ്ക്ക് കര്‍ഷകരില്‍നിന്ന് ഗോതമ്പ്, നെല്ല്, പയര്‍വര്‍ഗങ്ങള്‍ എന്നിവ സംഭരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ സംഭരണം കൊള്ളക്കാരായ കുത്തകകള്‍ക്ക് വിട്ടുകൊടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ഗോഡൌ ഓരോന്നായി സ്വകാര്യ കുത്തകകള്‍ക്ക് പാട്ടത്തിന് കൊടുത്തു. കേന്ദ്രം ഒരുകിലോ നെല്ല് സംഭരിക്കാന്‍ കര്‍ഷകര്‍ക്ക് 9 രൂപ 50 പൈസ താങ്ങുവിലയായി നല്‍കുമ്പോള്‍ കേരളം 12 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ നെല്ല് സംഭരണം സര്‍വകാല റെക്കോഡായി മാറി. കേരളം കൃഷിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നുണ്ട്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ദ്രോഹനയങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ഇടപെടലിന്റെ ഫലമായി കേരളത്തിലും പശ്ചിമബംഗാളിലും കര്‍ഷക ആത്മഹത്യ ഗണ്യമായി ചുരുങ്ങി. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ ആയിരത്തോളം കര്‍ഷകരാണ് ആത്മഹത്യചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50000 രൂപ ആശ്വാസധനമായി നല്‍കി. കടം എഴുതിത്തള്ളി. കടാശ്വാസ കമീഷനെ നിയമിച്ച് പരമാവധി ആശ്വാസം നല്‍കി. പശ്ചിമബംഗാളില്‍ നെല്ലുല്‍പ്പാദനത്തില്‍ ഉല്‍പ്പാദനക്ഷമതയിലും ഉല്‍പ്പാദനത്തിലും ഇന്ത്യയില്‍തന്നെ ഒന്നാംസ്ഥാനത്തെത്തി. മുഖ്യമന്ത്രി ജ്യോതിബസുവിന്റെ ഭരണകാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണമാണ് കാര്‍ഷികമേഖലയിലെ പുരോഗതിക്ക് അടിത്തറ പാകിയത്. ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ കര്‍ഷക ആത്മഹത്യ മുന്‍കാലത്തെ അപേക്ഷിച്ച് 412 എണ്ണം കുറഞ്ഞു. ബംഗാളില്‍ 343 കുറവുവന്നു.

ഇടതുപക്ഷം ഭരിക്കുന്ന രണ്ട് സംസ്ഥാനത്താണ് ആത്മഹത്യയില്‍ ഗണ്യമായ കുറവുണ്ടായത്. ഇത് യുപിഎ സര്‍ക്കാരിന്റെയും ബിജെപിയുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഹരിതവിപ്ളവത്തിന്റെ കാലത്ത് കാര്‍ഷികമേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍നിന്ന് പിന്തിരിഞ്ഞു. കാര്‍ഷികമേഖല അവഗണിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നെങ്കില്‍മാത്രമേ കേന്ദ്രത്തിന്റെ തെറ്റായ നയം മാറ്റാന്‍ കഴിയൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 240110

1 comment:

  1. 1997നുശേഷം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യ ഭയാനകമായ രീതിയില്‍ പെരുകിവരുന്നതായി പ്രസിദ്ധ പത്രപ്രവര്‍ത്തകനായ പി സായിനാഥ് നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് സമര്‍ഥിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഈ കാലയളവില്‍ 1,99,132 കര്‍ഷകരാണ് ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായത്. ഇതില്‍ 66.6 ശതമാനം ആത്മഹത്യയും മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടകം, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. ഇതില്‍തന്നെ അഞ്ചിലൊന്ന് കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നു ഭരിക്കുന്ന മഹാരാഷ്ട്രയിലാണെന്നറിയുമ്പോള്‍ കേന്ദ്ര ഭരണാധികാരികള്‍ ലജ്ജിച്ച് തലതാഴ്ത്തുകതന്നെ വേണം. തൊണ്ണൂറ്റേഴിനുശേഷം മഹാരാഷ്ട്രയില്‍മാത്രം 67,054 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്.

    ReplyDelete