Saturday, January 23, 2010

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം

പാര്‍ടിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ 10 വരെ രംഗത്തിറങ്ങാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്ന കാലത്ത് ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പാക്കാന്‍ കഴിയാത്ത പരിതഃസ്ഥിതിയായിരുന്നു. അതുകൊണ്ടുതന്നെ ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ തീവ്രമായി ബാധിച്ചിരുന്നില്ല. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണമെന്ന അജന്‍ഡയില്‍നിന്നു വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ പോലും പിന്മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്. എന്നാല്‍, ഇത്തരം അനുഭവങ്ങളില്‍നിന്നു പാഠംപഠിക്കാതെ ആഗോളവല്‍ക്കരണ അജന്‍ഡകള്‍ തീവ്രമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റുതുലയ്ക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി തുടങ്ങി. വിദേശനയത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടയറവയ്ക്കുന്ന സമീപനം തുടരുകയാണ്. കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ അവസരമൊരുക്കിയതുമൂലം വമ്പിച്ച വിലക്കയറ്റത്തിന് രാജ്യം സാക്ഷ്യംവഹിക്കുന്നു. പൊതുവിതരണ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നയവും വിലക്കയറ്റത്തെ രൂക്ഷമാക്കുന്നു. ആസിയന്‍ കരാറിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവേശനം കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും ദുരിതം വിതയ്ക്കുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണ്. പൊതുമേഖലയെ തകര്‍ക്കുക എന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദലായി അതിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കാര്‍ഷികമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന നയം സമ്പദ്ഘടനയ്ക്ക് പുതിയ ഉണര്‍വുനല്‍കി. ഇന്ത്യക്കാകെ മാതൃകയായി കാര്‍ഷിക കടാശ്വാസ പദ്ധതിയും നടപ്പാക്കി. പരമ്പരാഗതമേഖലയെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുക എന്നത് സര്‍ക്കാരിന്റെ സുപ്രധാനമായ കര്‍മപരിപാടിയാക്കി. പൊതു ആരോഗ്യത്തെയും പൊതുവിദ്യാഭ്യാസത്തെയും സംരക്ഷിക്കാനുള്ള നടപടികളുമായും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. ക്ഷേമപദ്ധതികളിലെ കുടിശ്ശികയും വിതരണം ചെയ്തിരിക്കുന്നു. എല്ലാവര്‍ക്കും വീട് നല്‍കുന്നതിനുള്ള ഇ എം എസ് ഭവനനിര്‍മാണ പദ്ധതിക്കും തുടക്കം കുറിച്ചു. പ്രവാസികള്‍ക്ക് ക്ഷേമനിധിയും കര്‍ഷകര്‍ക്ക് പെന്‍ഷനും ആരംഭിച്ചു. ബദല്‍ നയങ്ങളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ചില വലതുപക്ഷ മാധ്യമങ്ങളും തീവ്ര ഇടതുപക്ഷക്കാരും ഇവര്‍ക്ക് കൂട്ടുണ്ട്. ഇത്തരം നയങ്ങള്‍ തുറന്നുകാണിച്ച് പാര്‍ടി മുന്നോട്ടുപോകുകയാണ്.

ഈ നിലയില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനുള്ള നിരന്തരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സിപിഐ എമ്മിന്റെ വിവിധ നിലവാരത്തിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കാനുമാണ് ഫണ്ട് സ്വരൂപിക്കുന്നത്. പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ഉദാരമായി സംഭാവന നല്‍കി ഫണ്ടുപ്രവര്‍ത്തനം വിജയിപ്പിക്കണമെന്ന് എല്ലാ ബഹുജനങ്ങളോടും സിപിഐ എം അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 230110

2 comments:

  1. പാര്‍ടിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ 10 വരെ രംഗത്തിറങ്ങാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

    ReplyDelete
  2. here comes the eternal 'bucket'!! blogil koodi ad!! kollaam!!

    ask supplyco to contribute the profit they made by selling goods worth 17 per KG for Rs 27 per KG!! Sure, they wil have some sum to contribute!!

    ReplyDelete