Monday, January 25, 2010

കുപ്രചാരകര്‍ അറിയാന്‍

കേന്ദ്രത്തിലെ സഹമന്ത്രിമാര്‍ യോഗം ചേര്‍ന്ന് തങ്ങള്‍ക്ക് എന്തെങ്കിലും ജോലി തരൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നത് യുപിഎ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും അപഹാസ്യവുമായ ശൈലിയെ സൂചിപ്പിക്കുന്നു. രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നു മാത്രമല്ല, ഭരണത്തിന്റെ അത്യുന്നത ശ്രേണിയായ മന്ത്രിസഭയെ ഒന്നിപ്പിച്ചുകൊണ്ടുപോകാനും സഹമന്ത്രിമാരെ വിശ്വാസത്തിലെടുക്കാനും യുപിഎക്ക് സാധ്യമാകുന്നില്ല. അങ്ങനെ പണിയില്ലാതെ നടക്കുന്ന കേന്ദ്ര സഹമന്ത്രിമാരില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. സ്വന്തമായി ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാത്തതുകാരണമാകണം, അവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടംനേടാനാണ് നിരന്തരം ശ്രമിച്ചുകാണുന്നത്. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസ് അടുത്തിടെ നടത്തുന്ന പ്രസ്താവനകള്‍ ആ ഗണത്തില്‍പ്പെട്ടവയാണ്. അങ്ങനെയുള്ള വിവാദവ്യവസായത്തിനുലഭിച്ച മാധ്യമ പിന്തുണയാണ് കേരളത്തിലെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ കടല വിലകൂട്ടി വിറ്റു എന്നമട്ടില്‍ ഞങ്ങളുടെ ഒരു മാന്യ സഹജീവി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വന്‍കടല കേന്ദ്രസര്‍ക്കാര്‍ ചില്ലറ വില്‍പ്പന സ്ഥാപനങ്ങളായ കേന്ദ്രീയ ഭണ്ഡാറുകളും നാഫെഡ് കേന്ദ്രങ്ങളും വഴി രണ്ടിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വന്‍കടലയ്ക്ക് കേന്ദ്രീയ ഭണ്ഡാറുകളില്‍ കിലോക്ക് 44 രൂപ-കേരളത്തില്‍ സപ്ളൈകോ വില 27 രൂപ.

പരിമിതമായ സൌകര്യങ്ങള്‍ ഉപയോഗിച്ച്, ഏറ്റവും മികച്ച രീതിയില്‍ വിപണിയില്‍ ഇടപെടുകയും വിലക്കയറ്റത്തിനു കടിഞ്ഞാണിടുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തോടു താല്‍പ്പര്യമുള്ള കേന്ദ്ര മന്ത്രിമാരും ജനങ്ങളോടു പ്രതിബദ്ധതയുള്ള മാധ്യമങ്ങളും ആ ശ്രമങ്ങളെ ആകുംവിധം സഹായിക്കുക എന്ന ഉത്തരവാദിത്തമാണ് നിര്‍വഹിക്കേണ്ടത്. ഇവിടെ, ദൌര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാര്‍ ചെയ്ത എല്ലാ നല്ല കാര്യവും തമസ്കരിച്ച്, കേന്ദ്രം ചെറിയ വിലയ്ക്കു നല്‍കിയ സാധനം വന്‍തോതില്‍ ലാഭം ഈടാക്കി ജനങ്ങളുടെ തലയില്‍വയ്ക്കുന്ന ദ്രോഹനടപടിക്കാരാണ് കേരളത്തിലെന്ന് സ്ഥാപിക്കാനുള്ള കുരുട്ടുതന്ത്രമാണ് പ്രയോഗിച്ചുകാണുന്നത്. തങ്ങളുടെ വാദം സമര്‍ഥിക്കുന്ന കൂട്ടത്തില്‍, എന്തുകൊണ്ട് കേരളം 27 രൂപയ്ക്കു വില്‍ക്കുന്ന ഇറക്കുമതിക്കടലയ്ക്ക് കേന്ദ്രം 44 രൂപ ഈടാക്കുന്നു എന്ന ലളിതമായ ചോദ്യത്തിനെങ്കിലും വിവാദം വില്‍ക്കുന്ന പത്രം മറുപടി കണ്ടെത്തണമായിരുന്നു.

അപകീര്‍ത്തിപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള പ്രചാരണം നാനാവഴിക്ക് മുന്നേറുന്ന ഘട്ടത്തില്‍ത്തന്നെ, സാധാരണ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള നവംനവങ്ങളായ ആശയങ്ങളും പദ്ധതികളും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന ഗവര്‍മെന്റ് എന്നത് അഭിമാനകരമാണ്. സഹകരണ സ്ഥാപനമായ കസ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനുമായി ആവിഷ്കരിച്ച 175 കോടി രൂപയുടെ പദ്ധതി ഇതില്‍ എടുത്തുപറയേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും പാചകവാതകത്തിന്റെയും പൊതുവിതരണത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കുന്നതാണ് വിഷന്‍-2011 എന്ന പദ്ധതി. 140 അസംബ്ളി മണ്ഡലത്തിലും ഒന്നുവീതം ത്രിവേണി സ്റോര്‍ പുതുതായി സ്ഥാപിക്കുക എന്നതാണ് പദ്ധതിയിലെ പ്രധാന നിര്‍ദേശം. 10 ത്രിവേണി മെഗാ മാര്‍ട്ട്, ത്രിവേണി സ്റോറുകള്‍ക്ക് ആവശ്യമായ സാധനം സംഭരിച്ച് വിതരണംചെയ്യാന്‍ 25 സംഭരണശാല, 14 ജില്ലയിലും മൊബൈല്‍ ത്രിവേണി സ്റോര്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പദ്ധതിയിലുള്ളത്. കുറഞ്ഞ വിലയില്‍ ഉച്ചയൂ വിതരണം, ത്രിവേണി കോഫി ഹൌസ്, ബജറ്റ് ഹോട്ടല്‍ എന്നിവയ്ക്കു പുറമെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് നഗരങ്ങളിലും അന്യസംസ്ഥാന നഗരങ്ങളിലും ത്രിവേണി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 50 നീതീ മെഡിക്കല്‍ സ്റോര്‍കൂടി ആരംഭിക്കുന്നടക്കം ആരോഗ്യ പരിപാലനരംഗത്ത് ഇടപെടലിനും കണ്‍സ്യൂമര്‍ ഫെഡ് ഈ പദ്ധതിയിലൂടെ തയ്യാറാകുന്നു. സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ സ്തുത്യര്‍ഹമായ ഇടപെടലിനു പുറമെയുള്ളതാണ് സഹകരണമേഖലയുടെ ഈ പങ്കാളിത്തം.

കോണ്‍ഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരമൊന്ന് ചൂണ്ടിക്കാട്ടാന്‍ കേന്ദ്ര സഹമന്ത്രിക്ക് കഴിയുമോ? വിവാദ സ്രഷ്ടാക്കളായ ഞങ്ങളുടെ സഹജീവികള്‍ക്ക് കഴിയുമോ? കേരളത്തില്‍ നടക്കുന്ന ഇത്തരം സംരംഭങ്ങളുടെ മേന്മയും നന്മയും രാജ്യത്താകെ പ്രചരിപ്പിച്ച്, ഇതാ മാതൃക എന്ന് അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടേണ്ടവര്‍ അതിനു തയ്യാറാകാതെ, അപവാദ പ്രചാരണത്തിലേര്‍പ്പെടുന്നത് മ്ളേച്ഛമാണ്. ഏതു രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിന്റെ പേരിലായാലും ഇത്തരം പ്രവൃത്തികള്‍ ന്യായീകരിക്കപ്പെടരുത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെതിരെ വിവാദവാര്‍ത്ത കെട്ടിമച്ച അതേ മാനസികാവസ്ഥയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ഇത് നല്ലതിനോ എന്ന് ബന്ധപ്പെട്ടവര്‍ പുനരാലോചിക്കട്ടെ. ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 250110

1 comment:

  1. കോണ്‍ഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരമൊന്ന് ചൂണ്ടിക്കാട്ടാന്‍ കേന്ദ്ര സഹമന്ത്രിക്ക് കഴിയുമോ? വിവാദ സ്രഷ്ടാക്കളായ ഞങ്ങളുടെ സഹജീവികള്‍ക്ക് കഴിയുമോ? കേരളത്തില്‍ നടക്കുന്ന ഇത്തരം സംരംഭങ്ങളുടെ മേന്മയും നന്മയും രാജ്യത്താകെ പ്രചരിപ്പിച്ച്, ഇതാ മാതൃക എന്ന് അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടേണ്ടവര്‍ അതിനു തയ്യാറാകാതെ, അപവാദ പ്രചാരണത്തിലേര്‍പ്പെടുന്നത് മ്ളേച്ഛമാണ്. ഏതു രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിന്റെ പേരിലായാലും ഇത്തരം പ്രവൃത്തികള്‍ ന്യായീകരിക്കപ്പെടരുത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെതിരെ വിവാദവാര്‍ത്ത കെട്ടിമച്ച അതേ മാനസികാവസ്ഥയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ഇത് നല്ലതിനോ എന്ന് ബന്ധപ്പെട്ടവര്‍ പുനരാലോചിക്കട്ടെ. ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.

    ReplyDelete