Thursday, January 21, 2010

വൈകിവന്ന വിവേകം

ഉന്നതവിദ്യാഭ്യാസരംഗത്തെ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കല്‍പ്പിതസര്‍വകലാശാലകള്‍ നിര്‍ത്തലാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വൈകിയുദിച്ച ബുദ്ധിയാണെങ്കിലും സ്വാഗതാര്‍ഹമാണ്. ഒരുതരത്തിലുള്ള പരിശോധനയും ആവശ്യമായ പഠനങ്ങളും ഇല്ലാതെയാണ് തൊണ്ണൂറിലധികം കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ സ്ഥാപനങ്ങള്‍ യഥാര്‍ഥത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ പരമാധികാര റിപ്പബ്ളിക്കുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവേശനം, ഫീസ്, പരീക്ഷ നടത്തിപ്പ്, ബിരുദം നല്‍കല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആവശ്യമായ പശ്ചാത്തലസൌകര്യങ്ങള്‍ മിക്ക സ്ഥാപനങ്ങളിലും ഉണ്ടായിരുന്നില്ല. സിലബസും കരിക്കുലവും ദേശീയബോധത്തിനും മതനിരപേക്ഷതയ്ക്കും എതിരായ അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന പ്രതിലോമ ദൌത്യമാണ് നിര്‍വഹിക്കുന്നതെന്ന പരാതിയുമുണ്ടായിരുന്നു. ഫീസ് ഈടാക്കുന്നതിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഇത്തരം പരാതികള്‍ ശക്തമായപ്പോള്‍ കോടതിയും ഇടപെടുന്ന സ്ഥിതിയുണ്ടായി. അപ്പോഴാണ് ഗത്യന്തരമില്ലാതെ കേന്ദ്രം അന്വേഷിക്കുന്നതിന് കമീഷനെ നിയോഗിച്ചത്. പ്രൊഫസര്‍ പി എന്‍ ഠണ്ടന്റെ നേതൃത്വത്തിലുള്ള നാലംഗസമിതി നടത്തിയ അന്വേഷണത്തില്‍ നല്ലൊരു പങ്കു സ്ഥാപനവും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് മാനവവിഭവശേഷി മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.

ഈ സംവിധാനം ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ ഇടതുപക്ഷവും വിദ്യാര്‍ഥിസംഘടനകളും പ്രകടിപ്പിച്ച ആശങ്കകള്‍ ശരിയാണെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചിരിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനും ആവശ്യമായ പഠനങ്ങള്‍ നടത്താനും സര്‍ക്കാര്‍ തയ്യാറാകണം. ഈ അനുഭവത്തില്‍നിന്ന് പാഠം പഠിക്കുന്നതിന് മാനവവിഭവശേഷി മന്ത്രാലയം തയ്യാറായാല്‍ എത്ര നന്നാകുമായിരുന്നു.

ദേശാഭിമാനി മുഖപ്രസംഗം 210110

1 comment:

  1. ഉന്നതവിദ്യാഭ്യാസരംഗത്തെ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കല്‍പ്പിതസര്‍വകലാശാലകള്‍ നിര്‍ത്തലാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വൈകിയുദിച്ച ബുദ്ധിയാണെങ്കിലും സ്വാഗതാര്‍ഹമാണ്. ഒരുതരത്തിലുള്ള പരിശോധനയും ആവശ്യമായ പഠനങ്ങളും ഇല്ലാതെയാണ് തൊണ്ണൂറിലധികം കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ സ്ഥാപനങ്ങള്‍ യഥാര്‍ഥത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ പരമാധികാര റിപ്പബ്ളിക്കുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവേശനം, ഫീസ്, പരീക്ഷ നടത്തിപ്പ്, ബിരുദം നല്‍കല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആവശ്യമായ പശ്ചാത്തലസൌകര്യങ്ങള്‍ മിക്ക സ്ഥാപനങ്ങളിലും ഉണ്ടായിരുന്നില്ല. സിലബസും കരിക്കുലവും ദേശീയബോധത്തിനും മതനിരപേക്ഷതയ്ക്കും എതിരായ അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന പ്രതിലോമ ദൌത്യമാണ് നിര്‍വഹിക്കുന്നതെന്ന പരാതിയുമുണ്ടായിരുന്നു.

    ReplyDelete