Tuesday, January 19, 2010

വിശ്വാസവും വിവാദവും

ഇന്ത്യന്‍ സമൂഹത്തില്‍ മതവിശ്വാസത്തിന് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് പലപ്പോഴും പലരും ഇതിനെ ആയുധമാക്കുന്നു. വര്‍ഗീയത മതത്തിന്റെ രാഷ്ട്രീയപ്രയോഗമാണ്. വര്‍ഗീയതക്കെതിരെ വിശാലമായ മതനിരപേക്ഷ നിര ഉയര്‍ന്നുവരേണ്ട കാലമാണിത്. ആ സമരം വിശ്വാസികളും അല്ലാത്തവരും ചേര്‍ന്ന് നടത്തേണ്ടതാണ്. ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്ന ചോദ്യം ഇന്നത്തെ സമൂഹത്തിലെ പ്രധാന പ്രശ്നമായി ആരും കാണുന്നില്ല. കമ്യൂണിസത്തിന്റെ മതത്തോടുള്ള സമീപനം വിവാദമാക്കാന്‍ ശ്രമിക്കുന്ന സഭാനേതൃത്വവും ഒരുപക്ഷേ കേരളത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വത്തിക്കാന്‍ പോലും നിലപാട് മാറ്റിയ കാലമാണിത്. മാര്‍ക്സിസത്തെ ശാസ്ത്രമായി ഔദ്യോഗികമായി അംഗീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറായി. അമേരിക്കയില്‍ ആരംഭിച്ച് ലോകത്തെ പിടിച്ചുലച്ച സാമ്പത്തിക കുഴപ്പത്തിന്റെ കാലത്ത് മാര്‍പാപ്പയുടെ വായനയില്‍ മാര്‍ക്സിന്റെ കൃതികളും ഉള്‍പ്പെട്ടിരുന്നുവെന്നത് വാര്‍ത്തയായിരുന്നു. കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് മൂലധനത്തെ വിശകലനം ചെയ്ത് ദീര്‍ഘമായ ലേഖനം എഴുതുകയുണ്ടായി.

ക്രൈസ്തവസഭയും പല സരണികളുള്ള ഒന്നാണ്. അതില്‍ ചില വിഭാഗങ്ങള്‍ നേരത്തെതന്നെ കമ്യൂണിസ്റ്റു പ്രസ്ഥാനവുമായി യോജിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലാറ്റിനമേരിക്ക അതിന്റെ പ്രധാന ഉദാഹരണമാണ്. നിക്കരാഗ്വയിലെ ഒര്‍ട്ടേഗ മന്ത്രിസഭയില്‍ പോലും പുരോഹിതന്‍ അംഗമായിരുന്നു. പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകള്‍ നിലനില്‍ക്കുമ്പോഴും യോജിച്ച് പ്രവര്‍ത്തിക്കാവുന്ന പൊതുഇടങ്ങള്‍ രണ്ടു കൂട്ടരും കണ്ടെത്തിയിരുന്നു. മതം പരലോകത്തിലെ സ്വര്‍ഗത്തെക്കുറിച്ച് പറയുമ്പോള്‍ കമ്യൂണിസം ഈ ലോകത്തിലെ സ്വര്‍ഗത്തെക്കുറിച്ചാണ് പറയുന്നത്. വിമോചന സമരത്തിന്റെ കാലത്ത് രണ്ടു കൂട്ടരുടെയും ഐക്യപ്പെടല്‍ പ്രധാനമായിരുന്നു. സാമ്രാജ്യത്വത്തിനെതിരെയും കടുത്ത ചൂഷണത്തിനെതിരെയും യോജിച്ച ഇടങ്ങള്‍ രൂപംകൊണ്ടു. അകാലത്തില്‍ അന്തരിച്ച ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് ജീവിച്ചിരുന്ന ഘട്ടത്തില്‍ ഈ ഐക്യം കേരളത്തിലും ശക്തമായിരുന്നു. ബിഷപ്പ് ഗ്രിഗോറിയോസ് മാര്‍ ഗ്രിഗോറിയസുമായി ഇഎംഎസ് നടത്തിയ ആശയസംവാദം ശ്രദ്ധേയമായിരുന്നു. ഇപ്പോഴത്തെ സാഹചര്യം കുറെക്കൂടി വിശാലമായ ഐക്യനിരയാണ് ആവശ്യപ്പെടുന്നത്.

വിശ്വാസിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പോലും കഴിയില്ലെന്ന് ശാഠ്യം പിടിക്കുന്നവരാണ് കേരളത്തിലെ സഭാനേതൃത്വത്തില്‍ ഒരു വിഭാഗം. ചില ഘട്ടങ്ങളില്‍ അത് ആക്രമണത്തിന്റെ സ്വഭാവത്തിലേക്ക് വളര്‍ന്നു. ശരിയായ വിശ്വാസികള്‍ സിപിഐഎമ്മില്‍നിന്നും പുറത്തേക്ക് വരണമെന്ന പരസ്യ ആഹ്വാനം പോലും ചില ബിഷപ്പുമാര്‍ നടത്തി. അതുകേട്ട് ദൈവനാമത്തില്‍ സത്യപ്രതിജ്ഞചെയ്ത് പാര്‍ലമെന്റ് അംഗമാവുകയും സിപിഐഎം അംഗമായിരിക്കെ മതകര്‍മങ്ങള്‍ മുടക്കം കൂടാതെ അനുഷ്ഠിക്കുകയും ചെയ്ത ആരും അന്ന് പാര്‍ടിയില്‍നിന്നും രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു കണ്ടില്ല. വിശ്വാസവും കമ്യൂണിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പ് എന്ന് പ്രചരിപ്പിച്ച കത്തോലിക്കപത്രവും നാട്ടിലുണ്ട്. ഇടയലേഖനങ്ങളും തുടര്‍ച്ചയായി ഇറങ്ങി. അതുകേട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നും പ്രഖ്യാപിച്ചില്ല. അത്തരക്കാര്‍ മതത്തെപ്പറ്റി സൈദ്ധാന്തിക പ്രശ്നങ്ങള്‍ പുതിയ കണ്ടുപിടുത്തമായി അവതരിപ്പിക്കുമ്പോള്‍ ലക്ഷ്യം വേറെയാണെന്ന് മലയാളിക്ക് എളുപ്പം മനസ്സിലായി.

വിശ്വാസിക്ക് പാര്‍ടി അംഗമാകാമോ എന്ന ചോദ്യം വളരെ പഴയതാണ്. അതുപോലും അറിയാത്തതുകൊണ്ടായിരിക്കാം വിവാദമുണ്ടാക്കി വഴികണ്ടെത്താം എന്നു ചിലര്‍ കരുതിയത്. ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികളുടെ നിരവധി പതിപ്പുകള്‍ ചിന്തയിലെ ചോദ്യോത്തരങ്ങളാണ്. അതിലൂടെ സഞ്ചരിക്കുന്നത് രസകരമാണ്. മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സാഹചര്യത്തെയും മൂര്‍ത്തമായി വിശകലനം ചെയ്ത് അദ്ദേഹം നല്‍കുന്ന മറുപടികള്‍ പുതിയ വെളിച്ചം പകരും. കേരളത്തിലെ പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും രാഷ്ട്രീയ പ്രത്യയശാസ്ത്ര വിദ്യാഭ്യാസം നല്‍കുന്നതില്‍ ഈ പംക്തി പ്രധാന പങ്കു വഹിച്ചു. ഈ പംക്തി മുടക്കം കൂടാതെ വായിച്ചിരുന്ന നൂറുകണക്കിനാളുകള്‍ ഉണ്ട്.

ഇതില്‍ ഏറ്റവുമധികം ഉത്തരം നല്‍കിയ ചോദ്യങ്ങളുടെ കൂട്ടത്തില്‍ പ്രധാനം വിശ്വാസിയുടെ പാര്‍ടി അംഗത്വമാണ്. വിശ്വാസിയാണോ അല്ലയോ എന്ന ചോദ്യം പാര്‍ടി അംഗത്വത്തിനുള്ള അപേക്ഷയില്‍ കാണില്ല. പാര്‍ടി പരിപാടി അംഗീകരിക്കുകയും പാര്‍ടി ഭരണഘടനയും സംഘടനാതത്വവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നവരെ വിശ്വാസിയാണെന്ന പേരില്‍ അംഗത്വം നിഷേധിക്കുന്ന പാര്‍ടിയല്ല സിപിഐഎം. ഇഎംഎസിന്റെ ഉത്തരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കുന്നത് ലെനിനെയാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമല്ല കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവെയ്ക്കുന്നത്. അത് ചൂഷകനും ചൂഷിതനും തമ്മിലുള്ള വര്‍ഗസമരമാണ്. ബോള്‍ഷെവിക് പാര്‍ടിയില്‍ വിശ്വാസിക്ക് അംഗമാകാമെന്ന നിലപാട് ലെനിന്‍ ഉയര്‍ത്തിപ്പിടിച്ചു. വിശ്വാസിയാണോ അല്ലയോ എന്ന ചോദ്യം ഉന്നയിച്ച് തങ്ങളുടെ കൂട വരേണ്ടവരെ അകറ്റേണ്ടതുണ്ടോ എന്ന് കാസ്ട്രോ ചോദിക്കുകയുണ്ടായി.

എന്നാല്‍, മതനിഷേധമാണ് മാര്‍ക്സിസത്തിന്റെ സത്തയെന്ന് കരുതുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. ചിലരുടെ വ്യാഖ്യാനങ്ങള്‍ കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. ശബരിമലയില്‍ പോയാല്‍ പാര്‍ടി അംഗത്വത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കരുതുന്ന പാര്‍ടി പ്രവര്‍ത്തകരും ഉണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കിട്ടുന്നയിടങ്ങളിലെല്ലാം ഉച്ചത്തില്‍ പറയുകയും ചെയ്യും. മതത്തെ പറ്റിയുള്ള മാര്‍ക്സിന്റെ ദര്‍ശനമായാണ് നല്ലൊരു പങ്കു മലയാളിയും ഈ വാചകത്തെ കാണുന്നത്. ഈ വാചകംപോലും ഇങ്ങനെയല്ല യഥാര്‍ഥത്തില്‍ മാര്‍ക്സ് പറഞ്ഞിട്ടുള്ളത്. പരിഭാഷ ചിലപ്പോള്‍ വലിയ അപകടം ചെയ്യും. ജനതയുടെ കറുപ്പെന്നാണ് മാര്‍ക്സ് എഴുതിയത്. കറുപ്പെന്ന് മാത്രം പറഞ്ഞാല്‍ മലയാളിവായനക്കാരന് പെട്ടെന്ന് പിടികിട്ടില്ലെന്നതുകൊണ്ടായിരിക്കാം മയക്കുന്ന എന്ന പ്രയോഗം കൂടി നടത്തിയത്. മാര്‍ക്സും എംഗല്‍സും ലെനിനും മറ്റും മതത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അടുത്തകാലത്ത് ഇറങ്ങിയ പുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ഞെട്ടിപ്പോയി. മതം മനുഷ്യന്റെ മയക്കുമരുന്നാണെന്നാണ് പരിഭാഷ! ഇതുമാത്രം വായിച്ചാണ് പലരും ആധികാരികമായി അഭിപ്രായം പറയുന്നത്!

ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമായും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവായും പ്രവര്‍ത്തിക്കുന്ന മതം മര്‍ദിതന്റെ നെടുവീര്‍പ്പാണ്. വിശ്വാസിക്ക് അത് ആശ്വാസം നല്‍കുന്നില്ലെന്ന ദുശ്ശാഠ്യവും കമ്യൂണിസത്തിനില്ല. ആശ്വാസം ആത്മനിഷ്ഠമായ അനുഭവമാണ്. വൈയക്തികമായ അനുഭൂതിയാണ്. അതിനു അനുഭവിക്കുന്നവന്റെ സാക്ഷ്യം മാത്രം മതി. എന്നാല്‍, ജീവിതയാഥാര്‍ഥ്യങ്ങള്‍ വന്ന് മുഖത്തടിക്കുമ്പോള്‍ ആശ്വാസം പെട്ടെന്ന് അപ്രത്യക്ഷമാകും. അതുകൊണ്ടാണ് മതം താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നതെന്ന് മാര്‍ക്സ് നിരീക്ഷിച്ചത്. മതത്തെ സമരംചെയ്ത് ഇല്ലാതാക്കാമെന്ന അബദ്ധധാരണയും അത് വെച്ചുപുലര്‍ത്തുന്നില്ല. മതത്തിനെതിരായ സമരം അതിനെ സൃഷ്ടിക്കുന്ന സാഹചര്യത്തിനെതിരായ സമരം കൂടിയാണെന്ന് കാണുന്നത് ശാസ്ത്രീയമായ ധാരണയുടെ അടിസ്ഥാനത്തിലാണ്.

കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്ന ഒരാള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വായത്തമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ആ ദര്‍ശനം വൈരുധ്യാത്മക ഭൌതികവാദമാണ്. ഉയര്‍ന്ന പാര്‍ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതപരമായ ചടങ്ങുകളുടെ നടത്തിപ്പുകാരായി മാറുമെന്ന് മലയാളി സമൂഹം പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ചും മതത്തിന്റെ പേരില്‍ പല ദുരാചാരങ്ങളും കൊണ്ടാടപ്പെടുമ്പോള്‍. പാര്‍ടിയില്‍ ആരെയും നിര്‍ബന്ധിച്ച് അംഗമാക്കുന്നില്ല. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും പലതവണ പാര്‍ടി സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സെബാസ്റ്റ്യന്‍ പോളിനോട് പാര്‍ടി അംഗമാകാന്‍ ആരും ആവശ്യപ്പെട്ടിരുന്നില്ലെന്ന് അടുത്തകാലത്ത് പറഞ്ഞത് ജനം ഓര്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങള്‍ ഈ പാര്‍ടിയെ തെരഞ്ഞെടുക്കുകയാണ്. ഇഎംഎസ് എഴുതിയതുപോലെ ജീവികള്‍ക്ക് മുഴുവന്‍ ഭക്ഷണം കഴിക്കാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമുള്ള ആഗ്രഹം പോലെയും കലാകാരന്‍മാര്‍ക്ക് കലാസൃഷ്ടി നടത്താനുള്ള ആഗ്രഹം പോലെയും യഥാര്‍ഥമാണ് കമ്യൂണിസ്റ്റുകാരന് വിപ്ളവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇങ്ങനെയുള്ള ആഗ്രഹങ്ങള്‍ നഷ്ടമായതുകൊണ്ടായിരിക്കുകയില്ല ചിലര്‍ക്ക് ഉള്‍വിളിയുണ്ടാകുന്നത്. അങ്ങനെയൊന്ന് ഉണ്ടായിരുന്നോ? പുതിയ മേച്ചില്‍പുറങ്ങളിലേക്കുള്ള വാതില്‍ തുറക്കാനുള്ള താക്കോല്‍ തേടുന്നതുമാകാം.

പി രാജീവ് ദേശാഭിമാനി വാരിക 24 ജനുവരി 2010

5 comments:

  1. വിശ്വാസിക്ക് പാര്‍ടി അംഗമാകാമോ എന്ന ചോദ്യം വളരെ പഴയതാണ്. അതുപോലും അറിയാത്തതുകൊണ്ടായിരിക്കാം വിവാദമുണ്ടാക്കി വഴികണ്ടെത്താം എന്നു ചിലര്‍ കരുതിയത്. ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികളുടെ നിരവധി പതിപ്പുകള്‍ ചിന്തയിലെ ചോദ്യോത്തരങ്ങളാണ്. അതിലൂടെ സഞ്ചരിക്കുന്നത് രസകരമാണ്. മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സാഹചര്യത്തെയും മൂര്‍ത്തമായി വിശകലനം ചെയ്ത് അദ്ദേഹം നല്‍കുന്ന മറുപടികള്‍ പുതിയ വെളിച്ചം പകരും. കേരളത്തിലെ പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും രാഷ്ട്രീയ പ്രത്യയശാസ്ത്ര വിദ്യാഭ്യാസം നല്‍കുന്നതില്‍ ഈ പംക്തി പ്രധാന പങ്കു വഹിച്ചു. ഈ പംക്തി മുടക്കം കൂടാതെ വായിച്ചിരുന്ന നൂറുകണക്കിനാളുകള്‍ ഉണ്ട്.

    ReplyDelete
  2. എത്ര സരസമായി പറഞ്ഞിരിക്കുന്നു..
    ആശംസകള്‍...!!

    ReplyDelete
  3. നന്നായി പറഞ്ഞിരിക്കുന്നു

    ReplyDelete
  4. "ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികളുടെ നിരവധി പതിപ്പുകള്‍ ചിന്തയിലെ ചോദ്യോത്തരങ്ങളാണ്."
    പതിപ്പെന്നു പറഞ്ഞാലെന്താണ് രാജീവേ?
    ഉദ്ദേശിച്ച വാല്യങ്ങള്‍ യുക്തിവാദി പ്രസ്ഥാനം ഉയര്‍ത്തിയ മുനയുള്ള ചോദ്യങ്ങള്‍ക്കു മുന്‍പില്‍ പതറി പതിവ് അവസരവാദം പയറ്റുന്ന ഇ എം എസ് എന്ന കാഴ്ച അതിലൂടെ സഞ്ചരിക്കുന്നത് രസകരമാക്കുന്നു.

    ReplyDelete