Tuesday, January 5, 2010

പ്രതിരോധ രംഗത്തും 49% വിദേശനിക്ഷേപം

രാജ്യത്തിന്റെ പ്രതിരോധമേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രതിരോധരംഗത്തെ സ്ഥാപനങ്ങളില്‍ നിലവിലുള്ള 26 ശതമാനം വിദേശനിക്ഷേപം മറ്റ് മേഖലയിലേതുപോലെ 49 ആക്കാനാണ് ആലോചന. സര്‍ക്കാര്‍ നിയമിച്ച 'പ്രതിരോധച്ചെലവ് പുനഃപരിശോധനാ സമിതി'യാണ് വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആവശ്യമെങ്കില്‍ ചില രംഗത്ത് 74 ശതമാനം മുതല്‍ 100 ശതമാനംവരെ വിദേശ നിക്ഷേപം അനുവദിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധരംഗത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വിദേശ ആയുധക്കമ്പനികളുടെ മത്സരം നേരിടുന്നതിനും ആയുധ-ഉപകരണ നിര്‍മാണരംഗത്ത് സ്വാശ്രയത്വത്തിനുമായി സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന്് പ്രതിരോധമന്ത്രാലയത്തിന് അഭിപ്രായമുണ്ട്. പ്രതിരോധ ഉല്‍പ്പാദനം 70 ശതമാനവും തദ്ദേശീയമാക്കാന്‍ സ്വകാര്യമേഖലയുടെ വര്‍ധിച്ച സഹകരണം ആവശ്യമാണെന്ന് എ കെ ആന്റണി പറഞ്ഞിരുന്നു. 'അസോചം' പോലുള്ള വ്യവസായസംഘടനകളും പ്രതിരോധമേഖലയില്‍ സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മുന്‍ പ്രതിരോധ (ഫിനാന്‍സ്) സെക്രട്ടറി വി കെ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടണമെന്ന് നിര്‍ദേശിച്ചത്.

നവംബര്‍ ഒന്നിന് നിലവില്‍ വന്ന പ്രതിരോധ സംഭരണ നയമനുസരിച്ച്(ഡിപിപി-2009) ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വന്തമായി ആയുധങ്ങളും ഉപകരണങ്ങളും നിര്‍മിക്കാന്‍ കഴിവില്ലെങ്കില്‍ വിദേശകമ്പനികളുമായി സംയുക്തസംരംഭം ആരംഭിക്കാനും ഈ നയം അനുമതി നല്‍കുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ എട്ട് പൊതുമേഖലാ കമ്പനികളും 39 ആയുധനിര്‍മ്മാണ ഫാക്ടറികളും 50 ഗവേഷണ വികസന സ്ഥാപനങ്ങളുമാണുള്ളത്. കമ്പനികളില്‍ അഞ്ചെണ്ണം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ്. ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക് ലിമിറ്റഡ്, മഡ്ഗാവ് ഡോക്ക് ലിമിറ്റഡ്, ഗാര്‍ഡര്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ്, മിശ്ര ധാതു നിഗം എന്നിവയാണിത്.

ഇവയുടെ 49 ശതമാനം ഓഹരി വില്‍ക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനായി ഈ കമ്പനികള്‍ക്ക് ലഭിക്കേണ്ട ഓര്‍ഡര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന പ്രവണത സര്‍ക്കാര്‍ മുമ്പുതന്നെ ആരംഭിച്ചിരുന്നു. എച്ച്എഎല്ലിന്റെയും മറ്റും 64 ശതമാനം ശേഷിമാത്രമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. 2001ല്‍ വാജ്പേയി സര്‍ക്കാരിന് കേല്‍ക്കര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിരോധ മേഖലയില്‍ സ്വകാര്യവല്‍ക്കരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 26 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ 2001ല്‍ ധാരണയായി. വാജ്പേയി സര്‍ക്കാര്‍ തുടങ്ങിവച്ച സ്വകാര്യവല്‍ക്കരണ നയം ശക്തമാക്കാനാണ് യുപിഎ സര്‍ക്കാരിന്റെ ശ്രമം.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 050110

1 comment:

  1. രാജ്യത്തിന്റെ പ്രതിരോധമേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രതിരോധരംഗത്തെ സ്ഥാപനങ്ങളില്‍ നിലവിലുള്ള 26 ശതമാനം വിദേശനിക്ഷേപം മറ്റ് മേഖലയിലേതുപോലെ 49 ആക്കാനാണ് ആലോചന. സര്‍ക്കാര്‍ നിയമിച്ച 'പ്രതിരോധച്ചെലവ് പുനഃപരിശോധനാ സമിതി'യാണ് വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആവശ്യമെങ്കില്‍ ചില രംഗത്ത് 74 ശതമാനം മുതല്‍ 100 ശതമാനംവരെ വിദേശ നിക്ഷേപം അനുവദിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധരംഗത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

    ReplyDelete