Thursday, January 7, 2010

വിദ്യാഭ്യാസനിധി വിജയിപ്പിക്കണം

അടിസ്ഥാന വിഷയങ്ങളില്‍ വിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ പദ്ധതിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാപഠനം എന്നിവയില്‍ ബിരുദംമുതല്‍ ഗവേഷണംവരെയുള്ള ഉന്നതവിദ്യാഭ്യാസത്തിനായാണ് സ്കോളര്‍ഷിപ്പ് ഉപകരിക്കുന്നത്. ഇന്നത്തെ കാലത്ത് ഉന്നതവിദ്യാഭ്യാസം പ്രൊഫഷണല്‍ കോഴ്സുകളില്‍മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് മൂലധനശക്തികള്‍ ശ്രമിക്കുന്നത്. മാധ്യമ പ്രചാരവേലയും അതില്‍ കേന്ദ്രീകരിച്ചാണ്. എന്‍ജിനിയറിങ്ങും മെഡിസിനും ലക്ഷ്യമിട്ടാണ് കുട്ടികള്‍ പഠിക്കുന്നത്. പ്ളസ് ടു തലത്തിലുള്ള കുട്ടികളുടെ പഠനരീതി തന്നെ മാറിയിരിക്കുന്നു. സമഗ്രമായ അറിവിന്റെ അന്വേഷണമൊന്നും ഔപചാരിക പഠനത്തിന്റെ ഭാഗമാകുന്നില്ല. ശകലീകൃതമായ അറിവ് മാത്രമാണ് പങ്കുവയ്ക്കുന്നത്. എല്ലാ പ്രവേശനപരീക്ഷകളും എഴുതി ഒരിടത്തും അവസരം ലഭിക്കാത്തവരാണ് അടിസ്ഥാന വിഷയങ്ങള്‍ പഠിക്കാന്‍ വരുന്നവരില്‍ മഹാഭൂരിപക്ഷവും. ഈ വിഷയങ്ങള്‍ പഠിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൌകര്യങ്ങളും ലഭിക്കുന്നില്ല. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വായ്പ നല്‍കുന്ന ധനസ്ഥാപനങ്ങളുടെ അജന്‍ഡയില്‍ ഇത്തരം കോഴ്സുകളൊന്നും വരുന്നില്ല. അതുകൊണ്ടുതന്നെ പഠിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ കുട്ടികള്‍ വിഷമിക്കുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വിദ്യാഭ്യാസനിധി ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്. പൂര്‍ണമായും സര്‍ക്കാര്‍ പണം നല്‍കിയല്ല ഈ നിധി രൂപീകരിക്കുന്നത്. ഉന്നതവിദ്യാഭ്യാസകൌസിലിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും ആവശ്യമായ പണം ശേഖരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇവരെ എല്ലാം ഏല്‍പ്പിച്ച് കൈകഴുകുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെ സമാഹരിക്കുന്ന നിധിക്കു തുല്യമായ പണം സര്‍ക്കാര്‍ മുടക്കുകയുംചെയ്യും.

സാമൂഹ്യമായ ഇടപെടലുകള്‍ വിദ്യാഭ്യാസമേഖലയില്‍ കുറവുള്ള സംസ്ഥാനമാണ് കേരളം. ജനകീയാസൂത്രണം ഇക്കാര്യത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്തി. അതിന്റെ ഗുണം സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ നന്നായി പ്രകടമാണ്. എന്നാല്‍, ഉന്നതവിദ്യാഭ്യാസരംഗത്ത് അതിനു അനുസൃതമായ മാറ്റം ഉണ്ടായില്ല. കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളില്‍ പഠിച്ചിറങ്ങിയ നൂറുകണക്കിനാളുകള്‍ ലോകത്തിന്റെ വിവിധമേഖലകളില്‍ ഉന്നതസ്ഥാനീയരായിട്ടുണ്ട്. അവരെ രൂപപ്പെടുത്തുന്നതില്‍ പ്രധാന സംഭാവന ചെയ്ത് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവന ചെയ്യുന്നതിന് അവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ചില സ്ഥാപനങ്ങളില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ അഭിനന്ദനാര്‍ഹമായ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, അതിന്റെ അളവും വ്യാപ്തിയും കുറവാണ്. ഇപ്പോള്‍ ആവിഷ്കരിച്ച വിദ്യാഭ്യാസനിധി വിജയിപ്പിക്കാന്‍ ഇവരുടെ നിസ്സീമമായ പിന്തുണ അത്യാവശ്യമാണ്. അതുപോലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പശ്ചാത്തല സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ഇവരുടെ സഹായം ഉപയോഗിക്കേണ്ടതാണ്.

വിദ്യാഭ്യാസനിധി എന്ന ആശയം പുതിയ ഒന്നല്ല. പല വിദ്യാഭ്യാസ കമീഷനുകളും ഇതു നിര്‍ദേശിച്ചിരുന്നു. യഥാര്‍ഥത്തില്‍ സ്വാശ്രയ സംവിധാനത്തിനുള്ള ബദലായിപ്പോലും ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു. പ്രവേശനം പൂര്‍ണമായും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാക്കുകയും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവ് കണക്കിലെടുത്തുള്ള ഫീസ് ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ഇടപെടുകയും ചെയ്യുക എന്നതായിരുന്നു ഒരു നിര്‍ദേശം. മെറിറ്റില്‍ പ്രവേശനം കിട്ടുകയും എന്നാല്‍, ഉയര്‍ന്ന ഫീസ് നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ അടയ്ക്കണം. ഈ ഫീസ് ഉന്നത വിദ്യാഭ്യാസനിധിയില്‍നിന്ന് നല്‍കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍, വിവാദങ്ങള്‍ കാരണം ഇതൊന്നും ഗൌരവമായി ചര്‍ച്ചചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. സ്വാശ്രയ മാനേജ്മെന്റുകള്‍ സൃഷ്ടിച്ച തര്‍ക്കങ്ങളിലും വിവാദങ്ങളിലും മാത്രമാണ് മാധ്യമ ശ്രദ്ധയുള്ളത്. വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും സര്‍ക്കാര്‍ നടത്തിയ ക്രിയാത്മകമായ മാറ്റങ്ങള്‍ ജനശ്രദ്ധയില്‍ വരാതിരിക്കുന്നതിനാണ് പലരും ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെപോലും പ്രശംസ ലഭിച്ച ഗുണപരമായ മാറ്റങ്ങള്‍ക്കാണ് സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പ് നേതൃത്വം നല്‍കുന്നത്.

നേരത്തെ സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച പല പദ്ധതികളും വിവാദമാക്കിയവര്‍ അതേ നിലപാട് കേന്ദ്രം പിന്തുടരുന്നതു കാണുമ്പോള്‍ നിശബ്ദത പാലിക്കുകയാണ്. സ്കൂളുകളുടെ വികസന സമിതികളും വര്‍ഷാവസാന പരീക്ഷ എന്ന ഒറ്റമൂലിക്കു പകരം സമഗ്രവും തുടര്‍ച്ചയുമായ മൂല്യനിര്‍ണയവും സംസ്ഥാനത്ത് വന്‍വിവാദങ്ങള്‍ക്ക് വാതില്‍ തുറന്ന പരിഷ്കാരങ്ങളാണ്. ഇപ്പോള്‍ അവയില്‍ പലതും കേന്ദ്രം അപ്പടി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ സാമൂഹ്യമായ ഇടപെടലുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇടക്കാലത്താണ് സ്ഥിതിഗതികള്‍ മാറിയത്. ഇപ്പോള്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പുവരുത്തുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത വിദ്യാഭ്യാസനിധി വന്‍ വിജയമാക്കാന്‍ കഴിയണം. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല എല്ലാ മേഖലകളിലും പണിയെടുക്കുന്നവരും അവരുടെ ഒരു ദിവസത്തെ വേതനം ഇതിലേക്ക് സംഭാവന ചെയ്യണം. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ മാതൃക കാണിക്കണം. കളങ്കിതരായവരില്‍നിന്ന് പണം സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതും മാതൃകാപരമാണ്. എല്ലാവരിലേക്കും ഇതിന്റെ സന്ദേശം എത്തിക്കുന്നതിന് ആവശ്യമായ പ്രചാരവേലയ്ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയും വേണം.

പൊതുമേഖല: ഇച്ഛാശക്തിയുടെ വിജയം

പൊതുമേഖല രാജ്യത്തിന് അല്ലെങ്കില്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്നും ഉദാരവല്‍ക്കരണകാലത്ത് സ്വകാര്യ മേഖലയുമായി മത്സരിച്ച് നിലനില്‍ക്കാന്‍ പൊതുമേഖലയ്ക്ക് കഴിയില്ലെന്നുമുള്ള സിദ്ധാന്തങ്ങളും വാദഗതികളും തെറ്റാണെന്ന് തെളിയിച്ചാണ് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങള്‍ ഭീമമായ നഷ്ടത്തില്‍നിന്ന് കരകയറി ലാഭത്തിലേക്ക് വന്നത്. വ്യവസായ വകുപ്പിനു കീഴിലെ 46 കമ്പനിയില്‍ 28 കമ്പനി ലാഭത്തിലാണെന്ന് 2008-2009ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത ഒന്നുരണ്ടു വര്‍ഷത്തിനകം മുഴുവന്‍ കമ്പനികളും ലാഭത്തിലാക്കാന്‍ കഴിയുമെന്ന ദൃഢനിശ്ചയത്തിലാണ് വ്യവസായ വകുപ്പ് മുന്നോട്ടുപോകുന്നത്. 2006ല്‍ എല്‍ഡിഎഫ് ഗവമെന്റ് വരുമ്പോള്‍ 12 കമ്പനി മാത്രമായിരുന്നു ലാഭത്തില്‍.

ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായത് മുന്‍ ഗവമെന്റിന്റെ കാലത്ത് പൂട്ടുകയോ ഉല്‍പ്പാദനം നിലയ്ക്കുകയോചെയ്ത ചില കമ്പനികള്‍ വീണ്ടും തുറന്നതാണ്. കോഴിക്കോട്ടെ കേരള സോപ്സ് അവയിലൊന്നാണ്. ഒരുകാലത്ത് മലയാളികളുടെ ഇഷ്ട ബ്രാന്‍ഡുകളായിരുന്ന കേരള സാന്‍ഡലും വേപ്പും ത്രില്ലും അലക്കുസോപ്പ് വാഷ്വെല്ലുമൊക്കെ കേരള സോപ്സിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു. കെടുകാര്യസ്ഥതയും പ്രൊഫഷണല്‍ മാനേജ്മെന്റിന്റെ അഭാവവും കാരണം മറ്റു പല പൊതുമേഖലാ സ്ഥാപനങ്ങളെയുംപോലെ കേരള സോപ്സിനെയും നഷ്ടത്തിലേക്കു കൊണ്ടുപോയി. നഷ്ടമുണ്ടാക്കുന്നവ പൂട്ടി അവയുടെ ഭൂമി വില്‍ക്കുക എന്ന നയം തന്നെ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അത് കേരള സോപ്സിനും ബാധകമാക്കി. 2002ല്‍ ഫാക്ടറി പൂട്ടി. ജനപ്രിയ സോപ്പ് ബ്രാന്‍ഡുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി. തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി നടത്തിയ സമരവും അതിന് ജനങ്ങള്‍ നല്‍കിയ പിന്തുണയുമാണ് കമ്പനിയുടെ ഭൂമി വില്‍ക്കുന്നത് തടഞ്ഞത്. പുനരുദ്ധരിക്കാന്‍ സാധ്യതയുള്ള കമ്പനികളെ രക്ഷപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ഉടന്‍തന്നെ കൃത്യമായ പദ്ധതി ആവിഷ്കരിച്ചു. അങ്ങനെയാണ് കോഴിക്കോട്ടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലും തിരുവനന്തപുരം സ്പിന്നിങ് മില്ലും തുറന്നത്. ഉല്‍പ്പാദനം നിലച്ചുപോയ കോഴിക്കോട്ടെ സ്റീല്‍ കോംപ്ളക്സ് പുനുരദ്ധരിച്ചു. സ്റീല്‍ കോംപ്ളക്സ് ഇപ്പോള്‍ സംസ്ഥാനത്തിന്റെയും കേന്ദ്ര പൊതുമേഖലയിലുള്ള സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമാണ്.

കേരള സോപ്സ് ആന്‍ഡ് ഓയില്‍സ് എല്ലാവരും എഴുതിത്തള്ളിയതായിരുന്നു. സോപ്പുണ്ടാക്കുന്ന കമ്പനി സര്‍ക്കാര്‍ നടത്തേണ്ടതല്ലെന്ന വാദങ്ങളും ഉയര്‍ന്നു. എന്നാല്‍, സര്‍ക്കാര്‍ അതിലൊന്നും കുലുങ്ങിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ വ്യവസായവകുപ്പ് ദൃഢനിശ്ചയത്തോടെ നീങ്ങി. കമ്പനി തുറക്കുന്നതിന് ശാസ്ത്രീയമായ പദ്ധതിയുണ്ടാക്കി. നിയമപരമായി ഒരുപാട് തടസ്സങ്ങള്‍ മറികടക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് കേരള സോപ്സ് ആന്‍ഡ് ഓയില്‍സ് എന്ന പഴയ കമ്പനിയുടെ സ്ഥാനത്ത് കേരള സോപ്സ് എന്ന പുതിയ കമ്പനി വന്നത്. വന്‍കിട കമ്പനികള്‍ മത്സരിക്കുന്ന മേഖലയാണ് സോപ്പ് വ്യവസായം. ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമുണ്ടെങ്കില്‍ കേരള സോപ്സ് ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നതില്‍ തര്‍ക്കമില്ല.കേരളത്തില്‍ പൊതുമേഖലയില്‍ സോപ്പ് ഉല്‍പ്പാദിപ്പിക്കുന്ന ഏക സ്ഥാപനമാണിത്. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെയും കേന്ദ്ര പൊതുമേഖലയുടെയും സഹകരണമുണ്ടെങ്കില്‍ കേരള സോപ്സിന് വലിയ ഉയരങ്ങളിലേക്ക് പോകാന്‍ കഴിയും. പ്രതിരോധ വകുപ്പിന് സോപ്പ് വലിയ തോതില്‍ ആവശ്യമുണ്ട്. ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വ്യവസായവകുപ്പ് ശ്രമം നടത്തുമെന്ന് ആശിക്കാം.
സാമ്പത്തിക വിദഗ്ധന്‍ പ്രൊ. പ്രഭാത് പട്നായിക് ചൂണ്ടിക്കാണിച്ചതുപോലെ കേരളത്തില്‍ പൊതുമേഖലയുണ്ടാക്കിയ നേട്ടം, ഈ സ്ഥാപനങ്ങളുടെ പൊതുമേഖലാ സ്വഭാവത്തില്‍ വെള്ളം ചേര്‍ക്കാതെയും സ്വകാര്യ മേഖലയില്‍ കാണുന്ന കഴുത്തറുപ്പന്‍ നടപടികളില്ലാതെയുമാണ്. വലിയ തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടോ കമ്പനിയുടെ ഭൂമിവിറ്റ് കണക്കില്‍ ചേര്‍ത്തുകൊണ്ടോ കണക്കില്‍ കൃത്രിമം കാണിച്ചുകൊണ്ടോ അല്ല കേരളത്തില്‍ പൊതുമേഖല 'തിരിച്ചുവരവ്' നടത്തിയതെന്ന് പട്നായിക് എടുത്തുപറയുന്നു. മാനേജ്മെന്റിലും ഉല്‍പ്പാദന പ്രക്രിയയിലും വരുത്തിയ മാറ്റവും സര്‍ക്കാരിന്റെ നിരന്തരമായ മേല്‍നോട്ടവും തൊഴിലാളികളുടെ സഹകരണവുമാണ് മാറ്റത്തിന് കാരണം. രാഷ്ട്രീയ ഇഛാശക്തിയുള്ളതുകൊണ്ടാണ് ഇതെല്ലാം സാധിച്ചത്.

പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മിലെ പ്രധാനമായ വ്യത്യാസം, ആദ്യത്തേത് നിര്‍വഹിക്കുന്ന സാമൂഹ്യ ഉത്തരവാദിത്തമാണ്. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം മുതലായ മേഖലകളില്‍ ഗവമെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ ഇല്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളു. പൊതുമേഖലയെ ആക്ഷേപിക്കുന്നവര്‍ കേരളത്തില്‍ പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍-സഹകരണ ഏജന്‍സികള്‍ നിര്‍വഹിക്കുന്ന സാമൂഹ്യ ധര്‍മം കാണണം. സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെയും സഹകരണ മേഖലയുടെയും ഇടപെടല്‍കൊണ്ടാണ് ഇവിടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഉല്‍പ്പാദന സംസ്ഥാനങ്ങളേക്കാള്‍ വില കുറഞ്ഞുനില്‍ക്കുന്നത്. സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു എന്നുള്ളതുകൊണ്ട് പൊതുമേഖല നഷ്ടമുണ്ടാക്കണമെന്ന് ആരും പറയില്ല. സാമൂഹ്യമായ പങ്ക് നിര്‍വഹിച്ചുകൊണ്ടുതന്നെ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ പൊതുമേഖലയ്ക്ക് കഴിയണം. വ്യവസായമന്ത്രി എളമരം കരീം ചൂണ്ടിക്കാണിച്ചതുപോലെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യ, സാമ്പത്തിക പ്രയാസം, മോശമായ വിപണന സംവിധാനം, പ്രൊഫഷണല്‍ മാനേജ്മെന്റിന്റെ അഭാവം, അനിയന്ത്രിതമായ ഇറക്കുമതി, സ്വകാര്യമേഖലയില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവയാണ് പൊതുമേഖല നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍. ഇത്തരം പരിമിതികള്‍ നേരിട്ടാണ് കേരളത്തിലെ പൊതുമേഖല മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചത്. എല്‍ഡിഎഫ് ഗവമെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇതിന് അടിസ്ഥാനം.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. അടിസ്ഥാന വിഷയങ്ങളില്‍ വിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ പദ്ധതിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാപഠനം എന്നിവയില്‍ ബിരുദംമുതല്‍ ഗവേഷണംവരെയുള്ള ഉന്നതവിദ്യാഭ്യാസത്തിനായാണ് സ്കോളര്‍ഷിപ്പ് ഉപകരിക്കുന്നത്. ഇന്നത്തെ കാലത്ത് ഉന്നതവിദ്യാഭ്യാസം പ്രൊഫഷണല്‍ കോഴ്സുകളില്‍മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് മൂലധനശക്തികള്‍ ശ്രമിക്കുന്നത്. മാധ്യമ പ്രചാരവേലയും അതില്‍ കേന്ദ്രീകരിച്ചാണ്. എന്‍ജിനിയറിങ്ങും മെഡിസിനും ലക്ഷ്യമിട്ടാണ് കുട്ടികള്‍ പഠിക്കുന്നത്. പ്ളസ് ടു തലത്തിലുള്ള കുട്ടികളുടെ പഠനരീതി തന്നെ മാറിയിരിക്കുന്നു. സമഗ്രമായ അറിവിന്റെ അന്വേഷണമൊന്നും ഔപചാരിക പഠനത്തിന്റെ ഭാഗമാകുന്നില്ല. ശകലീകൃതമായ അറിവ് മാത്രമാണ് പങ്കുവയ്ക്കുന്നത്. എല്ലാ പ്രവേശനപരീക്ഷകളും എഴുതി ഒരിടത്തും അവസരം ലഭിക്കാത്തവരാണ് അടിസ്ഥാന വിഷയങ്ങള്‍ പഠിക്കാന്‍ വരുന്നവരില്‍ മഹാഭൂരിപക്ഷവും. ഈ വിഷയങ്ങള്‍ പഠിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൌകര്യങ്ങളും ലഭിക്കുന്നില്ല. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വായ്പ നല്‍കുന്ന ധനസ്ഥാപനങ്ങളുടെ അജന്‍ഡയില്‍ ഇത്തരം കോഴ്സുകളൊന്നും വരുന്നില്ല. അതുകൊണ്ടുതന്നെ പഠിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ കുട്ടികള്‍ വിഷമിക്കുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വിദ്യാഭ്യാസനിധി ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്.

    ReplyDelete