Friday, October 12, 2012

സംഭരണമില്ല; കര്‍ഷകര്‍ 175 ഏക്കറിലെ നെല്ല് ഉപേക്ഷിച്ചു


അമ്പലപ്പുഴ: കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ നെല്ല് സംഭരണം നടക്കാത്തതിനാല്‍ സമീപ പാടശേഖരങ്ങളിലെ കര്‍ഷകര്‍ കൊയ്യാതെ വിളവ് ഉപേക്ഷിച്ചു. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് ആറാംവാര്‍ഡില്‍ കന്നിട്ടവടക്ക് പാടശേഖരത്തെ കര്‍ഷകരാണ് രോഷവും ദുഃഖവും ഉള്ളിലൊതുക്കി ഈ കടുത്ത തീരുമാനമെടുത്തത്. 175 ഏക്കര്‍ വരുന്ന പാടത്ത് 75 ഓളം ചെറുകിട കര്‍ഷകരുണ്ട്. സമീപത്തെ വിവിധ പാടശേഖരങ്ങളില്‍ കൊയ്തുകൂട്ടി ആഴ്ചകള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ എത്താത്തതിനെ തുടര്‍ന്നാണ് കന്നിട്ട വടക്ക് പാടശേഖരത്തെ കൊയ്ത്ത് ഉപേക്ഷിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കര്‍ഷകരുടെ യോഗം തീരുമാനിച്ചത്.

വിതകഴിഞ്ഞ് 135 ദിവസം പിന്നിട്ട നെല്ല് വിളഞ്ഞ് പാകമായ നിലയിലാണ്. ഏക്കറിന് 15,000ത്തോളം രൂപ ചെലവുവന്ന നെല്ല് കൊയ്തുകൂട്ടിയശേഷം സംഭരിച്ചില്ലെങ്കില്‍ കൊയ്ത്തുകൂലികൂടി നഷ്ടമാകുമെന്നതിനാലാണ് കൊയ്ത്ത് ഉപേക്ഷിക്കുന്നതെന്ന് പാടശേഖരസമിതി സെക്രട്ടറി എബ്രഹാം കുന്നേല്‍ പറഞ്ഞു. നിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവര്‍ക്ക് ഏക്കറിന് 15,000ലധികം രൂപ ചെലവുവന്നു. കഴിഞ്ഞ അഞ്ചിന് കൊയ്ത്തുതുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി തമിഴ്നാട്ടില്‍നിന്ന് 12 കൊയ്ത്ത് യന്ത്രങ്ങളും എത്തിച്ചു.

കൊയ്ത്ത് നടക്കാത്തതിനാല്‍ യന്ത്രമൊന്നിന് 2000 രൂപ വീതവും ദിവസവും വാടകയായി നല്‍കുകയാണ്. ഇനി കൊയ്ത്തു നടത്തിയാലും കര്‍ഷകര്‍ക്ക് നഷ്ടം നേരിടേണ്ടിവരും. ഇടയ്ക്കുപെയ്യുന്ന മഴമൂലം നെല്ല് ഒടിഞ്ഞുവീഴാനും സാധ്യതയുണ്ട്. ഇങ്ങനെ നെല്ല് കൊയ്തെടുത്താല്‍ ഈര്‍പ്പം അധികമാണെന്ന കാരണംകാട്ടി മില്ലുടമകള്‍ നെല്ല് സംഭരിക്കില്ല. ഇതിനുപകരമായി അധിക തൂക്കം നല്‍കണമെന്ന നിബന്ധന മില്ലുടമകള്‍ മുന്നോട്ടുവയ്ക്കും. എന്നാല്‍, മില്ലുടമകളും സിവില്‍ സപ്ലൈസ് അധികൃതരും തമ്മിലുള്ള ഒത്തുകളിമൂലമാണിതുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്ത് യഥാസമയം നെല്ല് സംഭരിക്കാതിരുന്നതിനെതുടര്‍ന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 450 ഏക്കറോളംവരുന്ന നാല്പാടം പാടശേഖരത്തില്‍ അടുത്ത പുഞ്ചകൃഷി ഇറക്കേണ്ടെന്ന് കര്‍ഷകര്‍ തീരുമാനിച്ചു.
(വി പ്രതാപ്)

വളംവില 50 രൂപ കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ യൂറിയ വില ടണ്ണിന് 50 രൂപ വര്‍ധിപ്പിച്ചു. ടണ്ണിന് 5310 രൂപയില്‍നിന്ന് 5360 രൂപയായാണ് വില കൂട്ടിയത്. ചാക്കിന് വില രണ്ടര രൂപയോളം വര്‍ധിക്കും. വളം സബ്സിഡി വളംനിര്‍മാണ കമ്പനികള്‍ക്ക് നേരിട്ട് കൈമാറാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനമെടുത്തതിന്റെ ഭാഗമായാണ് വിലവര്‍ധന. വളം കൈമാറിയതിന്റെ രസീതും അത് കൈപറ്റിയെന്ന ചില്ലറവില്‍പ്പനക്കാരന്റെ സാക്ഷ്യപ്പെടുത്തലും അടിസ്ഥാനമാക്കി വളംനിര്‍മാണ കമ്പനികള്‍ക്ക് സബ്സിഡി നേരിട്ട് പണമായി കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഭാവിയില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സബ്സിഡി പണമായി നേരിട്ട് കൈമാറുന്നതിന് മുന്നോടിയായാണ് ഈ പരിഷ്കാരം. അമ്പതുരൂപ വര്‍ധന സര്‍ക്കാരിന്റെ സബ്സിഡി ചെലവ് കുറയ്ക്കുകയോ വളംനിര്‍മാണ കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം നേടികൊടുക്കുകയോ ഇല്ല. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പ്രോത്സാഹനമായി ചില്ലറവ്യാപാരികള്‍ക്കാണ് ഈ പണം ലഭിക്കുക. ബാധ്യത വരുന്നത് കര്‍ഷകനും.

യൂറിയ വിലയില്‍ ഇപ്പോഴുള്ള വര്‍ധന ഒരു ശതമാനത്തോളമേ വരൂ എങ്കിലും വില പത്തുശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഘടകകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഏറെ നാളായി ഇക്കാര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. നിലവില്‍ യൂറിയ വിലയും മറ്റ് വളങ്ങളുമായുള്ള വിലയില്‍ വലിയ അന്തരമുണ്ടെന്ന് ഫെര്‍ട്ടിലിസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ സതീഷ് ചന്ദര്‍ പറഞ്ഞു. യൂറിയ വില കൂട്ടിയില്ലെങ്കില്‍ രാസവളങ്ങളുടെ അസന്തുലിതമായ ഉപയോഗത്തിന് വഴിവയ്ക്കും. എത്രയും വേഗം സര്‍ക്കാര്‍ വില കൂട്ടുമെന്നാണ് പ്രതീക്ഷ- സതീഷ് ചന്ദര്‍ പറഞ്ഞു. സാമ്പത്തികഅച്ചടക്കത്തിനുള്ള മാര്‍ഗങ്ങള്‍ ആരായാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിജയ് കേല്‍ക്കര്‍ ശുപാര്‍ശകളില്‍ ഏറ്റവും മുഖ്യം യൂറിയ വില കൂട്ടുകയെന്നതാണ്. വളം സബ്സിഡി ഘട്ടംഘട്ടമായി പിന്‍വലിക്കാനും നിര്‍ദേശിക്കുന്നു. ഇതിന്റെ ആദ്യ ചുവടുവയ്പാണ് സബ്സിഡി പണമായി നേരിട്ട് നല്‍കാനുള്ള തീരുമാനം.

deshabhimani 121012

1 comment:

  1. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ നെല്ല് സംഭരണം നടക്കാത്തതിനാല്‍ സമീപ പാടശേഖരങ്ങളിലെ കര്‍ഷകര്‍ കൊയ്യാതെ വിളവ് ഉപേക്ഷിച്ചു. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് ആറാംവാര്‍ഡില്‍ കന്നിട്ടവടക്ക് പാടശേഖരത്തെ കര്‍ഷകരാണ് രോഷവും ദുഃഖവും ഉള്ളിലൊതുക്കി ഈ കടുത്ത തീരുമാനമെടുത്തത്. 175 ഏക്കര്‍ വരുന്ന പാടത്ത് 75 ഓളം ചെറുകിട കര്‍ഷകരുണ്ട്. സമീപത്തെ വിവിധ പാടശേഖരങ്ങളില്‍ കൊയ്തുകൂട്ടി ആഴ്ചകള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ എത്താത്തതിനെ തുടര്‍ന്നാണ് കന്നിട്ട വടക്ക് പാടശേഖരത്തെ കൊയ്ത്ത് ഉപേക്ഷിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കര്‍ഷകരുടെ യോഗം തീരുമാനിച്ചത്.

    ReplyDelete