Sunday, October 7, 2012

അസം: ക്യാമ്പുകളിലെ സ്ഥിതി പരിതാപകരം- കാരാട്ട്


അസമില്‍ വംശീയ കലാപത്തെതുടര്‍ന്ന് ജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കൊക്രാജ്ഹര്‍, ബൊംഗൈഗാവോണ്‍ ജില്ലകളിലെ വിവിധ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിപിഐ എം ശേഖരിച്ച സഹായവസ്തുക്കള്‍ കാരാട്ട് ക്യാമ്പുകളില്‍ കൈമാറി.

പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുമാത്രം മറച്ച ക്യാമ്പുകളില്‍ ദയനീയമായ അവസ്ഥയിലാണ് ജനങ്ങള്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ അങ്ങേയറ്റത്തെ അവഗണനയാണ് ഈ ക്യാമ്പുകളോട് കാട്ടുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. എത്രയുംവേഗം ജനങ്ങള്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള അവസ്ഥയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അസമില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സിപിഐ എം രാജ്യവ്യാപകമായി ധനസമാഹരണം നടത്തും. ഇതിലൂടെ ദുരിതബാധിതര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമെത്തിക്കാന്‍ കഴിയും. സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി പ്രത്യേകമായ ധനസമാഹരണവും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി ഉദ്ധബ് ബര്‍മന്‍, കേന്ദ്ര കമ്മിറ്റി അംഗം ഹേമന്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം ബിജ്നിയില്‍ പൊതുയോഗത്തിലും പ്രകാശ് കാരാട്ട് സംസാരിച്ചു. ഡോ. മഹോദര്‍ പഥക് അധ്യക്ഷനായി.

ജൂലൈയില്‍ നടന്ന വംശീയകലാപത്തില്‍ ബോഡോ സ്വയംഭരണമേഖലയിലെ അഞ്ചുലക്ഷം ജനങ്ങളുടെ ജീവിതമാണ് പിഴുതെറിയപ്പെട്ടത്. സര്‍ക്കാരിന്റെ കണക്കനുസരിച്ചുതന്നെ രണ്ടുലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിലാണ്. ലഖിംപുരിലെ ക്യാമ്പില്‍ 392 കുടുംബങ്ങള്‍ തിങ്ങിഞെരുങ്ങി കഴിയുന്നു. ഇവിടെ ഒരു അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. കുടിവെള്ളമില്ല, ശുചീകരണസംവിധാനമില്ല. കുട്ടികള്‍ മാസങ്ങളായി സ്കൂളില്‍ പോകാന്‍ കഴിയാതെ ക്യാമ്പില്‍ കഴിയുകയാണ്. സര്‍ക്കാര്‍ അരിയും പരിപ്പും നല്‍കുന്നു. എന്നാല്‍, പാചകംചെയ്യാന്‍ ഒരു കഷണം വിറകുപോലുമില്ല. വൈദ്യുതിയില്ല. മൂന്നാഴ്ചയായി നല്‍കിയത് മൂന്ന് മെഴുകുതിരികള്‍. ഇവിടെയുള്ള 112 കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെട്ടു.

deshabhimani 071012

1 comment:

  1. അസമില്‍ വംശീയ കലാപത്തെതുടര്‍ന്ന് ജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കൊക്രാജ്ഹര്‍, ബൊംഗൈഗാവോണ്‍ ജില്ലകളിലെ വിവിധ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിപിഐ എം ശേഖരിച്ച സഹായവസ്തുക്കള്‍ കാരാട്ട് ക്യാമ്പുകളില്‍ കൈമാറി.

    ReplyDelete