Friday, October 12, 2012

തങ്ങള്‍ക്കും ലീഗ് മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം


കലിക്കറ്റ് സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കിയെന്ന പരാതിയില്‍ മുസ്ലിംലീഗ് അധ്യക്ഷനും ലീഗ് മന്ത്രിമാര്‍ക്കും സര്‍വകലാശാലാ അധികൃതര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍, വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം, കെ എം ഷാജി എംഎല്‍എ എന്നിവരടക്കം 111 പേര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ജഡ്ജി വി ഭാസ്കരന്‍ ഉത്തരവിട്ടത്.

മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഭൂമിദാനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ ടി കെ നാരായണന്‍, അഡ്വ. എം സി ആഷി മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ച സിന്‍ഡിക്കറ്റിലെ നോമിനേറ്റഡ് അംഗങ്ങള്‍, സി എച്ച് മുഹമ്മദ് കോയ ചെയറിലെ ഗവേണിങ് ബോഡി അംഗങ്ങള്‍, സി എച്ച് ചെയറിന് പണം നല്‍കിയ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറി, പ്രസിഡന്റ്, മേയര്‍, ചെയര്‍മാന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.

ലീഗ് അധ്യക്ഷന്‍, സര്‍വകലാശാലാ പ്രോ-ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, പഞ്ചായത്ത്-സാമൂഹ്യ ക്ഷേമമന്ത്രി എം കെ മുനീര്‍ എന്നിവര്‍ അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് അനധികൃത ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നാണ് പ്രധാന ആരോപണം. സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി ലീഗ് നിയന്ത്രണത്തിലുള്ള കടലാസ് സംഘങ്ങള്‍ക്ക് ദാനംചെയ്യാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയില്‍ പരിശോധനപോലും നടത്താതെയായിരുന്നു സിന്‍ഡിക്കേറ്റിന്റെ അനുകൂല തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍, മന്ത്രി മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കലിക്കറ്റ് ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയുടെ പേരിലാണ് ഭൂമി പതിച്ചുനല്‍കിയത്.

സി എച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്ന സ്ഥാപനം തുടങ്ങാന്‍ അപേക്ഷ നല്‍കിയ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് രജിസ്ട്രേഷന്‍ പോലുമില്ല. അസോസിയേഷന്റെ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ്. സി എച്ച് ചെയറിനായി ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് 20 ഏക്കര്‍, ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്നേക്കര്‍ എന്നിങ്ങനെ ഭൂമി പതിച്ചു നല്‍കാനാണ് സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. "ദേശാഭിമാനി"യില്‍ വാര്‍ത്തവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ഭൂമിദാന നീക്കം വൈസ്ചാന്‍സലറുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ലീഗ് ശ്രമിച്ചു. വി സിക്ക് തെറ്റുപറ്റിയെന്ന ആക്ഷേപവുമായി ലീഗ് നേതാക്കള്‍ ഒന്നിച്ച് രംഗത്തെത്തുകയും വിവാദ തീരുമാനം മരവിപ്പിക്കുകയുംചെയ്തു.

നേതാക്കള്‍ കുടുങ്ങും

കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനം വിജിലന്‍സ് അന്വേഷിക്കുന്നതിലൂടെ വെട്ടിലായത് മുസ്ലിംലീഗ് നേതൃത്വം. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍, മന്ത്രിമാരായ പി കെ അബ്ദുറബ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ലീഗിന് എളുപ്പം കൈകഴുകാനാവില്ല. ഭൂമിദാനീക്കം പാര്‍ടിയുടെ അറിവോടെയായിരുന്നില്ലെന്ന വാദവുമായി അവര്‍ക്ക് അന്വേഷണത്തെ നേരിടാനാവില്ല. ഭൂമിദാന നീക്കം വിവാദമായപ്പോള്‍ എല്ലാം സിന്‍ഡിക്കേറ്റംഗങ്ങളുടെയും വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെയും തലയില്‍ കെട്ടിവച്ച് തടിയൂരാനാണ് ലീഗ് നേതൃത്വം ശ്രമിച്ചത്. ഭൂമി അനുവദിക്കുന്നതില്‍ വി സിക്ക് തെറ്റുപറ്റിയെന്നായിരുന്നു വിവാദമുണ്ടായ ഉടന്‍ ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. തീരുമാനം തെറ്റാണെന്നും സിന്‍ഡിക്കേറ്റിലെ ലീഗ് അംഗങ്ങളോട് വിശദീകരണം ചോദിക്കുമെന്നുമായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

എന്നാല്‍,എല്ലാം നടന്നത് പാര്‍ടി തീരുമാനമനുസരിച്ചാണെന്ന് ഭൂമിദാന ഇടപാടിലെ ഓരോ രേഖയും സാക്ഷ്യപ്പെടുത്തുന്നു. സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റിക്ക് പത്തേക്കര്‍ ഭൂമി ആവശ്യപ്പെട്ട് ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടത് ഹൈദരലി ശിഹാബ് തങ്ങളാണ്. ട്രസ്റ്റ് അംഗങ്ങളില്‍ ഭൂരിഭാഗവും ലീഗ് ജില്ലാ നേതാക്കളും ലീഗിന്റെ വിവിധ പോഷകസംഘടനാ ഭാരവാഹികളുമാണ്. അപേക്ഷ പരിഗണിക്കുന്നതില്‍ സിന്‍ഡിക്കേറ്റ് അസ്വാഭാവികമായ തിടുക്കവും കാട്ടി. മാര്‍ച്ച് 20ന് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് 27ന് പദ്ധതിക്ക് അനുമതിനല്‍കി. ഭൂമി അനുവദിക്കുന്നതില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് വ്യക്തം. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ അധികൃതരുമായി ലീഗ് നേതാക്കളും മന്ത്രിമാരും ഗൂഢാലോചന നടത്തിയാണ് ഇടപാടിന് കളമൊരുക്കിയതെന്ന ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലായിരുന്നു നീക്കങ്ങളെല്ലാം.

കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റും തട്ടിക്കൂട്ട് സംഘടനയാണ്. ബാഡ്മിന്റണ്‍ അക്കാദമി സ്ഥാപിക്കാമെന്ന് വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയാണ് ഒരുവര്‍ഷം മുമ്പ് ട്രസ്റ്റ് രൂപീകരിച്ചത്. കോഴിക്കോട് പെരുമണ്ണയില്‍ ട്രസ്റ്റ് ഒന്നേകാല്‍ ഏക്കര്‍ ഭൂമി വാങ്ങിയെങ്കിലും പാടം നികത്താനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്നാണ് സര്‍വകലാശാലാ ഭൂമിയില്‍ ട്രസ്റ്റ് കണ്ണുവച്ചത്. മന്ത്രി എം കെ മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്റെ കാര്യത്തിലും അനാവശ്യമായ തിടുക്കമാണ് സിന്‍ഡിക്കേറ്റും വി സിയും കാണിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനും 31നും ഇടയിലുള്ള സിന്‍ഡിക്കേറ്റ് യോഗങ്ങളാണ് വിവാദ തീരുമാനങ്ങളെല്ലാം കൈക്കൊണ്ടത്. അപേക്ഷ നല്‍കിയ ട്രസ്റ്റുകളുടെ അംഗീകാരം, പ്രവര്‍ത്തന പാരമ്പര്യം, സാമ്പത്തികശേഷി, ഉദ്ദേശ്യശുദ്ധി എന്നിവയൊന്നും പരിശോധിക്കാതെയാണ് കോടികള്‍ വിലവരുന്ന ഭൂമി പതിച്ചു നല്‍കാന്‍ നീക്കംനടന്നത്.

പുറത്തുവരാനിരിക്കുന്നത് ഭൂമി കൊള്ളയ്ക്കുള്ള ലീഗ് ശ്രമം

കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനം വിജിലന്‍സ് അന്വേഷിക്കുന്നതിലൂടെ പുറത്തുവരാനിരിക്കുന്നത് കോടികളുടെ പൊതുമുതല്‍ ചുളുവില്‍ തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കം. മുസ്ലിംലീഗ് നേതാക്കളും ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളും സിന്‍ഡിക്കേറ്റിലെ ലീഗ് അംഗങ്ങളും സര്‍വകലാശാലാ ഭൂമി തട്ടിയെടുക്കാന്‍ നടത്തിയ വന്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ പ്രധാനമായും വെളിച്ചത്തുവരിക. സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി ലീഗ് നിയന്ത്രണത്തിലുള്ള കടലാസ് സംഘങ്ങള്‍ക്ക് ദാനംചെയ്യാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയില്‍ പരിശോധനപോലും നടത്താതെയായിരുന്നു സിന്‍ഡിക്കേറ്റിന്റെ അനുകൂല തീരുമാനം.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി എം കെ മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെ കൈമാറാനായിരുന്നു നീക്കം. സി എച്ച് മുഹമ്മദ്കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാലാണ് മറ്റൊരു കടലാസ് സംഘടനയുണ്ടാക്കിയത്. ഹൈദരലി ശിഹാബ് തങ്ങളെ ചെയര്‍മാനാക്കി മൂന്നിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനാണ് അപേക്ഷ നല്‍കിയത്. ഇതിന്റെ ഭാരവാഹികളെല്ലാം ലീഗിന്റെ പ്രാദേശിക നേതാക്കളാണ്. ഈ സംഘടനക്ക് ഭൂമി അനുവദിക്കാന്‍ ലീഗ് മന്ത്രിമാര്‍ നേരിട്ട് ഇടപെടുകയായിരുന്നു. അനധികൃതമായി ഭൂമി നല്‍കുന്നത് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടും അവരുടെ വിയോജനക്കുറിപ്പോടെ ഭൂമി നല്‍കാനാണ് സിന്‍ഡിക്കേറ്റ് യോഗം തിടുക്കപ്പെട്ട് തീരുമാനിച്ചത്. ഇത് അടിയന്തിര കാര്യമായി പരിഗണിക്കാന്‍ വിസിയുടെ ഒത്താശയുമുണ്ടായിരുന്നു.

ഭൂമിക്ക് അപേക്ഷിച്ച കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകള്‍ ലസിതയുടെ ഭര്‍ത്താവ് സുല്‍ഫിക്കറിന്റെ പിതാവ് ഡോ. കുഞ്ഞാലിയാണ്. മന്ത്രി മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷനെ സര്‍വകലാശാലാ കായിക സമുച്ചയ പദ്ധതിയില്‍ പങ്കാളിയാക്കി ഭൂമിതട്ടാനാണ് നീക്കം നടന്നത്. ഭൂമിദാനം സംബന്ധിച്ച് "ദേശാഭിമാനി"യില്‍ വാര്‍ത്തവന്നതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഭൂമിദാന നീക്കം വൈസ്ചാന്‍സലറുടെ തലയില്‍ കെട്ടിവച്ച് തടിയൂരാനായിരുന്നു മുസ്ലിംലീഗ് ശ്രമിച്ചത്. വി സിക്ക് തെറ്റുപറ്റിയെന്ന ആക്ഷേപവുമായി ലീഗ് നേതാക്കള്‍ ഒന്നിച്ച് രംഗത്തെത്തുകയും വിവാദ തീരുമാനം മരവിപ്പിക്കുകയുംചെയ്തു.
(സി പ്രജോഷ്കുമാര്‍)

deshabhimani 121012

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കിയെന്ന പരാതിയില്‍ മുസ്ലിംലീഗ് അധ്യക്ഷനും ലീഗ് മന്ത്രിമാര്‍ക്കും സര്‍വകലാശാലാ അധികൃതര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍, വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം, കെ എം ഷാജി എംഎല്‍എ എന്നിവരടക്കം 111 പേര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ജഡ്ജി വി ഭാസ്കരന്‍ ഉത്തരവിട്ടത്.

    ReplyDelete