Friday, October 12, 2012

വടകരയില്‍ യുഡിഎഫ് തട്ടകത്ത് എല്‍ഡിഎഫിന് മിന്നും വിജയം


സിപിഐ എം വേട്ടയുടെ തലസ്ഥാനമായ വടകരയില്‍ ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനത്തിന്റ കരുത്ത് തെളിയിച്ച് വീണ്ടും ചെങ്കൊടി പാറി. വ്യാജ വാര്‍ത്തകളും കുപ്രചാരണങ്ങളുമായി പാര്‍ടിക്കെതിരെ തുടരുന്ന സമാനതകളില്ലാത്ത കടന്നാക്രമണങ്ങള്‍ക്കിടയിലാണ് വടകര നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വലവിജയം നേടിയത്. യുഡിഎഫ് സിറ്റിങ് സീറ്റായ ചീനംവീട് വാര്‍ഡില്‍ എല്‍ഡിഎഫിലെ കെ പി ജിഷ തിളക്കമാര്‍ന്ന ജയമാണ് നേടിയത്. യുഡിഎഫിലെ വണ്ണാന്റവിട പ്രേമിയെ 32 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. കഴിഞ്ഞ തവണ 26 വോട്ടിന് എല്‍ഡിഎഫ് തോറ്റ വാര്‍ഡാണിത്. രാഷ്ടീയമായും അല്ലാതെയും ഇത്രയേറെ പ്രചാരവേലകള്‍ അഴിച്ചുവിട്ടിട്ടും സ്വന്തം തട്ടകത്തില്‍ തന്നെ യുഡിഎഫിനെ ജനം കൈവിട്ടത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെയും പാര്‍ടി വിരുദ്ധ സംഘത്തെയും ഒരുപറ്റം മാധ്യമങ്ങളെയും നിരാശയിലാഴ്ത്തി. പോള്‍ ചെയ്ത 926 വോട്ടില്‍ 459 വോട്ടും എല്‍ഡിഎഫിന് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് 37 വോട്ടുലഭിച്ചപ്പോള്‍ മൂന്ന് വോട്ട് അസാധുവായി. ബിജെപി വോട്ടില്‍ വന്‍ചോര്‍ച്ചയുണ്ടായിട്ടും ഇത്തവണയും യുഡിഎഫിന് വിജയം ആവര്‍ത്തിക്കാനായില്ല. ഇതോടെ 44 അംഗങ്ങളുള്ള മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന്റെ അംഗബലം 28 ആയി.

""ചന്ദ്രശേഖരനെ ഓര്‍ക്കൂ; സിപിഐ എമ്മിനെതിരെ വിധിയെഴുതൂ"" എന്നാവശ്യപ്പെട്ടാണ് യുഡിഎഫുകാരും പാര്‍ടി വിരുദ്ധരും വീടുകള്‍ കയറിയിറങ്ങിയത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വടകരയില്‍ നടക്കുന്ന ആദ്യത്തെ ജനവിധിയാണിതെന്നും അത് സിപിഐ എമ്മിന് ഷോക്ക് ട്രീറ്റ്മെന്റാവണമെന്നും പ്രചരിപ്പിച്ചു. "ഭയം നാടിനെ ഭരിക്കാന്‍ അനുവദിക്കരുത്" എന്ന ലഘുലേഖയും ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മാതൃഭൂമിയില്‍ എഴുതിയ "മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മാര്‍ക്സിസ്റ്റ് സഖാക്കള്‍ക്ക്" എന്ന തുറന്ന കത്തും വീടുവീടാന്തരം വിതരണം ചെയ്തു. ഇതിന് പുറമെ പത്ര മാധ്യമങ്ങളിലൂടെയും നുണ പ്രചാരണം നടത്തി. എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങളെയും അതിജീവിച്ച് വടകരയിലെ വോട്ടര്‍മാര്‍ ഒരിക്കല്‍കൂടി രാഷ്ടീയ പ്രബുദ്ധത തെളിയിച്ചു.
(പി കെ സജിത്)

deshabhimani news

1 comment:

  1. സിപിഐ എം വേട്ടയുടെ തലസ്ഥാനമായ വടകരയില്‍ ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനത്തിന്റ കരുത്ത് തെളിയിച്ച് വീണ്ടും ചെങ്കൊടി പാറി. വ്യാജ വാര്‍ത്തകളും കുപ്രചാരണങ്ങളുമായി പാര്‍ടിക്കെതിരെ തുടരുന്ന സമാനതകളില്ലാത്ത കടന്നാക്രമണങ്ങള്‍ക്കിടയിലാണ് വടകര നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വലവിജയം നേടിയത്.

    ReplyDelete