Tuesday, September 17, 2013

നിഷ്ഠൂര കൊലപാതകത്തില്‍ പ്രതിഷേധിക്കുക: പിണറായി

കാസര്‍ഗോഡ് കൊലപാതകം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിനാശകരമായ രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ നിഷ്ഠൂര കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. സി.പി.ഐ (എം) പ്രവര്‍ത്തകനായ എം.ബി.ബാലകൃഷ്ണനെ തിരുവോണ നാളില്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢലോചനയുടെ ഫലമായാണ്.

പറയത്തക്ക ഒരു പ്രകോപനവും ഇല്ലാതെയാണ് നാല്‍പത്തഞ്ചുകാരനായ ബാലകൃഷ്ണനെ വകവരുത്തിയത്. കാസര്‍ഗോഡ് മാങ്ങാട് സ്വദേശിയായ ബാലകൃഷ്ണന്‍ ഒരു മരണവീട്ടില്‍ പോയി ഇരുചക്രവാഹനത്തില്‍ മടങ്ങുമ്പോഴാണ് കോണ്‍ഗ്രസ് അക്രമികള്‍ ആക്രമിച്ചത്. ഒരു തുള്ളി ചോര പോലും പുറത്ത് വരും മുമ്പ് ഒറ്റകുത്തിനാണ് ഹൃദയവും ശ്വാസകോശവും തകര്‍ത്ത് ഒരു ജീവന്‍ കവര്‍ന്നെടുത്തത്. കൊല തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് കൊല നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്വാധീനമേഖല തെരഞ്ഞെടുത്താണ് തിരുവോണ രാത്രിയില്‍ നിഷ്ഠൂരമായ പാതകം നടത്തിയത്.

ഭാര്യയും രണ്ട് മക്കളുമുള്ള ബാലകൃഷ്ണനെ വകവരുത്തിയതിന് ഒരു ന്യായീകരണവുമില്ല. ഇത്തരം നിഷ്ഠൂര കൊലപാതകങ്ങള്‍കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരായ ജനകീയ പ്രക്ഷോഭത്തെ തടഞ്ഞു നിര്‍ത്താം എന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കരുതുന്നത്. ഭരണത്തിന്റെ തണലിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. പ്രതികളെ പിടികൂടാനും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനും എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും പോലീസിനോടും പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു കാസര്‍കോട് ഹര്‍ത്താല്‍

കാസര്‍കോട് :മാങ്ങാട് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. പെരുമ്പ സ്വദേശി എം ബി ബാലകൃഷ്ണന്‍ (45 )ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ സിപിഐഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചക്ക് സംസ്കരിക്കും. ബാലകൃഷ്ണന്റേത് രാഷ്ട്രീയകൊലപാതകമാണെന്നും കോണ്‍ഗ്രസുകാരാണ് ഇതിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതികളെകുറിച്ചുള്ള സൂചനകള്‍ നല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല

സിപിഐ എം പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്നു

ഉദുമ: തിരുവോണ നാളില്‍ സിപിഐ എം പ്രവര്‍ത്തകനെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ(45)യാണ് നിഷ്ഠുരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി എട്ടോടെ ആര്യടുക്കം എല്‍പി സ്കൂള്‍ റോഡിലാണ് സംഭവം.

ആര്യടുക്കത്തെ ബന്ധുവിന്റെ സംസ്കാരച്ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങവേ ബാലകൃഷ്ണന്റെ സ്കൂട്ടര്‍ തടഞ്ഞ മൂന്നംഗസംഘം നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധം കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ ബാലകൃഷ്ണന്‍ ഓടി സമീപത്തെ വീട്ടില്‍ കയറിയെങ്കിലും അവിടെ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരു വീട്ടിലേക്ക് ഓടവേ ബോധമറ്റുവീണു. നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട്് വീട്ടുവളപ്പില്‍ സംസ്കരിച്ചു.

സംഘര്‍ഷമൊന്നുമില്ലാത്ത പ്രദേശത്ത് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് കൊലപാതകം. കെപിസിസി അംഗം കുഞ്ഞിക്കേളുനായരുടെ മകന്‍ ഷിബു, ഐഎന്‍ടിയുസി പഞ്ചായത്ത് പ്രസിഡന്റ് മജീദ്, ആര്യടുക്കം കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രജിത് എന്ന ലുട്ടാപ്പി എന്നിവരാണ് കൊലയാളിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ആളെ കൊല്ലാന്‍ പരിശീലനം നേടിയവരാണിവരെന്ന് കൊല നടത്തിയ രീതിയില്‍നിന്ന് വ്യക്തമാണ്. നെഞ്ചില്‍ ഒറ്റക്കുത്തില്‍ ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ തകര്‍ത്ത് രക്തം പുറത്തേക്ക് പോകാത്ത രീതിയിലാണ് കൊല നടത്തിയത്. പരിശീലനം ലഭിച്ചവര്‍ക്കേ ഇത്തരം കൊലപാതകം നടത്താന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയവിരോധമാണെന്ന് കാഞ്ഞങ്ങാട് സിഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.

മാങ്ങാട് ടൗണിലെ ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണന്‍ പരേതരായ ബമ്പന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. ഉദുമ വനിതാ സഹകരണസംഘം കലക്ഷന്‍ ഏജന്റ് എ വി അനിതയാണ് ഭാര്യ. സിപിഐ എം മാങ്ങാട് ബ്രാഞ്ച് അംഗമാണ് അനിത. വിദ്യാര്‍ഥികളായ ആരതി, അക്ഷയ് എന്നിവര്‍ മക്കള്‍. സഹോദരങ്ങള്‍: സിപിഐ എം മാങ്ങാട് ബ്രാഞ്ച് അംഗം ബാലചന്ദ്രന്‍, ഭാസ്കരന്‍, സാവിത്രി, ബാബു, സിപിഐ എം മാങ്ങാട് ബ്രാഞ്ച് സെക്രട്ടറി മണികണ്ഠന്‍.

deshabhimani

No comments:

Post a Comment