Thursday, September 26, 2013

മോഡിയുടെ മോടി കൂട്ടാന്‍ കേരളസംഘം ഗുജറാത്തില്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രൗഢി വളര്‍ത്താന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കേരള സര്‍ക്കാര്‍ പ്രതിനിധി സംഘവും. "നൈപുണ്യ വികസനം" സംബന്ധിച്ച് ഗുജറാത്ത്ഗാന്ധിനഗര്‍ മഹാത്മാ മന്ദിറില്‍ ബുധനാഴ്ച തുടങ്ങിയ ദേശീയ സമ്മേളനത്തിലാണ് കേരളത്തില്‍നിന്ന് ഒമ്പത് അംഗസംഘം പങ്കെടുക്കുന്നത്. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഗുജറാത്തിലേക്ക് പോയത്. ഷിബു ബേബിജോണിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബി അനില്‍, ഉപദേശകന്‍ എം പി ജോസഫ്, തൊഴില്‍ വകുപ്പ് ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍, ട്രെയിനിങ് ഡയറക്ടര്‍ എന്‍ പ്രശാന്ത്, വ്യവസായ പരിശീലന വകുപ്പ് കണ്ണൂര്‍മേഖലാ ജോയിന്റ് ഡയറക്ടര്‍ ബി ജസ്റ്റിന്‍രാജ്, പരിശീലന ഡയറക്ടറേറ്റിലെ ആസൂത്രണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി മനേക്ഷാ പ്രസാദ്, പാലക്കാട്ടെ ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയ്നിങ് കെ പി ശിവശങ്കരന്‍, കഴക്കൂട്ടം വനിതാ ഐടിഐ പ്രിന്‍സിപ്പല്‍ എം എസ് നെഹാസ്, അഡീഷണല്‍ ട്രെയിനിങ് ഡയറക്ടര്‍ പി കെ മാധവന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

സമ്മേളനം ഉദ്ഘാടനംചെയ്ത മോഡി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. യുവജനതയുടെ നൈപുണ്യ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന് കാഴ്ചപ്പാടില്ലെന്ന് മോഡി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ മോഡി വിമര്‍ശിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള സര്‍ക്കാര്‍സംഘം കൈയടിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. മഥുരയില്‍നിന്ന് ലോക്സഭാ പ്രചാരണം തുടങ്ങാനാണ് മോഡി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട മോഡി "നരാധമന്‍" പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്. അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്കാണ് പ്രചാരണ ചുമതല. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ദേശീയ അധ്യാപക സമ്മേളനം സംഘടിപ്പിച്ചിരുന്നു. നേരത്തേ മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്തിലെത്തി മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. അപ്പോള്‍ മോഡിയില്‍നിന്നും ഗുജറാത്തില്‍നിന്നും ഒന്നും പഠിക്കാനില്ലെന്നാണ് ഷിബു പ്രതികരിച്ചത്.

ഗുജറാത്ത് സന്ദര്‍ശനം കേരള സംഘത്തെ തിരിച്ചുവിളിക്കണം: ഐസക്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഗാന്ധിനഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന കേരള സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ തിരിച്ചുവിളിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു. ഇവരുടെ യാത്രയ്ക്കായി തൊഴില്‍വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണം. ജനങ്ങളോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാപ്പുപറയണം. വെറുക്കപ്പെട്ട രാഷ്ട്രീയനേതാവെന്ന നിലയില്‍നിന്ന് സര്‍വസമ്മതന്‍ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് ഒത്താശ ചെയ്യുകയാണ് കേരള സര്‍ക്കാരെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഴായിരം പേര്‍ പങ്കെടുക്കുന്ന മഹാമേളയില്‍ പ്രതിനിധി സംഘം എന്താണ് പഠിക്കുന്നതെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ വ്യക്തമാക്കണം. കഴിഞ്ഞ തവണ മോഡിയെ സന്ദര്‍ശിച്ചത് വിവാദമായപ്പോള്‍, ഗുജറാത്തില്‍നിന്ന് ഒന്നും പഠിക്കാനില്ലെന്നു പറഞ്ഞ് മന്ത്രി തടിതപ്പി. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയാണ് സര്‍ക്കാര്‍ കളങ്കപ്പെടുത്തുന്നത്. ഗുജറാത്തില്‍നിന്ന് എന്താണ് കേരളത്തിന് പഠിക്കാനുള്ളതെന്ന് വ്യക്തമാക്കണം. ശിശുമരണ നിരക്കിന്റെ കുറവില്‍ കേരളം പന്ത്രണ്ടാമതും ഗുജറാത്ത് നാല്‍പ്പതാമതുമാണ്. ജീവിതായുസ്സിന്റെ കാര്യത്തില്‍ കേരളം ഒന്നാമതും ഗുജറാത്ത് പതിനെട്ടാമതുമാണ്. മാതൃമരണ നിരക്കിന്റെ കുറവില്‍ കേരളം രണ്ടാമതും ഗുജറാത്ത് പതിനാറാമതുമാണ്. ജനങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗശേഷി കേരളത്തില്‍ 1117 രൂപയെങ്കില്‍ ഗുജറാത്തില്‍ 722 രൂപയാണ്. ശിശുവിവാഹത്തെ എതിര്‍ക്കുന്ന സിപിഐ എമ്മിനും ബിജെപിക്കും ഒരേ നാവാണെന്ന് പറഞ്ഞ മുസ്ലിംലീഗ് കേരള സര്‍ക്കാരിന്റെ നയത്തെക്കുറിച്ചുള്ള അഭിപ്രായം പറയണം. ഗര്‍ഭിണിയുടെ വയറുകീറി ശിശുവിനെ വലിച്ചെടുത്ത് ആര്‍ത്തട്ടഹിച്ചവര്‍ക്ക് നേതൃത്വം നല്‍കിയ മോഡിയെ വനിതാസമ്മേളനം ഉദ്ഘാടനംചെയ്യാന്‍ ക്ഷണിക്കുന്നത് ശരിയാണോയെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും ഐസക് പറഞ്ഞു.

deshabhimani

No comments:

Post a Comment