Monday, September 30, 2013

സോണിയക്ക് ആസ്വദിക്കാന്‍ നെയ്യാര്‍ഡാമിലെ വെള്ളം തുറന്നുവിട്ടു

സോണിയക്ക് കാണാന്‍ നെയ്യാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടു. രാജീവ്ഗാന്ധി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. പരമാവധി സംഭരണശേഷി കഴിയുമെന്ന ഘട്ടത്തില്‍ മാത്രമാണ് അണക്കെട്ട് തുറക്കുന്നത്. നെയ്യാര്‍ഡാമില്‍ കെപിസിസിയുടെ രാജീവ്ഗാന്ധി സ്റ്റഡിസെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും സോണിയാഗാന്ധിക്കും കാണാനായി അണക്കെട്ട് തുറക്കാന്‍ മുകളില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി ജീവനക്കാര്‍ പറഞ്ഞു. ഇതനുസരിച്ച് വെള്ളിയാഴ്ച അണക്കെട്ട് തുറന്നു.സോണിയ മടങ്ങിയതിനുപിന്നാലെ അണക്കെട്ട് അടയ്ക്കുകയും ചെയ്തു.

സോണിയയുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ കലക്ടറും

സോണിയ ഗാന്ധിയുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ കെഎസ്ആര്‍ടിസി ബസുകളുടെ നിര്‍ബന്ധസേവനം ആവശ്യപ്പെട്ട് കലക്ടറുടെ ഉത്തരവ്. തിങ്കളാഴ്ച സോണിയ ഗാന്ധി പങ്കെടുക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ ആളെ കൊണ്ടുവരുന്നതിനാണ് കെഎസ്ആര്‍ടിസി ബസുകളുടെ സേവനം കലക്ടര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിനുമുമ്പ് വിവിധ ഡിപ്പോകളില്‍നിന്ന് നൂറോളം ബസുകള്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനുള്ള ആളെ കയറ്റി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിക്കണമെന്നാണ് ഉത്തരവ്. പരിപാടിയില്‍ പങ്കെടുത്തശേഷം ഇവര്‍ക്ക് മടങ്ങിപ്പോകാന്‍ പാകത്തില്‍ ഉച്ചയ്ക്കുള്ള സര്‍വീസുകളും ക്രമപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

കെഎസ്ആര്‍ടിസി എംഡി മോഹന്‍ലാലിന് ശനിയാഴ്ചയാണ് കലക്ടറുടെ ഉത്തരവ് ലഭിച്ചത്. ഉത്തരവിന്റെ കോപ്പി എംഡി ഡിപ്പോ എടിഒമാര്‍ക്ക് കൈമാറി. തുടര്‍ന്ന് ഡിപ്പോ അധികൃതര്‍ തിടുക്കത്തില്‍ നടപടികള്‍ എടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രാദേശികനേതാക്കളുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള നിര്‍ദേശക്കുറിപ്പാണ് ഡിപ്പോ അധികൃതര്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നല്‍കിയിട്ടുള്ളത്. ബസ് വില്ലേജ് ഓഫീസിനുസമീപം എത്തിച്ചേര്‍ന്നശേഷം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഫോണില്‍ ബന്ധപ്പെട്ട് അവരുടെ നിര്‍ദേശപ്രകാരം സര്‍വീസ് നടത്താനാണ് നിര്‍ദേശം. നിരവധി പ്രദേശങ്ങളിലേക്കുള്ള സര്‍വീസ് വെട്ടിക്കുറച്ചാണ് യുപിഎ അധ്യക്ഷയുടെ പരിപാടിക്ക് സര്‍ക്കാര്‍ സര്‍വീസ് ഉപയോഗിക്കുന്നത്. സോണിയ ഗാന്ധിയുടെ പരിപാടിക്ക് പോകുന്ന യാത്രക്കാരില്‍നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കുമെന്നാണ് ഡിപ്പോ എടിഒമാര്‍ പറയുന്നത്. എന്നാല്‍, ഇതിന് നിര്‍ബന്ധനിര്‍ദേശമില്ല. തിരുവനന്തപുരം ഡിപ്പോയില്‍നിന്ന് 64 ബസും നെടുമങ്ങാട്, ആര്യനാട്, വിതുര, വെള്ളനാട്, വെഞ്ഞാറമൂട് തുടങ്ങിയ ഡിപ്പോകളില്‍നിന്ന് 10 വീതം ബസുകളും കലക്ടറുടെ ഉത്തരവുപ്രകാരം സര്‍വീസ് നടത്തും.

ഉമ്മന്‍ചാണ്ടിക്കെതിരെ ഇറ്റാലിയന്‍ ഭാഷയില്‍ ബോര്‍ഡ്

കാട്ടാക്കട: സോണിയാഗാന്ധി കാണാനായി ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കഥകള്‍ നിരത്തി ഇറ്റാലിയന്‍ ഭാഷയിലുള്ള ബോര്‍ഡ്. നെയ്യാര്‍ഡാമിലേക്കുള്ള യാത്രയില്‍ സോണിയ കാണുന്നതിനായി ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും എഴുതിയ ഉമ്മന്‍ചാണ്ടിയുടെ കാരിക്കേച്ചറോടുകൂടിയ ഫ്ളക്സ് ബോര്‍ഡ് കാട്ടാക്കടയിലാണ് സ്ഥാപിച്ചത്. അഴിമതിയിലും അധോലോകബന്ധത്തിലും മുങ്ങിയ ഉമ്മന്‍ചാണ്ടി ചരിത്രമാണ് രേഖപ്പെടുത്തിയിരുന്നത്. തൊട്ടുപിറകിലെ കാറില്‍ വരികയായിരുന്ന ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഈ രംഗങ്ങള്‍ കണ്ടു.

കാട്ടാക്കടയില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു. ജനങ്ങള്‍ വലഞ്ഞു. നെയ്യാര്‍ഡാമില്‍ രാജീവ്ഗാന്ധി സ്റ്റഡിസെന്റര്‍ ഉദ്ഘാടനംചെയ്യാനെത്തിയ സോണിയാഗാന്ധിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി കാട്ടാക്കട- നെയ്യാര്‍ഡാം റൂട്ടില്‍ ഇരുചക്രവാഹനങ്ങളടക്കമുള്ളവയ്ക്ക് രിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സോണിയാഗാന്ധി തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിയത്. ഇതിന് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ ഈ റോഡിലെ ഗതാഗതം പൂര്‍ണമായും തടഞ്ഞിരുന്നു.

തിരുവനന്തപുരത്തുനിന്ന് മറ്റും നെയ്യാര്‍ഡാം ഭാഗത്തേക്കും മണ്ഡപത്തിന്‍കടവ്-വെള്ളറട ഭാഗത്തേക്കും ഒക്കെ പോകാനുള്ള ജനങ്ങള്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡികില്‍ പാര്‍ക്ക്ചെയ്ത് കാത്തുകിടന്നു. ഗുരുതരമായി രോഗംബാധിച്ച് അവശനിലയില്‍ ആശുപത്രിയിലേക്ക് പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ടുവന്ന വാഹനങ്ങളും പൊലീസ് തടഞ്ഞു. കുഞ്ഞിനെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് കേണപേക്ഷിക്കുന്നതും കാണാമായിരുന്നു. എത്ര അപേക്ഷിച്ചിട്ടും പൊലീസുകാര്‍ അനുവദിക്കാത്തത് കാരണം ചിലര്‍ വാഹനങ്ങള്‍ തിരിച്ച് ദൂരെയുള്ള മറ്റ് ആശുപത്രികളിലേക്ക് പോയി. ചിലര്‍ അവശനിലയിലായ കുഞ്ഞിനെയും തോളത്തെടുത്ത് ഒരു കിലോമീറ്ററോളം നടന്ന് ആശുപത്രിയില്‍ പോയി. സോണിയയുടെ ജീവനുള്ളതുപോലെ പ്രാധാന്യം കുഞ്ഞുങ്ങള്‍ക്കും ഉണ്ടെന്നു പറഞ്ഞാണ് ചില രക്ഷിതാക്കള്‍ അരിശം തീര്‍ത്തത്. സോണിയാഗാന്ധി നെയ്യാര്‍ഡാമില്‍നിന്ന് മടങ്ങി കോളേജ് ഗ്രൗണ്ടില്‍നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്രയായി മണിക്കൂറുകള്‍ കഴിഞ്ഞാണ് കാട്ടാക്കട ജങ്ഷനിലടക്കം ഗതാഗതം പൂര്‍വസ്ഥിതിയിലായത്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിപാടിക്ക് സ്കൂള്‍ വിട്ടുനല്‍കിയതില്‍ വ്യാപക പ്രതിഷേധം

വെഞ്ഞാറമൂട്: കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിപാടിക്ക് സ്കൂള്‍ വിട്ടുനല്‍കിയതില്‍ വ്യാപക പ്രതിഷേധം. രാഷ്ട്രീയ പാര്‍ടികളുടെ യോഗങ്ങള്‍ക്ക് സ്കൂള്‍ വിട്ടുകൊടുക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ പരിപാടിക്ക് കല്ലറ ഗവ. വിഎച്ച്എസ്എസിന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി നല്‍കിയത്. വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കി ഭരണത്തിന്റെ സ്വാധീനത്തില്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ പരിപാടിക്ക് സ്കൂള്‍ വിട്ടുനല്‍കിയത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. വരുംദിവസങ്ങളില്‍ ഇതേ ആവശ്യവുമായി മറ്റ് പാര്‍ടികളും രംഗത്തുവരുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ തകര്‍ക്കും.

സ്കൂളിന്റെ ചുമരുകളും കോമ്പൗണ്ടും കോണ്‍ഗ്രസിന്റെ പതാകകൊണ്ട് നിറച്ചിരിക്കുകയാണ്. സ്കൂളിന്റെ ബോര്‍ഡ് മറച്ചാണ് പരിപാടിയുടെ ച്രാരണബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കല്ലറ-പാങ്ങോട് സമരസേനാനികളെ അനുസ്മരിക്കാന്‍ എന്ന വ്യാജേന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നത്. സ്കൂളിനകത്തെ കോണ്‍ഗ്രസ് കൊടികളും പ്രചാരണബോര്‍ഡുകളും അഴിച്ചുമാറ്റിയില്ലെങ്കില്‍ സ്കൂളിനുമുന്നില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍. രാഷ്ട്രീയാവശ്യത്തിന് സ്കൂള്‍ വിട്ടുനല്‍കിയ പ്രിന്‍സിപ്പലിനെതിരെയും പ്രതിഷേധം ശക്തമാണ്.

deshabhimani

No comments:

Post a Comment