Tuesday, September 24, 2013

ഭൂമിവിതരണം: ബഹുഭൂരിപക്ഷവും പുറത്ത്

തൃക്കാക്കര: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയില്‍ (സീറോ ലാന്‍ഡ്ലെസ്സ് പദ്ധതി) നിന്ന് ബഹുഭൂരിപക്ഷം പേരും സാങ്കേതികത്വത്തിന്റെ പേരില്‍ പുറത്തായി. ഈ പദ്ധതിയോടെ സംസ്ഥാനത്ത് ഭൂമിയില്ലാത്തവരുണ്ടാകില്ലെന്നാണ് യുഡിഎഫ് അവകാശപ്പെട്ടത്. അപേക്ഷകരുടെ പേരിലോ കുടുംബാംഗങ്ങള്‍ക്കോ സംസ്ഥാനത്ത് ഒരിടത്തും ഭൂമി പാടില്ല, വിധവകള്‍, ബിപിഎല്‍ കാര്‍ഡുള്ളവര്‍ എന്നിവയാണ് അപേക്ഷര്‍ക്കുള്ള മാനദണ്ഡങ്ങള്‍. ഭൂരിഭാഗം പേരും എപിഎല്‍ കാര്‍ഡുള്ളവരാണെന്ന കാരണത്താലാണ് അര്‍ഹതാ പട്ടികയില്‍നിന്നു പുറത്തായത്. ഇവ നോക്കി അര്‍ഹരായവരുടെ പട്ടികയില്‍നിന്നു നറുക്കെടുപ്പ് നടത്തിയാണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഒരാള്‍ക്ക് മൂന്നു സെന്റ് ഭൂമിയാണ് നല്‍കുന്നത്.

എറണാകുളം ജില്ലയില്‍ ആകെ ലഭിച്ച 43,248 അപേക്ഷകളില്‍ ഭൂമി അനുവദിച്ചത് 1285 പേര്‍ക്കു മാത്രം. 31,379 പേര്‍ ഭൂമി ലഭിക്കാന്‍ അര്‍ഹരാണ്. അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ അര്‍ഹരെ കണ്ടെത്തിയത് കൊച്ചി താലൂക്കിലാണ്. 11,718 പേര്‍. എന്നാല്‍ ഇവിടെ ഭൂമി വിതരണംചെയ്യുന്നത് ഒമ്പതു പേര്‍ക്കു മാത്രമാണ്. കുഴുപ്പിള്ളി വില്ലേജില്‍നിന്നാണ് ഒമ്പതുപേരും. കോതമംഗലം താലൂക്കില്‍ 1587 പേരെ തെരഞ്ഞെടുത്തിരുന്നു. ഭൂമി നല്‍കുന്നത് ഒമ്പതു പേര്‍ക്കു മാത്രം. ആലുവ 322 (തെരഞ്ഞെടുക്കപ്പെട്ടവര്‍ 3845), കണയന്നൂര്‍ 17 (5190), കുന്നത്തുനാട് 298 ( 2914), പറവൂര്‍ 188 (3630), മൂവാറ്റുപുഴ 442 (2495) എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ സ്ഥിതി.

കഴിഞ്ഞവര്‍ഷം ആഗസ്ത് ഒന്നുമുതല്‍ 14 വരെ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്. സംസ്ഥാനത്ത് നാലുലക്ഷം പേരുടെ അപേക്ഷയാണ് ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എറണാകുളം ജില്ലയില്‍മാത്രം 43,248 അപേക്ഷ ഉള്ളപ്പോള്‍ അര്‍ഹരായവര്‍ 31379 പേരുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ചില വില്ലേജുകള്‍ക്കു ലഭിച്ചത് വെള്ളക്കെട്ടുള്ളതും ചതുപ്പുപ്രദേശങ്ങളും ആയതിനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.
(വി ടി ശിവന്‍)

deshabhimani

No comments:

Post a Comment