Sunday, September 29, 2013

ഫയാസിന് കള്ളനോട്ടെത്തിച്ചവരില്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവും

സ്വര്‍ണക്കടത്തിന് ഫയാസ് ഗള്‍ഫില്‍ ഇറക്കിയത് പാകിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടാണെന്ന് കസ്റ്റംസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. കള്ളനോട്ട് കേസില്‍ എന്‍ഐഎ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാഞ്ഞങ്ങാട് കുളവയല്‍ സ്വദേശി അബ്ദുള്ള ഹാജിയും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയുടെ അടുത്ത ബന്ധുവുമാണ് ഫയാസിന് പാകിസ്ഥാനില്‍നിന്ന് കള്ളനോട്ട് എത്തിച്ചത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ഫയാസ് ഇക്കാര്യം വെളിപ്പെടുത്തി. കള്ളനോട്ട് റാക്കറ്റുമായുള്ള ഇയാളുടെ ബന്ധത്തെ കുറിച്ച് കസ്റ്റംസ് ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

അബുദാബി, ദുബായ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് കൈമാറിയിരുന്നതെന്ന് ഫയാസ് മൊഴി നല്‍കി. സ്വര്‍ണവ്യാപാരത്തിന് മുഖ്യമായും ഈ കറന്‍സിയാണ് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണം കരിയര്‍മാര്‍ മുഖേന കടത്തുകയായിരുന്നു രീതി. നെടുമ്പാശേരിക്ക് പുറമെ കരിപ്പൂര്‍, തിരുവനന്തപുരം, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വഴിയും വന്‍തോതില്‍ സ്വര്‍ണം എത്തിച്ചു. സിബിഐ പ്രതിചേര്‍ത്തിട്ടുള്ള വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥനാണ് ഇതിന് സഹായം ചെയ്തത്. വിമാനത്താവളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രത്തിലേക്ക് കള്ളക്കടത്ത് സ്വര്‍ണം എത്തിക്കുന്നതിന് പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര കള്ളനോട്ട് റാക്കറ്റുമായി ഫയാസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ തയ്യാറായിട്ടില്ല. പൊലീസിലെ ഒരു എഡിജിപി മുതല്‍ സിഐമാര്‍ വരെയുള്ള രണ്ട് ഡസനില്‍പ്പരം ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി ഉറ്റബന്ധമുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് പരാതി കിട്ടിയാല്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് ശനിയാഴ്ച ആഭ്യന്തരവകുപ്പ് ഉന്നതന്‍ നിര്‍ദേശിച്ചത്.

നമ്പര്‍ തെളിയാത്ത "അണ്‍നോണ്‍" വിഭാഗത്തിലുള്ള മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഫയാസിന്റെ പക്കലുണ്ട്. കോഴിക്കോട് റൂറല്‍ എസ്പിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ശുപാര്‍ശ പ്രകാരം ഒരു എഡിജിപിയാണ് ഈ വിഭാഗത്തില്‍ കണക്ഷന്‍ നല്‍കാന്‍ ഉത്തരവ് നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി നേരിടുന്ന വിവിഐപികള്‍ക്ക് മാത്രമാണ് അണ്‍നോണ്‍ നമ്പര്‍ കണക്ഷന്‍ നല്‍കുന്നത്. ഫയാസ് ഉള്‍പ്പെട്ട കള്ളനോട്ട് റാക്കറ്റിലെ മുഖ്യ കണ്ണി അബ്ദുള്ള നാട്ടില്‍ വന്നിട്ട് 15 വര്‍ഷം കഴിഞ്ഞതായാണ് വിവരം. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ "റെഡ് കോര്‍ണര്‍" നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഫപോസ പ്രകാരവും അബ്ദുള്ളയ്ക്കെതിരെ വാറണ്ട് നിലവിലുണ്ട്. യുഡിഎഫ് സര്‍ക്കാരിലെ ഉന്നതന്റെ ഗള്‍ഫിലുള്ള മകളുടെ നമ്പര്‍ ഫയാസില്‍നിന്നും കസ്റ്റംസ് പിടിച്ചെടുത്ത മൊബൈലില്‍നിന്നും കിട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ഫയാസുമൊത്ത് അമേരിക്കന്‍ പര്യടനം നടത്തിയതായും സൂചനയുണ്ട്. ഫയാസിന്റെ യുഡിഎഫ് പൊലീസ് ഉന്നതബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്തില്ലെന്ന് വ്യക്തമായി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ കേസ് ഒതുക്കാനാണ് നീക്കം.
(കെ ശ്രീകണ്ഠന്‍)

ഫയാസിന്റെ ഉന്നത ബന്ധം: അന്വേഷണത്തില്‍നിന്ന് പൊലീസ് പിന്മാറി

സ്വര്‍ണക്കള്ളക്കടത്തിന് കസ്റ്റംസ് പിടിയിലായ ഫയാസിന് യുഡിഎഫ് സര്‍ക്കാറിലും പൊലീസിലുമുള്ള ഉന്നത ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്ന് ഇന്റലിജന്‍സ് പിന്‍മാറി. അന്വേഷണം നടത്താന്‍ സമയമില്ലെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തെ അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ കേരള പൊലീസിന് ഇടപെടാന്‍ കഴിയില്ലെന്ന് ഡിജിപിയും സൂചിപ്പിച്ചു. അതേസമയം ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഫയാസിന്റെ ബന്ധം പുറത്തായതാണ് കേരള പൊലീസ് ഫയല്‍ മടക്കാന്‍ കാരണം. ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ബൈക്ക് ഓടിക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ഡിജിപി ഇന്റലിജന്‍സ് മേധാവിയോട് ആവശ്യപ്പെട്ടത്. ഐജി മുതല്‍ ഡിവൈഎസ്പി വരെയുള്ള ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി ഉറ്റ ബന്ധമുണ്ടെന്ന് തെളിഞ്ഞു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയടക്കം ഫയാസിന്റെ സൗഹൃദവലയത്തിലുണ്ടെന്ന് കണ്ടെത്തിയതും ഇന്റലിജന്‍സ് അന്വേഷണത്തിന് തടയിടാന്‍ കാരണമായി.

എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ഇറക്കുമതി ചെയ്ത ബൈക്ക് ഓടിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. കൗതുകത്തിന് ബൈക്കില്‍ ഇരുന്നുവെന്നാണ് വിശദീകരണം. പൊലീസ്-ഫയാസ് കൂട്ടുകെട്ടിനെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിബിഐ ആവശ്യപ്പെട്ടാല്‍ സഹായം ചെയ്യണമെന്ന് മാത്രമാണ് പൊലീസിന് നല്‍കിയ നിര്‍ദേശം. സിബിഐ ആകട്ടെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുമാത്രമാണ് അന്വേഷിക്കുന്നത്. കേരള പൊലീസിലെ വിവാദ കഥാപാത്രങ്ങളായ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി വഴിവിട്ട അടുപ്പമുണ്ടെന്നാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ ചോദ്യംചെയ്യലില്‍ തെളിഞ്ഞത്. ഫയാസില്‍നിന്ന് പിടിച്ചെടുത്ത ഫോണ്‍ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് ഒരു അന്വേഷണവുമില്ല. പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടാണ് ഫയാസ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഹവാല പണമിടപാടിനെക്കുറിച്ചോ, മനുഷ്യക്കടത്തിനെപ്പറ്റിയോ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഇടപെടാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഏത് ഘട്ടത്തില്‍ വേണമെങ്കിലും സമാന്തര അന്വേഷണം നടത്താന്‍ കഴിയും. കസ്റ്റഡിയിലുള്ള ഫയാസിനെ ചോദ്യംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍, അതിനൊന്നും മുതിരാത്തത് ആഭ്യന്തരവകുപ്പിലെ ഉന്നതന്‍ നല്‍കിയ നിര്‍ദേശംമൂലമാണ്.

deshabhimani

No comments:

Post a Comment