Saturday, September 28, 2013

ദല്ലാള്‍ നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരന്‍: പി സി ജോര്‍ജ്

വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ഇതോടെ ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസിന്റെ പേരില്‍ യുഡിഎഫില്‍ പോര് തുടങ്ങി. ഡാറ്റാ സെന്‍റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ല എന്ന മന്ത്രിസഭാ തീരുമാനം നന്ദകുമാറിന് മന്ത്രിമാരിലാരോ ചോര്‍ത്തികൊടുത്തിട്ടുണ്ടെന്നും അതാണ് നന്ദകുമാറിന് സഹായമായതെന്നുമായിരുന്നു പി സി ജോര്‍ജ് വെളിപ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞില്ലെങ്കിലും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉന്നം വെച്ചായിരുന്നു പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ ചാരപണി ആരാണ് നടത്തുന്നതെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ഇതേകുറിച്ച് തിരുവഞ്ചുരിന്റെ പ്രതികരണം. ഇന്നൊന്ന് പറയുന്ന ജോര്‍ജ് നാളെ മറ്റൊന്നാണ് പറയുക. അതിനാല്‍ ജോര്‍ജിന് മറുപടി പറയാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തനിക്ക് ബന്ധമുണ്ടെന്നും അതില്‍ എന്താണ് കുഴപ്പമെന്നും ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചു.

എന്നാല്‍ ഡാറ്റാ സെന്‍റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നായിരുന്ന യുഡിഎഫ് തീരുമാനമെന്നും അതെങ്ങനെയാണ് മാറിയതെന്നറിയില്ലെന്നും കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു.ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്ററുകള്‍ റിലയന്‍സിനു കൊടുത്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി സി ജോര്‍ജ് നല്‍കിയ കേസിനെചൊല്ലിയാണ് തര്‍ക്കം. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവായെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.

deshabhimani

No comments:

Post a Comment