Tuesday, September 24, 2013

അനധികൃത കെട്ടിടങ്ങള്‍ അഴിമതിക്കാര്‍ക്ക് ചാകര

നിയമങ്ങളും അന്തേവാസികളുടെ സുരക്ഷയും കാറ്റില്‍ പറത്തി സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കെട്ടിടങ്ങള്‍ ഉയര്‍ന്നത് അഴിമതിക്കാരായ ഒരു പറ്റം ഉദ്യേഗസ്ഥരുടെ ഒത്താശയോടെ. അനധികൃത കെട്ടിടങ്ങളുടെ എണ്ണത്തില്‍ കൊച്ചി കോര്‍പറേഷനാണ് ഒന്നാംസ്ഥാനം. ചട്ടവിരുദ്ധ നിര്‍മാണങ്ങള്‍ നിയമാനുസൃതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഫ്ളാറ്റ് ലോബിയും നടത്തിയ നിരന്തരശ്രമങ്ങളുടെ വിജയമാണ്. കോര്‍പറേഷനുകളിലെയും പ്രധാന മുനിസിപ്പാലിറ്റികളിലെയും ടൗണ്‍പ്ലാനര്‍മാരുടെ നിയമനത്തില്‍ കോടികള്‍ കോഴയുണ്ട്. ഒറ്റ ഇടപാടില്‍മാത്രം മറിയുന്നത് ലക്ഷങ്ങളാണ്.

ഫ്ളാറ്റ് സമുച്ചയങ്ങളുടെ അനധികൃത നിര്‍മാണത്തിന് കണ്ണടയ്ക്കുന്നതിന്റെ പാരിതോഷികം ഒരു ഫ്ളാറ്റാണ്. ഇങ്ങനെ നിരവധി ഫ്ളാറ്റുകള്‍ സ്വന്തമാക്കിയ ടൗണ്‍പ്ലാനര്‍മാരുണ്ട്. വന്‍കിട വാണിജ്യ സമുച്ചയങ്ങളാണ് നിയമലംഘനത്തിന്റെ മുന്‍ നിരയില്‍. തറ-വിസ്തൃതി അനുപാത ലംഘനം, പാര്‍ക്കിങ് സ്ഥലം കെട്ടിയടയ്ക്കല്‍, വശങ്ങളില്‍ സ്ഥലമിടാതെയുള്ള നിര്‍മാണം, അപ്രോച്ച് വീതിക്ക് അനുസൃതമല്ലാത്ത നിര്‍മാണം എന്നിവയെല്ലാം നഗരപ്രദേശങ്ങളില്‍ വ്യാപകം. പാവപ്പെട്ടവന്‍ അനുമതി വാങ്ങാതെ നിര്‍മിച്ച ചായ്പ് പൊളിച്ചുനീക്കുമ്പോള്‍ വന്‍കിടക്കാരന്റെ നിയമലംഘനത്തിന് മുന്നില്‍ നിയമം കാഴ്ചക്കാര്‍. ഗാര്‍ഹികാവശ്യത്തിനെന്ന പേരില്‍ പെര്‍മിറ്റ് എടുത്തശേഷം വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നവരും സോണ്‍ നിബന്ധനകള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവരും ഏറെ. പ്ലാനില്‍ പാര്‍ക്കിങ് ഏരിയ രേഖപ്പെടുത്തുകയും പണി പൂര്‍ത്തിയായശേഷം അത് കെട്ടിയടച്ച് വാണിജ്യാവശ്യത്തിന് മാറ്റുകയുംചെയ്യുന്നത് പതിവാണ്. വീതിയില്ലാത്ത റോഡുകള്‍ക്കരികില്‍ വന്‍കിട കെടിടങ്ങള്‍ നിര്‍മിക്കുന്നവരും പന്താടുന്നത് അന്തേവാസികളുടെ ജീവന്‍. നഗരാസൂത്രണ വകുപ്പില്‍ ചീഫ് ടൗണ്‍പ്ലാനറുടെയടക്കം 13 തസ്തിക സൃഷ്ടിച്ച് അനധികൃത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ്.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment