Saturday, September 28, 2013

തസ്തിക വെട്ടിക്കുറയ്ക്കല്‍: ഡിവൈഎഫ്ഐ പ്രക്ഷോഭം നടത്തും

ചെലവുചുരുക്കലിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ നിയമനനിരോധം ഏര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപിയും സെക്രട്ടറി അഭയ് മുഖര്‍ജിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെപ്തംബര്‍ 18ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഒരു വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തേണ്ടതില്ലെന്നാണ് നിര്‍ദേശം. 11 ലക്ഷം ഒഴിവാണ് കേന്ദ്രസര്‍വീസില്‍ നികത്തപ്പെടാതെ കിടക്കുന്നത്. പത്ത് ലക്ഷം ഒഴിവെങ്കിലും നികത്താതെ ഇല്ലാതാക്കാനാണ് നീക്കം. ഈ തീരുമാനം പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. കരാര്‍വല്‍ക്കരണം, താല്‍ക്കാലികവല്‍ക്കരണം, പുറംതൊഴില്‍ കരാര്‍ എന്നിവമൂലം യുവാക്കള്‍ വന്‍ തൊഴില്‍ചൂഷണം അനുഭവിക്കുന്നു. തൊഴിലില്ലാത്ത യുവാക്കള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ന്നുവരികയാണ്. ഇതിനിടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിക്കാവുന്ന എല്ലാ യുവജന സംഘടനകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നല്‍കും.

സ്വകാര്യമേഖലയില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ആദ്യവാരം ഹൈദരാബാദില്‍ ദേശീയ കണ്‍വന്‍ഷന്‍ നടത്തും. പൊതുമേഖലയില്‍ നിയമനങ്ങള്‍ കുറഞ്ഞുവരുന്നു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളില്‍നിന്ന് പട്ടികജാതി-വര്‍ഗക്കാര്‍ ഒഴിച്ചുനിര്‍ത്തപ്പെടുന്നു. ഇത് പരിഹരിക്കാന്‍ സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണം. വര്‍ഗീയതക്കെതിരെ ഒക്ടോബര്‍ 20 മുതല്‍ 26 വരെ ദേശീയാടിസ്ഥാനത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. നവ ഉദാരവല്‍ക്കരണ നയങ്ങള്‍, വര്‍ഗീയത എന്നിവക്കെതിരെ ഡിസംബറില്‍ ഡല്‍ഹിയില്‍ ദേശീയ കണ്‍വന്‍ഷന്‍ നടത്തും. രാജ്യത്തെ ഗുരുതര സ്ഥിതിവിശേഷം മുതലെടുത്ത് വര്‍ഗീയ, പ്രതിലോമ, വിഘടന ശക്തികള്‍ ഛിദ്രപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ഇത് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയാണ്. മതം, ജാതി, പ്രദേശം എന്നിവയുടെ പേരില്‍ ജനങ്ങളെ കൂടുതല്‍ വിഭജിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും നേതാക്കള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment