Saturday, September 28, 2013

സോണിയയെ കാണാന്‍ മുഴുവന്‍ റവന്യൂ ജീവനക്കാരും എത്താന്‍ നിര്‍ദേശം

ഭൂരഹിത കേരളം പദ്ധതി ഉദ്ഘാടനത്തിന് ആളെ കൂട്ടാനുള്ള സര്‍ക്കാര്‍ ശ്രമം പാളുമെന്ന് ഉറപ്പായതോടെ തെക്കന്‍ ജില്ലകളിലെ മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരോടും 30ന് തലസ്ഥാനത്തെത്തണമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച ഫോണ്‍സന്ദേശം കലക്ടര്‍മാര്‍ മുഖേനയാണ് കൈമാറിയിട്ടുള്ളത്. ജീവനക്കാര്‍ കൂട്ടത്തോടെ ബസ് പിടിച്ച് സോണിയയെ കാണാനെത്തുന്നതോടെ തിങ്കളാഴ്ച റവന്യൂ വകുപ്പില്‍ അപ്രഖ്യാപിത അവധിയാകും. വില്ലേജ് ഓഫീസുകള്‍പോലും പ്രവര്‍ത്തിക്കില്ല.

ഓരോ ജില്ലയില്‍നിന്നും പരിപാടിക്കെത്തിക്കേണ്ട ആളുകളുടെ എണ്ണം സംബന്ധിച്ചും സര്‍ക്കാര്‍ വ്യാഴാഴ്ച ഫാക്സ് മുഖേന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോട്ടയം- 2500, പത്തനംതിട്ട- 2000, ആലപ്പുഴ- 1500, കോട്ടയം- 3000, എറണാകുളം- 2500, തിരുവനന്തപുരം- 25000 എന്നിങ്ങനെയാണ് ആളുകളെ കൊണ്ടുവരുന്നതിന് ക്വോട്ട നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്. ഈ കണക്കില്‍ ഒരു വില്ലേജില്‍നിന്ന് കുറഞ്ഞത് രണ്ടു ബസെങ്കിലും വാടകയ്ക്ക് എടുക്കേണ്ടിവരും. ഇതിനുള്ള തുക ശേഖരിക്കാന്‍ നേരത്തെ തഹസില്‍ദാര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. പട്ടയം ലഭിക്കുന്ന ഭൂരഹിതന്റെ കുടുംബത്തില്‍നിന്ന് നിര്‍ബന്ധമായും രണ്ടുപേര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിച്ചില്ലെങ്കില്‍ ഭൂമി തരില്ലെന്ന ഭീഷണിയുമുണ്ട്.

ആലപ്പുഴ ജില്ലയില്‍ 311 പേര്‍ക്കാണ് ആകെ ഭൂമി നല്‍കുന്നത്. അവിടെ നിന്ന് എന്തിനാണ് 1500 പേരെ കൊണ്ടുവരുന്നതെന്ന് ചോദിച്ച് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തെ താലൂക്കുകളില്‍ ഓരോന്നിലും 20 മുതല്‍ 26 വില്ലേജുവരെയുണ്ട്. ഓരോ വില്ലേജില്‍നിന്നും കുറഞ്ഞത് ഒരു ബസ് പുറപ്പെടണമെങ്കില്‍ നൂറിലേറെ ബസ് വേണ്ടിവരുമെന്നാണ് കണക്ക്. അവിടെ ഭൂമി ലഭിക്കുന്ന 1325 പേരെയും അവരുടെ കുടുംബങ്ങളില്‍നിന്ന് മറ്റുള്ളവരെയും രാവിലെ തലസ്ഥാനത്തെത്തിക്കണമെങ്കില്‍ പുലര്‍ച്ചെ നാലിനെങ്കിലും പുറപ്പെടണം. ഇവര്‍ക്ക് കോട്ടയത്തുവച്ച് ഭൂമിയുടെ രേഖ നല്‍കാമെന്നിരിക്കെ എന്തിനാണ് പീഡനമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍തന്നെ ചോദിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മുഴുവന്‍ ബസും ബുക്ക് ചെയ്തിട്ടുണ്ട്.

deshabhimani

No comments:

Post a Comment