Monday, September 30, 2013

രാഷ്ട്രീയ പ്രചാരണത്തിന് ദൂരദര്‍ശനും ആകാശവാണിയും

എംപി മാത്രമായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്ത് പങ്കെടുക്കുന്ന പരിപാടികള്‍ കൊഴുപ്പിക്കാന്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ സംവിധാനമെല്ലാം ദുരുപയോഗിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാരും യുഡിഎഫും ആരംഭിക്കുന്ന രാഷ്ട്രീയപ്രചാരണത്തിന് ആകാശവാണി, ദൂര്‍ദര്‍ശന്‍, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍ എന്നിവയെല്ലാം മുഴുവന്‍ സമയവും വിനിയോഗിക്കുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ വന്നാല്‍മാത്രമാണ് ആകാശവാണി മുഴുവന്‍ സമയം പരിപാടികള്‍ റിപ്പോര്‍ട്ടുചെയ്യുക. ദേശീയ രാഷ്ട്രീയനേതാക്കള്‍ സംസ്ഥാനത്ത് വരുമ്പോഴൊന്നും സര്‍ക്കാരിന്റെ വാര്‍ത്താപ്രചാരണവിഭാഗങ്ങള്‍ ആ പാര്‍ടി പരിപാടികള്‍ പ്രചരിപ്പിക്കുകയോ അവര്‍ വാര്‍ത്ത നല്‍കുകയോ ചെയ്യാറില്ല.

എന്നാല്‍, ആകാശവാണിയാകട്ടെ ഞായറും തിങ്കളും രാത്രി എട്ടുമുതല്‍ എട്ടരവരെ അരമണിക്കൂര്‍ വീതം സോണിയക്കായി മാറ്റിവച്ചു. ആകാശവാണി ഓരോ നിലയത്തിലും സ്വന്തം പരമ്പരകള്‍ പ്രക്ഷേപണം നടത്തുന്ന സമയമാണിത്. എന്നാല്‍, തിരുവനന്തപുരത്തുനിന്ന് പ്രക്ഷേപണം ചെയ്യുന്ന സോണിയയുടെ പരിപാടി നല്‍കാനാണ് എല്ലാ നിലയങ്ങളോടും ആകാശവാണി ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് നാല് സര്‍ക്കുലറാണ് മേധാവികള്‍ ഒരാഴ്ചയ്ക്കിടെ നല്‍കിയത്. അടുത്തിടെ മുന്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ പോലും തയ്യാറാകാത്ത ആകാശവാണി സര്‍ക്കാരിന്റെ നിര്‍ബന്ധംമൂലമാണ് സോണിയ പങ്കെടുക്കുന്ന ചടങ്ങുകള്‍ പ്രക്ഷേപണം ചെയ്യുന്നത്. ദൂരദര്‍ശനും പരിപാടികളെല്ലാം പൂര്‍ണമായും കവര്‍ ചെയ്യുന്നുണ്ട്.

പബ്ലിക് റിലേഷന്‍ വകുപ്പുകള്‍ ലക്ഷങ്ങളാണ് ധൂര്‍ത്തടിക്കുന്നത്. ബാനറുകളും പോസ്റ്ററുകളും മാധ്യമങ്ങളില്‍ പരസ്യങ്ങളും നല്‍കിയതിനു പുറമെ സോണിയ പങ്കെടുക്കുന്ന ചടങ്ങില്‍ തലസ്ഥാനത്തെ മാധ്യമപ്രതിനിധികളെ എത്തിക്കാനുള്ള പൂര്‍ണ ചുമതലയും ഇവര്‍ക്കാണ്. ഒരോ പരിപാടിക്കും പ്രത്യേകം ബസുകള്‍ ഏര്‍പ്പെടുത്തിയതും സര്‍ക്കാര്‍ ചെലവിലാണ്. എന്നാല്‍, പത്ര പ്രതിനിധികള്‍ക്ക് പിആര്‍ഡി നല്‍കിയ പാസില്‍ സോണിയാഗാന്ധി എംപിയുടെ സന്ദര്‍ശന പാസ് എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

deshabhimani

No comments:

Post a Comment