Tuesday, September 24, 2013

സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിച്ചു: പ്രകാശ് കാരാട്ട്

കേസുകള്‍ യഥാസമയം വിചാരണ പൂര്‍ത്തിയാക്കാത്തതും ശിക്ഷാനിരക്ക് കുറയുന്നതുമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുറ്റകൃത്യങ്ങള്‍ വിചാരണചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കുകയും വേണം.

ബലാത്സംഗം, കൂട്ട ബലാത്സംഗം, യുവതികള്‍ക്കു നേരെയുള്ള ആസിഡ് ആക്രമണങ്ങള്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ എന്നിവ ഞെട്ടിക്കുംവിധം വര്‍ധിച്ചിട്ടും വളരെക്കുറച്ച് കുറ്റവാളികള്‍മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതും സര്‍ക്കാരിന്റെ പൂര്‍ണ പരാജയവുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കുന്നത്. നിയമം അട്ടിമറിക്കുന്നവര്‍ പൊലീസുകാരായാലും അന്വേഷണ ഉദ്യോഗസ്ഥരായാലും കര്‍ശനമായ നടപടികളെടുക്കണം. ഡല്‍ഹി കൂട്ട ബലാത്സംഗത്തെതുടര്‍ന്നുള്ള ബഹുജന രോഷത്തെതുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമനിര്‍മാണം നടത്തിയെങ്കിലും നിയമം നടപ്പാക്കുന്നത് ഇനിയും ഫലപ്രദമായിട്ടില്ല.

ഈ നിയമം ജസ്റ്റിസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളെല്ലാം ഉള്‍ക്കൊള്ളുന്നതല്ല. ദുരഭിമാനത്തിന്റെ പേരില്‍ യുവ ദമ്പതികളെ കൊല്ലുന്നത് തുടരുകയാണ്. ഇത് തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരണം. സങ്കുചിത രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ഇത്തരം ക്രൂരമായ അനാചാരങ്ങളെ അനുകൂലിക്കുന്ന ചില രാഷ്ട്രീയപാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പ് കാരണമാണ് ഇത്തരമൊരു നിയമം കൊണ്ടുവരാതിരിക്കുന്നത്. ആള്‍ദൈവങ്ങളെപ്പോലെ സമൂഹത്തിലെ "ഉന്നതരായ" ചിലര്‍ തങ്ങളുടെ പദവി സ്ത്രീപീഡനങ്ങള്‍ക്ക് മറയാക്കി മാറ്റുന്നു.

ഇത്തരം ആളുകള്‍ സ്ത്രീപീഡനം നടത്തിയാല്‍ അധികൃതര്‍ മൃദുസമീപനമെടുക്കരുത്. നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാക്കണം. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ട സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കിട്ടുംവിധത്തില്‍ സാമ്പത്തിക നയരൂപീകരണം നടത്തണം. ലൈംഗിക അതിക്രമങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുണ്ടാകണം. സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ച ആശയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ജനസംഖ്യക്ക് ആനുപാതികമായി ബജറ്റില്‍ ഈ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് തുക വകയിരുത്തണം. പട്ടികവര്‍ഗ ഉപപദ്ധതിക്കും പട്ടികജാതി പ്രത്യേക ഘടകപദ്ധതിക്കുമുള്ള ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് തടയണം. ഇത്തരം പദ്ധതികള്‍ക്കുള്ള ഫണ്ട് പൂര്‍ണമായും ചെലവഴിക്കേണ്ടത് നിയമപരമായ ബാധ്യതയാക്കി മാറ്റണം-കാരാട്ട് ആവശ്യപ്പെട്ടു.

വര്‍ഗീയപ്രചാരണം കര്‍ശനമായി നേരിടണം: സിപിഐ എം

വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ, വര്‍ഗീയ ശക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞ് അവയുടെ പ്രവര്‍ത്തനങ്ങള്‍ തടയാനും വര്‍ഗീയ പ്രചാരണം തടയാനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. പതിനാറാമത് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗത്തില്‍ സിപിഐ എമ്മിന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ പ്രചാരണം, പ്രകോപനം സൃഷ്ടിക്കല്‍ എന്നിവ തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. വര്‍ഗീയകലാപ വിരുദ്ധ നിയമം എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കണം. ഈ നിയമം വര്‍ഗീയകലാപം നേരിടാന്‍ മാത്രമുള്ളതാക്കണം. മറ്റ് തരത്തിലുള്ള അക്രമങ്ങള്‍ നേരിടാനുള്ള നിയമമാക്കി അതിനെ വിപുലീകരിക്കരുത്. പൊലീസിന്റെയും ക്രമസമാധാനത്തിന്റെയും ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായതുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാകരുത് നിയമം.

വര്‍ഗീയ ആശയങ്ങള്‍ വളര്‍ത്താനും മതനിരപേക്ഷത തളര്‍ത്താനുമുള്ള പ്രചാരണം പാഠപുസ്തകങ്ങളിലൂടെ നടത്താന്‍ ചില സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നു. ഇത് കര്‍ശനമായി തടയണം. വര്‍ഗീയ പ്രചാരണം സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത് കര്‍ശനമായി ചെറുക്കണം. വര്‍ഗീയ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും അപ്ലോഡ് ചെയ്യുന്നതും തടയണം. ഇതിനായി വിവരസാങ്കേതിക വിദ്യാ നിയമത്തിലെ വകുപ്പ് 66 എയില്‍ ഉചിതമായ ഭേദഗതി കൊണ്ടുവരണം. എന്നാല്‍, വ്യത്യസ്ത കാഴ്ചപ്പാടുകളെയും എതിരഭിപ്രായങ്ങളെയും നിഗ്രഹിക്കാനായി ഇത് ഉപയോഗിക്കാന്‍ പാടില്ല.

വര്‍ഗീയകലാപങ്ങള്‍ ഭരണ, ക്രമസമാധാന പ്രശ്നമായിമാത്രം ചുരുക്കിക്കാണരുത്. ഇന്ത്യയുടെ അനുഭവത്തില്‍ ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. രാഷ്ട്രീയമായിത്തന്നെ ഇതിനെ നേരിടണം. അതിനായി മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കണം. എവിടെനിന്ന് ഉത്ഭവിക്കുന്നതായാലും വര്‍ഗീയതയെ ശക്തമായി ചെറുക്കണം. രാജ്യത്ത് സമീപകാലത്തുണ്ടായ വര്‍ഗീയകലാപങ്ങള്‍ യാദൃച്ഛിക സംഭവങ്ങളായിരുന്നില്ല. കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണ്. വര്‍ഗീയകലാപങ്ങളുടെ കാരണം മുമ്പുള്ളതുപോലെതന്നെയാണ്.

വ്യത്യസ്ത വിഭാഗം ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലൂടെ മതപരമായ ഘോഷയാത്രകള്‍ നടത്തുകയും പ്രകോപനമുണ്ടാക്കുകയുമാണ് ഒരു രീതി. അന്യ സമുദായത്തിലെ യുവതിയോട് മോശമായി പെരുമാറുക, ഇതിനെ ചോദ്യം ചെയ്യുക. ഇതുപയോഗിച്ച് പ്രകോപനപരമായ പ്രചാരണങ്ങള്‍ നടത്തുകയും ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുക ഇതൊക്കെയാണ് കലാപത്തിന് ഉപയോഗിക്കുന്ന രീതികള്‍. മുസഫര്‍നഗറില്‍ ഗ്രാമങ്ങളില്‍പ്പോലും കലാപമുണ്ടാക്കിയത് വളരെ ആശങ്കയുണ്ടാക്കുന്നതാണ്. എല്ലാ കലാപങ്ങളിലും ആള്‍നാശമായാലും സ്വത്തുനാശമായാലും ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരാണ് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. ഭീകരവാദത്തെ ശക്തമായി ചെറുക്കുകതന്നെ വേണം. എന്നാല്‍,അതിന്റെ പേരില്‍ ഏതെങ്കിലുമൊരു സമുദായത്തെമാത്രം ലക്ഷ്യമിട്ട് പ്രതികാരബുദ്ധിയോടെ നടപടികളെടുക്കരുത്.

ഭീകരതയെ ചെറുക്കാനെന്ന പേരില്‍ മുസ്ലിം യുവാക്കളെ അറസ്റ്റുചെയ്ത് ദീര്‍ഘകാലം ജയിലിലിടുന്ന ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളാണ് കാണുന്നത്. പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ഇത്തരം സമീപനങ്ങള്‍ സമുദായത്തിനുള്ളില്‍ രോഷവും ഒറ്റപ്പെടല്‍ മനോഭാവവും സൃഷ്ടിക്കും. കുറ്റം ചെയ്യാതെ ജയിലില്‍ കഴിഞ്ഞ യുവാക്കളെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരം പിഴവുകള്‍ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ന്യൂനപക്ഷത്തിന് തുല്യമായ അവകാശങ്ങള്‍ ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

deshabhimani 240913

No comments:

Post a Comment