Saturday, September 28, 2013

നിഷേധവോട്ട്: നടപടി അടുത്ത തെരഞ്ഞെടുപ്പ് മുതല്‍: തെര. കമീഷന്‍

നിഷേധവോട്ടിന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പുമുതല്‍ നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍. നവംബറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകും നിഷേധവോട്ടിങ് രേഖപ്പെടുത്തിയ പാനല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തുക. ആകെ വോട്ടിന്റെ 50 ശതമാനത്തിലധികം നിഷേധവോട്ട് വരികയോ അല്ലെങ്കില്‍ ആകെ പോള്‍ ചെയ്ത വോട്ടില്‍ കൂടുതല്‍ നിഷേധവോട്ടുകളാവുകയോ ചെയ്താലും ഫലത്തില്‍ മാറ്റംവരില്ലെന്ന് കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ഥിതന്നെയാകും വിജയി. ആകെ പോള്‍ചെയ്യുന്ന 100 വോട്ടില്‍ 90ഉം നിഷേധ വോട്ടായാല്‍തന്നെയും ശേഷിക്കുന്ന 10 വോട്ടില്‍ കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥി വിജയിക്കും. തെരഞ്ഞെടുപ്പു കമീഷന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നതെന്നും ഇതിനെ സ്വാഗതം ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പു കമീഷന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിഷേധവോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പു ഫലത്തോടൊപ്പം പരസ്യപ്പെടുത്തും. ഇതിനായി വോട്ടെണ്ണല്‍സമയത്ത് ഉപയോഗിക്കുന്ന 17 സി ഫോമിന്റെ പാര്‍ട്ട് രണ്ടിലും ഫോം 20ല്‍ വരുന്ന റിസള്‍ട്ട് ഷീറ്റിലും ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നും കമീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വോട്ടവകാശം മൗലികാവകാശമല്ലെന്ന് കുല്‍ദീപ് നയ്യാര്‍ കേസില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. വോട്ടവകാശം മൗലികാവകാശമല്ലെങ്കിലും വോട്ടിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമായി വരുമെന്നും റിട്ട് പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതിനിലപാട്. പിയുസില്ലിന്റെ ഹര്‍ജിയില്‍ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധവോട്ടിന് എതിരെയാണ് വാദിച്ചത്. തെരഞ്ഞെടുപ്പു കമീഷന്‍ അനുകൂലമായും. നിഷേധവോട്ട് ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജിതന്നെ നിലനില്‍ക്കുന്നതല്ലെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര വാദിച്ചത്. ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുന്നവര്‍ക്ക് അത് രഹസ്യമായി രേഖപ്പെടുത്താന്‍ അവകാശമില്ലെന്നും ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാകുമെന്നായിരുന്നു സച്ചാറിന്റെ വാദം.

യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ബംഗ്ലാദേശിലും നിഷേധവോട്ട്

വിവിധ യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ബംഗ്ലാദേശിലും നിഷേധവോട്ട് നിലവിലുണ്ട്. ഫ്രാന്‍സ്, ബെല്‍ജിയം, ബ്രസീല്‍, ഗ്രീസ്, ഉക്രൈന്‍, ചിലി എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ നെവാഡ സംസ്ഥാനത്തുമാണ് പൗരന്മാര്‍ക്ക് നിഷേധവോട്ട് ചെയ്യാന്‍ അവകാശമുള്ളത്. അമേരിക്ക, ഫിന്‍ലന്‍ഡ്, സ്വീഡന്‍, കൊളംബിയ, സ്പെയിന്‍ എന്നിവിടങ്ങളില്‍ ബാലറ്റില്‍ ഒരു പേരുമില്ലാത്ത കോളമോ അതല്ലെങ്കില്‍ വോട്ടര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയുടെ പേരെഴുതി വോട്ട് ചെയ്യാനോ അവസരമുണ്ട്. റഷ്യ 2006ല്‍ നിഷേധവോട്ട് അവസാനിപ്പിച്ചിരുന്നു. പാകിസ്ഥാനില്‍ 2013ല്‍ നിഷേധവോട്ട് കൊണ്ടുവന്നെങ്കിലും അവിടത്തെ തെരഞ്ഞെടുപ്പു കമീഷന്‍ ഇത് പിന്നീട് നിരാകരിച്ചു.

deshabhimani

No comments:

Post a Comment