Tuesday, September 24, 2013

കെഎസ്ആര്‍ടിഇഎ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

കോട്ടയം: സംഘടനയുടെ സ്ഥാപകപ്രസിഡന്റും അനശ്വര രക്തസാക്ഷിയുമായ അഴീക്കോടന്‍ രാഘവന്റെ ജ്വലിക്കുന്ന സ്മരണയില്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു)യുടെ 39-ാം സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്വലതുടക്കം. സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ഉദ്ഘാടനം ചെയ്തു.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍ അധ്യക്ഷനായി. 23,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 550 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഇവര്‍ക്കു പുറമെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഭാരവാഹികള്‍, 35 വനിതാ പ്രതിനിധികള്‍, സൗഹാര്‍ദ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കുന്നു. ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ പി ഗോപാലകൃഷ്ണന്‍ രക്തസാക്ഷിപ്രമേയവും വി ശാന്തകുമാര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.

ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് റിപ്പോര്‍ട്ടും ട്രഷറര്‍ എസ് വിദ്യാനന്ദകുമാര്‍ കണക്കും അവതരിപ്പിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന സെക്രട്ടറി പി നന്ദകുമാര്‍, കെഎസ്ആര്‍ടിസി സി എംഡി കെ ജി മോഹന്‍ലാല്‍, കെഎസ്ആര്‍ടിസി ലേബര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി തകിടി കൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് വൈക്കം വിശ്വന്‍ പതാക ഉയര്‍ത്തി. വി എന്‍ വാസവന്‍ സ്വാഗതം പറഞ്ഞു.

വൈക്കം വിശ്വന്‍, കെ കെ ദിവാകരന്‍, എസ് ശ്രീദേവി, പി കെ വര്‍ഗീസ്, ബാലകൃഷ്ണന്‍ വല്ലത്ത്, കെ ജി സിദ്ധന്‍ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. പി ഗോപാലകൃഷ്ണന്‍ കണ്‍വീനറായി മിനിറ്റ്സ് കമ്മിറ്റിയും സി കെ ഹരികൃഷ്ണന്‍ കണ്‍വീനറായി പ്രമേയ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. എസ് വിദ്യാനന്ദകുമാറാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ചയും തുടരും. അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വ വാര്‍ഷികദിനത്തില്‍, പ്രതിനിധിസമ്മേളന വേദിയായ അഴീക്കോടന്‍ രാഘവന്‍ നഗറിന്(മാമ്മന്‍ മാപ്പിള ഹാള്‍) മുന്നില്‍ തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ നേതാക്കളും പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. വൈക്കം വിശ്വന്‍ അനുസ്മരണപ്രഭാഷണം നടത്തി.

deshabhimani

No comments:

Post a Comment