സോളാര്‍ കേസില്‍ കോന്നി മല്ലേലി ശ്രീധരന്‍ നായര്‍ കോടതി മുമ്പാകെ നല്‍കിയ രഹസ്യമൊഴി പുറത്തു വരുന്നതില്‍ തടസ്സം നില്‍ക്കുന്ന പൊലീസ് നടത്തുന്നത് നഗ്നമായ നിയമലംഘനം. സരിതയോടൊപ്പം ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രഹസ്യമൊഴി പുറത്തു വരരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അന്വേഷണ സംഘവും സര്‍ക്കാരും കാട്ടുന്ന വ്യഗ്രത വെളിപ്പെടുന്നതാണ് ഈ കേസിന്റെ നാള്‍വഴികള്‍. സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന കോടതിയും ശ്രീധരന്‍ നായരുടെ രഹസ്യമൊഴി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസും നീതി നിര്‍വഹണ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി സരിതയും കൂട്ടരും 40 ലക്ഷം രൂപ തട്ടിയെടുത്തതായി ശ്രീധരന്‍ നായര്‍ ജൂണ്‍ 12ന് ആണ് പത്തനംതിട്ട കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പണം കൈമാറിയതെന്ന ശ്രീധരന്‍ നായരുടെ പരാതി കോടതിയില്‍ എത്തിയപ്പോള്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതിയില്‍ "മുഖ്യമന്ത്രിയോടും" എന്ന് എഴുതിച്ചേര്‍ത്തെന്നതായിരുന്നു ആദ്യ വിവാദം. വിവാദം മൂര്‍ച്ഛിച്ചതോടെ ജൂലൈ ആറിന് ശ്രീധരന്‍ നായര്‍ റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ നിര്‍ബന്ധിതനായി. ഈ രഹസ്യമൊഴി അട്ടിമറിക്കുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും അന്വേഷണ സംഘത്തിന്റെയും ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. രഹസ്യമൊഴി പുറത്തുവരാതിരിക്കാനും ശ്രീധരന്‍ നായര്‍ മൊഴിയില്‍നിന്ന് മാറ്റി പറഞ്ഞുവെന്ന് വരുത്തിതീര്‍ക്കാനുമാണ് അന്വേഷണ സംഘം കിണഞ്ഞ് ശ്രമിക്കുന്നത്. മജിസ്ട്രേറ്റിന് മുമ്പാകെ 164 പ്രകാരം സാക്ഷിമൊഴിയായി രേഖപ്പെടുത്തുന്നത് സാക്ഷി കൂറുമാറരുതെന്ന ഉദ്ദേശ്യത്തോടുകൂടിയുമാണ്. എന്നാല്‍, സാക്ഷി കൂറുമാറിയാലും ഈ മൊഴി നിലനില്‍ക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് രഹസ്യമൊഴി പുറത്തു വരുന്നത് എങ്ങനെയെങ്കിലും തടയുക എന്ന ലക്ഷ്യത്തോടെ അന്വേഷണ സംഘം കരുക്കള്‍ നീക്കുന്നത്. എന്നാല്‍, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ രഹസ്യമൊഴി സാക്ഷി മൊഴിയായി കോടതിയില്‍ ഹാജരാക്കണം. 207 സിആര്‍പിസി പ്രകാരം മൊഴിയുടെ പകര്‍പ്പ് പ്രതികള്‍ക്കും നല്‍കണം. ഇതോടെ മൊഴി പൊതുരേഖയാകും.
കുറ്റപത്രം നല്‍കാന്‍ വൈകിക്കുന്നതിന് പിന്നില്‍ ഇതൊരു കാരണം കൂടിയാണ്. കുറ്റപത്രത്തിന്റെ ഭാഗമായി വിചാരണക്കോടതിയില്‍ രഹസ്യമൊഴി പിന്നീട് പരസ്യമാകും എന്നതുകൊണ്ടാണ് ചില കേന്ദ്രങ്ങള്‍ മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. സോളാര്‍ അന്വേഷണ സംഘം രഹസ്യമൊഴിക്ക് പുതിയ ഭാഷ്യം ചമയ്ക്കുകയാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രഹസ്യമൊഴി ദുര്‍ബലപ്പെടുത്തുകയാണ് എഡിജിപി ഹേമചന്ദ്രന്‍ കോടതിയില്‍ വിശദീകരണ പത്രിക കൊടുത്തതിലൂടെ ചെയ്തത്. ഇതുവഴി 164 പ്രകാരമുള്ള മൊഴിയുടെ പവിത്രതയെ ചോദ്യം ചെയ്തിരിക്കുന്നു. ക്രിമിനല്‍ നിയമ വ്യവസ്ഥയിലെ ഈ അത്യപൂര്‍വ നടപടിയിലൂടെ അന്വേഷണ സംഘത്തിന്റെ അധാര്‍മികതയാണ് ഇവിടെ മറനീക്കുന്നത്.
(ഏബ്രഹാം തടിയൂര്‍)
deshabhimani
No comments:
Post a Comment