Sunday, September 22, 2013

ഭീമന്‍ ഇടുക്കിയെങ്കിലും കേമന്‍ ചെറുതോണി തന്നെ

ദൃശ്യചാരുതയില്‍ ആര്‍ച്ച് ഡാമിന്റെ പിന്നിലാണെങ്കിലും കേമന്‍ ചെറുതോണി അണക്കെട്ട് തന്നെ. ഇടുക്കി പദ്ധതിയിലെ ഏറ്റവും വലിയ ഘടകം ചെറുതോണി അണക്കെട്ടാണ്. ലോകത്തിലെ ഉയരം കൂടിയ നൂറ് അണക്കെട്ടുകളില്‍ ഒന്നാണിത്. ഇടുക്കിയുടെ നാലിരട്ടിയോടടുത്ത് (17 ലക്ഷം ഘനമീറ്റര്‍) കോണ്‍ക്രീറ്റ് ഇതിന്റെ നിര്‍മിതിക്കാവശ്യമായി വന്നു. അക്കാലത്തെ നിര്‍മാണചെലവ് 25 കോടിയിലധികം രൂപയാണ്.

അണക്കെട്ടിന്റെ നീളം 650.9 മീറ്ററും അടിയിലെ വീതി 107.78 മീറ്ററും മുകളില്‍ 7.32 മീറ്ററുമാണ്. 138.20 മീറ്ററാണ് ഉയരം. പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണ് കുളമാവിലേത്. മൊത്തം 11 കോടി രൂപ ചെലവായി. ഇതിന് ഏറ്റവും താഴ്ന്ന അടിത്തറയില്‍ നിന്ന് 100 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ നീളം 385 മീറ്ററും അടിയില്‍ വീതി 67.36 മീറ്ററും മുകളില്‍ വീതി 7.32 മീറ്ററുമാണ്.
പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ ഇടുക്കി ആര്‍ച്ച്ഡാം കുറത്തിമലയേയും കുറവന്‍മലയേയും ബന്ധിപ്പിക്കുന്നു. അണക്കെട്ട് മൂലം പെരിയാറില്‍ സംഭരിക്കപ്പെടുന്ന ജലം ചെറുതോണി പുഴയിലൂടെ ഒഴുകി പോകാതിരിക്കുന്നതിന് ചെറുതോണിയിലും, ഏതാനും കിലോമീറ്ററുകള്‍ അകലെ  ഒഴുകുന്ന കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കുന്നതിന് കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു.

ഇടുക്കി പദ്ധതിയുടെ ജലസംഭരണ വിസ്തൃതി ഏകദേശം 60 ചതുരശ്ര അടി കിലോമീറ്ററാണ്. വിശാലമായ ഈ സംഭരണിയില്‍ 2200 ദശലക്ഷം ഘനമീറ്റര്‍ ജലം സംഭരിക്കാം. ഈ ജലം തുരങ്കങ്ങളിലൂടെ മൂലമറ്റത്തെ ഭൂഗര്‍ഭ വൈദ്യുത നിലയത്തിലാണ് എത്തുന്നത്. നാടുകാണി മലയുടെ മുകളില്‍ നിന്നും 750 മീറ്റര്‍ അടിയിലാണ് ഭൂഗര്‍ഭ വൈദ്യുത നിലയം. രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുത നിലയവും ഇതു തന്നെയാണ്. 130 മെഗാവാട്ട് വീതം വൈദ്യുതോല്‍പാദന ശേഷിയുളള ആറ് ജനറേറ്ററുകളാണ് ഇവിടെയുളളത്.

ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യമെങ്കില്‍ തുറക്കുന്നത്. അഞ്ച് ഷട്ടറുകളാണ് ചെറുതോണി ഡാമിനുള്ളത്. ഇതിന് ഒരോന്നിനും 40 അടി നീളവും 60 അടി ഉയരവുമുണ്ട്. ഒരു ഷട്ടര്‍ രണ്ടടി ഉയര്‍ത്തിയാല്‍ സെക്കന്റില്‍ 1200 ഘനയടി വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകള്‍ ഒന്നൊന്നായി പ്രത്യേകം പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനമുണ്ട്. സംഭരണിയിലേക്കെത്തുന്ന വെള്ളത്തിന്റെ തോത് പരിശോധിച്ച ശേഷമെ ഷട്ടര്‍ എത്രമാത്രം ഉയര്‍ത്തണമെന്ന് തീരുമാനിക്കൂ.

81 ല്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളില്‍ രണ്ടെണ്ണവും 91 ല്‍ നാലു ഷട്ടറുകളും തുറന്നു. 91 ല്‍ ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ രണ്ട് സെന്റീമീറ്ററോളമാണ് ആദ്യം ഉയര്‍ത്തിയത്. അഞ്ചു സെ.മീ വരെയാണ് ഷട്ടര്‍ ഉയര്‍ത്തുക.

1981 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെ പല ദിവസങ്ങളില്‍ ഡാം തുറന്നു. 1992ല്‍ ഒക്ടോബര്‍ 11 നാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. 15ന് അടച്ചു. പിന്നീട് നവംബര്‍ 15നു തുറന്നു. 18ന് അടച്ചു. അന്ന് 2,775 ദശലക്ഷം ഘനയടി വെള്ളമാണു പെരിയാറിലൂടെ ഒഴുകിയത്. മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയപ്പോഴാണ് 1992 ഒക്ടോബറില്‍ ഡാം തുറന്നത്.
2280 അടി വരെ ജലനിരപ്പ് താഴുമ്പോള്‍ ഇടുക്കി പദ്ധതിയുടെ വൈദ്യുതോല്‍പ്പാദന കേന്ദ്രമായ മൂലമറ്റം പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തും. 1982ല്‍ 2282 അടി വരെ ജലനിരപ്പ് താഴുകയും പവര്‍ഹൗസ് പ്രവര്‍ത്തനം നാമമാത്രമാക്കുകയും ചെയ്തിരുന്നു.
(പി കെ അജേഷ്)

janayugom

2 comments:

  1. വളരെ ഉപകാരപ്രദമായി ഈ വിവരം പങ്കുവയ്ക്കല്‍
    ഇടുക്കി തുറക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ആര്‍ഹ്ച്ക് ഡാം തുറക്കുമെന്നാണോര്‍ത്തിരുന്നത്

    ReplyDelete
  2. 60 ചതുരശ്ര അടി കിലോമീറ്ററാണ്>>>>ഈ അളവില്‍ എന്തോ ഒരു തെറ്റില്ലേ?

    ReplyDelete