വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിന് വിപണിയില്‍ ഇടപെട്ടിരുന്ന കണ്‍സ്യൂമര്‍ഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇനിമുതല്‍ മുഴുവന്‍ സമയവും വിപണിയില്‍ ഇടപെടരുതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ഉത്തരവ് പുറപ്പെടുവിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഉത്സവസീസണില്‍ മാത്രം വിപണിയില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ഭക്ഷ്യപൊതുവിതരണവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലെ കര്‍ശനനിര്‍ദേശം. സപ്ലൈകോ ഫണ്ട് വര്‍ഷം തോറും വെട്ടിക്കുറയ്ക്കും. സപ്ലൈകോ സബ്്സിഡി നിരക്കില്‍ വിതരണംചെയ്യുന്ന 13 അവശ്യസാധനങ്ങള്‍ ഇനിമുതല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനം മാത്രം കുറച്ചേ വിതരണം ചെയ്യാന്‍ പാടുള്ളു എന്നും ഉത്തരവില്‍ പറയുന്നു.
ഭക്ഷ്യസാധനങ്ങള്‍ വിലകുറച്ച് നല്‍കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തിന്റെപേരിലാണ് അതിരൂക്ഷമായ വിലക്കയറ്റം നേരിടുമ്പോഴും വിപണി ഇടപെടലുകളില്‍നിന്ന് സ്ഥാപനങ്ങളെ വിലക്കുന്നത്. വിപണിയില്‍ ഇടപെടുന്നതുമൂലം സര്‍ക്കാരിന് വരുന്ന നഷ്ടം നികത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന മന്ത്രിസഭാതീരുമാനപ്രകാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി രൂപീകരിച്ച സമിതിയുടെ ശുപാര്‍ശയുടെ മറവിലാണ് പൊതുജനങ്ങളുടെ വയറ്റത്തടിക്കുന്ന ഉത്തരവ്. കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ടികോര്‍പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ എജന്‍സികളെയെല്ലാം വിലനിയന്ത്രണപ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ ഉത്സവ സീസണില്‍മാത്രം സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്താല്‍ മതിയെന്ന് 27ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഓണം, ബക്രീദ്, റമദാന്‍, ക്രിസ്മസ്, വിഷു എന്നീ ഉത്സവ സീസണുകളിലാണിത്. ഈ സീസണിലും ഏതൊക്കെ ദിവസങ്ങളില്‍ ഇടപെടണമെന്നതും അതത് കാലങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കും. മാര്‍ക്കറ്റില്‍ ഇടപെടുന്നതിന് ഓരോ വര്‍ഷവും എത്ര തുകയുടെ നഷ്ടം വരുമെന്ന് മുന്‍കൂട്ടി കണക്കാക്കി നല്‍കണം. ഇത് എന്ത് തന്നെയായാലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം മാത്രമാകണം. വരും വര്‍ഷങ്ങളിലും 90 ശതമാനം കണക്കാക്കി മാത്രമേ സര്‍ക്കാര്‍ നഷ്ടം നികത്തുകയുള്ളൂ. ഘട്ടംഘട്ടമായി സപ്ലൈകോക്ക് നല്‍കുന്ന സബ്സിഡി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെയും ഹോര്‍ടികോര്‍പിന്റെയും വിഎഫ്പിസികെയുടെയും നൂറുകണക്കിന് വിപണനകേന്ദ്രങ്ങള്‍ അടയ്ക്കേണ്ടിവരും. സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന ന്യായവില വിപണനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കും.
(ജി രാജേഷ്കുമാര്‍)
സൗജന്യ ഓണക്കിറ്റിലെ അരി മുടങ്ങി
ആലപ്പുഴ: സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യഓണക്കിറ്റിലെ അരിവിതരണം മുടങ്ങി. അരി മുടങ്ങിയതിനെത്തുടര്‍ന്ന് മാവേലി സ്റ്റോറുകളിലും സപ്ലെക്കോ ഓണച്ചന്തകളിലും ഗുണഭോക്താക്കളും ജീവനക്കാരുമായി സംഘര്‍ഷവും ഉണ്ടായി. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് അനുവദിച്ച അരിയാണ് കഴിഞ്ഞ മൂന്നുദിവസമായി ബിപിഎല്‍ സൗജന്യ ഓണക്കിറ്റില്‍ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പല മാവേലി സ്റ്റോറുകളിലും ഈ സ്റ്റോക്ക് തീര്‍ന്നതിനെത്തുടര്‍ന്നാണ് ഓണക്കിറ്റിലെ അരി മുടങ്ങിയത്. എറണാകുളത്തും മറ്റ് ചില വടക്കന്‍ ജില്ലകളിലും കിറ്റില്‍ മുളകും നല്‍കിയില്ലെന്ന് പരാതിയുണ്ട്. സര്‍ക്കാരിന്റെ ഈ നടപടി വരും ദിവസങ്ങളില്‍ സ്കൂളുകളിലെ ഉച്ചക്കഞ്ഞിയും മുടക്കാനിടയുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് ഓണത്തിനുമുമ്പ് നല്‍കുന്ന അഞ്ചുകിലോ അരി വിതരണം ചെയ്യുന്നതിനും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കുന്ന പരിപാടി മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. അതാണ് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് അവതാളത്തിലായത്. സംസ്ഥാനത്ത് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക്് രണ്ട് കിലോ അരിയടക്കം 113 രൂപയുടെ സാധനങ്ങള്‍ കിറ്റില്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സെപ്തംബര്‍ രണ്ടുമുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന് ആവശ്യമായ 40 ലക്ഷം കിലോ(40.000 ടണ്‍) അരി എഫ്സിഐയില്‍ നിന്ന് കിട്ടാന്‍ വേണ്ട നടപടി സര്‍ക്കാരും സിവില്‍ സപ്ലൈസ് കോര്‍പറേഷനും സ്വീകരിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന അരിയില്‍നിന്ന് ആവശ്യമുള്ളത്ര അളവ് സിവില്‍സപ്ലൈസ് കോര്‍പറേഷന് സര്‍ക്കാര്‍ അനുവദിക്കും. ഇതിന്റെ പണം ഒരു കിലോയ്ക്ക് 19.80 രൂപവെച്ച് എഫ്സിഐയില്‍ അടച്ച് സര്‍ക്കാരിന്റെ അണ്ടര്‍ടേക്കിങും ഹാജരാക്കിയാല്‍ മാത്രമേ അരി കിട്ടു. എന്നാല്‍ ഇതുവരെ എഫ്സിഐയില്‍ പണവും അണ്ടര്‍ടേക്കിങും നല്‍കിയിട്ടില്ല. എന്നാല്‍ അടുത്തദിവസംതന്നെ ഇവ എഫ്സിഐയ്ക്ക് നല്‍കുമെന്ന് സിവില്‍സപ്ലൈസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവ നല്‍കിയാലും അരി വിട്ടുകിട്ടാന്‍ രണ്ടുമൂന്നു ദിവസം കാലതാമസമുണ്ടാകും. ചുരുക്കത്തില്‍ അടുത്ത തിങ്കളാഴ്ച മാത്രമേ അരി വിതരണം ചെയ്യാനാകൂ. അതുവരെ സൗജന്യ കിറ്റ് വിതരണം മുടങ്ങും.
ഇതുകൂടാതെ സ്കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് നല്‍കുന്ന അഞ്ചുകിലോ അരി വിട്ടുകിട്ടുന്നതിനും സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ 30 ലക്ഷം കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവെച്ച് നല്‍കാന്‍ ഒന്നരകോടി കിലോ (1.5 ലക്ഷം ടണ്‍)അരി വേണം. ഒരാഴ്ചയ്ക്കുള്ളില്‍ ഫണ്ട് അടച്ച് അണ്ടര്‍ടേക്കിങ് നല്‍കിയില്ലെങ്കില്‍ വര്‍ഷങ്ങളായി കുട്ടികള്‍ക്ക് കിട്ടിയിരുന്ന ഈ ഓണസമ്മാനവും ഇക്കുറി മുടങ്ങും.
(ഡി ദിലീപ്)
deshabhimani
No comments:
Post a Comment