Thursday, October 24, 2013

സമയബന്ധിത പരിശോധന വേണമെന്ന് സുപ്രീംകോടതി

കാര്‍ബണ്‍ ഡൈഓക്സൈഡ് കലര്‍ന്ന ശീതളപാനീയങ്ങള്‍ ഹാനികരമാണോ എന്ന് നിരീക്ഷിക്കാനും സമയബന്ധിതമായി പരിശോധിക്കാനും ഭക്ഷ്യസുരക്ഷയും നിലവാരവും ഉറപ്പുവരുത്താനും ഇതുസംബന്ധിച്ച കേന്ദ്ര അതോറിറ്റിയോട്(എഫ്എസ്എസ്എഐ) സുപ്രീംകോടതി നിര്‍ദേശിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും എ കെ സിക്രിയും ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. ശീതളപാനീയങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കിയാണ് എഫ്എസ്എസ്എഐക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

ശീതളപാനീയങ്ങളിലെ ചേരുവകള്‍ മനുഷ്യാരോഗ്യത്തിന് ഗുരുതര ദോഷങ്ങള്‍ വരുത്തുന്നുവെന്ന ആക്ഷേപമാണ് സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ തങ്ങളുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. 2004ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദം 2012 ഡിസംബര്‍ 13നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റി. നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും പാനീയങ്ങളുടെ നിലവാരത്തിന് മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചുള്ള ഭക്ഷ്യസുരക്ഷ- നിലവാര നിയമം പര്യാപ്തമാണെന്നുമാണ് പ്രമുഖ ശീതളപാനീയ കമ്പനിയായ പെപ്സി വാദിച്ചത്. വാദത്തിനിടെ ശീതള പാനീയങ്ങളിലെ ദോഷകരമായ രാസവസ്തുക്കളെ കണ്ടെത്തുന്നതിന് സ്വതന്ത്ര ശാസ്ത്രസമിതികള്‍ക്ക് രൂപം നല്‍കാന്‍ എഫ്എസ്എസ്എഐയോട് 2011 ഫെബ്രുവരിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മധുരത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, കളറിങ് ഏജന്റുകള്‍, ഫോസ്ഫോറിക്ക്- സിട്രിക്ക്- മാലിക് ആസിഡുകള്‍, കഫീന്‍ തുടങ്ങി ശീതളപാനീയങ്ങളിലെ വിവിധ ഘടകങ്ങള്‍ പരിശോധിച്ച് എഫ്എസ്എസ്എഐ ഉത്തരവ് പുറപ്പെടുവിച്ചു.

deshabhimani

No comments:

Post a Comment