സിബിഐ അന്വേഷണത്തില്‍ കൂടുതല്‍ വ്യവസായ പ്രമുഖര്‍ ഇരകളാക്കപ്പെടുമെന്ന ആശങ്കയുണ്ട്. ഒരു തെറ്റും ചെയ്യാത്തവര്‍ക്കെതിരെ തെളിവൊന്നും കൂടാതെയാണ് കേസെടുക്കുന്നത്. വ്യക്തിഗത സംരംഭങ്ങളുടെ വിശ്വാസ്യതയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഇന്ത്യയില്‍ ബിസിനസ് അന്തരീക്ഷം മോശമാവുകയാണ്. വിശ്വാസരാഹിത്യത്തിന്റെ അന്തരീക്ഷം തുടര്‍ന്നാല്‍ നയതീരുമാനങ്ങള്‍ കൂടുതല്‍ തടസ്സപ്പെടും. നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും വിശ്വാസം നഷ്ടപ്പെട്ട ഘട്ടത്തില്‍ വ്യവസായ- ഉദ്യോഗസ്ഥ പ്രമുഖര്‍ക്കെതിരെ കേസുണ്ടാവുന്നത് രാജ്യത്തിന് അല്‍പ്പംപോലും ഗുണംചെയ്യില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ വ്യവസായ പ്രമുഖര്‍ കണ്ടതുകൊണ്ടുമാത്രം എങ്ങനെ നിഗമനങ്ങളില്‍ എത്തും. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ തീരുമാനമെടുക്കേണ്ടവര്‍ അതില്‍നിന്ന് ഒളിച്ചോടും. തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥര്‍ അതിന് മടിക്കും.
ഒരു പ്രത്യേക പദ്ധതിയെ പിന്തുണച്ച് ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നതില്‍ എന്തെങ്കിലും തെറ്റ് കാണാനാവില്ല. വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സംരംഭകത്വത്തിന്റെ ആവേശം നിലനിര്‍ത്തുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യമാണ്- അസോചം കത്തില്‍ പറഞ്ഞു. ബിര്‍ലയുടെ കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ സിഎജി തെറ്റൊന്നും കണ്ടിരുന്നില്ലെന്ന് മുന്‍ സിഎജി വിനോദ് റായി പറഞ്ഞു. ഹിന്‍ഡാല്‍കോ ഇടപാടിന്റെ വിശദാംശങ്ങള്‍ തേടി പ്രധാനമന്ത്രി കാര്യാലയത്തിന് കത്തയച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യംചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. തീരുമാനമെടുത്ത പ്രധാനമന്ത്രികാര്യാലയ ഉദ്യോഗസ്ഥന്‍ ആരെന്ന് അറിയുകയാണ് ലക്ഷ്യം. എങ്ങനെ തീരുമാനത്തില്‍ എത്തിയെന്നതു മാത്രമാണ് അറിയേണ്ടത്- സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
(എം പ്രശാന്ത്)
രമേഷ് നമ്പ്യാര്‍ക്കും റിലയന്‍സിനും എതിരെ കേസ്
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടിലെ പ്രമുഖ ഇടനിലക്കാരി നീര റാഡിയ ടേപ്പുമായി ബന്ധപ്പെട്ട് മലയാളിയടക്കമുള്ളവര്‍ക്കെതിരെ സിബിഐ എട്ട് കേസ് രജിസ്റ്റര്‍ചെയ്തു. നീര റാഡിയക്കുപുറമേ മലയാളിയും എയര്‍ ഇന്ത്യ മുന്‍ ഉദ്യോഗസ്ഥനുമായ രമേഷ് നമ്പ്യാര്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഹൈഡ്രോ കാര്‍ബണ്‍സ് മുന്‍ ഡയറക്ടറേറ്റ് ജനറല്‍ വി കെ സിബല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ദീപക് തല്‍വാര്‍, തിരിച്ചറിയപ്പെടാത്ത രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിയത്. എന്നാല്‍, കേസുസംബന്ധിച്ച് കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സിബിഐ വക്താവ് തയ്യാറായില്ല.
ജാര്‍ഖണ്ഡിലെ അനുക, സംഗും ജില്ലകളില്‍ ഇരുമ്പയിര് ഖനനത്തിന് വഴിവിട്ട് അനുമതി നല്‍കിയതിനാണ് കേസ്. അഴിമതിക്കേസില്‍ മധു കോഡ ഇപ്പോള്‍ ജാമ്യത്തിലാണ്. ആഭ്യന്തര വ്യോമയാന സര്‍വീസ് മേഖല ലഭ്യമാക്കാന്‍ ഇടനിലക്കാര്‍ വഴി വന്‍തുക കോഴ ലഭിച്ചുവെന്ന പരാതിയിലാണ് ഒരു കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഇതിനാലാണ് നീര റാഡിയ, രമേഷ് നമ്പ്യാര്‍, ദീപക് തല്‍വാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. യൂണിടെക്കിന്റെ ഓഹരിയുടെ കുത്തക കൈവശപ്പെടുത്തിയ സംഭവത്തിലാണ് മറ്റൊരു കേസ്. റാഡിയ ടേപ്പ് കേസില്‍ പുതുതായി എട്ട് കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ റാഡിയയുടെ അഭിഭാഷകര്‍ തയ്യാറായില്ല. ജവാഹര്‍ലാല്‍നെഹ്റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെഎന്‍എന്‍യുആര്‍എം) പദ്ധതിപ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ടാറ്റാ മോട്ടോഴ്സില്‍ ലോ ഫ്ളോര്‍ ബസുകള്‍ അനുവദിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. വിശദവിവരം ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദാംശം പറയാന്‍ കഴിയില്ലെന്നും ടാറ്റാ മോട്ടോഴ്സ് വക്താവ് അറിയിച്ചു.
No comments:
Post a Comment