Thursday, October 24, 2013

മുഖ്യമന്ത്രി "പണി" കൊടുത്തു; എങ്കിലും സുരേഷ് വീണ്ടും എത്തും

അങ്കമാലി: സുരേഷ്കുമാറിന്റെ മുഖം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഓര്‍മയുണ്ടാകണമെന്നില്ല. സഞ്ചാരവൈകല്യമുള്ള മൂകനായ ഈ എംകോംകാരനെ പക്ഷേ, ജില്ലയില്‍ പലരും ഇന്നും ഓര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച ജോലിവഴി തന്റെ ജീവിതക്ലേശങ്ങള്‍ക്ക് അറുതിയായെന്ന് ആശ്വസിച്ച സുരേഷിന്റെ അനുഭവം അന്ന് പല മാധ്യമങ്ങളും ആഘോഷിച്ചു. എന്നാല്‍, ഇത്തവണയും ജനസമ്പര്‍ക്ക പരിപാടിയിലെ പരാതിക്കാരുടെ നിരയില്‍ത്തന്നെ നില്‍ക്കാനാണ് ഈ യുവാവിന്റെ നിയോഗം; ഇനിയും കബളിപ്പിക്കില്ലെന്ന പ്രതീക്ഷയില്‍. കഴിഞ്ഞ തവണത്തെ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാപഞ്ചായത്തില്‍ ജോലി ലഭിച്ചതായി മാധ്യമങ്ങള്‍ ആഘോഷിച്ചെങ്കിലും 15 ദിവസത്തെ താല്‍ക്കാലിക ശിപായി ജോലിയാണ് കിട്ടിയത്. ആശ്വാസം തീരുംമുമ്പേ, 16-ാം ദിവസംമുതല്‍ പണിക്കുവരേണ്ടെന്ന അറിയിപ്പുകിട്ടി. സങ്കടവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിലെത്തി. എല്‍ദോസ് കുന്നപ്പള്ളി നിര്‍ദേശിച്ചതനുസരിച്ച് അങ്കമാലിയിലെ മൃഗാശുപത്രിയോടു ചേര്‍ന്നുള്ള മുയല്‍ഫാമിലേക്ക് ഈ ബിരുദാനന്തര ബിരുദധാരിയെ കാഷ്വല്‍ തൊഴിലാളിയായി അയച്ചു. പക്ഷെ, മൃഗാശുപത്രി അധികൃതര്‍ക്ക് വാക്കാല്‍ നിര്‍ദേശം മാത്രമാണ് കൊടുത്തത്. 2012 ഏപ്രില്‍ ഒന്നുമുതല്‍ സുരേഷ്കുമാര്‍ മുയല്‍ഫാമില്‍ ജോലിതുടങ്ങി. ഒന്നരവര്‍ഷത്തിലേറെയായി ജോലിക്ക് മുടക്കംകൂടാതെ വന്നുപോകുന്നുണ്ടെങ്കിലും വേതനം മാത്രമില്ല. ശിപായിജോലി നോക്കിയ 15 ദിവസത്തെ വേതനം ജില്ലാ പഞ്ചായത്തില്‍നിന്നു കിട്ടി.

ജില്ലാ പഞ്ചായത്ത് സമിതിയുടെ തീരുമാനപ്രകാരം സുരേഷ്കുമാര്‍ മുയല്‍ഫാമില്‍ ജോലിക്കെത്തിയിട്ടുണ്ടെങ്കിലും അതിന് ഒരു നിയമ പ്രാബല്യവുമുണ്ടാകില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കെഴുതിയ കത്ത് വ്യക്തമാക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ സുരേഷ്കുമാറിന്റെ നിയമനത്തിന് സാധൂകരണമാകൂ. ഇതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ചാണ് എല്‍ദോസ് കുന്നപ്പള്ളി കത്ത് അയച്ചത്. 2012 നവംബര്‍ 11ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് ഇതുവരെ മറുപടിയോ മറ്റു നിര്‍ദേശങ്ങളോ കിട്ടിയിട്ടില്ല.

സുരേഷിന്റെ ദയനീയസ്ഥിതികണ്ട് അലിവുതോന്നി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തന്റെ ഓണറേറിയത്തില്‍നിന്ന് ആകാവുന്നത് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അത് വാങ്ങാന്‍ സുരേഷ് തയ്യാറായില്ല. അതിനാല്‍ പ്രസിഡന്റ് 3000 രൂപ സുരേഷ്കുമാറിന്റെ വീട്ടില്‍ച്ചെന്ന് നിര്‍ബന്ധിച്ചു നല്‍കി. ഇനികൊണ്ടുവരരുതെന്ന അഭ്യര്‍ഥനയോടെ അതു വാങ്ങി. അങ്കമാലിക്കടുത്ത് കിടങ്ങൂരില്‍ കുഴുപ്പിള്ളി വീട്ടില്‍ അയ്യപ്പന്‍നായരുടെ മകനായ സുരേഷ്കുമാര്‍ വെള്ളിയാഴ്ച കലക്ടറേറ്റില്‍ ഒരുക്കിയിട്ടുള്ള ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയെ വീണ്ടും കാണാന്‍ ഉറച്ചിരിക്കുകയാണ്. നേരത്തെ തന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കം ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതികള്‍ അയച്ചിരുന്നെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിച്ച് ഒരാളും മറുപടിപോലും നല്‍കിയിരുന്നില്ലെന്ന് സുരേഷ്കുമാര്‍ പറഞ്ഞു.

8000 പരാതി; 7000വും പരിഹരിക്കാനാവില്ല

തൃക്കാക്കര: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ചതില്‍ 7000ത്തോളം പരാതി പരിഹരിക്കാന്‍ കഴിയാത്തവയെന്ന് അധികൃതര്‍. ഭൂമി, പട്ടയം, തൊഴില്‍ തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും തീരദേശ പരിപാലന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ടുള്ള പരാതികളുമാണ് ഇവയിലുള്ളത്. ഒന്നാംഘട്ട ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 15000ല്‍ അധികം അപേക്ഷകളില്‍ 75 ശതമാനംപോലും ഇതുവരെ പരിഹരിച്ചിട്ടില്ല. ഇത്തവണ 8000 പരാതികളാണ് ലഭിച്ചിട്ടുള്ളത്. 449 പേരുടെ പരാതികള്‍ പരിഹരിച്ചു. 321 പേരെ നേരിട്ട് വിളിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവ പരിഹരിക്കാന്‍ പറ്റാത്തവയാണെന്ന് ജില്ലാ റവന്യു അധികൃതര്‍ വ്യക്തമാക്കി. ചികിത്സാ സഹായത്തിനുള്ള അപേക്ഷകളില്‍ മാത്രമാണ് ഫലത്തില്‍ പരിഹാരമുണ്ടാകുക. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനുള്ള അപേക്ഷയും മുഖ്യമന്ത്രി നേരിട്ട് പരിഹരിക്കും.

കോലഞ്ചേരി ഐക്കരനാട് സ്വദേശിയായ മാലേരിവീട്ടില്‍ എം എം ബാബുവിന്റെ പരാതി ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ടതായിരുന്നു. നഗരസഭാ അധികൃതര്‍ക്ക് കൈമാറിയെങ്കിലും (നമ്പര്‍ ഇആര്‍ഇസഡ്-സി 101623) കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നു പറഞ്ഞ് പരാതി തള്ളി. അങ്കമാലി സ്വദേശിയായ ഒരു വികലാംഗന് തൊഴില്‍ വാഗ്ദാനംചെയ്തെങ്കിലും ഇതും പരിഹാരമാകാതെ കിടക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൈയെടുത്ത് അങ്കമാലി ഫാമില്‍ മൂന്നുമാസം താല്‍ക്കാലിക ജോലി നല്‍കി. ശമ്പളം പ്രസിഡന്റിന്റെ അലവന്‍സില്‍നിന്ന് നല്‍കുകയായിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉണ്ടായില്ല. ഇത്തവണ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് ലഭിക്കാനായുള്ള അഞ്ച്അപേക്ഷകളും ഇതില്‍പ്പെടും. തൃക്കാക്കര ഗവ. പ്രസ്സിലെ വികലാംഗനായ ഒരു ജീവനക്കാരന് ക്വാര്‍ട്ടേഴ്സ് മാറ്റത്തിനുള്ള അപേക്ഷയും ജനസമ്പര്‍ക്കപരിപാടിയില്‍ വന്നു.

25ന് രാവിലെ ഒമ്പതിന് എത്തുന്ന മുഖ്യമന്ത്രിയെ കാണാന്‍ 10000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പന്തല്‍ ഒരുക്കും. കഴിഞ്ഞവര്‍ഷത്തെ പന്തലിന് മാത്രം 41 ലക്ഷമാണ് ചെലവിട്ടത്. രാവിലെ 1000 പേര്‍ക്ക് പ്രാതല്‍, 2500 പേര്‍ക്ക് ഉച്ചഭക്ഷണം, 2000 പേര്‍ക്ക് ലഘുഭക്ഷണവും ചായയും രാത്രി 1000 പേര്‍ക്ക് ചപ്പാത്തി എന്നിവയും എത്തിക്കും. ഏഴു താലൂക്കുകളില്‍നിന്നായി 70 വളന്റിയര്‍മാര്‍, 120 ജീവനക്കാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കലക്ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും.

deshabhimani

No comments:

Post a Comment