Thursday, October 24, 2013

പുന്നപ്ര രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം

ആലപ്പുഴ: പിറന്ന നാടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പോര്‍നിലങ്ങളെ സ്വന്തം ജീവരക്തംകൊണ്ടു ചുവപ്പിച്ച അനശ്വരരായ പുന്നപ്ര രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം. അമേരിക്കന്‍മോഡല്‍ ഭരണക്രമത്തിനും സര്‍ സി പി രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനും എതിരെ രക്തംചിന്തിയ പോരാട്ടത്തിലൂടെ ചരിത്രഗതിതന്നെ മാറ്റിക്കുറിച്ച ധീരരക്തസാക്ഷികളുടെ സ്മരണയുമായി നാടാകെ പുന്നപ്ര സമരഭൂമിയില്‍ സംഗമിച്ചു. രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന മുദ്രാവാക്യങ്ങളാല്‍ പുന്നപ്രയിലെ സമരഭൂമി വീണ്ടും കോരിത്തരിച്ചു.

67-ാമത് പുന്നപ്ര രക്തസാക്ഷി ദിനമായ ബുധനാഴ്ച രാവിലെ മുതല്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, ദീപശിഖാറിലേ, പറവൂര്‍ രക്തസാക്ഷിനഗറിലെ അനുസ്മരണ സമ്മേളനം എന്നിവയോടെയായിരുന്നു ദിനാചരണം. പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍നിന്ന് വിവിധ വാരാചരണകമ്മിറ്റികളുടെ നേതൃത്വത്തിലും അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് പഞ്ചായത്തിലെ പ്രവര്‍ത്തകരും റാലിയായി എത്തി കപ്പക്കട ജങ്ഷനില്‍ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ റാലി പകല്‍ പന്ത്രണ്ടോടെ പുന്നപ്ര സമരഭൂമിയിലെത്തി. രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സമരസേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാനാതുറകളിലെ ജനസഞ്ചയം ഒഴുകിയെത്തി. തുടര്‍ന്ന് ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. മുദ്രാവാക്യം വിളികളാല്‍ സമരഭൂമി മുഖരിതമായി. പുന്നപ്ര സമരനായകരായ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പി കെ ചന്ദ്രാനന്ദന്‍, ഇരുകമ്യൂണിസ്റ്റ് പാര്‍ടികളുടെയും നേതാക്കളായ ജി സുധാകരന്‍ എംഎല്‍എ, സി ബി ചന്ദ്രബാബു, സി കെ സദാശിവന്‍ എംഎല്‍എ, പി തിലോത്തമന്‍ എംഎല്‍എ, എച്ച് സലാം, ഇ കെ ജയന്‍ തുടങ്ങിയവര്‍ ബലികുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്നു സമരഭൂമിയില്‍ നടന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. വാരാചരണക്കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ അധ്യക്ഷനായി. പി തിലോത്തമന്‍ എംഎല്‍എ സംസാരിച്ചു. എം രഘു സ്വാഗതംപറഞ്ഞു. വൈകിട്ട് ദീപശിഖാറാലി നടന്നു.

പകല്‍ മൂന്നിന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സമരസേനാനിയായിരുന്ന കൊച്ചീക്കാരന്‍ വീട്ടില്‍ സ. മാര്‍ട്ടിന്റെ സഹധര്‍മിണി മറിയാമ്മ സമര സേനാനി പള്ളാത്തുരുത്തി മണലേല്‍ മാധവന്റെ ചെറുമകനും കായികതാരവുമായ യു ജോഷിക്ക് ദീപശിഖ കൈമാറി. പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകിട്ട് പറവൂര്‍ രക്തസാക്ഷിനഗറില്‍ എത്തി. കായികതാരം വിപിന്‍ വിനോദില്‍നിന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിച്ചു. വൈകിട്ട് പറവൂര്‍ രക്തസാക്ഷിനഗറില്‍ പൊതുസമ്മേളനം ചേര്‍ന്നു. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാരാചരണകമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ പുന്നപ്ര കിഴക്ക് കമ്മിറ്റി പ്രസിദ്ധീകരിച്ച "ഈ രണഭൂമി" എന്ന വിപ്ലവ സ്മരണിക ജി സുധാകരന്‍ എംഎല്‍എ പ്രകാശനംചെയ്തു. എച്ച് സലാം സംസാരിച്ചു. വാരാചരണകമ്മിറ്റി സെക്രട്ടറി എം രഘു സ്വാഗതം പറഞ്ഞു. ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ വൈകിട്ട് നടന്ന അനുസ്മരണസമ്മേളനത്തില്‍ എ രാഘവന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പുരുഷോത്തമന്‍, സി ബി ചന്ദ്രബാബു, ഡി ലക്ഷ്മണന്‍, വി എസ് മണി, പി പി പവനന്‍ എന്നിവര്‍ സംസാരിച്ചു. പി കെ സദാശിവന്‍ പിള്ള സ്വാഗതംപറഞ്ഞു.

പുന്നപ്ര വയലാറിന്റെ അത്ഭുതലോകം തുറന്ന് വി എസ്

അമ്പലപ്പുഴ: അംഗവിക്ഷേപം കൊണ്ടും ചതുരവടിവിലെ വാക്കുകൊണ്ടും വി എസ് അച്യുതാനന്ദന്‍ വിവരിച്ച് തുടങ്ങിയപ്പോള്‍ കുട്ടികളുടെ മുന്നില്‍ വിരിഞ്ഞത് പുന്നപ്ര വയലാര്‍ സമരത്തിന്റെ അത്ഭുതലോകം. വാരിക്കുന്തം ചീകുന്നതും മുട്ടില്‍ കിടന്ന് ഇഴയുന്നതും ഒക്കെ വി എസ് കുട്ടികള്‍ക്ക് അഭിനയിച്ചുകാട്ടി. "ആലപ്പുഴയുടെ പൈതൃകം" എന്ന ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി വി എസിന്റെ വീട്ടിലെത്തിയ പുന്നപ്ര സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളോടാണ് വിഎസ് തന്റെ പുന്നപ്ര വയലാര്‍ സമരാനുഭവം പങ്കുവച്ചത്. പൊലീസ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചതിനാല്‍ സമരം നടക്കുമ്പോള്‍ പാര്‍ടി നിര്‍ദേശപ്രകാരം ഒളിവിലായിരുന്നുവെന്നും വിഎസ് പറഞ്ഞു.

പുന്നപ്ര സമരത്തിന്റെ നേട്ടമെന്തായിരുന്നു ഒരു കുട്ടിയുടെ ചോദ്യം. ഇന്ന് അനുഭവിക്കുന്ന ജനായത്ത ഭരണവും നാട്ടുരാജ്യങ്ങളുടെ തകര്‍ച്ചയും ഭൂപരിഷ്കരണവുമെല്ലാം അക്കമിട്ട് വി എസ് നിരത്തി. ഈ പ്രായത്തിലും ചുറുചുറുക്കോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിന്റെ രഹസ്യമായിരുന്നു മറ്റൊരു ചോദ്യം. ഏറ്റെടുക്കുന്ന സമരങ്ങള്‍ക്ക് കിട്ടുന്ന പിന്തുണയും അതിന്റെ വിജയവും നല്‍കുന്ന ആവേശം തന്നെയാണ് മുഖ്യമെന്ന് എന്നായിരുന്നു മറുപടി. ചരിത്രമുറങ്ങുന്ന പുന്നപ്രയുടെ പഴമയും അവിടുത്തെ സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യവും സമരപോരാട്ടങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററിയില്‍ പുന്നപ്രയില്‍ നിന്നുള്ള മുഖ്യമന്ത്രി മറ്റ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സ്പോര്‍ട്സ്രംഗത്തെ മികച്ച വ്യക്തിത്വങ്ങള്‍ എന്നിവയാണ് ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററിയിലൂടെ വിവരിക്കുന്നത്. ഒപ്പം തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആലപ്പുഴയില്‍ വന്നതും പറവൂര്‍ സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ പുന്നപ്ര മരമുത്തശ്ശിയും, കയര്‍-മത്സ്യ-കര്‍ഷകത്തൊഴിലാളികളുടെ മഹാത്മ്യവും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നു. ഒരാഴ്ച കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുക. ഏതാനും അധ്യാപകര്‍ക്ക് ഒപ്പമെത്തിയ കുട്ടികള്‍ വിഎസിന് 90-ാം ജന്മദിനാശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.

deshabhimani

No comments:

Post a Comment