Thursday, October 24, 2013

ഹൈടെക് സിറ്റിക്ക് പുഴയ്ക്കല്‍പ്പാടം നികത്താന്‍ അനുവദിക്കില്ല: കെഎസ്കെടിയു

തൃശൂര്‍: ഹൈടെക് സിറ്റിക്കായി പുഴയ്ക്കല്‍പ്പാടത്തെ 150 ഏക്കര്‍ കൃഷിഭൂമി നികത്താന്‍ ആരേയും അനുവദിക്കില്ലെന്ന് കെഎസ്കെടിയു ജില്ലാ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ പറഞ്ഞു. സമ്പന്നþഭൂമാഫിയകളെ സഹായിക്കാനാണ് ഹൈടെക് വികസനത്തിന്റെ പേരില്‍ ചിലര്‍ രംഗത്തെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് നിലവിലുള്ള നീര്‍ത്തടസംരക്ഷണനിയമത്തെ അട്ടിമറിക്കാന്‍ ഈ നാട്ടിലെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളും സാധാരണക്കാരും സമ്മതിക്കില്ല. ഈ വര്‍ഷാരംഭത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക ഭൂസമര ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ വാഗ്ദാനമാണ് ഒരിഞ്ച് നെല്‍പ്പാടം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് കൃഷിക്കുതന്നെ ഉപയോഗിക്കുമെന്ന് ഉറപ്പാക്കുമെന്ന്. ഇതെല്ലാം അട്ടിമറിച്ചാണ് ആറന്മുള വിമാനത്താവളം മോഡലില്‍ 150 ഏക്കര്‍ പുഴയ്ക്കല്‍പ്പാടവും ഹൈടെക് സിറ്റിക്കായി നികത്തുമെന്ന് പറയുന്നത്. ഇത് വികസനമല്ല, രാജ്യദ്രോഹമാണെന്നും ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉല്‍പ്പാദനക്ഷമമായ കൃഷിഭൂമിയാണ് പുഴയ്ക്കല്‍പ്പാടം. 45 വിള കിട്ടാറുള്ള വളക്കൂറുള്ള കൃഷിയിടം. ഞങ്ങള്‍ വികസനവിരുദ്ധരോ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവരോ അല്ല. പദ്ധതി നിര്‍വഹണത്തിന് നെല്‍പ്പാടത്തെ ഒഴിവാക്കി മറ്റേതെങ്കിലും പ്രദേശം കണ്ടെത്തണമെന്നാണ് ആവശ്യപ്പെടുന്നത്. പത്തുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തിന് 64 ലക്ഷം ടണ്‍ അരിആവശ്യമായി വരുമെന്നാണ് കണക്ക്. ഈ നിലയില്‍ അവശേഷിക്കുന്ന പാടംകൂടി നികത്താനാണ് നീക്കമെങ്കില്‍ ഒരുമണി അരിപോലും ഉല്‍പ്പാദിപ്പിക്കാനാവാത്ത സംസ്ഥാനമായി കേരളം മാറും.ജലസംഭരണികളായ നെല്‍പ്പാടമാണ് ഈ പ്രദേശത്തെ കിണറുകളുടെ വറ്റാത്ത ഉറവ. വെള്ളംകുടി മുട്ടിച്ച് പ്രകൃതി സമതുലിതാവസ്ഥയെ തുരങ്കംവയ്ക്കുന്ന ഇത്തരം വികസന സങ്കല്‍പ്പം ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാണ്. ഇത്തരം തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ കെഎസ്കെടിയു പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ജില്ലാ സെക്രട്ടറി മുന്നറിയിപ്പു നല്‍കി.

deshabhimani

No comments:

Post a Comment