Thursday, October 24, 2013

തല ചായ്ക്കാനിടമില്ലാതെ ഗുരുവായൂരില്‍ നൂറുകണക്കിന് വയോവൃദ്ധര്‍

ആയിരങ്ങള്‍ ആത്മീയാശ്രയത്തിനെത്തുന്ന ഗുരുവായൂരില്‍ അഗതികള്‍ ആശ്രയമില്ലാതെ അലയുന്നു. തലചായ്ക്കാനോ വിശ്രമിക്കാനോ ഇടമില്ലാതെ വയോവൃദ്ധര്‍ ക്ഷേത്ര നഗരിയില്‍ അലയുമ്പോള്‍ കോടികളുടെ വരുമാനമുളള ക്ഷേത്ര അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജീവിതത്തിന്റെ അവസാന കാലം ഗുരുവായൂരില്‍ ചെലവഴിക്കാനെത്തുന്നവരേണ് ഇവരിലേറെ. ബന്ധുക്കള്‍ "നട തള്ളി വിടുന്നവരും" കൂട്ടത്തിലുണ്ട്.

16 വര്‍ഷം മുമ്പ് ഗുരുവായൂരിലെത്തിയ പത്മാവതി അടുത്തയിടെ പരിക്കേറ്റ് ആശുപത്രിയിലാവുകയും പരിചരിക്കാനാളില്ലാതെ വന്നപ്പോള്‍ ജീവകാരുണ്യ സംഘടനകള്‍ രംഗത്തു വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവാണ്. ആരോരുമില്ലാത്ത നിരവധി വൃദ്ധരെയും രോഗികളെയും ഗുരുവായൂരിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. അഗതികളായി ഗുരുവായൂരില്‍ എത്തുന്നവര്‍ക്ക് സഹായമാകുന്ന ഒരു സ്ഥാപനവും ദേവസ്വത്തിന്റേതായി ഇല്ല. ഗുരുവായൂര്‍ നഗരസഭയുടെ അഗതി മന്ദിരം മാത്രമാണ് ഏക ആശ്രയം. അവിടെ 20 ഓളം പേരുണ്ട്. ക്ഷേത്രത്തിനു ചുറ്റും കഴിയുന്ന വയോവൃദ്ധരായ അഗതികള്‍ക്ക് അജ്ഞാത മൃതദേഹമായിത്തീരാനാണ് വിധി. ഇവരെ സംരക്ഷിക്കാന്‍ യാതോരു ബാധ്യതയും ഇല്ലാത്ത വിധമാണ് ദേവസ്വത്തിന്റെ പെരുമാറ്റം. സാമൂഹ്യ വിരുദ്ധരും അലയുന്ന ഇടമായതുകൊണ്ട് പൊലീസിനെ പേടിച്ച് രാത്രി സുഖമായൊന്ന് ഉറങ്ങാന്‍ പോലും അഗതികള്‍ക്കാകുന്നില്ല. വിലക്കേര്‍പ്പെടുത്തിയതോടെ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലെ ഉറക്കവും നിലച്ചു.

ക്ഷേത്രത്തിലെ പ്രസാദ ഊട്ട് അഗതികള്‍ക്ക് അനുഗ്രമാണെങ്കിലും നടക്കാന്‍ ആവാത്ത വയോധികര്‍ പലപ്പോഴും പട്ടിണിയിലാണ്. ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ഭിക്ഷയാണ് ഇവരുടെ ആശ്രയം. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഉണ്ടായിരുന്ന അഗതികളെ പൊലീസിന്റെ സഹായത്തോടെ ഒരു ജീവകാരുണ്യ സംഘടന അഗതി മന്ദിരങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഹൈന്ദവ സംഘടനകള്‍ തന്നെയാണ് അന്ന് സമരവുമായി രംഗത്തെത്തിയത്. അഗതികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശരണാലയം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ യുഡിഎഫ് വന്നതോടെ ഈ പാവങ്ങള്‍ പരിഗണനക്കു പുറത്തായി.

deshabhimani

No comments:

Post a Comment