Thursday, October 24, 2013

കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെതിരായ പരാതി പൊലീസ് മുക്കി

സാമ്പത്തിക ഇടപാടില്‍ ബിനാമിയാകാന്‍ വിസമ്മതിച്ച സിവില്‍ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റിനെ ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി തടങ്കലിലിട്ട് മര്‍ദിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെയുള്ള കേസ് പൊലീസ് ഒതുക്കിയതായി പരാതി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, ഐഎന്‍ടിയുസി നേതാവ് സൂര്യദാസ് എന്നിവര്‍ക്കെതിരെയുള്ള പരാതിയിലാണ് നടപടിയെടുക്കാത്തത്. കോണ്‍ഗ്രസ് നേതാക്കളും ക്വട്ടേഷന്‍സംഘവുമായി ബന്ധം പുലര്‍ത്തുന്ന കണ്ണൂര്‍ ഡിവൈഎസ്പി ഇടപെട്ടാണ് പരാതി മുക്കിയത്. പള്ളിക്കുന്ന് നാലാമ്പ്രത്ത് "സായിനാഥി"ലെ കെ നാരായണനാണ് ഇരു നേതാക്കള്‍ക്കുമെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. നടപടിയില്ലാത്തതിനാല്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നാരായണന്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടു മാസമായിട്ടും പരാതി സംബന്ധിച്ച് പ്രാഥമിക അന്വേഷണംപോലുമുണ്ടായില്ല. 17 ദിവസം ക്വട്ടേഷന്‍സംഘത്തിന്റെ തടങ്കലില്‍ ക്രൂരമര്‍ദനത്തിന് ഇരയായ നാരായണന്റെ അനുഭവം കോണ്‍ഗ്രസ് നേതാക്കളും പൊലീസും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണ്.

ലോഡ്ജുകളിലും ഒഴിഞ്ഞ പ്രദേശത്തും കടുത്ത മര്‍ദനത്തിന് വിധേയമാക്കി ഇവര്‍ നാരായണന്റെ ഭൂമിയും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. എട്ടു ലക്ഷം രൂപ സൂര്യദാസ് വാങ്ങി കബളിപ്പിക്കുകയും ചെയ്തു. സിവില്‍ എന്‍ജിനിയറിങ് കണ്‍സട്ടന്‍സിയും കെട്ടിടനിര്‍മാണവും നടത്തുന്ന താന്‍ ബിസിനസ് ആവശ്യത്തിന് വായ്പയെടുത്ത 50 ലക്ഷം രൂപ ട്രെയിനില്‍ നഷ്ടപ്പെട്ടിരുന്നു. ശ്യാംസുന്ദര്‍, മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഏര്‍പ്പാടാക്കി. കഴിഞ്ഞ ആഗസ്ത് ആറിന് ക്വട്ടേഷന്‍സംഘം നാരായണനെ തട്ടിക്കൊണ്ടുപോയി. വാഹനത്തിലിട്ട് ബോധംമറയുവോളം തല്ലി. വാച്ച്, വിവാഹമോതിരം, എടിഎം കാര്‍ഡുകള്‍ എന്നിവ പിടിച്ചുവാങ്ങി. കണ്ണൂര്‍, പഴയങ്ങാടി, മംഗളൂരു എന്നിവിടങ്ങളിലെ ലോഡ്ജുകളിലും വെണ്ടുട്ടായിയിലെ രഹസ്യകേന്ദ്രത്തിലും തടങ്കലില്‍ പാര്‍പ്പിച്ചാണ് മര്‍ദിച്ചത്. തുടര്‍ച്ചയായ മര്‍ദനംമൂലം അവശനായി. ബാങ്കുവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെതുടര്‍ന്ന് ലേലത്തില്‍വച്ച ഭൂമി തിരിച്ചെടുക്കാന്‍ തന്റെപേരില്‍ പരിയാരത്തുള്ള 14 സെന്റ് ഭൂമി എഴുതിക്കൊടുക്കേണ്ടിവന്നു. കണ്ണൂര്‍ യോഗശാലാ റോഡിലെ ഒരു വക്കീലാണ് ക്രിമിനല്‍സംഘത്തിന്റെ ഇടനിലക്കാരന്‍.

ഡിസിസി പ്രസിഡന്റിന്റെ ബിനാമിയാകാന്‍ വിസമ്മതിച്ചതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശത്രുവാക്കിയത്. ആവശ്യം നിരസിച്ചതോടെയാണ് കുടുക്കാന്‍ കരുക്കള്‍ നീക്കിയത്. 25 ലക്ഷം രൂപ കൊടുത്താണ് സുരേന്ദ്രന്‍ ഡിസിസി പ്രസിഡന്റുസ്ഥാനം സംഘടിപ്പിച്ചതെന്നും ഇത് മുതലാക്കാനാണ് ബിനാമി ഇടപാടിന് സൂര്യദാസ് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. നാരായണന്റെ ഭൂമി വിറ്റുകിട്ടിയ 44 ലക്ഷം രൂപയില്‍ 25 ലക്ഷം ബാങ്കിലടയ്ക്കാനും മൂന്നു ലക്ഷം ക്വട്ടേഷന്‍കാര്‍ക്കും ഒരുലക്ഷം രൂപ കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനും നല്‍കണമെന്നും സൂര്യദാസ് ആവശ്യപ്പെട്ടു. സൂര്യദാസ് കടം വാങ്ങിയ എട്ടു ലക്ഷം രൂപ തിരിച്ചുതരില്ലെന്നു പറഞ്ഞതായും പരാതിയില്‍ പറയുന്നു. അതിനിടെ, ക്വട്ടേഷന്‍സംഘത്തിലെ ചിലര്‍ കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

deshabhimani

No comments:

Post a Comment