Wednesday, November 13, 2013

കോണ്‍ഗ്രസ് നേതാവ് തട്ടിയത് 21.26 ലക്ഷം

ആലപ്പുഴ: കയര്‍ തറികള്‍ പുനരുദ്ധരിക്കാനും ആധുനിക വല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതി ഉപയോഗിച്ച് കെപിസിസി അംഗവും ജില്ലാപഞ്ചായത്ത് അംഗവുമായ കെ ആര്‍ രാജേന്ദ്രപ്രസാദ് തട്ടിയെടുത്തത് 21.26 ലക്ഷം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ കഴിഞ്ഞദിവസം സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ പരാമര്‍ശം. സോളാര്‍ തട്ടിപ്പ് കേസില്‍ ജില്ലയിലെ രണ്ട് കേന്ദ്ര സഹമന്ത്രിമാരും ആരോപണ വിധേയരായതിനു പിന്നാലെ കെപിസിസി അംഗം ഉള്‍പ്പെട്ട തട്ടിപ്പ് പുറത്തുവന്നത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.

5 ഭാഗങ്ങളായുള്ള കുറ്റപത്രത്തില്‍ രണ്ടാമത്തെ ഭാഗത്തിലാണ് രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാമര്‍ശങ്ങളുള്ളത്. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ കൊച്ചി കയര്‍ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ആന്റോനെല്‍ വാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി ബാബു, എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഓഫീസര്‍ കെ വി മോഹനന്‍ എന്നിവരും രാജേന്ദ്രപ്രസാദും ചേര്‍ന്ന് പണം തട്ടിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആലപ്പുഴ ജില്ലയിലെ 94 പേരില്‍നിന്ന് 10,000 രൂപമുതല്‍ 30,000 രൂപവരെ തട്ടിയെടുത്തു. കയര്‍ തറി നല്‍കാതെ നല്‍കിയെന്ന് കടലാസുരേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ രാജേന്ദ്രപ്രസാദ് വ്യാജ ക്വട്ടേഷന്‍ തയ്യാറാക്കി. പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കയര്‍ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 11 പേരാണ് കേസിലെ പ്രതികള്‍.

കയര്‍ബോര്‍ഡ് വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ റീജുവനൈസേഷന്‍, മോഡേണൈസേഷന്‍ ആന്റ് ടെക്നോളജിക്കല്‍ അപ്പ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍സ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് വെട്ടിപ്പ് നടത്തിയത്. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കില്‍ മാത്രം 600ഓളം തറി അനുവദിച്ചു. ബാങ്ക് മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ച ശേഷം രണ്ടു ലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. തറി സ്ഥാപിച്ചശേഷം ബാങ്ക് വായ്പ തുക ഈ ഏജന്‍സിയുടെ പേരില്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. തറികള്‍ സ്ഥാപിക്കാതെ 188 പേര്‍ക്ക് 86,33,705 രൂപ അനധികൃത വായ്പ തരപ്പെടുത്തിയതായി സിബിഐ അന്വേഷണ സംഘം കണ്ടെത്തി. ഒരേ തറി തന്നെ പലസ്ഥലങ്ങളില്‍ മാറ്റി മാറ്റി സ്ഥാപിച്ച് പത്തും പതിനഞ്ചും തറികള്‍ക്കുള്ള വായ്പ ലഭ്യമാക്കി. ബാക്കി കടലാസിലും. ഇളവ് നല്‍കിയ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് 30 കോടി നഷ്ടമായി. ഇതു സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നപ്പോഴാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

ഉയര്‍ന്ന നേതാക്കള്‍കൂടിയായ രണ്ട് കേന്ദ്ര സഹമന്ത്രിമാരും സോളാര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടത് ജില്ലയിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ആരോപണ വിധേയരായ മന്ത്രിമാര്‍ക്ക് പിന്തുണയുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്താതിരുന്നതും ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. സോളാര്‍ സഹമന്ത്രിമാര്‍ ബാധ്യതയായി മാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയതിനു പിന്നാലെയാണ് ജില്ലാ പഞ്ചായത്തംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട വന്‍ തട്ടിപ്പ് പുറത്തുവന്നത്. തട്ടിപ്പുകേസില്‍പ്പെട്ട രാജേന്ദ്രപ്രസാദ് ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കണമെന്നും ഇയാളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസിലെ പ്രബലവിഭാഗം ആവശ്യപ്പെട്ടു

കെപിസിസി അംഗമടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം 

No comments:

Post a Comment