Wednesday, November 13, 2013

കുടുംബം പോറ്റണം; പത്മിനി വീണ്ടും ജോലിക്കിറങ്ങി

കൊച്ചി: നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനകള്‍ക്കിടയിലും കുടുംബം പോറ്റാനായി പത്മിനി വീണ്ടും നഗരത്തിരക്കിലേക്കിറങ്ങി. 10 ദിവസംമുമ്പ് കലൂര്‍ കതൃക്കടവ് റോഡില്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട വനിതാ ട്രാഫിക്വാര്‍ഡന്‍ പത്മിനി ഒരാഴ്ചത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം ചൊവ്വാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്. കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെ ഗതാഗതം നിയന്ത്രിച്ചും യാത്രക്കാരെ സഹായിച്ചും പതിവ് രീതിയിലേക്ക് തിരിച്ചെത്തി.

"ആവതുണ്ടായിട്ടല്ല. വീട്ടിലെ ബുദ്ധിമുട്ട് ഓര്‍ത്താല്‍ ജോലിക്ക് വരാതിരിക്കാന്‍ കഴിയില്ല. ആക്രമണത്തിനെതിരെ പ്രതികരിച്ചതിനാല്‍ വാടകവീട് കിട്ടാന്‍പോലും വിഷമിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടാകുമോയെന്ന് എല്ലാവര്‍ക്കും ഭയമാണ്. എല്ലാവര്‍ക്കും അവനവന്റെ സുരക്ഷയാണ് പ്രധാനം. ഇതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല"- പത്മിനി പറഞ്ഞു.

പത്തുദിവസം ജോലിയെടുത്തില്ലെങ്കില്‍ വീട്ടാവശ്യങ്ങള്‍ക്ക് കടംവാങ്ങേണ്ടിവരും. വീട്ടുവാടകയും അഡ്വാന്‍സുംകൂടി നല്ലൊരു തുക ഇപ്പോള്‍ കടമുണ്ട്. ആശുപത്രിയിലായിരിക്കുമ്പോഴാണ് നെട്ടൂരിലെ വാടകവീട് മാറാനുള്ള സമയം കഴിഞ്ഞെന്ന് അറിയിച്ചത്. പരിചയക്കാരും സുഹൃത്തുക്കളും വഴി വീടിനായി ഒരുപാട് അന്വേഷിച്ചു. ഒടുവില്‍ നെട്ടൂരില്‍ത്തന്നെ മറ്റൊരു വാടകവീട് കിട്ടി. കേസ് ഉള്ളതിനാല്‍ വീട് തരാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ആ വീട് കിട്ടിയില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മകളുമായി എങ്ങോട്ടുപോകുമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ലെന്ന് പത്മിനി പറഞ്ഞു. ആ വീട്ടുകാരുടെ നല്ലമനസ്സിന് നന്ദിപറയുമ്പോള്‍ മകള്‍ക്ക് സുരക്ഷിതമായ ഒരിടം ഒരുക്കാനായതിന്റെ ആശ്വാസവും ഈ അമ്മയുടെ മുഖത്തുണ്ട്.

വിനോഷിന്റെ അറസ്റ്റിന് പൊലീസ് സ്റ്റേഷനിലേക്ക് യുവജന, മഹിളാ മാര്‍ച്ച്

കൊച്ചി: വനിതാ ട്രാഫിക്വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതി വിനോഷ് വര്‍ഗീസിനെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും ചേര്‍ന്ന് നോര്‍ത്ത് പൊലീസ്സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സ്റ്റേഷനുസമീപത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നുചേര്‍ന്ന പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.

വേട്ടക്കാരനോടൊപ്പം ചേര്‍ന്ന് ഇരയെ വേട്ടയാടുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പ്രതിയായ വിനോഷിനെ സഹായിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ഇടപെട്ട് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ കൈകാര്യം ചെയ്യാനാവശ്യമായ ബോധവല്‍ക്കരണം പൊലീസ്സേനയ്ക്ക് നല്‍കണം. മാറിയ നിയമങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആവശ്യമായ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി, എറണാകുളം ഏരിയ സെക്രട്ടറി ആശ പയസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സതീഷ്, ബ്ലോക്ക് പ്രസിഡന്റ് ടി എസ് നൗഷാദ് എന്നിവര്‍ സംസാരിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത് പങ്കെടുത്തു. ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറി ആര്‍ നിഷാദ് ബാബു സ്വാഗതവും സി വി അജിത നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment