Tuesday, November 12, 2013

വലിയ വില്ലേജ് ആപ്പീസ്

ഹലോ..വില്ലേജ് ആപ്പീസല്ലേ?

അതെ...

ആപ്പീസറുണ്ടോ..

ഇല്ല

എവടെപോയി..

എവടേം പോയില്ല..അദ്ദേഹത്തിന്റെ പണി മറ്റേ വില്ലേജ് ആപ്പീസിലാ..ഓണത്തിനും സംക്രാന്തിക്കുമേ അദ്ദേഹം ഇവടെ വരൂ..

ഓണത്തിനും സംക്രാന്തിക്കും മൊടക്കല്ലേ?

അദ്ദേഹം ഇവടെ വരാറില്ലാന്ന് ‘പുതിയ ലിപി‘യില്‍ പറഞ്ഞതല്ലേഡോ

മറ്റേ ആപ്പീസില് വിളിച്ചാ കിട്ടുമോ?

തനിക്ക് യോഗമുണ്ടെങ്കില്‍ കിട്ടണ്ടതാണ്.

*
ഹലോ..മറ്റേ വില്ലേജ് ആപ്പീസല്ലേ?

യെസ്..

ആപ്പീസറുണ്ടോ?

ഇല്ല...

എവടെപ്പോയി...

വലിയ വില്ലേജ് ആപ്പീസറെ സഹായിക്കാന്‍ പോയി

അയ്യോ...അതാരാ?

എഡോ അദ്ദേഹം ജനസമ്പര്‍ക്ക പരിപാടിക്ക് പോയീന്ന്..

അവിടെ വിളിച്ചാ കിട്ടുമോ?

താനെന്നെ ചിരിപ്പിച്ച് കൊല്ലും..

*

ഹലോ ജനസമ്പര്‍ക്കപരിപാടിയല്ലേ?

തന്നെ..

വില്ലേജ് ആപ്പീസറെ കിട്ടുമോ?

ഏത് വില്ലേജ് ആപ്പീസര്‍?..ഇവിടെ ഉള്ള എല്ലാരും തല്‍ക്കാലം വില്ലേജ് ആപ്പീസര്‍മാരാ...

നമ്മുടെ മുഖ്യന്റെ സ്ഥലത്തെ ആപ്പീസില്‍ എത്താത്ത വില്ലേജ് ആപ്പീസര്‍...

അദ്ദേഹമോ? അദ്ദേഹം ധനസഹായം വിതരണം ചെയ്യുന്ന യന്ത്രം പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുകയാ...

ങ്ങേ...അതിനും യന്ത്രം കണ്ടുപിടിച്ചോ?

യന്ത്രമെന്ന് വെച്ചാ.....മൊത്തത്തില്‍ ധനസമ്പര്‍ക്ക പരിപാടിയാ ഇവിടെ..ആര് എന്ത് കടലാസ് കൊണ്ടു വന്ന് കാണിച്ചാലും ധനസഹായം അനുവദിച്ച് ഒപ്പിടും..ഭാര്യക്ക് സ്ഥലം മാറ്റത്തിനു അപേക്ഷിച്ചാല്‍ അതിലും കിട്ടും ധനസഹായം..വില്ലേജ് ആപ്പീസര്‍മാരൊക്കെ നെരന്നിരുന്ന് ഒപ്പിട്ട് കൊണ്ടിരിക്കുകയാ...കറകറ ശബ്ദം കേള്‍ക്കുന്നില്ലേ?

ഉം......ഒപ്പിടാന്‍ വലിയ അദ്ദേഹം ഇല്ലേ?

അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്ത് ഒപ്പിട്ടുകൊണ്ടിരിക്കുകയാ...ഏറ്റന്‍ ദയനീയ അവസ്ഥയിലുള്ളവരെ മാത്രമേ അദ്ദേഹം നോക്കൂ..അവരെയൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരു പൊക്കിക്കൊണ്ട് വന്നിട്ടുണ്ട്...‘ഹൃദയത്തിനായി ഒരു കൈയൊപ്പ് ‘, ‘കരളിനൊരു കൈത്താങ്ങ്’, ‘കിഡ്‌നിക്കൊരു സപ്പോര്‍ട്ട് ‘ എന്നൊക്കെ തലക്കെട്ടിട്ട് അവരുടെയൊക്കെ ഫോട്ടോ പത്രത്തില്‍ വരാനുള്ളതാ....

അപ്പോ ഞാന്‍ വന്നിട്ട് കാര്യമില്ല അല്ലേ?

അഞ്ചോ പത്തോ മതിയെങ്കില്‍, പത്രത്തില്‍ ഫോട്ടോ വന്നാല്‍ മതിയെങ്കില്‍ ഇങ്ങോട്ട് പോര്...അതല്ല കാര്യം നടക്കണമെന്നാണെങ്കില്‍ ഈ തമാശയൊക്കെ കഴിഞ്ഞ് സ്വസ്ഥമായി വില്ലേജ് ആപ്പീസറെ പോയി കാണ്..

എങ്കില്‍ കാര്യം നടക്കും അല്ലേ?

നടക്കും...നടക്കും..ഒന്നുകില്‍ തന്റെ കാര്യം..അല്ലെങ്കില്‍ താന്‍..

No comments:

Post a Comment