Tuesday, November 12, 2013

കെല്ലിന്റെ പിന്മാറ്റത്തിന് പിന്നില്‍ യുഡിഎഫ്

തൃക്കരിപ്പൂര്‍: മാടക്കാലില്‍ തൂക്കുപാലം പുനര്‍നിര്‍മാണത്തില്‍നിന്ന് കെല്‍ പിന്മാറിയതിന് പിന്നില്‍ യുഡിഎഫിന്റെ രാഷ്ട്രീയ ഗൂഢാലോചന. മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന ശേഷം നാട്ടുകാരുടെ നേതൃത്വത്തില്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ ആറ് മാസത്തിനുള്ളില്‍ പുതിയ പാലം നിര്‍മിക്കുമെന്നായിരുന്നു കെല്‍ എന്‍ജിനിയര്‍മാരടങ്ങുന്ന സംഘം ഉറപ്പുനല്‍കിയത്. പുതിയ പാലത്തിന് തുക ആവശ്യപ്പെട്ട് കെല്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും തുക അനുവദിക്കില്ലെന്നായിരുന്നു മറുപടി. പുതിയ പാലം നിര്‍മിക്കുംവരെ കെല്ലിന്റെ നേതൃത്വത്തില്‍ താല്‍കാലിക യാത്രാസൗകര്യമൊരുക്കുമെന്ന തീരുമാനവും നടപ്പായില്ല. കെ ശ്യാമള പ്രസിഡന്റായ പഞ്ചായത്ത് ഭരണസമിതിയുടെയും സിപിഐ എമ്മിന്റെയും നിരന്തര ഇടപെടലിന്റെ ഭാഗമായി നിയോഗിച്ച അന്വേഷക സംഘത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായില്ല. കാസര്‍കോട് എല്‍ബിഎസ് എന്‍ജിനിയര്‍ സംഘമാണ് പാലം തകര്‍ച്ച അന്വേഷിച്ചത്. കെല്ലിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും കലക്ടറും സ്വീകരിക്കുന്നത്.

ഏഴ് കോടി രൂപ ചെലവില്‍ വലിയപറമ്പ പഞ്ചായത്തില്‍ രണ്ട് തൂക്കുപാലം നിര്‍മിക്കാനായിരുന്നു കെല്ലിന് ചുമതല നല്‍കിയത്. മാടക്കാല്‍ തൂക്കുപാലവും തെക്കെക്കാട്- പടന്നക്കടപ്പുറം പാലവുമായിരുന്നു ഇത്. എന്നാല്‍ പടന്നക്കടപ്പുറം പാലം നിര്‍മാണം പൂര്‍ത്തിയാക്കാതെ കെല്‍ നേരത്തെ തന്നെ പിന്മാറി. പാലം പുനര്‍നിര്‍മാണത്തില്‍നിന്ന് കെല്‍ പിന്മാറിയതോടെ തോണിയും യന്ത്രവും കേടുവരുത്തി യുഡിഎഫിന്റെ സമരനാടകവും അരങ്ങേറി. മാടക്കാലില്‍ പഞ്ചായത്ത് സ്വന്തമായി വാങ്ങിയ എന്‍ജിന്‍ കേടുവരുത്തി ചില കോണ്‍ഗ്രസ് നേതാക്കള്‍ സര്‍വീസ് തടസ്സപ്പെടുത്തുന്നതും പതിവായി. നാട്ടുകാര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി പ്രകോപനമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഭരണസമിതി തീരുമാനമില്ലാതെ മുന്‍ വൈസ് പ്രസിഡന്റ് എടുത്ത നടപടിയെ തുടര്‍ന്നാണ് തീരദേശ വികസന കോര്‍പറേഷന്റെ രണ്ട് കോടിയുടെ വികസന പദ്ധതിയില്‍നിന്ന് വലിയപറമ്പിനെ ഒഴിവാക്കിയത്. പുതിയ ഭരണസമിതി വന്നതോടെ സ്വന്തമായി വള്ളവും എന്‍ജിനും വാങ്ങി പ്രശ്നം പരിഹരിച്ചു. സര്‍ക്കാരിനെയും കോടികള്‍ നഷ്ടപ്പെടുത്തിയ കെല്ലിനെയും സംരക്ഷിക്കാനാണ് പഞ്ചായത്തിനെതിരെ സമരവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്യാമള പറഞ്ഞു.

deshabhimani

No comments:

Post a Comment