Monday, November 11, 2013

വൈദ്യുതി നിരക്കുവര്‍ധന ഇനി എല്ലാ വര്‍ഷവും

എല്ലാ വര്‍ഷവും നിരക്കുവര്‍ധന ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ "വൈദ്യുതി നിയമം 2003" പൊളിച്ചെഴുതുന്നു. വിതരണമേഖല വിഭജിച്ച് വന്‍കിടക്കാര്‍ക്കായി പുതിയ ലൈസന്‍സി രൂപീകരിക്കാനുള്ള നിര്‍ദേശം ഗാര്‍ഹിക, കാര്‍ഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തും. സംസ്ഥാന റെഗുലേറ്ററി കമീഷനുകളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള നിര്‍ദേശങ്ങളും പുതിയ നിയമത്തിന്റെ കരടിലുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി 15നകം അഭിപ്രായം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഊര്‍ജ മന്ത്രലായം നിര്‍ദേശിച്ചിട്ടുണ്ട്. ഉദാരവല്‍ക്കണ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന 2003ലെ നിയമം രാജ്യത്തെ വൈദ്യുതി രംഗം താറുമാറാക്കിയിരുനു. ഇതിനേക്കാള്‍ കടുത്ത നടപടികളാണ് പുതിയ നിയമത്തിലെ ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവരുന്ന ഒട്ടേറെ നിര്‍ദേശങ്ങളും കരടിലുണ്ട്. വൈദ്യുതിനിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാരാവും നിശ്ചയിക്കുക. ഇത് അംഗീകരിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ നിയമപരമായി ബാധ്യസ്ഥരാണ്. സംസ്ഥാന റെഗുലേറ്ററി കമീഷനെ നിരീക്ഷിക്കാന്‍ കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ പുതിയ സംവിധാനവും കൊണ്ടുവരും.

എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ്/കമ്പനി ആവശ്യപ്പെട്ടില്ലെങ്കില്‍പോലും നിരക്കുവര്‍ധന ഉണ്ടാവും. ഇന്ധനച്ചെലവ്, പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് തുടങ്ങിയവ അതത് മാസങ്ങളില്‍ ഉപയോക്താക്കളില്‍നിന്ന് പിരിക്കണം. റെഗുലേറ്ററി കമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലും നിയമം കൈകടത്തുന്നു. കമീഷന്‍ അംഗങ്ങളുടെ ഒഴിവ് രണ്ടു മാസത്തില്‍ കൂടുതല്‍ നികത്താതിരുന്നാല്‍ കേന്ദ്രം നേരിട്ട് ആളെ നിയമിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന സിറ്റിങ് ജഡ്ജിയും കേന്ദ്ര റെഗുലേറ്ററി കമീഷന്‍ പ്രതിനിധിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതിയാവും കമീഷന്‍ അംഗങ്ങളെ തീരുമാനിക്കുക.

വിതരണമേഖലയെ വിതരണ ലൈസന്‍സി, സപ്ലൈ ലൈസന്‍സികള്‍ എന്നിങ്ങനെ മൂന്നു വര്‍ഷത്തിനകം വിഭജിക്കണം. വൈദ്യുതി ലൈനുകളുടെ ചുമതല വിതരണ ലൈസന്‍സിക്കാണ്. വൈദ്യുതി നല്‍കല്‍, വാങ്ങല്‍ എന്നിവ പുതുതായി രൂപീകരിക്കുന്ന സപ്ലൈ ലൈസന്‍സിയുടെ കീഴിലാണ്. ഇതിനുവേണ്ടി കുത്തകകള്‍ മത്സരിക്കും. പുതിയ കണക്ഷന് ആദ്യം വിതരണ ലൈസന്‍സിക്ക് അപേക്ഷ നല്‍കണം. ലൈന്‍ വലിച്ചു കഴിഞ്ഞാല്‍ വൈദ്യുതി ലഭിക്കുന്നതിന് സപ്ലൈ ലൈസന്‍സിയെ സമീപിക്കണം. ഒന്നിലധികം സപ്ലൈ ലൈസന്‍സികള്‍ക്ക് അധികാരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഉയര്‍ന്ന നിരക്ക് നല്‍കുന്ന വാണിജ്യ ഉപയോക്താക്കള്‍ക്കു മാത്രമായി പുതിയ ലൈസന്‍സി വരും. വന്‍കിടക്കാരില്‍നിന്ന് കൂടിയ നിരക്ക് ഈടാക്കി കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക-കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി നല്‍കുന്ന ക്രോസ് സബ്സിഡി സംവിധാനം ഇതോടെ നിലയ്ക്കും. ഇത് ഭീമമായ നിരക്കുവര്‍ധനയ്ക്കും ഇടയാക്കും.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment