Sunday, November 10, 2013

ഭീഷണിക്കുപിന്നില്‍ വിഘടനവാദികളും നിക്ഷിപ്ത താത്പര്യക്കാരും: പി കെ എസ്

മാനന്തവാടി: ആദിവാസി പിന്നോക്ക ദുര്‍ബല ജന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ വിഘടനവാദികളും നിക്ഷിപ്ത താത്പര്യക്കാരുമാണെന്ന് പികെഎസ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടവും പ്രക്ഷോഭങ്ങളും ലോക ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആദിവാസി ജനവിഭാഗങ്ങളെ പലവിധ ചൂഷണങ്ങള്‍ക്കും വിധേയമാക്കിയവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. സാമ്രാജത്വ താത്പര്യം സംരക്ഷിക്കുക എന്നുള്ളതാണ് ഇവരുടെ അജണ്ട. പ്രശ്നം ഗൗരവമായി കണ്ട് സി കെ ശശീന്ദ്രന് ആവശ്യമായ സുരക്ഷ ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തണം. പികെഎസിന്റെ യൂണിറ്റ് സമ്മേളനങ്ങള്‍ 30 നകം നടത്താനും മേഖല, ഏരിയാ സമ്മേളനങ്ങള്‍ ഡിസംബര്‍ 31 നകവും പൂര്‍ത്തികരിക്കാന്‍ യോഗം തീരുമാനിച്ചു. കെ സുഗതന്‍ അധ്യക്ഷനായി. സെക്രട്ടറി എം സി ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ആര്‍ നിര്‍മ്മല, എം ജനാര്‍ദ്ദനന്‍, യു കരുണാകരന്‍, ടി കെ അയ്യപ്പന്‍, പി ടി കുഞ്ഞ്, കെ വാസുദേവന്‍, കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

ശശീന്ദ്രനെതിരെയുള്ള ഭീഷണിയില്‍ പ്രതിഷേധം

കല്‍പ്പറ്റ:കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗവും ഭൂസമരസഹായസമിതി കണ്‍വീനറുമായ സി കെ ശശീന്ദ്രന് നേരെയുള്ള ഭീഷണിയില്‍ കെഎസ്കെടിയു ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജില്ലയിലെ ആദിവാസി ജനതയെ അവകാശബോധമുള്ളവരാക്കി പോരാട്ടത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനവും കര്‍ഷക തൊഴിലാളി പ്രസ്ഥാനവും വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ജില്ലയിലെ ഭൂസമരത്തിന് നായകത്വം വഹിച്ച ശശീന്ദ്രനെ അക്രമിച്ചാല്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുമെന്നത് വ്യാമോഹം മാത്രമാണ്. പി എസ് ജനാര്‍ദനന്‍ അധ്യക്ഷനായി.സുരേഷ്താളൂര്‍, വി പി ശങ്കരന്‍നമ്പ്യാര്‍, എം ഡി സെബാസ്റ്റ്യന്‍, പി എം നാസര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment