Monday, November 11, 2013

കുഞ്ഞുങ്ങളില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമം: പിണറായി

കോഴിക്കോട്: പാഠപുസ്തകങ്ങളിലൂടെ കുഞ്ഞുമനസ്സുകളില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ക്ലാസുകളില്‍ വിപരീതപദം ചോദിക്കുന്നതില്‍ തുടങ്ങുന്നു വര്‍ഗീയത. ചിലയിടങ്ങളില്‍ ഹിന്ദു എന്ന പദത്തിന് വിപരീതമായി മുസ്ലിം എന്നാണ് ഉത്തരം നല്‍കുന്നത്. ഉത്തരേന്ത്യയില്‍ കണക്കിലൂടെയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമമുണ്ട്. ആറുപേര്‍ക്ക് അഞ്ചു മണിക്കൂര്‍ കൊണ്ട് പള്ളി പൊളിക്കാനായാല്‍ ആയിരം പേര്‍ക്ക് അഞ്ചുമണിക്കൂര്‍കൊണ്ട് എത്ര പള്ളി പൊളിക്കാമെന്നാണ് ചോദ്യം. പള്ളി എന്നത് പൊളിക്കേണ്ടതാണ് എന്ന വിചാരം ഇളംമനസ്സില്‍ ഉണ്ടാക്കുകയാണ്. ഒഡീസിയ-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മെഗാ ഫൈനലിന്റെ സമാപന സമ്മേളനം കടപ്പുറത്തെ മറൈന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കുട്ടികളില്‍ നന്മയും സ്നേഹവും അറിവുമാണ് പകരേണ്ടത്. സ്പര്‍ധയും മതവിദ്വേഷവും കുട്ടികളില്‍ കുത്തിവെക്കുന്നത് ഭാവിയില്‍ പ്രയാസങ്ങളുണ്ടാക്കും. കുഞ്ഞുങ്ങളുടെ മനസ്സില്‍ വിഷവിത്ത് പാകാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണം.മതനിരപേക്ഷത, സ്നേഹം, സൗഹാര്‍ദം എന്നിവ നിലനിര്‍ത്താന്‍ പാഠഭാഗങ്ങള്‍കൊണ്ടുമാത്രം ആവില്ല. വിജ്ഞാനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിയുടെ കാലമാണിത്. ഇതെല്ലാം കുട്ടികളില്‍ എത്തിക്കാന്‍ കുറ്റമറ്റ രീതി ഇന്നില്ല. ഇതിന് സമാന്തരമായ അന്വേഷണങ്ങള്‍ വേണം. അനൗപചാരിക പഠന സമ്പ്രദായം വേണം. ആ ദൗത്യമാണ് അക്ഷരമുറ്റം ഏറ്റെടുത്തത്. പുതിയകാലത്തിന്റെ എത്രയോ അറിവുകള്‍ ഇന്ന് ഞൊടിയിടയില്‍ വിരല്‍ത്തുമ്പിലെത്തും. അത് മനസ്സില്‍ എത്തിയാല്‍ മാത്രം പോര. പാഠ്യ-ഗ്രാഹ്യ- വിവേചന ബുദ്ധിയോടെ സമീപിക്കാന്‍ കുട്ടികള്‍ക്കാവണം. നല്ല അറിവുകള്‍ പ്രയോഗിക്കണം. അറിവ് മാത്രമുണ്ടായാല്‍ പോര, തിരിച്ചറിവുകൂടി വേണം. നേരത്തെ നാട്ടിന്‍പുറത്ത് കുഞ്ഞുങ്ങള്‍ക്ക് വിപുലമായി പരിരക്ഷയുണ്ടായിരുന്നു. വിപുലമായ അയല്‍പക്കബന്ധമാണ് ഇതിന് കാരണം. നഗരസംസ്കാരം ഗ്രാമങ്ങളെ വിഴുങ്ങുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും സമൂഹമൊന്നാകെയും കുട്ടികള്‍ക്ക് സംരക്ഷണ വലയമാകണം. അക്ഷരമുറ്റം ക്വിസിന്റെ മികവും നിലവാരവും സ്വീകാര്യതയും ഇനിയും ഉയരണം. ക്വിസിലുടെ ഇന്ത്യയെ മനസ്സിലാക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കുന്നത് ശ്ലാഘനീയമാണ്. അക്ഷരമുറ്റത്തിനൊപ്പം അതുല്യനടനായ മോഹന്‍ലാല്‍ ഏറ്റെടുത്തത് വലിയ സാമൂഹിക ഉത്തരവാദിത്തമാണ്. അദ്ദേഹത്തിന്റെ നല്ല മനസ്സ് അഭിനന്ദനാര്‍ഹമാണെന്നും പിണറായി പറഞ്ഞു.

ലാവ്ലിന്‍ കേസ് നീളാന്‍ ചില ശക്തികള്‍ ആഗ്രഹിച്ചു: പിണറായി

പെരിന്തല്‍മണ്ണ: ലാവ്ലിന്‍ കേസ് അനന്തമായി നീളാന്‍ ചില ശക്തികള്‍ ആഗ്രഹിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അവര്‍ക്ക് കേസ് പെട്ടെന്ന് തീരാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അതിനായുള്ള പ്രവര്‍ത്തനങ്ങളും നടത്തി- സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കവെ പിണറായി പറഞ്ഞു.

ലാവ്ലിന്‍ കേസ് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് സിപിഐ എം തുടക്കംമുതല്‍ സ്വീകരിച്ചത്. പാര്‍ടി പറഞ്ഞതിന്റെ സത്ത കോടതി പൂര്‍ണമായി അംഗീകരിച്ചു. കോടതിക്ക് യഥാര്‍ഥ വസ്തുത ബോധ്യപ്പെട്ടു. വിധി വന്നപ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ സന്തോഷിച്ചു. പാര്‍ടിയോടുള്ള സ്നേഹവും വിശ്വാസവും ബോധ്യപ്പെടുത്തുന്നതാണ് സന്തോഷപ്രകടനങ്ങള്‍. വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ കേരളം ഇരുട്ടിലായിരുന്നു. പവര്‍കട്ടും ലോഡ്ഷെഡ്ഡിങും ജനങ്ങളെ ദുരിതത്തിലാക്കി. നാലര മണിക്കൂറായിരുന്നു അക്കാലത്ത് ലോഡ്ഷെഡ്ഡിങ്. സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനംമൂലം വലിയ മാറ്റങ്ങളുണ്ടായി. പ്രശംസ പിടിച്ചുപറ്റിയാണ് മന്ത്രിസ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പാര്‍ടി സെക്രട്ടറിയായതോടെ എതിര്‍പ്പ് തുടങ്ങി. പാര്‍ടിയുടെ താല്‍പ്പര്യപ്രകാരം സ്വീകരിക്കുന്ന നടപടികള്‍ ചിലരില്‍ അമര്‍ഷമുണ്ടാക്കി. വ്യക്തിപരമായി നശിപ്പിക്കാനും തേജോവധത്തിനും ശ്രമം നടന്നു. സെക്രട്ടറിയെ ആക്ഷേപിക്കുക വഴി പാര്‍ടിയെ അവര്‍ ഉന്നമിട്ടു. ജനങ്ങളില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ചു. പാര്‍ടിയുടെ ശക്തമായ നിലപാടിനുള്ള അംഗീകാരമാണ് കോടതിവിധിയിലൂടെ ലഭിച്ചതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment