Wednesday, November 13, 2013

ആം ആദ്മി പാര്‍ടിയില്‍ തമ്മിലടി തുടങ്ങി

അഴിമതിക്കെതിരെ ജനങ്ങളെ അണിനിരത്തി രംഗത്തു വന്ന ആം ആദ്മി പാര്‍ടിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷം. പാര്‍ടിയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് പാര്‍ടി അംഗങ്ങളിലൊരാള്‍ വിളിച്ച വാര്‍ത്താസമ്മേളനം മറ്റൊരു വിഭാഗം അലങ്കോലപ്പെടുത്തി. ഡല്‍ഹിയിലെ ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ സെക്രട്ടറി രാകേഷ് അഗര്‍വാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാള്‍ അനുകൂലികള്‍ഇരച്ചുകയറിയത്. പാര്‍ടിക്കുള്ളില്‍ ജനാധിപത്യവും വികേന്ദ്രീകൃതവും നടപ്പാക്കണമെന്നാണ് ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് കെജ്രിവാളിന് കത്തു നല്‍കിയെന്ന് അഗര്‍വാള്‍ അറിയിച്ചു.

അതേസമയം അഗര്‍വാളിനെതിരെ ആരോപണങ്ങളുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എത്തി. അവരെ കെജ്രിവാള്‍ അയച്ചതാണെന്ന് അഗര്‍വാള്‍ പരസ്യമായി പറഞ്ഞതോടെ സംഘര്‍ഷമായി. പാര്‍ടിയില്‍ ജനാധിപത്യവും എതിര്‍വാദങ്ങളും ആഗ്രഹിക്കാത്ത ചിലരാണിതിനു പിന്നിലെന്ന് അഗര്‍വാള്‍ പറഞ്ഞു. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ടിക്ക് നിലനില്‍പ്പുണ്ടാകില്ല. ഭാരവാഹികള്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നതിനു പകരം തെരഞ്ഞെടുക്കപ്പെടണം. സിഖുകാര്‍ക്കായി പ്രത്യേക സെല്‍ വേണ്ട. അത് ജാതിയുടെ പേരില്‍ വോട്ടുബാങ്ക് രൂപീകരണത്തിനേ വഴിയൊരുക്കൂ. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കെജ്രിവാളിന് അയച്ച കത്തിന് 21 നകം മറുപടി ലഭിക്കാത്തപക്ഷം അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്നും അഗര്‍വാള്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment