Wednesday, November 13, 2013

ശുപാര്‍ശ നല്‍കുമെന്ന് നിയമസഭ സമിതി ദുരിതബാധിതര്‍ക്ക് രണ്ടാം ഗഡു ധനസഹായം നല്‍കിയില്ല

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായത്തില്‍ ശേഷിക്കുന്ന തുക ഒരു വര്‍ഷമായിട്ടും വിതരണം ചെയ്തില്ല. മനുഷ്യവകാശ കമീഷന്‍ നിര്‍ദേശിച്ച തുകയുടെ ആദ്യ ഗഡുവാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ ബാബു നിയമസഭ സമിതിയെ അറിയിച്ചു. പൂര്‍ണമായി കിടപ്പിലായവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, മരിച്ചവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് അഞ്ചുലക്ഷവും ശാരീരിക വൈകല്യമുള്ളവര്‍ക്ക് മൂന്നുലക്ഷവും നല്‍കാനാണ് കമീഷന്‍ ശുപാര്‍ശ. ഇതില്‍ അഞ്ചുലക്ഷം നല്‍കാനുള്ളവര്‍ക്ക് 1.5 ലക്ഷവും ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഒരുലക്ഷവുമാണ് ആദ്യഗഡു നല്‍കിയത്. ശേഷിക്കുന്ന തുകയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ല. ഇതിനായി 44 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

ദുരിതബാധിതരെ കണ്ടെത്താന്‍ സമഗ്ര ആരോഗ്യ സാമ്പത്തിക സര്‍വേ നടത്താന്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷനെ ചുമതലപ്പെടുത്തിയിരുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ സര്‍വേ വേണ്ടെന്ന് മിഷന്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെടാത്തവരെ ഡോ. കെ പി അരവിന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പുതുതായി നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. ഡോ. കെ പി അരവിന്ദന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഡിസംബര്‍ 31നകം പുറത്തിറങ്ങും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കിയ ആനുകൂല്യങ്ങളുടെയും സഹായോപകരണങ്ങളുടെയും വിശദമായ വിവരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാന്‍ സമിതി നിര്‍ദേശിച്ചു.
ജില്ലാപഞ്ചായത്ത് നേതൃത്വം നല്‍കി നടത്തിയ ദേശീയ ശില്‍പശാലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിര്‍ദേശങ്ങളും നിഗമനങ്ങളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി സമിതിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച് ശുപാര്‍ശ നല്‍കുമെന്ന് സമിതി അറിയിച്ചു. ജില്ലയില്‍ സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ഇ പത്മാവതി സമിതിക്ക് പരാതി സമര്‍പിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജില്ലയില്‍ പ്രത്യേകം ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കണം. പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ സാധിച്ചില്ല. പ്രശ്നത്തില്‍ ഇടപെടുന്നതില്‍ സമിതിയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസം പ്രയാസമുണ്ടാക്കിയതായും പത്മാവതി പറഞ്ഞു. കേസ് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും 11 പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു. സിറ്റിങ്ങില്‍ ആറ് കേസ് പരിഗണിച്ചു. പുതുതായി ലഭിച്ച പത്ത് പരാതി തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. തടവുകാരിയായ പെണ്‍കുട്ടി ജയിലില്‍ പ്രസവിക്കാനിടയായ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഹാജരായി നല്‍കിയ റിപ്പോര്‍ട്ടിന്റെയും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ സമിതി തീര്‍പ്പാക്കി. കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പെണ്‍കുട്ടി സമിതിയെ അറിയിച്ചു. നിയമസഭ സമിതി അംഗങ്ങളായ കെ കെ ലതിക, കെ എസ് സലീഖ, സി മോയിന്‍കുട്ടി, ടി ഉബൈദുള്ള, കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സബ്കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്, എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ വി പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

ദുരിതബാധിതരെ സഹായിക്കാന്‍ പ്രത്യേക റിപ്പോര്‍ട്ട്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പിക്കുമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമത്തിനായുളള നിയമസഭ സമിതി ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പുല്ലൂര്‍- പെരിയ കമ്യൂണിറ്റി ഹാളില്‍ നടന്ന സിറ്റിങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരാതി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അന്തിമലിസ്റ്റ് രണ്ട് മാസത്തിനുള്ളില്‍ സമര്‍പിക്കാന്‍ നിയമസഭ സമിതിയുടെ നിര്‍ദേശിച്ചു. എല്ലാ മാസവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടും. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം കലക്ടര്‍ കാര്യക്ഷമമായി ഏകോപിപ്പിക്കണം. നെഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ കുഴിച്ചിട്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കണം. എന്‍ഡോസള്‍ഫാന്‍ ക്യാമ്പില്‍ പങ്കെടുക്കാനാകാത്ത രോഗികള്‍ക്കായി വീണ്ടും ക്യാമ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യും.

deshabhimani

No comments:

Post a Comment